പ്രതീക്ഷയുടെ യാത്ര 145: വിരുന്ന് 

1987 ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഡാനിഷ് ചലച്ചിത്രമാണ് ‘ബബെറ്റ്സ് ഫീസ്റ്റ്’ (Babette’s Feast). ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു ഇത്. ഇതിലെ നായികയായ ബബെറ്റ് എന്ന സ്ത്രീകഥാപാത്രത്തിന്റെ ജീവിതം ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. പരിത്യഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

പത്തൊൻപതാം നൂറ്റാണ്ടില്‍ ഡെന്മാർക്കിലെ ഒരു ചെറിയ ഗ്രാമത്തിൽ താമസിച്ചിരുന്ന മാർത്തീന, ഫിലിപ്പ എന്നീ സഹോദരിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ വികസിക്കുന്നത്. കര്‍ശന നിയമങ്ങള്‍ പാലിക്കുന്ന ഒരു ക്രിസ്തീയവിഭാഗത്തിലെ അംഗങ്ങളായിരുന്നു അവര്‍. കണിശക്കാരനായ ഒരു ക്രിസ്ത്യന്‍ പാസ്റ്ററായ പിതാവിന്റെ നിയന്ത്രണത്തിൽ വളർന്ന അവർ, തങ്ങളുടെ യൗവനകാലത്ത് വന്ന വിവാഹാഭ്യർഥനകളെല്ലാം നിരസിച്ച് പിതാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചവരാണ്.

വർഷങ്ങൾക്കു ശേഷം, പാരീസിലെ വിപ്ലവത്തിൽ നിന്ന് രക്ഷപെട്ടെത്തിയ ബബെറ്റ് എന്ന സ്ത്രീ അവരുടെ വീട്ടിൽ എത്തുകയും ശമ്പളമില്ലാത്ത പാചകക്കാരിയായി ജോലി ചെയ്യാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. 14 വർഷത്തോളം ആ വീട്ടിൽ കഴിഞ്ഞ ബാബെറ്റ്, ആ ഗ്രാമീണരുടെ സ്നേഹം പിടിച്ചുപറ്റി.

ഒരിക്കൽ ബബെറ്റിന് ലോട്ടറിയടിച്ച് 10,000 ഫ്രാങ്ക് സമ്മാനത്തുക ലഭിക്കുന്നു. ആ തുക ഉപയോഗിച്ച്, പാസ്റ്ററുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഗ്രാമത്തിലെ എല്ലാവർക്കുമായി ഒരു വിരുന്നൊരുക്കാൻ അവർ തീരുമാനിക്കുന്നു.

വിരുന്നിനായി ബാബെറ്റ് പാരീസിൽ നിന്ന് അപൂർവമായ വിഭവങ്ങൾ വരുത്തുന്നു. ആഡംബരഭക്ഷണത്തെ പാപമായി കരുതിയിരുന്ന ഗ്രാമവാസികൾ, ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകപോലും ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാണ് വിരുന്നിനെത്തുന്നത്. എന്നാൽ, വിരുന്നിലെത്തിയ ജനറൽ ലോറൻസ്, ആ ഭക്ഷണത്തിന്റെ മേന്മയെക്കുറിച്ച് വാചാലനാകുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഗ്രാമീണരുടെ മനസ്സിലെ ഭയത്തെ അകറ്റുകയും വിരുന്ന് അവരുടെയിടയിൽ സ്നേഹവും ഐക്യവും നിറയ്ക്കുകയും ചെയ്യുന്നു.

വിരുന്നിനു ശേഷം ബാബെറ്റ് തനിക്ക് ലഭിച്ച ലോട്ടറിത്തുക മുഴുവൻ ആ വിരുന്നിനായി ചെലവാക്കിയെന്ന് വെളിപ്പെടുത്തുന്നു. പാരീസിലെ പ്രശസ്തമായ കഫേയിലെ പ്രധാന പാചകക്കാരിയായിരുന്നു താനെന്ന സത്യവും ബബെറ്റ് അവരെ അറിയിക്കുന്നു. ലോട്ടറിത്തുക മുഴുവൻ വിരുന്നിന് ഉപയോഗിച്ചു എന്നറിഞ്ഞ സഹോദരിമാർ, ബബെറ്റ്  പാവപ്പെട്ടവളായി മാറിയല്ലോ എന്ന് സങ്കടപ്പെടുന്നു. എന്നാൽ, “ഒരു കലാകാരൻ ഒരിക്കലും ദരിദ്രനല്ല” എന്ന് അഭിമാനത്തോടെ മറുപടി നൽകുകയാണ് ബാബെറ്റ്. അവളില്‍ കലയുടെയും ത്യാഗത്തിന്റെയും അർഥതലങ്ങൾ ദർശിച്ച സഹോദരിമാര്‍ ബാബെറ്റിനോട്‌, “സ്വർഗത്തിൽ നിങ്ങൾ മാലാഖമാരെ ആനന്ദിപ്പിക്കുന്ന ഒരു കലാകാരിയായിരിക്കും” എന്ന് ആശംസിക്കുന്നു.

ജീവിതത്തിന്റെ യഥാർഥ അർഥം ഭൗതികമായ നേട്ടങ്ങളിലല്ല, മറിച്ച് മറ്റുള്ളവർക്കായി നൽകുന്ന സമർപ്പണത്തിലാണെന്ന് ബബെറ്റ് എന്ന കഥാപാത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. തനിക്ക് ലഭിച്ച ലോട്ടറിത്തുക മുഴുവൻ ആ വിരുന്നിനായി ചിലവഴിച്ചതിലൂടെ, ഒരു കലാകാരിയുടെ നിർലോഭമായ സ്നേഹവും ഔദാര്യവുമാണ് ബബെറ്റ് പ്രകടിപ്പിച്ചത്. “ഒരു കലാകാരൻ ഒരിക്കലും ദരിദ്രനല്ല” എന്ന അവരുടെ വാക്കുകൾ, ഭൗതികമായ ദാരിദ്ര്യത്തിനപ്പുറം കലയും സ്നേഹവും ഉള്ളിൽ സൂക്ഷിക്കുന്നവർക്ക് നഷ്ടപ്പെടാനൊന്നുമില്ല എന്ന വലിയ സത്യമാണ് വിളിച്ചോതുന്നത്. സ്വന്തം സന്തോഷത്തേക്കാൾ മറ്റുള്ളവരുടെ സന്തോഷത്തിന് മുൻഗണന നൽകുന്നതിലൂടെ ഒരു വ്യക്തിക്ക് എങ്ങനെ വലിയൊരു ആത്മീയ ഉയർച്ച നേടാമെന്നും ഈ ചിത്രം കാണിച്ചുതരുന്നു.

മനുഷ്യർ പലപ്പോഴും തെറ്റിധാരണകളുടെയും ഭയത്തിന്റെയും മതിലുകൾ തീർത്ത് ഒറ്റപ്പെടാറുണ്ട്. എന്നാൽ, ബബെറ്റ് ഒരുക്കിയ ആ വിരുന്ന് ആ ഗ്രാമീണരുടെ കർക്കശമായ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും അവരുടെ മനസ്സുകളിൽ കരുണയുടെയും ഐക്യത്തിന്റെയും വിത്തുകൾ പാകുകയും ചെയ്തു. കലയ്ക്കും സ്നേഹത്തിനും മനുഷ്യന്റെ ഹൃദയത്തെ പരിവർത്തനം ചെയ്യാനുള്ള കഴിവുണ്ടെന്നുള്ളതാണ് ഈ കഥ നൽകുന്ന വലിയ പാഠം. ലൗകികമായ ആഡംബരങ്ങളെ പാപമായി കണ്ടവർ ഒടുവിൽ ആ വിരുന്നിലൂടെ സ്വർഗീയമായ ആനന്ദം അനുഭവിച്ചു. യഥാർഥ വിശ്വാസം എന്നത് വെറുപ്പിലല്ല, മറിച്ച് സ്നേഹത്തോടെയും ആനന്ദത്തോടെയും ജീവിതത്തെ സ്വീകരിക്കുന്നതിലാണെന്ന് ഈ സിനിമ ഉറക്കെ പ്രഖ്യാപിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.