2026 ലോകകപ്പിലെ കത്തോലിക്കാ വിശ്വാസികളായ ഫുട്ബോൾ താരങ്ങൾ

ഓരോ ഗോളിനും, ഓരോ സേവിനും, ഓരോ വിജയത്തിനും പിന്നിൽ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥകളുണ്ട്. ഒപ്പം 2026 ലോകകപ്പിലെ പല താരങ്ങൾക്കും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസ ജീവിതത്തെക്കുറിച്ചും പറയാനുണ്ടാകും. കളിക്കളത്തിലും പുറത്തും തങ്ങളുടെ കത്തോലിക്കാ വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്ന ഫുട്ബോൾ താരങ്ങളെയും കോച്ചുമാരെയും പരിചയപ്പെടാം.

1. ലൂക്ക മോഡ്രിച്ച്, ക്രൊയേഷ്യ

ക്രൊയേഷ്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ മോഡ്രിച്ച്, ലോകകപ്പിന് മുന്നോടിയായി നടന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കുർബാന ഉൾപ്പെടെ തന്റെ സഹതാരങ്ങൾക്കൊപ്പം നിരവധി കത്തോലിക്കാ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ കുടുംബം, ഈശോയുടെ തിരുഹൃദയം, മാതാവ് എന്നിവരുടെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഷിൻ ഗാർഡുകൾക്കുള്ളിൽ സൂക്ഷിക്കുന്നുണ്ട്. കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് അദ്ദേഹം ഇവയിൽ ചുംബിക്കാറുണ്ട്.

2. മത്തെയോ കോവാസിച്ച്, ക്രൊയേഷ്യ

തന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിൽ, പ്രത്യേകിച്ച് കൗമാരപ്രായത്തിൽ നേരിട്ട ഗുരുതരമായ പരിക്കിന്റെ സമയത്ത് തന്നെ താങ്ങിനിർത്തിയത് വിശ്വാസമാണെന്ന് കോവാസിച്ച് പറഞ്ഞിട്ടുണ്ട്. മത്സരങ്ങൾക്ക് മുൻപുള്ള പ്രാർഥന തനിക്ക് സമാധാനവും മത്സരത്തെ നേരിടാനുള്ള ശക്തിയും നൽകുന്നുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു. വ്യക്തിജീവിതത്തിൽ, ഇടവക വഴിയാണ് അദ്ദേഹം തന്റെ ജീവിതസഖിയെ കണ്ടുമുട്ടിയത്. കൂടാതെ, മെജുഗോറിയിലേക്ക് അദ്ദേഹം നിരവധി തവണ തീർഥാടനം നടത്തിയിട്ടുമുണ്ട്.

3. ക്രിസ്റ്റിജൻ ജാക്കിച്ച്, ക്രൊയേഷ്യ

“ഞങ്ങളുടേത് ഒരു കത്തോലിക്കാ രാജ്യമാണ്, അവിടെ വിശ്വാസമാണ് ഞങ്ങളുടെ ജീവിതത്തിന്റെ വഴി. വിശ്വാസം, മുഴുവൻ ദേശീയ ടീമിനെയും പ്രതിനിധീകരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ വിശ്വാസമാണ് എല്ലാം.” ക്രൊയേഷ്യയുടെ ലോകകപ്പ് അരങ്ങേറ്റത്തിന് മുന്നോടിയായി ഈ മിഡ്‌ഫീൽഡർ പറഞ്ഞു.

4. ഇഗോർ മാറ്റനോവിച്ച്, ക്രൊയേഷ്യ

ഇഗോർ മാറ്റനോവിച്ച് എന്ന സ്ട്രൈക്കർ തന്റെ ജീവിതത്തിൽ ദൈവത്തിനുള്ള പങ്കിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “വിശ്വാസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. ദൈവത്തോട് പ്രാർഥിക്കുമ്പോൾ, ആരോ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നും, അത് എനിക്ക് വലിയ ശക്തി നൽകുന്നു.”

5. ലയണൽ മെസ്സി, അർജന്റീന

ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്ന ലയണൽ മെസ്സി, തന്റെ കഴിവിനെ ദൈവത്തിൽ നിന്നുള്ള സമ്മാനമായാണ് കരുതുന്നതെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കത്തോലിക്കാ സഭയിൽ വെച്ചല്ല വിവാഹിതനായതെങ്കിലും, തന്റെ മക്കളുടെ മാമോദീസ ചടങ്ങുകൾ നടത്തിയിരുന്നു.

6. റൊമേലു ലുക്കാക്കു, ബെൽജിയം

ബെൽജിയം സ്ട്രൈക്കറായ ലുക്കാക്കു, കൃത്യമായി കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന ഒരു വ്യക്തിയാണ്. 2018-ൽ അദ്ദേഹത്തിനെതിരെ മന്ത്രവാദവുമായി (voodoo) ബന്ധപ്പെടുത്തിയുള്ള വിവാദങ്ങൾ ഉണ്ടായപ്പോൾ, “ലുക്കാക്കു വളരെ തീക്ഷ്ണതയുള്ള ഒരു കത്തോലിക്കനാണ്” എന്ന് അദ്ദേഹത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു. മത്സരങ്ങൾക്ക് മുൻപും ഗോൾ അടിച്ച ശേഷവും അദ്ദേഹം പലപ്പോഴും കുരിശടയാളം വരയ്ക്കാറുണ്ട്.

2014-ൽ ലൂർദ്ദ് സന്ദർശിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ കുറിച്ചു: “വിശ്വാസം എനിക്ക് എപ്പോഴും പ്രധാനപ്പെട്ടതാണ്. ലൂർദ്ദ് സന്ദർശനം മുതൽ അത് കൂടുതൽ ശക്തമായി. ദൈവം വലിയവനാണ്.”

7. വിനീഷ്യസ് ജൂനിയർ, ബ്രസീൽ

തന്റെ ജീവിതത്തിൽ വിശ്വാസത്തിനാണ് കേന്ദ്രസ്ഥാനമെന്ന് ഈ ബ്രസീലിയൻ ഫോർവേഡ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. 2018-ൽ മാർക്ക (Marca) പത്രത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കത്തോലിക്കാ വിശ്വാസം സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്ക് ദൈവം തന്നെയാണ് എല്ലാം.” തന്റെ ശരീരത്തിൽ ‘ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ’ (Blessed by God) എന്നൊരു ടാറ്റൂവും അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്.

8. മാറ്റ് ഫ്രീസ്, അമേരിക്ക

തന്റെ ജീവിതത്തെയും ഫുട്ബോൾ കരിയറിനെയും നയിക്കുന്നത് വിശ്വാസമാണെന്ന് ഈ അമേരിക്കൻ ഗോൾകീപ്പർ പറഞ്ഞിട്ടുണ്ട്. ഒരു കത്തോലിക്കനായ അദ്ദേഹം മത്സരദിവസങ്ങളിൽ പോലും കുർബാനയിൽ പങ്കെടുക്കാറുണ്ട്, ഒപ്പം ബൈബിൾ സ്റ്റഡികളിലും പങ്കാളിയാകുന്നു. ഫാദർ മൈക്ക് ഷ്മിറ്റ്സ് നയിക്കുന്ന പ്രശസ്തമായ ‘ദി ബൈബിൾ ഇൻ എ ഇയർ’ (The Bible in a Year) പോഡ്‌കാസ്റ്റും അദ്ദേഹം തന്റെ ആത്മീയ ജീവിതത്തിന്റെ ഭാഗമായി കേൾക്കാറുണ്ട്.

9. അർമാൻഡോ “ദി ആൻറ്” ഗോൺസാലസ്, മെക്സിക്കോ

ഈ വർഷത്തെ ലോകകപ്പിൽ ഈ യുവ മെക്സിക്കൻ സ്ട്രൈക്കർ തന്റെ വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം നൽകി. ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള മെക്സിക്കോയുടെ മത്സരത്തിന് മുൻപ്, ഗ്വാഡലൂപ്പ മാതാവിന്റെ (Our Lady of Guadalupe) രൂപത്തിന് മുന്നിൽ അദ്ദേഹം മുട്ടുകുത്തി പ്രാർഥിക്കുന്നത് കാണാമായിരുന്നു.

അതിനുശേഷം അദ്ദേഹം പറഞ്ഞു: “ദൈവം എനിക്ക് തന്ന എല്ലാത്തിനും ഞാൻ അവിടുത്തോട് നന്ദിയുള്ളവനാണ്. എനിക്കുള്ളതെല്ലാം ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്.”

10. കാർലോ ആൻസലോട്ടി, ബ്രസീൽ

ബ്രസീലിന്റെ മുഖ്യ പരിശീലകനായ (Head Coach) ആൻസലോട്ടി ഒരു കത്തോലിക്കാ വിശ്വാസിയും വിശുദ്ധ പാദ്രെ പിയോയോടുള്ള ഭക്തിക്ക് പേരുകേട്ടയാളുമാണ്. ഈ ജോലി ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം സന്ദർശിച്ച സ്ഥലങ്ങളിലൊന്ന് ‘ക്രിസ്തുരാജൻ’ (Christ the Redeemer) തീർഥാടന കേന്ദ്രമായിരുന്നു. അവിടെയുള്ള റെക്ടറിൽ നിന്ന് അദ്ദേഹം ജപമാലയും ആശീർവാദവും വാങ്ങി.

ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി: “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, ദൈവത്തോട് കാര്യങ്ങൾ ചോദിക്കാറുമുണ്ട്. എന്നാൽ അത് വ്യക്തിപരമായ കാര്യങ്ങൾക്കാണ്, അല്ലാതെ ഫുട്ബോളിന് വേണ്ടിയല്ല.”

11) സ്ലാറ്റ്കോ ഡാലിച്ച്, ക്രോയേഷ്യ

തന്റെ കത്തോലിക്കാ വിശ്വാസമാണ് തന്റെ ജീവിതത്തിന്റെ അടിത്തറയെന്ന് ഈ ക്രോയേഷ്യൻ കോച്ച് നിരവധി തവണ പറഞ്ഞിട്ടുണ്ട്. “എന്റെ ജീവിതത്തിലും ഔദ്യോഗിക കരിയറിലും ഞാൻ കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും ഞാൻ എന്റെ വിശ്വാസത്തോട് കടപ്പെട്ടിരിക്കുന്നു, എന്റെ പ്രിയപ്പെട്ട ദൈവത്തോട് ഞാൻ നന്ദിയുള്ളവനാണ്.” 2017-ൽ അദ്ദേഹം പ്രസ്താവിച്ചു. താൻ ചെറുപ്പത്തിൽ ബലിപീഠ സഹായിയായി (altar boy) സേവനം ചെയ്തിട്ടുണ്ടെന്നും, ഞായറാഴ്ച കുർബാന മുടക്കാറില്ലെന്നും, എപ്പോഴും പോക്കറ്റിൽ ഒരു ജപമാല കരുതാറുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു. പ്രത്യേകിച്ച് കഠിനമായ നിമിഷങ്ങളിൽ അദ്ദേഹം ജപമാല ചൊല്ലി പ്രാർഥിക്കാറുണ്ട്.

കടുത്ത മത്സരങ്ങൾക്കും കഠിനമായ പരിശീലനങ്ങൾക്കും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ സമ്മർദങ്ങൾക്കും ഇടയിൽ, ഈ കളിക്കാരും കോച്ചുമാരും തങ്ങളുടെ കത്തോലിക്കാ വിശ്വാസത്തിൽ പ്രത്യാശയും ശക്തിയും ലക്ഷ്യബോധവും കണ്ടെത്തുന്നു. ഏറ്റവും വലിയ വിജയങ്ങൾ ആരംഭിക്കുന്നത് കളി അവസാനിക്കുന്ന വിസിലിന് എത്രയോ മുൻപാണ് — അതായത് നമ്മൾ ഓരോ ദിവസവും എങ്ങനെ ജീവിക്കുന്നു എന്നതിലാണ് എന്ന് ഇവരുടെ ജീവിതസാക്ഷ്യം നമ്മെ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.