സീറോ മലങ്കര ജൂലൈ 10 ലൂക്കാ 9: 37-43 പിശാച് ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു

യേശുവിന്റെ, താബോർ മലയിൽ വച്ചുള്ള രൂപാന്തരീകരണത്തിനു ശേഷം പെട്ടെന്നു നടക്കുന്ന ഒരു അത്ഭുതമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മലയിൽ നിന്നും ഇറങ്ങിവരുന്ന യേശു താഴെ തന്നെ കാത്തുനിൽക്കുന്ന വലിയൊരു ജനക്കൂട്ടത്തെ കാണുന്നു. ഒരുപക്ഷേ, രൂപാന്തരീകരണ സമയത്തെ അസാധാരണ ചൈതന്യത്തിന്റെ പ്രതിഫലനം അപ്പോഴും യേശുവിൽ മറ്റുള്ളവർക്ക് കാണത്തക്കവിധം കുറെയൊക്കെ ദൃശ്യമായിരുന്നിരിക്കണം. തന്റെ അപസ്മാരരോഗിയായ ഏകമകനെ സുഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഒരാൾ യേശുവിനെ സമീപിക്കുന്നു. ആ പിതാവിനെ സംബന്ധിച്ച് തന്റെ കുടുംബത്തിന്റെ മഹിമയും പാരമ്പര്യവും തുടരേണ്ടവനാണ് ഇങ്ങനെ അസുഖബാധിതനായിരിക്കുന്നത്. മാത്രമല്ല, അയാൾ കുറെ നാളായി സൗഖ്യം തേടി പലയിടത്തും നടന്നിട്ടുണ്ടെന്ന് അവന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. യേശു നേരത്തെ സൗഖ്യമാക്കിയ ജായിറോസിന്റെ മകളും, നായിനിലെ വിധവയുടെ മകനും അവരുടെ ഏകസന്താനങ്ങളായിരുന്നു.

ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം, ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇയാൾ യേശുവിന്റെ ശിഷ്യന്മാരെ സമീപിച്ചിരുന്നുവെന്നതാണ്. തന്റെ ശിഷ്യന്മാരെ സുവിശേഷപ്രഘോഷണ ദൗത്യവുമായി അയയ്ക്കുന്ന സമയത്ത് പിശാചുക്കളെ പുറത്താക്കുന്നതിനുള്ള അധികാരം പ്രത്യേകമായി യേശു നൽകുന്നുണ്ട്. അന്ന്, തങ്ങൾ വലിയ വിജയം നേടി എന്ന് അവകാശപ്പെട്ടവർക്ക് ഇന്ന് എന്തുകൊണ്ടാണ് ഇത് സാധിക്കാത്തത് എന്ന് ഇവിടെ പറയുന്നില്ല. ഒരുപക്ഷേ, തങ്ങളുടെ ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തിൽ കൂടുതൽ ആശ്രയിക്കുന്നതിനെക്കുറിച്ച് ഒരു പാഠം നല്കുന്നതിലേക്കായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. മരുഭൂമിയിൽ ഇസ്രായേൽ ജനത്തെ അനുസരണയില്ലാത്തതും വഴിപിഴച്ചതുമായ തലമുറയെന്നു വിളിച്ചതിന്റെ (നിയമ. 32:5) മാറ്റൊലി “വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ” എന്ന യേശുവിന്റെ പ്രതികരണത്തിലും കാണാം. തന്റെ ശിഷ്യന്മാരായിരുന്നാൽ പോലും വിശ്വാസത്തിൽ നിലനിന്നാൽ മാത്രമേ യേശു കൊടുത്ത അധികാരം ഉപയോഗിച്ച് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനു സാധിക്കൂ.

ശിഷ്യന്മാർ പരാജയപ്പെട്ടെങ്കിലും ആ മനുഷ്യന് യേശുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ലെന്ന് അവന്റെ പ്രതികരണത്തിൽ നിന്നും മനസിലാക്കാം. ഇന്ന് ക്രിസ്തുശിഷ്യന്മാർ പരാജയപ്പെടുമ്പോൾ, വിശ്വാസം ക്ഷയിക്കുന്ന അനേകർക്ക് യേശുവിൽ ആശ്രയിക്കുന്നതിന് ഈ പിതാവ് മാതൃകയാവുന്നു. അതുപോലെ തന്നെ നമ്മുടെ ദുർമാതൃകകൾ കൊണ്ട് മറ്റുള്ളവരുടെ വിശ്വാസക്ഷയത്തിന് കാരണമാകരുതെന്നും ശിഷ്യന്മാരുടെ ഈ “പരാജയം” നമ്മോട് പറയുന്നു. ഒന്നാമതായി യേശു നമുക്ക് നൽകുന്ന പ്രത്യേക വരങ്ങളുടെ ശക്തി ശരിയായി നിലനിൽക്കണമെങ്കിൽ അതിനനുസരിച്ചു നാം ജീവിക്കണം. രണ്ടാമതായി നമ്മുടെ ആശ്രയവും അഭയവും ആത്യന്തികമായി യേശു മാത്രമാണ്. യേശുവിന് എപ്പോഴും നമ്മെ അനുഗ്രഹിക്കുന്നതിനും സൗഖ്യമാക്കുന്നതിനും സാധിക്കുമെന്ന വിശ്വാസത്തോടെ അവിടുത്തെ നമുക്ക് സമീപിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.