പ്രതീക്ഷയുടെ യാത്ര 141: യാത്ര തുടരുക

മരണത്തെക്കുറിച്ചും വേർപാടിനെക്കുറിച്ചും നാം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ വികാരങ്ങളെ, അതിമനോഹരമായ ഒരു ഉൾക്കാഴ്ചയോടെ ഡേവിഡ് ഹാർകിൻസ് തന്റെ ‘ഷീ ഈസ് ഗോൺ’ (She Is Gone) എന്ന കവിതയിലൂടെ മാറ്റിമറിക്കുന്നു. 1980 കളില്‍ എഴുതപ്പെട്ടതാണ് ഈ കവിത. ഏതൊരു വ്യക്തിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പ്രിയപ്പെട്ടവരുടെ വിയോഗം. എന്നാൽ, ഈ കവിത നമ്മോട് പറയുന്നത് ഒരു മടക്കയാത്രയെക്കുറിച്ചല്ല, മറിച്ച് മടങ്ങിവരവില്ലാത്ത ആ യാത്രയ്ക്കു ശേഷവും മരണമടഞ്ഞവര്‍ എങ്ങനെയാണ് നമ്മളിലൂടെ ജീവിക്കുന്നത് എന്നതിനെക്കുറിച്ചാണ്. അവര്‍ പോയിക്കഴിഞ്ഞു എന്ന് വിശ്വസിക്കുമ്പോഴും, അവര്‍ ബാക്കിവച്ചുപോയ സ്നേഹത്തിന്റെ കണികകൾ നമ്മളെ എങ്ങനെയാണ് മുന്നോട്ടുനയിക്കുന്നത് എന്നതിലാണ് അമ്മയെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന ഈ കവിതയുടെ സൗന്ദര്യം. ഈ കവിതയിലെ ആറ് ഭാഗങ്ങളിലായി പകർന്നുനൽകുന്ന ആഴത്തിലുള്ള ചിന്തകൾ അതിമനോഹരമാണ്.

ആദ്യത്തെ രണ്ട് വരികൾ നമ്മോട് പറയുന്നത്, പ്രിയപ്പെട്ടവർ വിടപറയുമ്പോൾ അവരുടെ വിയോഗത്തിൽ കണ്ണീർ പൊഴിക്കുന്നതിനു പകരം, അവർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നോര്‍ത്ത് പുഞ്ചിരിക്കാൻ നമുക്ക് സാധിക്കണം എന്നാണ്. മരണം ഒരു അന്ത്യമാണെന്നു കരുതി ദുഃഖിക്കുന്നതിനേക്കാൾ ഉപരി, ആ വ്യക്തി നമുക്ക് നൽകിയ അമൂല്യമായ സാന്നിധ്യത്തിന് നന്ദി പറയുന്നതിലാണ് ജീവിതത്തിന്റെ വലിയൊരു അർഥം ഒളിഞ്ഞിരിക്കുന്നതെന്ന് ഈ വരികൾ സൂചിപ്പിക്കുന്നു. ഇങ്ങനെയാണ് ആ വരികള്‍:

അവൾ പോയതിൻ ഓർമ്മയിൽ നിനക്ക് കണ്ണീർ പൊഴിക്കാവുന്നതാണ്, അല്ലെങ്കിൽ അവൾ ജീവിച്ചിരുന്നു എന്നതിൽ പുഞ്ചിരിക്കാവുന്നതാണ്.

തുടർന്നുവരുന്ന രണ്ട് വരികളിൽ കവിത കാണിച്ചുതരുന്നത്, തിരികെ വരണമെന്ന് പ്രാർഥിച്ച് വെറുതെ കണ്ണുകളടച്ചിരുന്ന് യാഥാർഥ്യങ്ങളിൽ നിന്ന് മുഖം തിരിക്കുന്നതിനേക്കാൾ എത്രയോ ഉത്തമമാണ്, ആ വ്യക്തി ബാക്കിവച്ച സ്നേഹത്തിന്റെയും അറിവിന്റെയും ഓർമ്മകൾ കാണാനായി കണ്ണുകൾ തുറന്നിരിക്കുന്നതെന്നാണ്. അസാധ്യമായതിനെക്കുറിച്ച് ഓർത്ത് വ്യസനിക്കുന്നതിനേക്കാൾ, അവർ പകർന്നുനൽകിയ നല്ല ഓർമ്മകളെ തിരിച്ചറിയാൻ ശ്രമിക്കുന്നതാണ് കൂടുതൽ അർഥവത്തെന്ന് ഈ വരികൾ ബോധ്യപ്പെടുത്തുന്നു.

അവൾ തിരികെ വരണമെന്ന് പ്രാർഥിച്ച് കണ്ണുകൾ അടച്ചിരിക്കാം, അല്ലെങ്കിൽ അവൾ ബാക്കിവച്ചതെല്ലാം കാണാനായി കണ്ണുകൾ തുറന്നിരിക്കാം.

അതിനുശേഷം കവിത പറയുന്നത്, ഒരാളുടെ ഭൗതികമായ അഭാവം ഹൃദയത്തിൽ സൃഷ്ടിക്കുന്ന ശൂന്യതയെക്കുറിച്ചാണ്. എന്നാൽ, ആ ശൂന്യതയിൽ തളർന്നുനിൽക്കുന്നതിനു പകരം, മരണമടഞ്ഞ വ്യക്തി ജീവിതകാലയളവിൽ പങ്കുവച്ച സ്നേഹത്തിന്റെയും മനോഹരമായ നിമിഷങ്ങളുടെയും ഓർമ്മകൾ കൊണ്ട് ഹൃദയത്തെ നിറയ്ക്കാൻ നമുക്ക് സാധിക്കുമെന്ന് കവിത ഓർമ്മിപ്പിക്കുന്നു.

അവളെ കാണാനില്ലെന്നോർത്ത് നിന്റെ ഹൃദയം ശൂന്യമാവാം, അല്ലെങ്കിൽ പങ്കുവച്ച സ്നേഹം കൊണ്ട് അത് നിറയ്ക്കാവുന്നതാണ്.

നാലാമത്തെ ഭാഗത്ത് കവിത നമ്മോട് മന്ത്രിക്കുന്നത്, കഴിഞ്ഞുപോയ ഇന്നലെയെ മാത്രം മുറുകെപ്പിടിച്ച് നാളെയോട് മുഖം തിരിക്കുന്നത് ജീവിതത്തെ മരവിപ്പിക്കുമെന്ന വലിയ സത്യമാണ്. ഇന്നലെയുടെ ഓർമ്മകളെ വെറും ഓർമ്മകളായി മാത്രം കാണാതെ, അവയ്ക്ക് കരുത്ത് പകർന്ന്, വരാനിരിക്കുന്ന നാളെകളെ സന്തോഷത്തോടെ വരവേൽക്കാൻ നാം തയ്യാറാകണം എന്ന് കവിത ഇവിടെ വ്യക്തമാക്കുന്നു.

ഇന്നലെയെ മുറുകെപ്പിടിച്ച് നാളെയോട് മുഖം തിരിക്കാം, അല്ലെങ്കിൽ ഇന്നലെയുടെ ഓർമ്മയിൽ നാളെയെ വരവേൽക്കാം.

ഒരു വ്യക്തിയുടെ മരണം ദുഃഖകരമായ ഒരു വിടവാങ്ങൽ മാത്രമല്ല, മറിച്ച് അവർ നൽകിയ നന്മകളും മൂല്യങ്ങളും നമ്മുടെ ജീവിതത്തിൽ എന്നും നിലനിർത്തിക്കൊണ്ട് മുന്നേറാനുള്ള ഒരു പുതിയ തുടക്കം കൂടിയാണെന്ന് ഈ വരികൾ ഓർമ്മിപ്പിക്കുന്നു. അവരുടെ ഓർമ്മകളെ നെഞ്ചിലേറ്റി ജീവിക്കുമ്പോൾ, അവർ നമ്മളിലൂടെ തുടർന്നും ജീവിക്കുന്നു എന്ന സത്യവും കവിത ഇവിടെ വെളിപ്പെടുത്തുന്നു.

അവൾ പോയി എന്നോര്‍ത്ത് നിനക്ക് ദുഃഖിക്കാം, അല്ലെങ്കിൽ അവളുടെ ഓർമ്മകളെ നെഞ്ചിലേറ്റി മുന്നോട്ടുപോകാം.

ഈ കവിത നമ്മെ എത്തിക്കുന്നത് ഒരു തെരഞ്ഞെടുപ്പിലേക്കാണ്: ഒന്നുകിൽ നഷ്ടത്തിന്റെ വേദനയിൽ മനസ്സ് അടച്ച് ജീവിതം നിശ്ചലമാക്കാം, അല്ലെങ്കിൽ നമ്മെ സ്നേഹിച്ചവർ ആഗ്രഹിച്ചതുപോലെ, ചിരിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും പുതിയ അനുഭവങ്ങളിലേക്ക് കണ്ണുതുറന്ന് മുന്നോട്ടുപോകാം. മരിച്ചവരുടെ ഓർമ്മകളെ നെഞ്ചിലേറ്റി, സന്തോഷത്തോടെ ജീവിക്കുക എന്നതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ആദരവ്.

കണ്ണീർ വാർത്ത് മനസ്സ് അടച്ച്, എല്ലാം ഉപേക്ഷിച്ച് നിനക്ക് ജീവിതത്തില്‍ തിരിഞ്ഞുനടക്കാം, അല്ലെങ്കിൽ അവൾ ആഗ്രഹിച്ചതുപോലെ പുഞ്ചിരിച്ചും സ്നേഹിച്ചും പുതിയ കാഴ്ചകളിലേക്ക് കണ്ണുതുറന്ന് നിനക്ക് മുന്നോട്ടുനടക്കാം.

പ്രിയപ്പെട്ടവർ ബാക്കിവച്ചുപോയ സ്നേഹത്തിന്റെ അനശ്വരമായ ഓർമ്മകളുമായി മുന്നോട്ട് യാത്ര ചെയ്യേണ്ടവരാണ് നമ്മള്‍. കണ്ണുനീരിന്റെ മറവിൽ ജീവിതത്തെ മരവിപ്പിച്ചുകളയാതെ, അവർ പകർന്നുനൽകിയ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചത്തിൽ സ്വന്തം ജീവിതത്തെ അർഥവത്താക്കുക എന്ന വലിയൊരു ഉത്തരവാദിത്വത്തെയാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

നമ്മെ സ്നേഹിച്ചവർ നാം തളർന്നുപോകണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. അതിനാൽ, നഷ്ടത്തിന്റെ വേദനയിൽ മാത്രം മുഴുകാതെ, അവർ നമുക്കായി സമ്മാനിച്ച മനോഹരമായ നിമിഷങ്ങളെ ഓര്‍മ്മിക്കാം. ആ ഓർമ്മകൾക്ക് കരുത്ത് പകർന്ന്, സ്നേഹത്തോടെയും പുഞ്ചിരിയോടെയും പുതിയ കാഴ്ചകളിലേക്ക് കണ്ണുതുറന്ന് മുന്നോട്ടുനടക്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലി.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.