വി. മരിയ ഗൊരേത്തിയുടെ ജീവിതം നൽകുന്ന പാഠങ്ങൾ

ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ, പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ വി. മരിയ ഗൊരേത്തിയുടെ തിരുനാൾ ആഘോഷിക്കുന്നു.

ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്‌. ലൂയിജിയും അസൂന്തയുമായിരുന്നു മാതാപിതാക്കൾ. മരിയയ്ക്ക് അഞ്ചുവയസുള്ളപ്പോൾ അവളുടെ കുടുംബം കൂടുതൽ ദരിദ്രരായിത്തീരുകയും സ്വന്തം കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുള്ളവർക്കുവേണ്ടി ജോലിചെയ്യാൻ ആരംഭിക്കുകയും ചെയ്തു.

1899-ൽ നെറ്റൂണോയ്ക്കുസമീപമുള്ള സെറെനല്ലി കുടുംബത്തിലാണ് അവർ താമസിച്ചിരുന്നത്. അധികം വൈകാതെ പിതാവ് ലൂയിജി മലേറിയബാധിച്ചു മരിച്ചതോടെ അവളുടെ അമ്മയ്ക്ക് വയലിൽ കൂടുതൽ ജോലിചെയ്യേണ്ടതായിവന്നു. ഈ സമയം അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി ആഹാരം തയ്യാറാക്കുകയും വീട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക അവളുടെ ഉത്തരവാദിത്വമായി. ഒരു പരാതിയും പരിഭവവുമില്ലാതെ അവൾ അതു ചെയ്തു.

1902 ജൂലൈ അഞ്ചിന് മരിയ വീടിന്റെ ഉമ്മറത്ത് തുന്നൽജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു. ആ സമയം അലസ്സാൻഡ്രോ അവിടെവരികയും പാപം ചെയ്യാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. അലസ്സാൻഡ്രോ നിർബന്ധിച്ചപ്പോൾ, മരിയാ അവനോട് എതിർപ്പു പ്രകടിപ്പിക്കുകയും “ഇല്ല. ഇത് ഒരു പാപമാണ്! ദൈവം ഇത് ആഗ്രഹിക്കുന്നില്ല” എന്ന് ഉറക്കെ വിളിച്ചുകരയുകയും ചെയ്തു. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത മരിയയെ പതിനൊന്നു തവണ അലസ്സാൻഡ്രോ കുത്തി. കുതറിയോടാൻ ശ്രമിച്ച അവളെ മൂന്നുതവണകൂടി കുത്തിയശേഷം അലസ്സാൻഡ്രോ ഓടിരക്ഷപെട്ടു. രക്തം വാർന്ന് തറയിൽക്കിടന്നിരുന്ന മരിയയെ വിട്ടുകാർ നെറ്റൂണോയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.

മരിക്കുന്നതിനുമുമ്പ് മരിയ അലസ്സാൻഡ്രോയോടു ക്ഷമിക്കുകയും തന്നോടൊപ്പം സ്വർഗത്തിൽ അവനെ കാണണമെന്ന് അടുത്തുനിന്നവരോടു പറയുകയും ചെയ്തു. “ഈശോയോടുള്ള സ്നേഹത്തെപ്രതി ഞാൻ അവനോടു ക്ഷമിക്കുന്നു. കൂടാതെ, അവൻ എന്നോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

അവൾ തന്റെ വേദനയും കഷ്ടപ്പാടുകളും ആത്മാക്കൾക്കായി വാഗ്ദാനം ചെയ്തു. 1902 ജൂലൈ ആറിന് നെഞ്ചിലെ കുരിശിൽ പിടിച്ചുകൊണ്ട് മരിയയുടെ പാവനാത്മാവ് സ്വർഗത്തിലേക്കു യാത്രയായി. അലസ്സാൻഡ്രോ 30 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. പശ്ചാത്തപത്തിന്റെ കണികപോലും പ്രദർശിപ്പിക്കാത്ത അവനുമുമ്പിൽ മരിയ ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും പതിനാലു മുറിവുകളുടെ പ്രതീകമായി പതിനാലു ലില്ലിപ്പൂക്കൾ നൽകി അവളുടെ ക്ഷമ അറിയിക്കുകയും ചെയ്തു. 27 വർഷത്തിനുശേഷം മോചിതനായ അദ്ദേഹം മരിയയുടെ അമ്മയോട് ക്ഷമചോദിക്കുകയും അസൂന്താ അവനോടു ക്ഷമിക്കുകയും ചെയ്തു.

1947 ഏപ്രിൽ 27-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ മരിയ ഗൊരേത്തിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മൂന്നുവർഷങ്ങൾക്കുശേഷം, 1950 ജൂൺ 24-ന് മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. തദവസരത്തിൽ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ കൂടിയ ജനക്കൂട്ടത്തിൽ അലസ്സാൻഡ്രോയും ഉണ്ടായിരുന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ഒരു തുണസഹോദരനായിത്തീർന്ന അലസ്സാൻഡ്രോ മരണം വരെ ആശ്രമത്തിൽ താമസിച്ചു.

വി. മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ

1. ലളിതമായ വിശ്വാസത്തിലൂടെയും പുണ്യപൂർണ്ണത കൈവരിക്കാം

മരിയ ഗൊരേത്തിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നതിനാൽ ആദ്യകുർബാന സ്വീകരണവേളയിൽ വേദോപദേശം പഠിക്കുന്നതിനു ബുദ്ധിമുട്ടായിരുന്നുവെങ്കിലും അവൾക്ക് ദൈവത്തോട് പൂർണ്ണസ്നേഹവും വിശ്വാസവുമുണ്ടായിരുന്നു.

ദൈവവിശ്വാസത്തെ യുക്തിയുടെ അതിപ്രസരണത്താൽ സങ്കീർണ്ണമാക്കുമ്പോൾ ദൈവാനുഭവം പലപ്പോഴും നഷ്ടമാകുന്നു. ദൈവത്തോട് നമ്മുടെ ഹൃദയം എങ്ങനെ തുറക്കാനും അവന്റെ ഇഷ്ടത്തിൽ വിശ്വസിക്കാനും കഴിയുമെന്ന് മരിയ ഗൊരേത്തി പഠിപ്പിക്കുന്നു.

2. വിശുദ്ധി കാത്തുസൂക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണ്

വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ ത്യജിക്കാൻ മരിയ സന്നദ്ധയായി. പവിത്രത ദൈവഹിതമായി തിരിച്ചറിഞ്ഞ അവൾ അതു കാത്തുസൂക്ഷിക്കാനായി ശക്തമായി തിന്മയുടെ ശക്തിക്കെതിരെ പോരാടി.

വ്യത്യസ്ത മാർഗങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവഹിതപ്രകാരമുള്ളതായി മാറുമ്പോൾ വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നു വി. ഗൊരേത്തി പഠിപ്പിക്കുന്നു. ജീവിതവിശുദ്ധി നഷ്ടപ്പെടുത്തുന്നതാണ് പല വ്യക്തിജീവിതവും പരാജയപ്പെടാൻ അടിസ്ഥാനകാരണം.

3. ബോധ്യങ്ങളോടു വിശ്വസ്തത പുലർത്തി ജീവിക്കുക

ബോധ്യമില്ലാത്ത ജീവിതാദർശങ്ങൾ നൂൽപൊട്ടിയ പട്ടം പോലെ പാറിനടക്കുന്നു. നല്ല ബോധ്യങ്ങളിൽനിന്ന് ഉരുത്തിരിയുന്ന ജീവിതാനുഭവങ്ങൾ ജീവിതത്തെ സുന്ദരവും സുദൃഢവുമാക്കും.

മരിയ ഗൊരേത്തി തന്റെ ജീവിതബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിച്ചു. അതിന്റെ പരിണിതഫലമായിരുന്നല്ലോ അവളുടെ രക്തസാക്ഷിത്വം. ലോകത്തിന്റെ കുത്തൊഴുക്കിലകപ്പെട്ട് ചാരുത നഷ്ടപ്പെടാതെ ദൈവഹിതം അനുസരിച്ചു ജീവിക്കാൻ നല്ല ബോധ്യങ്ങൾ നമുക്ക് ആവശ്യമാണ്.

4. ക്ഷമ ജീവിതത്തെ മാറ്റിമറിക്കുന്നു

മരിയ ഗൊരേത്തി തന്റെ ജീവിതം നശിപ്പിച്ചവനോട് ഹൃദയപൂർവം ക്ഷമിച്ചു. ക്ഷമിക്കാതിരിക്കുമ്പോൾ, ഒരുതരം നീരസത്തെ അടിസ്ഥാനമാക്കിയുള്ള കോപം നമ്മിൽ നിലനിർത്തുകയും ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു.

മരിയ ഗൊരേത്തി ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം അലസ്സാൻഡ്രോയുടെ ജീവിതം നാടകീയമായി മാറി. അവളുടെ ക്ഷമ അവനെ വിശുദ്ധിയിൽ വളരാൻ അനുവദിക്കുകയും ജീവിതത്തിനു പുതിയ ദിശാബോധം നൽകുകയും ചെയ്തു. മരിയ ഗൊരേത്തിയുടെ മാതൃകൾ ക്ഷമയുടെ സാക്ഷികളാകാൻ നിങ്ങളെ പ്രോത്സഹിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിക്കുന്നു.

5. എളിമ പരിശുദ്ധിയുടെ താക്കോലാണ്

ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസിലാക്കുകയോ, മൂല്യം തിരിച്ചറിയുകയോ ചെയ്തിട്ടില്ല. ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെതന്നെ” (മത്തായി 20:28).

എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് വി. മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. പിതാവിന്റെ മരണശേഷം മരിയയ്ക്ക് അമ്മയുടെ വീട്ടുജോലികൾ ഏറ്റെടുക്കേണ്ടിവരുകയും അവളുടെ അഞ്ച് ഇളയ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടതായും വന്നു. അത്തരം സന്ദർഭങ്ങളിൽ എളിമയോടും സന്തോഷത്തോടും കൂടി മരിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.