“മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ട് നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പ് വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.” യേശുവിനെക്കുറിച്ചുള്ള സ്നാപകയോഹന്നാന്റെ വാക്കുകളാണിവ. താന്‍ ജലത്താലും യേശു പരിശുദ്ധാത്മാവിനാലുമാണ് സ്നാനം നല്‍കുന്നത് എന്ന് സ്നാപകന്‍ സാക്ഷ്യപ്പെടുത്തുന്നു.
യേശുവിനൊപ്പം ആരംഭിക്കുന്ന പുതിയ വലിയ ആത്മീയപാരമ്പര്യത്തെക്കുറിച്ചുള്ള സൂചന ഇവിടെ കാണാം. ജീവന്റെയും വിശുദ്ധിയുടെയും ജ്ഞാനത്തിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിലുള്ള സ്നാനമാണ് വരാനിരിക്കുന്നത്. തിന്മയെ നശിപ്പിക്കുകയും നന്മയെ കൂടുതല്‍ ശുദ്ധീകരിക്കുകയും ചെയ്യുന്ന അഗ്നി കൂടിയാണ് പരിശുദ്ധാത്മാവ്. പെന്തക്കുസ്താ നാളില്‍ അഗ്നിയുടെ രൂപത്തിലാണ് പരിശുദ്ധാത്മാവ് ശിഷ്യരിലേക്ക് ഇറങ്ങിവരുന്നത്. “അഗ്നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങൾ ഓരോരുത്തരുടെയുംമേല്‍ വന്നുനില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു” (നട. 2: 3-4). ജീവന്റെയും വിശുദ്ധിയുടെയും ജ്ഞാനത്തിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിലുള്ള സ്നാനമാണ് നമ്മളും സ്വീകരിച്ചിരിക്കുന്നതെന്ന് ഓര്‍മ്മിക്കുക. അതിനനുസരിച്ചുള്ള ജീവിതം നയിക്കുക.