ലത്തീൻ: ജൂലൈ 06 തിങ്കൾ, മത്തായി 9: 18-26 ക്രിസ്തു എന്റെ ആശ്രയം

12 വർഷമായി രോഗിണിയായിരുന്ന രക്തസ്രാവക്കാരിയായ ഒരു സ്ത്രീയെ ക്രിസ്തു സുഖപ്പെടുത്തുന്നതും ജായ്റോസിന്റെ മകളെ ഉയർപ്പിക്കുന്നതുമായ വി. മത്തായി സുവിശേഷകൻ പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ജായ്റോസ് സമൂഹത്തിൽ ഉന്നതനായ ഒരു സേനാധിപതിയായിരുന്നു. എന്നാൽ, രക്തസ്രാവക്കാരി സ്ത്രീയാകട്ടെ, ഒരു സമൂഹത്തിന്റെ മുന്നിൽ വരാൻ ഏറെ വിമുഖതയുള്ളവളും. ഇരുവരുടെയും അവസാന അത്താണിയായിരുന്നു ക്രിസ്തു എന്നതും വചനത്തിൽ വ്യക്തമാകുന്ന കാര്യമാണ്. എങ്കിലും ക്രിസ്തു അവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വിശ്വാസത്തിനൊത്ത് അവർക്ക് ആവശ്യമായത് നൽകുന്നു.

ജീവിതത്തിൽ ഏറെ നിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമുള്ളവരാണ് നാം. നമ്മുടെ പല പ്രാര്‍ഥനകളുടെയും പ്രധാന കാരണവും ഇവയൊക്കെത്തന്നെയായിരിക്കും. ജീവിതത്തിൽ പലതും ആഗ്രഹിച്ചിട്ടും പ്രാര്‍ഥിച്ചിട്ടും എനിക്ക് ദൈവം തരുന്നില്ല എന്ന പരാതികളും നമുക്കുണ്ടാകും. എന്നാല്‍, നിനക്ക് ആവശ്യമായതിനെ തരാൻ ദൈവം എപ്പോഴും സന്നദ്ധനാണ് എന്ന് വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിൽ സാധ്യമല്ല എന്നോര്‍ത്ത് നാം ഉപേക്ഷിക്കുന്നവയെപ്പോലും നമുക്ക് ആവശ്യമുള്ളതാണെങ്കിൽ, ദൈവം തക്കസമയത്തു തരും എന്നത് വചനസാക്ഷ്യമാണ്. പക്ഷേ, ക്രിസ്തുവിനെ തേടി നാം യാത്രയാകണം, അതിനായി നമ്മൾ വിശ്വാസത്തോടെ പ്രാർഥിക്കുന്നവരാകണം. എങ്കിൽ നിനക്ക് ആവശ്യമായതിനെ തക്കസമയത്ത് ക്രിസ്തു നൽകുമെന്നത് തീർച്ച. ജായ്റോസിനെപ്പോലെയും രക്തസ്രാവക്കാരി സ്ത്രീയെപ്പോലെയും ക്രിസ്തുവിലേക്ക് ഉറ്റുനോക്കാൻ നമുക്ക് സാധിക്കട്ടെ. നമുക്ക് അർഹതപ്പെട്ടതെങ്കിൽ ക്രിസ്തു അവ സാധ്യമാക്കിത്തരും എന്നതും തീർച്ച.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.