
നാം ചെയ്യാത്ത ഒരു കാര്യം വ്യാജമായി നമ്മുടെമേൽ ആരോപിക്കപ്പെടുന്നത് നമ്മുടെ മാനസികാവസ്ഥയെ വളരെ സാരമായി ബാധിക്കുന്ന ഒന്നാണ്. ചിലർ അതിനോട് വളരെ രൂക്ഷമായ രീതിയിൽ പ്രതികരിക്കും. മറ്റുചിലർ വളരെയധികം നിരാശയിലാണ്ടുപോകും. എന്നാൽ, ഇത്തരം കാര്യങ്ങളെ സമചിത്തതയോടെ വേണം അഭിമുഖീകരിക്കാൻ. അതിനായി നമ്മെ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ ഇതാ:
1. പെട്ടെന്ന് പ്രതികരിക്കാതിരിക്കുക
ഒരു വ്യാജ ആരോപണം നേരിടുമ്പോൾ ആദ്യം തോന്നുന്ന വികാരം അതിനോട് ഉടൻ തന്നെ പ്രതികരിക്കുക എന്നതാണ്. നിഭാഗ്യവശാൽ, ദേഷ്യം വന്നിരിക്കുമ്പോൾ സംസാരിക്കാൻ എളുപ്പമാണ്; എന്നാൽ നല്ല തീരുമാനങ്ങൾ എടുക്കാൻ അത് ഒട്ടും സഹായിക്കില്ല. അല്പം സമയം എടുത്ത് ശാന്തനാകുന്നത് അനീതിക്ക് കീഴടങ്ങലല്ല, മറിച്ച് വൈകാരികമായിട്ടല്ലാതെ വിവേകത്തോടെ പ്രതികരിക്കാൻ സ്വയം ഒരു അവസരം നൽകലാണ്
2. വസ്തുതകൾ തിരുത്തുക, അതിനുശേഷം നിർത്തുക
ആദ്യത്തെ ദേഷ്യം മാറിയ ശേഷം, യഥാർഥ വസ്തുതകൾ വ്യക്തമായും ശാന്തമായും തുറന്നു പറയുക. ആവശ്യമെങ്കിൽ തെളിവുകൾ നൽകാം. തെറ്റിധാരണകൾ തിരുത്താം. എന്നാൽ, ആ വിഷയം വീണ്ടും വീണ്ടും വരുമ്പോഴെല്ലാം കൂടുതൽ വിശദീകരണങ്ങൾ നൽകാൻ ശ്രമിക്കരുത്. ആളുകൾക്ക് വിശ്വാസം തോന്നുന്നത് നമ്മുടെ നിലപാടുകളിലെ സ്ഥിരതയിലാണ്, അല്ലാതെ നമ്മുടെ വിശദീകരണങ്ങളിലല്ല.
3. ആരോപണം നിങ്ങളുടെ വ്യക്തിത്വമല്ലെന്ന് ഓർക്കുക
ആരെങ്കിലും നമ്മെക്കുറിച്ച് വ്യാജമായി ആരോപണം ഉന്നയിക്കുമ്പോൾ, അവർ തെറ്റുകാരാണെന്ന് തെളിയിക്കാൻ നമ്മൾ അമിതമായി ശ്രമിക്കാറുണ്ട്. പിന്നീടും നമ്മൾ ആ സംഭാഷണങ്ങൾ മനസ്സിൽ ആവർത്തിക്കുകയും ഭാവനയിലെ ജഡ്ജിമാർക്ക് മുന്നിൽ തെളിവുകൾ നിരത്തുകയും ചെയ്യും. ഓർക്കുക, ആരോപണം നമുക്ക് സംഭവിച്ച ഒരു കാര്യം മാത്രമാണ്, അല്ലാതെ അത് നമ്മളല്ല. ഒരു ആരോപണം നമ്മുടെ ജീവിതത്തെ നിർവചിക്കാൻ അനുവദിച്ചാൽ, നമ്മളെത്തന്നെ വെറുക്കുന്ന ഒരു വ്യക്തിയായി നമ്മൾ മാറിപ്പോയേക്കാം. നമ്മൾ പൂർണ്ണമായും ശരിയാണെങ്കിൽ പോലും, കയ്പ്പും വിദ്വേഷവും ഒന്നിനും ഒരു പരിഹാരമാകില്ല.
4. “എനിക്ക് യഥാർഥത്തിൽ എന്തിനെയൊക്കെ നിയന്ത്രിക്കാൻ കഴിയും” എന്ന് സ്വയം ചോദിക്കുക
മറ്റുളളവരുടെ ചിന്തകളെ നമുക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാമത്തെ പാഠം. നമുക്ക് സത്യം പറയാം, സത്യസന്ധമായി ജീവിക്കാം, തെറ്റുകൾ തിരുത്താൻ ശ്രമിക്കാം. എന്നാൽ നമ്മളെ വിശ്വസിക്കാൻ മറ്റൊരാളെ നിർബന്ധിക്കാൻ നമുക്ക് കഴിയില്ല. അതുകൊണ്ട് ജീവിതത്തിലെ പോരാട്ടങ്ങൾ വിവേകത്തോടെ തിരഞ്ഞെടുക്കുക. ആ പരിമിതി തിരിച്ചറിയുന്നത് മനസ്സിന് വലിയൊരു ആശ്വാസം നൽകും.
5. ക്രിസ്തുവിലേക്ക് നോക്കുക
ജീവിതത്തിൽ ഒരുപാട് അവഹേളനങ്ങളും നിന്ദനങ്ങളും തെറ്റിധാരണകളും അനുഭവിച്ച യേശുക്രിസ്തുവിനെയാണ് ക്രൈസ്തവരായ നാമും അനുഗമിക്കുന്നത്. എന്നാൽ തന്റെ ജീവിതകാലം മുഴുവൻ എല്ലാ തെറ്റിദ്ധാരണകൾക്കും പിന്നാലെ പോയി ഈശോ സമയം കളഞ്ഞില്ല. അവിടുന്ന് സത്യം സംസാരിച്ചു, തന്റെ ദൗത്യത്തിൽ വിശ്വസ്തനായി തുടർന്നു, ബാക്കിയെല്ലാം ദൈവത്തിന് സമർപ്പിച്ചു. ചില സമയങ്ങളിൽ അവിടുന്ന് തികച്ചും നിശബ്ദനായിരിക്കാനും തയ്യാറായി. മറ്റുള്ളവരാൽ മനസിലാക്കപ്പെടാത്ത അവസരങ്ങളിൽ യേശുവിന്റെ ഈ മാതൃക നമുക്ക് അനുകരിക്കാം
ഇതൊന്നും വ്യാജ ആരോപണങ്ങൾ നൽകുന്ന വേദന കുറയ്ക്കുന്നില്ല. എങ്കിലും, തെറ്റിദ്ധരിക്കപ്പെടുക എന്നാൽ നമ്മൾ തെറ്റുകാരാണ് എന്ന് അർഥമില്ല എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ആഴത്തിൽ ചിന്തിച്ചാൽ, നമ്മൾ നിരപരാധികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിലൂടെയല്ല യഥാർഥ സമാധാനം ലഭിക്കുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം മുഴുവനായി അറിയുന്ന ഒരു ദൈവമുണ്ട് എന്ന ചിന്തയിൽ നിന്നാണ് ആ സമാധാനം ഉണ്ടാകുന്നത്. അതിനാൽ, ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാം. അവിടുന്ന് അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്ന് പൂർണ്ണമായി വിശ്വസിക്കാം.




