ഇര്‍പിന്‍ എന്ന ശാന്തനഗരത്തിലെ റഷ്യയുടെ ഭീകരവാഴ്ച

ഉക്രൈന്റെ തലസ്ഥാനമായ കീവിന്റെ വാതില്‍പ്പടിയിലുള്ള നഗരമാണ് ഇര്‍പിന്‍. മാര്‍ച്ച് ആദ്യം തലസ്ഥാനം കീഴടക്കാനുള്ള ഉദ്ദേശ്യത്തോടെ റഷ്യന്‍ സൈന്യം ഈ നഗരം പിടിച്ചെടുത്തു. റഷ്യന്‍ അധിനിവേശത്തിന്റെ ക്രൂരത ഇര്‍പിന്‍ പട്ടണത്തില്‍ തുടക്കം മുതലേ വ്യക്തമായിരുന്നു. നഗരത്തിന്റെ തെക്കു-പടിഞ്ഞാറുള്ള ഇടുങ്ങിയ മേഖലയില്‍ ഒരു മാസം നടന്ന ഭീകരതയെക്കുറിച്ച് സാക്ഷികളും പ്രോസിക്യൂട്ടര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു.

ഇര്‍പിനില്‍ മാത്രം 290 സിവിലിയന്‍ ഇരകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. ചുവന്ന കോട്ട് ധരിച്ച ഒരു യുവതിയുടെ മൃതദേഹം നാലാഴ്ചയാണ് തെരുവില്‍ കിടന്നത്. റഷ്യന്‍ കവചിത വാഹനങ്ങളുടെ ചക്രങ്ങള്‍ക്കടിയില്‍ അവള്‍ ഒരു തവണയല്ല, പലവട്ടം ചവിട്ടിയരക്കപ്പെട്ടു. പലതവണ വാഹനം കയറിയിറങ്ങിയതിനാല്‍ അവളുടെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവളുടെ കൈകള്‍ കണ്ട് അവള്‍ വളരെ ചെറുപ്പമാണെന്ന് ആളുകള്‍ മനസിലാക്കി.

“ഉക്രേനിയന്‍ സൈനിക വോളന്റിയര്‍മാര്‍ ആ സ്ത്രീയുടെ പഴ്‌സില്‍ നിന്ന് ഒരു കാര്‍ഡും ഷോപ്പിംഗ് ലിസ്റ്റും കണ്ടെത്തി. അവള്‍ക്ക് ഏകദേശം 25 വയസു പ്രായമുണ്ടെന്നും മനസിലാക്കി. പക്ഷേ, ഐഡി കാര്‍ഡുകളൊന്നും കണ്ടെത്താനായില്ല” – മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ചുമതലയുള്ള പെട്രോ കൊറോള്‍ പറഞ്ഞു. നിരന്തരമായ ഷെല്ലിംഗും വെടിവയ്പ്പും കാരണം പ്രദേശവാസികള്‍ക്കോ, സന്നദ്ധപ്രവര്‍ത്തകര്‍ക്കോ മൃതദേഹം ഏറ്റെടുക്കാനോ സംസ്ക്കരിക്കാനോ സാധിച്ചിരുന്നില്ല.

നഗരത്തിലെ മിക്കവാറും എല്ലാ വീടുകളും നാശത്തിന്റെ വക്കിലാണ്. പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ വസ്തുവകകളുടെ നാശത്തേക്കാള്‍ ഭയാനകമായത് സാധാരണക്കാര്‍ക്കു നേരെയുള്ള അക്രമങ്ങളുടെയും വെടിവയ്പ്പുകളുടെയും വധശിക്ഷകളുടെയും ബലപ്രയോഗത്തിലൂടെ ആളുകളെ തടവിലാക്കിയതിന്റെയും വിവരണങ്ങളാണ്.

റഷ്യന്‍ സൈന്യത്തിന്റെയും പോലീസിന്റെയും പതിനൊന്ന് യൂണിറ്റുകള്‍ ഇര്‍പിന്‍, ബുച്ച, അടുത്തുള്ള ഹോസ്റ്റോമല്‍ എന്നിവിടങ്ങളിലെ അധിനിവേശത്തിലും ആക്രമണത്തിലും പങ്കെടുത്തതായി ഉക്രൈന്റെ ഇന്റലിജന്‍സും പ്രോസിക്യൂട്ടര്‍മാരും ആരോപിക്കുന്നു. മാര്‍ച്ചില്‍ സെന്‍ട്രല്‍ പാര്‍ക്കിനു സമീപം മൂന്ന് കാറുകളില്‍ മൃതദേഹങ്ങളും തെരുവില്‍ ഒരു വൃദ്ധനും മരിച്ചുകിടക്കുന്നതായി കണ്ടതായി പ്രാദേശിക ഡെപ്യൂട്ടിമാരില്‍ ഒരാളായ ആര്‍ട്ടെം ഹുറിന്‍ പറയുന്നു.

ഇര്‍പിന്‍ ആക്രമണത്തിനിരയായപ്പോള്‍ സൈനിക വോളന്റിയറായി സേവനമനുഷ്ഠിച്ച ഹുറിന്‍ പറയുന്നതനുസരിച്ച്, നഗരത്തിലെ മിക്കവാറും എല്ലാ വീടുകളുടെയും പുറകില്‍ കവചിത വാഹനങ്ങള്‍ നിലയുറപ്പിച്ചിരുന്നു. ആ ഇടുങ്ങിയ പ്രദേശത്ത് റഷ്യക്കാര്‍, കുറഞ്ഞത് രണ്ട് ബലമേറിയ ചെക്ക്പോസ്റ്റുകളെങ്കിലും ഫയറിംഗ് പൊസിഷനുകളോടെ സ്ഥാപിച്ചു. ഇര്‍പിനിലെ ഇരകളില്‍ പകുതിയിലധികം പേര്‍ക്കും വെടിയേറ്റു. അവിടുത്തെ റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചവരില്‍ പലരും സ്ത്രീകളായിരുന്നു.

ഇരകളായ 290 പേരില്‍ ഭൂരിഭാഗം ആളുകളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഇതുവരെ 161 പുരുഷന്മാരുടെയും 73 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പലരും പീരങ്കി വെടിയേറ്റ് മരിക്കുകയോ, പട്ടിണി കിടന്ന് മരിക്കുകയോയാണ് ചെയ്തത്. ഇവിടെ സംശയിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളില്‍ ഭൂരിഭാഗവും മാര്‍ച്ച് പകുതിയിലും തുടര്‍ന്ന് റഷ്യന്‍ പിന്‍വാങ്ങലിനു മുമ്പുള്ള അവസാന ദിവസങ്ങളിലും സംഭവിച്ചവയാണ്.

ഉക്രേനിയന്‍ സൈന്യം കീവിന്റെ പ്രാന്തപ്രദേശത്തിന്റെ നിയന്ത്രണം വീണ്ടെടുത്തപ്പോള്‍ റഷ്യക്കാര്‍ കൂടുതല്‍ പരിഭ്രാന്തരായി. ആളുകളെ കാണുമ്പോള്‍ തന്നെ വെടിവയ്ക്കാന്‍ തുടങ്ങി. താമസക്കാരെ സംബന്ധിച്ചിടത്തോളം, ഒരു ഓര്‍ഡര്‍ തെറ്റിദ്ധരിക്കുകയോ, റഷ്യക്കാര്‍ നിര്‍ബന്ധിച്ചതുപോലെ വെളുത്ത ആംബാന്‍ഡ് ധരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നത് മരണത്തില്‍ അവസാനിക്കുന്ന അവസ്ഥയായിരുന്നു.

ഇപ്പോള്‍ ഇര്‍പിനിലെ മിക്കവാറും എല്ലാ വീട്ടുമുറ്റത്തും ആളുകള്‍ തങ്ങളുടെ വീടുകള്‍ വൃത്തിയാക്കാനും പുനര്‍നിര്‍മ്മിക്കാനുമുള്ള ശ്രമത്തിലാണ്. വൈദ്യുതി, വാതകം, വെള്ളം എന്നിവ പുനഃസ്ഥാപിക്കുന്നതു പോലെയുള്ള ലളിതമായ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുകയാണവര്‍. പക്ഷേ അവരുടെയൊന്നും മനസുകളില്‍ നിന്ന് റഷ്യന്‍ ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ മായുന്നില്ല.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.