ഈ അച്ചൻ ആളൊരു നൃത്തസുവിശേഷമാണ്

സുനീഷ വി.എഫ്.

അഞ്ചാം വയസു മുതൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചയാൾ ഇന്നൊരു വൈദികനാണ് – ഫാ. ഡാനിയേൽ വാരമുത്ത്. “എന്റെ നൃത്തം ദൈവത്തെ പ്രഘോഷിക്കലാണ്. ‘തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിൻ’ എന്ന് സങ്കീർത്തകൻ പറയുന്നു. ആഫ്രിക്കയിലും മറ്റും അവർ നൃത്തം ചെയ്താണ് ദൈവത്തെ സ്തുതിക്കുന്നത്…” തുടർന്നു വായിക്കുക.

ഈയിടെ ഹിറ്റായ ഒരു ക്രിസ്തീയഭക്തിഗാനമുണ്ട് – ‘അമ്മയിലൂടെ അൾത്താരയിലേയ്ക്ക്’. റോസീന പീറ്റിയുടെ വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പള്ളി എംസിബിഎസ് ഈണം നൽകി ദേവാനന്ദ് ആലപിച്ചപ്പോൾ, നൃത്താവിഷ്കാരത്തിലൂടെ അത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിച്ചത് ഡാനിയേലച്ചനായിരുന്നു. മലയാള മനോരമയൊക്കെ ആ ഗാനത്തെക്കുറിച്ചു ഫീച്ചർ ചെയ്തിരുന്നു. ആ ഗാനത്തിനു നൃത്താവിഷ്കാരം നൽകിയ ഡാനിയേലച്ചനെ പരിചയപ്പെടാം. 

“അമ്മച്ചീ, എനിക്ക് പള്ളീലത്തെ അച്ചനാകണം.”

“അതിനെന്തുട്ടാടാ മോനെ, നീ സെമിനാരിക്ക് പൊക്കോ.”

“ഈശോയ്ക്ക് ഡാൻസ് കളിക്കണ അച്ചനെയും  ഇഷ്ടമാകുമായിരിക്കും അല്ലേ?”

പ്ലസ് ടു കഴിഞ്ഞപ്പോൾ, തൃശൂർ ജില്ലയിലെ ചാലക്കുടി കുറ്റിക്കാട് വാരമുത്ത് വീട്ടിലെ ജോസഫ്-റീന ദമ്പതികളുടെ മൂത്ത മകൻ ഡാനിയേൽ രൂപതാ സെമിനാരിയിൽ ചേരാൻ പോകുന്നത് ബൈബിളിനൊപ്പം അഞ്ചാം വയസു മുതൽ താൻ കെട്ടിയാടിയ ചിലങ്കയും എടുത്തുകൊണ്ടാണ്. പിന്നീട് തന്റെ വൈദികപഠന കാലയളവിൽ ക്രിസ്തുവിനെ പൂർണ്ണമായും നെഞ്ചേറ്റിയെങ്കിലും തന്റെ ജീവിതത്തിന്റെ ഭാഗമായ നൃത്തത്തെയും ഒപ്പം കൂട്ടാൻ ദൈവം പ്രത്യേകം അനുഗ്രഹം നൽകി. ഫാ. ഡാനിയേൽ വാരമുത്ത് എന്ന ആ വൈദികൻ വർഷങ്ങൾക്കിപ്പുറം ‘അമ്മയുടെ അൾത്താരയിലേക്ക്’ എന്ന ആൽബത്തിലൂടെ അനേകർക്കു മുന്നിൽ ഒരു നൃത്തസുവിശേഷമായി മാറുകയാണ്. തന്റെ നൃത്തവിശേഷങ്ങളും പൗരോഹിത്യ ജീവിതാനുഭവങ്ങളുമായി ലൈഫ് ഡേയ്‌ക്കൊപ്പം ചേരുകയാണ് ഫാ. ഡാനിയേൽ വാരമുത്ത്.

അഞ്ചാം വയസിൽ ചിലങ്കയണിഞ്ഞപ്പോൾ

ഏറെ കലാപാരമ്പര്യം അവകാശപ്പെടാനുള്ള ഒരു കുടുംബത്തിലായിരുന്നു ഡാനിയേലിന്റെ ജനനം. അതിനാൽ തന്നെ മകനെ ഒരു കലാകാരനാക്കണമെന്ന് അമ്മ റീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഉള്ളിന്റെയുള്ളിൽ മറ്റൊരു കാര്യം കൂടി രഹസ്യമായി ഈ അമ്മ പ്രാർത്ഥിച്ചിരുന്നു, രണ്ട് ആണ്മക്കളിൽ ഒരാളെങ്കിലും ഒരു പുരോഹിതനായിരുന്നെങ്കിലെന്ന്.

“അഞ്ചാം വയസു മുതൽ ആർ.എൽ. വി (RLV) ആനന്ദ് സാറിന്റെ കീഴിൽ ഞാൻ ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ ആരംഭിച്ചിരുന്നു; ഭരതനാട്യവും കുച്ചുപ്പുടിയുമായിരുന്നു പ്രധാനമായും പഠിച്ചിരുന്നതും. എങ്കിലും നാടോടിനൃത്തം, ഓട്ടൻതുള്ളൽ എന്നീ ഇനങ്ങളിൽ സ്‌കൂൾ കലോത്സവങ്ങളിൽ മത്സരിച്ചിട്ടുണ്ട്” – ഡാനിയേലച്ചൻ തന്റെ നൃത്തത്തിന്റെ ആദ്യകാലങ്ങൾ ഓർമ്മിച്ചെടുക്കുകയാണ്. പിന്നീട് പഠനത്തോടൊപ്പം നൃത്തവും ഡാനിയേൽ എന്ന ആൺകുട്ടിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.

നൃത്തം ചെയ്യുന്ന പുരുഷന്മാരുടെ നടപ്പിലും എടുപ്പിലുമൊക്കെ സ്ത്രൈണഭാവം ഉണ്ടാകും എന്നു പറയാറുണ്ട്. എന്നാൽ അതു ശരിയല്ല എന്നാണ് അച്ചന്റെ ഭാക്ഷ്യം. “സ്ത്രീസഹജമായ നടപ്പൊക്കെ നാം അനുകരിക്കുന്നതാണ്. അതൊരിക്കലും നൃത്തം ചെയ്യുന്ന പുരുഷന്മാരിൽ ഉണ്ടാകാറില്ല. എന്റെ ഗുരു അനന്ദൻ മാഷ് അക്കാര്യത്തിൽ പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നുവരെ അതിന്റെ പേരിൽ ഒരു മോശം കമന്റും കേട്ടിട്ടില്ല” – ഡാനിയേൽ അച്ചൻ പുഞ്ചിരിക്കുകയാണ്.

സ്കൂൾ കലാമത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഡാനിയേൽ. 2004-2005 വർഷങ്ങളിലെ ചാലക്കുടി ഉപജില്ലയിലെ കലാപ്രതിഭയായും ഈ അച്ചൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അത്രമേൽ നൃത്തത്തെ ഉപാസന ചെയ്തിരുന്ന ഡാനിയേൽ, ജീവിതത്തിന്റെ ഒരു നിർണ്ണായക തീരുമാനത്തോടെ തനിക്ക് താലന്തുകൾ നൽകിയ ദൈവത്തെയും തന്റെ നൃത്തത്തോടൊപ്പം ചേർത്തുവയ്ക്കുകയായിരുന്നു. അമ്മയുടെ പ്രാർത്ഥന പോലെ, തന്റെ അഭിഷിക്തനാകാൻ ദൈവം തിരഞ്ഞെടുത്തത് ഡാൻസുകാരൻ ഡാനിയേലിനെ തന്നെയായിരുന്നു. അങ്ങനെ പന്ത്രണ്ടു വർഷത്തോളം താൻ അഭ്യസിച്ച നൃത്തമുദ്രകളിൽ അദ്ദേഹം ദൈവത്തെ കണ്ടെത്തി.

ആട്ടക്കാരൻ അച്ചനായപ്പോൾ

ഇത്രയും കാലം ഡാൻസ് കളിച്ചുനടന്ന ഡാനിയേൽ സെമിനാരിയിൽ പോകുന്നു എന്നറിഞ്ഞപ്പോൾ ആളുകൾ അമ്പരന്നു. ചിലരൊക്കെ തങ്ങളുടെ സംശയം നേരിട്ടും ഡാനിയേലച്ചനോട് ചോദിച്ചു: “ഡാൻസ് ഒക്കെ കളിക്കുന്നവർക്ക് പറ്റിയതാണോ ഈ അച്ചൻ പട്ടമൊക്കെ?”

അതേ എന്നായിരുന്നു അച്ചന്റെ മറുപടി.

“കാരണം, നൃത്തത്തിലേക്കുള്ള എന്റെ വിളിയും പുരോഹിതനാകാൻ എനിക്ക് ലഭിച്ച വിളിയുമെല്ലാം ദൈവത്തിൽ നിന്നുള്ളതായിരുന്നു എന്ന് ഈ സമയം എനിക്ക് ബോധ്യപ്പെട്ടിരുന്നു” – അച്ചൻ പറയുന്നു.

തൃശൂർ രൂപതാ സെമിനാരിയിൽ ചേർന്ന ഡാനിയേൽ ബ്രദറിന്റെ ചിലങ്ക വിശ്രമജീവിതത്തിലേക്ക് കടക്കരുതെന്ന് ദൈവത്തിനു വലിയ നിർബന്ധമുണ്ടായിരുന്നു. സെമിനാരിയിലെ വേദികളും, ഡാനിയേൽ ബ്രദറിനൊപ്പം തന്നെ നൃത്തപരിപാടികൾക്കായി ഒരുങ്ങി.

“കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലായിരുന്നപ്പോഴൊക്കെ അവിടെ ഏത് അതിഥി വന്നാലും ഏത് പരിപാടി സംഘടിപ്പിച്ചാലും എന്റെ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടാകുമായിരുന്നു. അന്നത്തെ റെക്ടറും ഇപ്പോഴത്തെ മാനന്തവാടി രൂപതയുടെ സഹായമെത്രാനുമായ ബിഷപ്പ് അലക്സ് താരാമംഗലം പിതാവ് എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഫാ. ആന്റണി നരിക്കുളം, ഫാ. മാത്യു ഇല്ലത്തുപറമ്പിൽ, ഫാ. പോളി മണിയാട്ട്, ഫാ. സ്കറിയ കന്യാകോണിൽ എന്നിവരൊക്കെയും എന്റെ പഠനകാലയളവിൽ എനിക്ക് നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അതുകൊണ്ടു തന്നെ സെമിനാരിപഠനവും നൃത്തവും എനിക്ക് രണ്ടായിട്ടു തോന്നിയതേ ഇല്ല. ഇത് രണ്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ കാര്യങ്ങളാണ്” – ഡാനിയേലച്ചൻ ഓർമ്മിക്കുന്നു.

പള്ളീലച്ചന് ഡാൻസ് കളിക്കാമോ?

പലപ്പോഴും വളരെയധികം വിമർശനങ്ങൾ നേരിടേണ്ടിവരുന്ന ഒരു ചോദ്യമാണിത്. ഡാനിയേലച്ചൻ ഇതിന് ഏറ്റവും ലളിതമായി ഉത്തരം നൽകുന്നുണ്ട്.

“ഞാൻ സെമിനാരിയിൽ ചേരുമ്പോൾ, ദൈവം ആഗ്രഹിക്കുന്നില്ലെങ്കിൽ ഇനി ഒരിക്കലും ചിലങ്ക കെട്ടുകയില്ലെന്നു തീരുമാനിച്ചിരുന്നു. എന്നാൽ ദൈവം എന്റെ മുൻപിൽ അവസരങ്ങൾ വാരിക്കോരി തന്നു. എന്റെ കൂടെ നൃത്തം പഠിച്ച പെൺകുട്ടികളടക്കം പലരും നൃത്തമുപേക്ഷിച്ചിട്ട് വർഷങ്ങളായി. എന്നാൽ ദൈവം ഒരിക്കൽപ്പോലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. വിശുദ്ധ ഗ്രന്ഥം പറയുന്നത്, നമുക്ക് ലഭിച്ച താലന്തുകൾ മണ്ണിൽ കുഴിച്ചിടാനല്ല; മറിച്ച് ഇരട്ടിപ്പിക്കാനാണ്. ഓരോ അച്ചനും ഓരോ കഴിവല്ലേ ഉള്ളത്. നല്ല ഭാഷയിൽ സുവിശേഷം പ്രസംഗിക്കുന്നവരുണ്ട്, നന്നായി പാട്ടു പാടുന്നവരുണ്ട്. എനിക്ക് ലഭിച്ചിരിക്കുന്ന താലന്ത് നൃത്തത്തിലാണ്. അതുകൊണ്ട് ഞാൻ എന്റെ നൃത്തത്തിലൂടെ ദൈവത്തെ സ്തുതിക്കുന്നു. അത്തരത്തിലൂടെ സുവിശേഷപ്രഘോഷണം നടത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” – അച്ചൻ തന്റെ നൃത്തത്തെയും പരോഹിത ജീവിതത്തെയും ചേർത്തുവയ്ക്കുകയാണ്.

തനിക്ക് ഇന്നുവരെയും ആളുകൾ പ്രോത്സാഹനം മാത്രമേ നൽകിയിട്ടുള്ളൂ എന്നാണ് ഡാനിയേൽ അച്ചൻ പറയുന്നത്. എങ്കിലും ഒരിക്കൽ ഒരു വ്യക്തി അച്ചന്റെ അടുക്കൽ വന്നു പറഞ്ഞു: “അച്ചൻ ഇനി ഡാൻസ് ചെയ്യരുത്; ആളുകൾ പലതും പറയുന്നു. തനിക്കത് കേട്ടപ്പോൾ വിഷമം തോന്നി. അതിനാൽ ഇനി ഒരിക്കലും അച്ചൻ ഡാൻസ് ചെയ്യരുത്” എന്നു പറഞ്ഞപ്പോൾ അച്ചൻ തന്റെ നൃത്തത്തിലെ ആത്മീയത അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. അത് ഇപ്രകാരമായിരുന്നു: “എന്റെ നൃത്തം ദൈവത്തെ പ്രഘോഷിക്കലാണ്. ‘തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിൻ’ എന്ന് സങ്കീർത്തകൻ പറയുന്നു. ആഫ്രിക്കയിലും മറ്റും അവർ നൃത്തം ചെയ്താണ് ദൈവത്തെ സ്തുതിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത് കാലഘട്ടത്തിനനുസരിച്ചുള്ള സുവിശേഷവത്കരണത്തെക്കുറിച്ചാണ്. ആളുകളുടെ ഇടയിലേക്ക് ദൈവത്തെ അറിയിക്കാൻ നമുക്ക് ദൈവം നൽകിയ കഴിവുകളെ ദൈവത്തിനായി ഉപയോഗിക്കുക. എന്റെ ഓരോ വേദിയും വലിയൊരു സുവിശേഷപ്രഘോഷണത്തിനുള്ള മാർഗ്ഗമാണ്. എന്റെ ഓരോ മുദ്രയും പ്രാർത്ഥനയാണ്. ഞാൻ അതിലൂടെയാണ് ദൈവത്തെ കാണുന്നത്. അത് മറ്റുള്ളവരിലേക്കെത്തിക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.”

രണ്ടാം ഗുരു നൽകിയ നൃത്തത്തിലെ ആത്മീയത

സെമിനാരി കാലഘട്ടത്തിലായിരുന്നു ശാസ്ത്രീയനൃത്തത്തിലെ ക്രിസ്തീയതയെ കണ്ടെത്തിയ ജെസ്യൂട്ട് പുരോഹിതനായ ഫാ. സാജു ജോർജിനെ ഡാനിയേലച്ചൻ പരിചയപ്പെടുന്നത്. കൽക്കട്ടയിൽ ഒരു നൃത്ത അക്കാദമി നടത്തുന്ന അദ്ദേഹം ഒരിക്കൽ സെമിനാരിയിലെത്തിയപ്പോൾ ഡാനിയേലച്ചന്റെ നൃത്തം കാണാനിടയായി. അങ്ങനെയാണ് ദൈവം ഇരുവരെയും ഒരു സൗഹൃദത്തിലേക്ക് കോർത്തിണക്കിയത്. പിന്നീട് അച്ചൻ കൽക്കട്ടയിൽ പോയി സാജു അച്ചന്റെ കീഴിൽ നൃത്തം അഭ്യസിച്ചു.

“സാജു അച്ചൻ എന്റെ രണ്ടാം ഗുരുവാണ്. കാരണം, നൃത്തത്തെ എങ്ങനെ ക്രൈസ്തവരീതിയിലേക്ക് കൊണ്ടുവരണമെന്ന് അച്ചൻ എന്നെ പഠിപ്പിച്ചു. മുദ്രകളും അടവുകളും നമുക്ക് ബൈബിൾ തീമുകളിലേക്ക് ആവിഷ്കരിക്കാൻ സാധിക്കും. ഇതൊക്കെയും അദ്ദേഹം എനിക്ക് പകർന്നു നൽകി. അതിനാൽ തന്നെ നൃത്തത്തിലെ ക്രൈസ്തവ ആത്മീയതയെ കണ്ടെത്താൻ വൈദിക വിദ്യാർത്ഥിയായിരിക്കെ തന്നെ ദൈവം എനിക്ക് അവസരങ്ങൾ നൽകി. സാജു അച്ചൻ എനിക്ക് എന്നും മാതൃകയാണ്” – അച്ചന്റെ വാക്കുകളിൽ ഗുരുഭക്തിയുടെ ഭാവം തെളിഞ്ഞുനിന്നിരുന്നു.

2017 ഡിസംബർ 27- നാണ് ഡാനിയേലച്ചൻ കർത്താവിന്റെ പുരോഹിതനായി അഭിഷിക്തനായത്. തൃശൂർ രൂപതയിലെ വിവിധ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായി തന്റെ ചുമതലകൾ നിറവേറ്റുമ്പോഴും ദൈവം ഡാനിയേലച്ചനായി നിരവധി നൃത്തവേദികൾ നൽകി. എങ്കിലും കോവിഡ് കാലഘട്ടത്തിലാണ് തിരക്കുകളിൽ നിന്നും തന്റെ നൃത്തത്തെ അദ്ദേഹം വീണ്ടും സജീവമാക്കി എടുക്കുന്നത്.

അമ്മയിലൂടെ അൾത്താരയിലേക്ക്

ഈ കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഡാനിയേൽ അച്ചന്റെ നൃത്തചുവടുകളുമായി ‘അമ്മയിലൂടെ അൾത്താരയിലേക്ക്’ എന്ന സംഗീത ആൽബം പുറത്തിറങ്ങുന്നത്. റോസീന പീറ്റിയുടെ വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പള്ളി എംസിബിഎസ് ഈണം നൽകി ദേവാനന്ദ് ആലപിച്ചപ്പോൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ടത് ഡാനിയേലച്ചന്റെ നൃത്താവിഷ്കാരത്തിലൂടെയായിരുന്നു. 77,000- ൽപരം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

“പിള്ളപ്പാറ സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ ആദ്യമായി വികാരിയച്ചനായി ചാർജ്ജെടുത്ത ഉടനെയാണ് റോസീന ചേച്ചി എന്നെ വിളിക്കുന്നത്. ഈ പാട്ടുമായി ബന്ധപ്പെട്ടുനിൽക്കുന്ന ആരും തന്നെ എന്റെ ഡാൻസിന്റെ ഒരു വീഡിയോ പോലും കണ്ടിരുന്നില്ല എന്നുള്ളത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഞാൻ പ്രാർത്ഥിച്ച് ആലോചിച്ചിട്ടു തന്നെയാണ് ഉത്തരം പറഞ്ഞത്. കാരണം ആദ്യമായി ഒരു പള്ളിയിൽ വികാരിയച്ചനായി ചാർജ്ജെടുക്കുന്നു. ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങളും കടമകളുമാണ് പ്രധാനപ്പെട്ടത്. എങ്കിലും മാതാവ് എനിക്ക് നൽകിയ വലിയൊരു അവസരമായതിനാൽ ഞാൻ പ്രാർത്ഥനയോടെ അത് ഏറ്റെടുത്തു. കോറിയോഗ്രഫിയും ഞാൻ തന്നെ ചെയ്യേണ്ടതായതുകൊണ്ട് രാത്രി ഒരു മണി വരെയൊക്കെ ഞാൻ പ്രാക്ടീസ് ചെയ്തിരുന്നു” – അച്ചൻ ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു.

സുദീർഘമായ പകലിന്റെയും പ്രാർത്ഥനയുടെയും ഫലം ഈ പാട്ടിൽ തെളിവാകുന്നുണ്ട്. ഇന്ന് കാഴ്ചക്കാരുടെ മനസിൽ ഒരു നൃത്തവിസ്മയമായി മാറിയിരിക്കുകയാണ് ഈ പുരോഹിതൻ.

“മാതാവിന്റെ വലിയ അനുഗ്രഹം ഈ ഗാനത്തിലുണ്ട്. അതുകൊണ്ടു തന്നെ ചെങ്കുത്തായ പാറകളിലും മലയിടുക്കിലുമൊക്കെ നിന്നുള്ള ഷോട്ടുകളൊക്കെ വലിയ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പക്ഷേ, ഒരിക്കൽപോലും എവിടെയും ഒരു തെറ്റു വരാതെ എല്ലാ ഷോട്ടുകളും ഒറ്റ ടേക്കിൽ തന്നെ എടുക്കാൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായിരുന്നു. ലോങ്ങ് ഷോട്ടുകൾ എടുക്കുമ്പോൾ വീഡിയോയിൽ ഉൾപ്പെടാതെയിരിക്കാൻ സ്റ്റീരിയോ സിസ്റ്റം ഒരുപാട് ദൂരെയായിരിക്കും; പാട്ടൊന്നും നന്നായി കേൾക്കാൻ പോലും പറ്റാത്തത്ര അകലത്തിൽ. എന്നാൽ എവിടെയും ഒരു കുഴപ്പവും വരാതെ ദൈവം എല്ലാം ഭംഗിയാക്കി തന്നു. ദൈവത്തോട് നന്ദി മാത്രം. പിന്നെ എന്നെ വിശ്വസിച്ച മാത്യൂസ് അച്ചനും റോസീന ചേച്ചിക്കും 3M പ്രൊഡക്ഷന്സിനും നന്ദി!” – അച്ചൻ വളരെ ശാന്തമായി പറഞ്ഞുനിർത്തി.

ആദ്യമായി ചെയ്ത ഗാനം പരിശുദ്ധ അമ്മയോടുള്ള സ്തുതിയായതിൽ അച്ചന് വളരെയധികം സന്തോഷമുണ്ട്. അതിനു പിന്നിൽ വലിയൊരു മാതൃഭക്തിയും ഉണ്ട്. മാതാവിന്റെ ജന്മദിനമായ ഡിസംബർ എട്ടിനു തന്നെയാണ് അച്ചന്റെ ജന്മദിനവും. അതിനാൽ ചെറുപ്പം മുതൽ തന്നെ മാതാവായിരുന്നു ഡാനിയേലച്ചന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. “എന്റെ അമ്മ എന്റെ കൂടെ എപ്പോഴുമുണ്ട്. എല്ലാ അവസരങ്ങളിലും എന്റെ കൂടെ നിൽക്കുന്ന അമ്മക്കുള്ള വാഴ്ത്തായി തന്നെ ആദ്യഗാനം സമർപ്പിക്കാൻ സാധിച്ചതിൽ എനിക്ക് ഇരട്ടി സന്തോഷമാണ്” – അച്ചൻ പറയുന്നു.

രൂപക്കൂട്ടിലെ ചിലങ്ക

വൈദികൻ, നർത്തകൻ ഇതിൽ ഡാനിയേലച്ചൻ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നത് തന്റെ പൗരോഹിത്യത്തിനാണ്. തന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്നത് പൗരോഹിത്യമാണ്. അതിനു വേണ്ടിയാണ് താൻ ഈ ഭൂമിയിൽ ആയിരിക്കുന്നതെന്നാണ് ഈ പുരോഹിന്റെ പക്ഷം. എങ്കിലും തന്റെ ചിലങ്കയുടെ ആത്മീയത ദൈവകൃപയുടെ ഒരു തെളിവായി ഉയർത്തിക്കാണിക്കുന്നതിൽ ഈ പുരോഹിതന് എന്നും അഭിമാനമേയുളളൂ. ദൈവം തന്നു, അതിനാൽ എല്ലാം ദൈവത്തിനുള്ളത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി അച്ചൻ പറയുന്നത് തനിക്ക് ചെറുപ്പത്തിലേ ലഭിച്ചിട്ടുള്ള പ്രത്യേക ആത്മീയതയുടെ അനുഭവങ്ങളാണ്.

“പരിപാടികളോ, മത്സരങ്ങളോ ഉണ്ടെന്ന് അറിയുമ്പോഴേക്കും എന്റെ അമ്മച്ചി ചിലങ്കയെടുത്ത് വീട്ടിലെ രൂപക്കൂടിന്റെ ഉള്ളിൽ കൊണ്ടുവയ്ക്കും. അവിടെ നിന്ന് പ്രാർത്ഥിച്ചതിനു ശേഷം ആ ചിലങ്കയുമെടുത്താണ് ഞാൻ സ്റ്റേജിൽ കയറുന്നത്. അതുകൊണ്ട് നൃത്തം എനിക്കെന്നും പ്രാർത്ഥനയാണ്. സ്റ്റേജിൽ ഒരിക്കൽ പോലും ‘ഞാൻ’ എന്നൊരു വ്യക്തിയേ ഇല്ല. എന്നിലൂടെ മറ്റൊരു ശക്തി, ദൈവകരുണയാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ടു തന്നെ പ്രാർത്ഥനയും നൃത്തവും എന്നും എനിക്ക് ഒരുപോലെ തന്നെയാണ്. എന്റെ നൃത്തമാണ് എന്റെ പ്രാർത്ഥന” – അച്ചൻ പറഞ്ഞുനിർത്തിയപ്പോൾ തന്റെ ആത്മീയതയും ദൈവത്തിലുള്ള ആഴമായ വിശ്വാസവും ആവിഷ്ക്കരിക്കാൻ ഇതില്പരം മറ്റൊരു മാധ്യമം ഇല്ലെന്ന് അദ്ദേഹം ഉറപ്പിക്കുകയാണ്.

കർത്താവിന്റെ ശരീര-രക്തങ്ങൾ കരങ്ങളിലും ഹൃദയത്തിലും വഹിക്കുന്ന ഈ പുരോഹിതന്റെ ചുവടുകൾ എന്നും ദൈവത്തിനു വേണ്ടിയുള്ള സ്തുതികളായിരിക്കട്ടെ. ഡാനിയേലച്ചന്റെ നൃത്തവേദികളിൽ അനേകായിരങ്ങൾ ദൈവത്തെ കാണാൻ ഇടവരട്ടെ. മലമുകളിലും കടൽത്തീരത്തും നഗരങ്ങളിലും ഗ്രാമവീഥികളിലും കർത്താവ് നടത്തിയ അതേ സുവിശേഷപ്രഘോഷണത്തിന്റെ തുടർച്ചയായി മാറട്ടെ ഡാനിയേലച്ചന്റെ പ്രവർത്തനങ്ങളും. അച്ചന് ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.