14 വർഷങ്ങൾ മയക്കുമരുന്നിന് അടിമ; ലൂർദ് മാതാവിന്റെ മദ്ധ്യസ്ഥം വഴി മാനസാന്തരത്തിലേക്ക്

വിശ്വാസം തെല്ലുമില്ല, കുടുംബത്തിൽ സ്ഥിരമായി കലഹം. വർഷങ്ങളായി മയക്കുമരുന്നിന് അടിമ. മിലിറ്ററി നഴ്‌സായ റിച്ചാർഡ്, ഒറ്റപ്പെടലിലും നിരാശയിലുമായിരുന്നു അക്കാലഘട്ടത്തിൽ ജീവിച്ചത്. എന്നാൽ തികഞ്ഞ കത്തോലിക്കാ വിശ്വസികളായ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു. നീണ്ട 14 വർഷത്തെ ലഹരിമരുന്നിന്റെ അടിമത്വത്തിൽ നിന്നും അദ്ദേഹം മോചിതനായി. ഇന്ന് എല്ലാ വർഷവും സഹോദരനോടൊത്ത് ലൂർദ് മാതാവിന്റെ സന്നിധിയിലേക്ക് തീർത്ഥാടന നടത്തുന്നു ഇദ്ദേഹം.

2001- ൽ കൊസോവോയിൽ വച്ച് നടന്ന ഒരു ഓപ്പറേഷനിൽ മിലിറ്ററി നഴ്‌സായ റിച്ചാർഡ് ജോൺസന്റെ കാൽമുട്ടിന് അപകടം സംഭവിച്ചു. ഡോക്ടർമാർ, ഇദ്ദേഹത്തിന് ശക്തമായ വേദനസംഹാരികൾ നൽകി. വേദന കുറഞ്ഞുവെങ്കിലും മറ്റ് പല ബുദ്ധിമുട്ടുകളും ആ മരുന്നുകൾ മൂലം റിച്ചാർഡിന് സംഭവിച്ചു. ആ വേദനസംഹാരികളുടെ തീവ്രത ക്രമേണ അദ്ദേഹത്തെ മയക്കുമരുന്നിന് അടിമയാക്കി.

തുടർന്നുവന്ന 14 വർഷങ്ങൾ റിച്ചാർഡ് ഒറ്റപ്പെടലിലും നിരാശയിലും ചെലവഴിച്ചു. “ഞാൻ വർഷങ്ങളോളം ഇരുട്ടിലാണ് ജീവിച്ചത്. എന്റെ ആത്മാവ് പൂർണ്ണമായും നഷ്ടപ്പെട്ടതായി പലപ്പോഴും എനിക്ക് തോന്നി.” – ആ ദിവസങ്ങളെപ്പറ്റി റിച്ചാർഡ് പറയുന്നു. അദ്ദേഹത്തിന്റെ കുടുംബം വളരെ വിശ്വാസത്തിൽ ജീവിക്കുന്ന ഒരു കത്തോലിക്കാ കുടുംബമാണ്. അവർ ഒരിക്കലും റിച്ചാർഡിനെയോർത്ത് നിരാശപ്പെട്ടില്ല. പ്രത്യാശ കൈവിടാതെ, റിച്ചാർഡിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഉറച്ചു നിന്നു. റിച്ചാർഡിന്റെ അമ്മയാകട്ടെ ജപമാല ഉരുവിട്ടുകൊണ്ട് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നിരന്തരം തന്റെ മകനുവേണ്ടി യാചിച്ചു.

2014- ൽ, അദ്ദേഹത്തിന് വല്ലാത്ത ഒരു മാനസിക വിഭ്രാന്തി അനുഭവപ്പെട്ടു. നാല് വർഷമെടുത്തു റിച്ചാർഡിന് അതിനെ അതിജീവിക്കാൻ. 2018- ലെ ഒരു രാത്രി. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സമാധാനം റിച്ചാർഡിന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയതുപോലെ. നഷ്ടപ്പെട്ടു എന്ന് അദ്ദേഹം വിചാരിച്ചിരുന്ന തന്റെ ആത്മാവിനെ അദ്ദേഹത്തിന് തിരികെ ലഭിച്ച അനുഭവം. പ്രാർത്ഥിക്കാനുള്ള ശക്തമായ പ്രേരണ ആ രാത്രിയിൽ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആരോ റിച്ചാർഡിനോട് ആവശ്യപ്പെടുന്നതുപോലെ. അദ്ദേഹം ആർമിയിലെ തന്റെയൊരു കത്തോലിക്കാ സുഹൃത്തിനോട് തന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. കാരണം, പ്രാർത്ഥനകൾ എല്ലാം തന്നെ അദ്ദേഹം മറന്നുപോയിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ റിച്ചാർഡ് വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം പുതിയൊരു മനുഷ്യനായി. ലൂർദ് മാതാവിനോട് അഗാധമായ ഭക്തിയും അദ്ദേഹത്തിൽ ഉളവായി.

തുടർന്ന് കലഹത്തിലായിരുന്ന സഹോദരൻ ജെയ്‌യോടും അദ്ദേഹം രമ്യതപ്പെട്ടു. ഒരാൾ മയക്കുമരുന്നിന് അടിമയാകുമ്പോൽ, ആ വ്യക്തി സ്വാഭാവികമായും ആരുടെയും വാക്കുകൾക്ക് വില കല്പിക്കില്ലല്ലോ. അതുകൊണ്ട് തന്നെ എങ്ങനെ തന്റെ സഹോദരനായ റിച്ചാർഡിനെ സഹായിക്കണമെന്ന് ജെയ്ക്ക് അറിയില്ലായിരുന്നു. എങ്കിലും വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രാർത്ഥന എന്ത് പ്രശ്നത്തിനും പരിഹാരമാണെന്ന് ജെയ്ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ജെയ്, റിച്ചാർഡിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുമായിരുന്നു. അവന്റെ ആത്മാവിന് പരിശുദ്ധാത്മാവിന്റെ പ്രകാശം ലഭിക്കാൻ അദ്ദേഹം ഒരുപാട് സമയം ദൈവതിരുമുമ്പിൽ ചിലവഴിച്ചു. ഇപ്പോൾ ജെയ് മാനസിക സമർദ്ദത്തിലും അതുപോലെ പലവിധ ആസക്തിയിലും ജീവിക്കുന്നവർക്കായി ധാരാളം ആത്മീയ കൃതികൾ രചിക്കുന്നുണ്ട്. റിച്ചാർഡ് വിശ്വാസത്തിലേക്ക് തിരികെ വന്നപ്പോൾ, അവന് പൂർണമായ പിന്തുണ നല്കാൻ ജെയ് ഒപ്പം തന്നെയുണ്ടായിരുന്നു. രണ്ട് പേരും രണ്ടിടങ്ങളിലാണ് താമസിക്കുന്നതെങ്കിലും, എല്ലാ ദിവസവും അവർ തമ്മിൽ ഫോണിൽ സംസാരിക്കും.

ഇപ്പോൾ 51 വയസ്സുള്ള റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനായ റിച്ചാർഡ് സഹോദരനായ ജെയോടൊപ്പമാണ് റിച്ചാർഡ് ലൂർദിലേക്കുള്ള തീർത്ഥാടനങ്ങൾ നടത്തുന്നത്. തനിക്കുവേണ്ടി മുടങ്ങാതെ ജപമാല ചൊല്ലുന്ന അമ്മയുടെ പ്രാർത്ഥനയാവാം ലൂർദ് മാതാവിനോടും ജപമാലയോടും റിച്ചാർഡിൽ അഗാധമായ സ്നേഹവും ഭക്തിയും വളർത്തിയത്. നൈറ്റ്‌സ് ഓഫ് കൊളംബസിന്റെയും യു.എസിലെ സൈനിക സേവനങ്ങൾക്കായുള്ള അതിരൂപതയുടെയും ധനസഹായത്തോടെയാണ് ഈ തീർത്ഥാടനങ്ങൾ നടക്കുന്നത്. ഓരോ വർഷവും രാജ്യത്തുനിന്ന് നൂറോളം സൈനികരെ വാരിയേഴ്‌സ് ടു ലൂർദിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുന്നു. ഈ സംഘടന തന്നെയാണ് ഇവരുടെ യാത്രയുടെ ചെലവുകൾ വഹിക്കുന്നതും. പ്രസ്തുത സംഘടനാ യാത്രയ്ക്കായി ഇവരെ തിരഞ്ഞെടുക്കുന്നതിൽ പോലും ഇവർ ദർശിക്കുന്നത് ദൈവ പരിപാലനയാണ്. ലൂർദിലേക്ക് ഒരുമിച്ചുള്ള യാത്ര, തങ്ങൾ തമ്മിലുള്ള ബന്ധത്തെ ആഴപ്പെടുത്തിയെന്നാണ് റിച്ചാർഡ് പറയുന്നത്.

“ലൂർദിലേക്കുള്ള യാത്രകൾ എന്റെ ഹൃദയത്തെ നവീകരിച്ചു. ഓരോ തവണയും വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴെല്ലാം നന്ദിയാൽ എന്റെ കണ്ണുകൾ പലപ്പോഴും ഈറനണിയുന്നു. ഞാൻ ഇന്ന് ക്രിസ്തുവിൽ പുതിയ ഒരു വ്യക്തിയാണ്”- റിച്ചാർഡ് പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.