ഞാൻ ദൈവത്തിന്റെ കരങ്ങളിലെ ഒരു ഉപകരണം മാത്രം: സി. ഡോ. ദീപ എസ്. വി. എം. മനസു തുറക്കുന്നു

സി. സൗമ്യ DSHJ

“വളരെ വേദനയോടെയും അസ്വസ്ഥരായും കടന്നുവരുന്ന രോഗികൾ പോലും തിരിച്ചുപോകുന്നതിന് മുൻപ് സമാധാനത്തിലേയ്ക്ക് കടന്നു വരുന്നതും ആശ്വാസം പ്രാപിക്കുന്നതും ഞാന്‍ ഓരോ ദിവസവും കാണുന്ന കാഴ്ചയാണ്. എന്റെ ജോലിയിൽ ഇന്നുവരെ ടെൻഷനോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ല. എല്ലാം ദൈവം നടത്തുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.” ഇത്തവണത്തെ ആരോഗ്യപരിചരണ രംഗത്തെ മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ സി. ഡോ. ദീപ എസ്. വി. എം. മനസു തുറക്കുന്നു.

ഇത്തവണത്തെ ആരോഗ്യപരിചരണ രംഗത്തെ മികച്ച സേവനത്തിനു നൽകുന്ന ‘ദീപിക എക്സലൻസ് അവാർഡ്’ ലഭിച്ചിരിക്കുന്നത് കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ഹോസ്പിറ്റലിലെ ഇന്റേണൽ (ജനറൽ) മെഡിസിൻ വിഭാഗത്തിലെ സി. ഡോ. ദീപയ്ക്കാണ്. വിസിറ്റേഷൻ സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ഒക്ടോബർ 30 ന് കോട്ടയത്ത് നടന്ന ചടങ്ങിൽ ബഹു. ബംഗാൾ ഗവർണ്ണർ ഡോ. സി. വി ആനന്ദബോസ് ഐ എ സ് (റിട്ട.) ൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ദൈവത്തിന്റെ കരങ്ങളിലെ ഒരു ഉപകരണമായിട്ടാണ് താന്‍ വർത്തിക്കുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് സി. ഡോ. ദീപ എസ്. വി. എം.

ദൈവവിളിയുടെ സ്വരം തിരിച്ചറിഞ്ഞ ദിനങ്ങൾ

കോട്ടയത്തിനടുത്തുള്ള കല്ലറ സ്വദേശിയാണ് സിസ്റ്റർ. വീട്ടിലെ ഏഴുമക്കളിൽ ഏറ്റവും ഇളയ ആള്‍. ചെറുപ്പത്തിൽ വീട്ടിൽ എല്ലാവരുടെയും ഓമനയായിരുന്നു സിസ്റ്റർ. മനോഹരവും ആനന്ദകരവുമായ ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും സിസ്റ്ററിന്റെ മനസിലുണ്ട്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം മുതലാണ് സന്യാസ ജീവിതത്തെക്കുറിച്ചുള്ള ആഭിമുഖ്യം സിസ്റ്ററിൽ ഉടലെടുത്തത്. അമ്മ എന്നും പള്ളിയിൽ വിടുമായിരുന്നു. പള്ളിയില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. രാവിലെ പള്ളിയിൽ പോയി തിരിച്ചെത്തി കഴിഞ്ഞാൽ വീട്ടിൽ വലിയ ജോലികളൊന്നുമില്ല. സിസ്റ്റര്‍ അക്കാലം ഓര്‍മ്മിക്കുന്നു.

“ഒരുദിവസം എന്റെ ആങ്ങളയുടെ മുറിയിൽ ചെന്നപ്പോൾ മേശപ്പുറത്ത് ചേച്ചിക്ക് സമ്മാനമായി ലഭിച്ച ബൈബിൾ ഇരിക്കുന്നത് കണ്ടു. ഞാൻ ആ ബൈബിൾ എടുത്ത് തുറന്നപ്പോൾ വി. മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ മലയിലെ പ്രസംഗത്തിന്റെ ഭാഗമാണ് ലഭിച്ചത്. ഞാൻ അത് വായിച്ചു. എനിക്ക് ആ ബൈബിൾ ഭാഗത്തിന്റെ പ്രാധാന്യം ഒന്നും അറിയില്ലായിരുന്നു. എങ്കിലും വായിച്ചു വന്നപ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു ജ്വലനം അനുഭവപ്പെട്ടു. ബൈബിൾ അടച്ചുവച്ചിട്ട് കുറച്ചുനേരം സ്വസ്ഥമായി ഇരുന്നു. വീണ്ടും ബൈബിൾ തുറന്നു വായിച്ചു. വായിക്കുംതോറും എന്തോ വലിയൊരു ശക്തി എന്നിൽ നിറയുന്നപോലെ എനിക്ക് അനുഭവപ്പെട്ടു. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ബൈബിൾ വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും എന്റെ മനസ്സിൽ ഒരു മാറ്റം പതിയെ ആരംഭിച്ചിരുന്നു,” ദൈവവിളിക്ക് പ്രേരകമായ ആദ്യാനുഭവത്തെക്കുറിച്ച് സി. ദീപ പറയുന്നത് ഇപ്രകാരമാണ്.

ആ സമയം തന്നെ സി. ദീപയെ കോളേജിൽ ചേർക്കുന്ന കാര്യത്തെക്കുറിച്ചുള്ള സംസാരമൊക്കെ വീട്ടിൽ നടന്നു. ചേച്ചിമാരൊക്കെ ടി ടി സി പഠിച്ചവരാണ്. സി. ദീപയെ കോളേജിൽ വിട്ട് പഠിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നു. ആ ഇടയ്ക്കായിരുന്നു സഹോദരന്റെ വിവാഹം. ആ തിരക്കിനിടയില്‍ കോളേജിലേക്കുള്ള അഡ്മിഷൻ സമയം അവസാനിച്ചിരുന്നു. അതിനാല്‍ സി. ദീപയ്ക്ക് കൂടുതൽ വായിക്കാനും ചിന്തിക്കാനുമായി ഒരു വർഷം കൂടി ലഭിച്ചു.

ആ ഒരു വർഷത്തിനുശേഷം ദീപ വീട്ടിലുള്ളവരോടു പറഞ്ഞു:

“എനിക്ക് കോളേജിൽ പോകണ്ട; മഠത്തിൽ പോകണം.”

വീട്ടുകാരെ സംബന്ധിച്ച് വളരെ അപ്രതീക്ഷിതമായ ഒന്നായിരുന്നു അത്. പ്രത്യേകിച്ച് അപ്പന് അത് വലിയൊരു ഷോക്കായിരുന്നു! എങ്കിലും ഒടുവില്‍ അവര്‍ സമ്മതിച്ചു.

വിസിറ്റേഷൻ മഠത്തിലേക്ക്

വിസിറ്റേഷൻ സന്യാസിനി സമൂഹത്തില്‍ ചേരാനായിരുന്നു സി. ദീപയുടെ ആഗ്രഹം. വീട്ടുകാരുടെ വലിയ സമ്മതമില്ലാതെയാണ് സി. ദീപ വിസിറ്റേഷൻ മഠത്തിൽ ചേരുന്നത്. സ്വസ്ഥമായിരുന്ന് പ്രാർഥിക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു മഠത്തിൽ ചേരുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത്. എങ്കിലും സഭയുടെ അധികാരികളുടെ ആഗ്രഹം സി. ദീപ പ്രീഡിഗ്രി പഠിക്കണം എന്നായിരുന്നു. സഭാധികാരികളുടെ ആവശ്യത്തെ ദൈവഹിതമായിക്കണ്ട് സിസ്റ്റർ അനുസരിച്ചു. അങ്ങനെ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.

പ്രീഡിഗ്രിക്ക് ശേഷം ദീപ സിസ്റ്റർ പറഞ്ഞു:

“എനിക്ക് ഡിഗ്രി ഒന്നും എടുക്കണ്ട. എനിക്ക് സ്വസ്ഥമായിരുന്ന് പ്രാർഥിക്കണം.”

പക്ഷേ അധികാരികൾ സിസ്റ്ററിനോട് ആവശ്യപ്പെട്ടത് ബി എസ് സി പഠിക്കാനായിരുന്നു.

അതും പൂർത്തിയാക്കിയെങ്കിലും ‘എന്റെ വിളി ഇതല്ല, എനിക്ക് കൂടുതല്‍ പ്രാർഥിക്കണം’ എന്ന ചിന്ത ശക്തമായി മനസിലേയ്ക്ക് വന്നുതുടങ്ങി.

പക്ഷേ, ദൈവം സിസ്റ്ററിനായി കരുതിവെച്ചത് മറ്റൊന്നായിരുന്നു.

ദൈവമൊരുക്കിയ മിഷൻ

ബി എസ് സി പഠനത്തിനു ശേഷം, എം ബി ബി എസ് പഠനത്തിനായി സിസ്റ്ററിനെ സഭാധികാരികൾ അയച്ചു. അതുകഴിഞ്ഞു പി ജി ക്ക് വേണ്ടിയുള്ള എൻട്രൻസ് എഴുതി. അതും നല്ല മാർക്കോടെ പൂർത്തിയാക്കി. മൂന്ന് സീറ്റിൽ ഒരെണ്ണം സി. ദീപയ്ക്കായിരുന്നു. അങ്ങനെ എം ഡി യും വിജയകരമായി പൂർത്തിയാക്കി. തുടര്‍ന്ന്, ഡോക്ട്റായി പ്രാക്ടീസ് ആരംഭിച്ചു.

ദൈവത്തിന്റെ പ്രത്യേക കൃപ തിരിച്ചറിഞ്ഞ അവസരങ്ങളായിരുന്നു ഡോക്ടറായതിനുശേഷം ഉണ്ടായത്. അനേകം രോഗികളിലേയ്ക്ക് ദൈവത്തിന്റെ കരുണയും സൗഖ്യവും നല്കാന്‍ സിസ്റ്ററിനു സാധിച്ചു. ഒരു രോഗിയുടെ കേസ് കേൾക്കുമ്പോൾതന്നെ രോഗം ഏതാണെന്ന് തിരിച്ചറിയുവാൻ ഒരു പ്രത്യേക വൈദഗ്ധ്യം സിസ്റ്ററിനുണ്ടായിരുന്നു. ആ രോഗം ഉണ്ടോ ഇല്ലയോ എന്ന് ലാബ് വഴി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ മാത്രം മതി.

“എന്റെ ജോലിയിൽ ഇന്നുവരെ ടെൻഷനോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ല. എല്ലാം ദൈവം നടത്തുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഈശോയുടെ സാന്നിധ്യം എന്റെ സേവനമണ്ഡലങ്ങളിൽ നിരന്തരം അനുഭവിക്കാന്‍ കഴിയുന്നു.” ദൈവത്തിന്റെ കരുതൽ അനുഭവിച്ചറിയുന്നതിനെക്കുറിച്ച് സിസ്റ്റർ പറയുന്നു.

കഴിഞ്ഞ 30 വർഷമായി കിടങ്ങൂർ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിൽ കൺസൾട്ടന്റ് ഫിസിഷ്യൻ ആയി സിസ്റ്റർ ജോലി ചെയ്യുകയാണ്. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുവാനാണ് ഈ ആശുപത്രിയിലെ ശുശ്രൂഷകളിലൂടെ സിസ്റ്ററും കൂടെയുള്ളവരും ശ്രമിക്കുന്നത്. അനേകം രോഗികളാണ് ഓരോ ദിവസവും സിസ്റ്ററിന്റെ അടുത്തു വരുന്നതും സൗഖ്യം നേടി മടങ്ങുന്നതും.

മരുന്നല്ല, വചനമാണ് സൗഖ്യം നൽകുന്നത്

തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഡോക്ടര്‍ പറയുന്നത് ഇപ്രകാരമാണ്:

“ഞാൻ എന്റെ ജോലി വളരെ സ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ് ചെയ്യുന്നത്. വളരെ വേദനയോടെ, അസ്വസ്ഥരായി കടന്നുവരുന്ന രോഗികൾ പോലും തിരിച്ചുപോകുന്നതിന് മുൻപ് സമാധാനത്തിലേയ്ക്ക് കടന്നു വരുന്നതും ആശ്വാസം പ്രാപിക്കുന്നതും ഞാന്‍ ഓരോ ദിവസവും കാണുന്ന കാഴ്ചയാണ്. പിന്നീടും അത്തരം രോഗികളെ കൂടുതല്‍ ശ്രദ്ധിക്കാനും അവരുടെ കുടുംബവുമായി നല്ല ബന്ധം പുലർത്താനും ഞാന്‍ ശ്രമിക്കാറുണ്ട്. അതുവഴി അവര്‍ക്ക് കൂടുതല്‍ ആശ്വാസം നല്കാന്‍ സാധിക്കുന്നു എന്നത് സത്യമാണ്.”

ആധുനിക മരുന്നുകള്‍ക്കൊപ്പം താന്‍ നല്‍കുന്ന ദൈവ വചനത്തെകുറിച്ചും സിസ്റ്റര്‍ മനസു തുറന്നു. “എന്റെ മേശയിൽ ദൈവവചനം പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്. നാനാജാതി മതസ്ഥരായ രോഗികളായിരിക്കും അരികിലെത്തുക. എങ്കിലും, എല്ലാവർക്കും ഞാൻ ദൈവവചനം കൊടുക്കാറുണ്ട്. അവർ സന്തോഷത്തോടെ അവ സ്വീകരിക്കാറുമുണ്ട്. മരുന്നോ, ലേപനമോ ഔഷധമോ ഒന്നുമല്ല, സൗഖ്യം നൽകുന്നത് ഈ വചനമാണ്. വചനം അവർക്ക് സമാധാനവും ആശ്വാസവും നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ വന്നതുപോലെയല്ല, അവിടെ നിന്നും തിരിച്ചു പോകുന്നത്.” ആരോഗ്യരംഗത്തെ തന്റെ സേവനരീതികളെക്കുറിച്ച് സിസ്റ്റർ പറയുന്നു.

കിടങ്ങൂർ ആശുപത്രിയിലല്ലാതെ അഞ്ചുവർഷം പയ്യാവൂരിൽ ഒരു ഗ്രാമപ്രദേശത്തും സിസ്റ്റർ സേവനം ചെയ്തിട്ടുണ്ട്. ചിക്കാഗോയിലും സ്പെയിനിലും നടന്ന രണ്ടു ഇന്റർനാഷണൽ മീറ്റിംഗിലും പങ്കെടുക്കാൻ സിസ്റ്ററിന് അവസരം ലഭിച്ചു. ദൈവത്തിന്റെ കരങ്ങളിലെ ഒരു ഉപകരണമായി ഈ സന്യാസിനി ആരോഗ്യരംഗത്തെ തന്റെ ശുശ്രൂഷകൾ നിർവഹിക്കുന്നു.

സന്യാസത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ച്, ആതുര ശുശ്രൂഷാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ദീപ എസ്. വി. എം അനേകരുടെ അഭയസ്ഥാനവും ആശ്വാസത്തിന്റെ കേന്ദ്രവുമാണ്. ദൈവത്തിന്റെ കരുണയും സ്നേഹവും ആതുര ശുശ്രൂഷയിലൂടെ ഇനിയും അനേകരിലേയ്ക്ക് എത്തിക്കാന്‍ ദൈവം സിസ്റ്ററിനെ ശക്തയാക്കട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.