‘വിറ്റിലിഗോ’ ബാധിതരായ കുട്ടികൾക്ക് ക്രോഷേ പാവകൾ നിർമ്മിച്ചുനൽകുന്ന ഒരു മുത്തച്ഛൻ

നമ്മുടെ ചില ശീലങ്ങൾ അല്ലെങ്കിൽ പ്രവർത്തികൾ നമ്മെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കും. ചിലപ്പോഴെങ്കിലും നമ്മൾ ചെയ്യുന്ന വ്യത്യസ്തമായ ഇത്തരം പ്രവർത്തികൾ നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും ആത്മവിശ്വാസവും വർധിപ്പിക്കാൻ കാരണമായിത്തീരാറുണ്ട്. ഇത്തരത്തിൽ തന്റെ ഒരു കുഞ്ഞുപ്രവർത്തി കൊണ്ട് വ്യത്യസ്തനായി മാറിയ വ്യക്തിയാണ് ബ്രസീലുകാരനായ ജൊവാവോ സ്റ്റംഗാനെല്ലി ജൂനിയർ. പ്രായത്തിന്റേതായ അസ്വസ്ഥതകൾക്കിടയിലും വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അവസ്ഥ നേരിടുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ പൊഴിക്കുകയാണ് അദ്ദേഹം.

തുന്നൽക്കലയും അമിഗുരുമിയും

തന്റെ മുപ്പതുകളിൽ വിറ്റിലിഗോ തിരിച്ചറിഞ്ഞ ജൊവാവോയ്ക്ക് അറുപതുകളിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം വിശ്രമജീവിതത്തിലേക്ക് മാറേണ്ടിവന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല. ​വെറുതെയിരിക്കാൻ തയ്യാറാല്ലാതിരുന്ന അദ്ദേഹം മനസ്സിലെ വിഷമങ്ങൾ മാറ്റാനായി തുന്നൽ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ജാപ്പനീസ് ശൈലിയായ ‘അമിഗുരുമി’യിലൂടെ ക്രോഷേ ടോയ്സ് നിർമ്മിക്കാൻ തുടങ്ങി. ഒരു പാവയുണ്ടാക്കാൻ ആഴ്ചകളുടെ അധ്വാനം വേണമായിരുന്നു. ആ അധ്വാനത്തിനിടയിലും അദ്ദേഹം മനസ്സിൽ പല പദ്ധതികളും ഉണ്ടാക്കിയെടുത്തു.

‘വിറ്റിലിൻഡ’യുടെ ജനനം

​തന്റെ പേരമകൾക്ക് ഓർമ്മയ്ക്കായി ഒരു സമ്മാനം നൽകണമെന്ന ആഗ്രഹമാണ് മാതൃകാപരമായ ആ ആശയത്തിന് തുടക്കമിട്ടത്. തനിക്കുള്ളതുപോലെ ചർമ്മത്തിൽ പാടുകളുള്ള ഒരു പാവ. അങ്ങനെ 2018 ഡിസംബറിൽ ‘വിറ്റിലിൻഡ’ എന്ന ആദ്യ പാവ ജനിച്ചു. തങ്ങളെപ്പോലെ മറ്റൊരാൾ കൂടി ഈ ലോകത്തിലുണ്ട് എന്ന തിരിച്ചറിവാണ് ആ പാവ കുട്ടികൾക്ക് നൽകിയത്.

വിറ്റിലിൻഡയുടെ വിജയം ജൊവാവോയുടെ കാഴ്ചപ്പാട് വിശാലമാക്കി. വീൽചെയറിലിരിക്കുന്നവർ, കാഴ്ചപരിമിതിയുള്ളവർ അങ്ങനെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന എല്ലാവരെയും പ്രതിനിധീകരിച്ച് അദ്ദേഹം ഇരുനൂറോളം പാവകൾ തുന്നിയുണ്ടാക്കി. “ഈ പാവകൾ കുട്ടികൾക്കും മുതിർന്നവർക്കും ആത്മാഭിമാനവും പ്രാതിനിധ്യവും നൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു” – ജൊവാവോ പറയുന്നു. രോഗാവസ്ഥകളെയോ, ശരീരത്തിന്റെ പ്രത്യേകതകളെയോ ഓർത്ത് അപകർഷതാബോധം തോന്നേണ്ടതില്ലെന്നും നമ്മൾ എല്ലാവരും മനോഹരമാണെന്നും ഈ കുഞ്ഞുപാവകൾ ലോകത്തോട് വിളിച്ചുപറയുന്നു.

​തങ്ങളെപ്പോലെ തന്നെയുള്ള പാവകളെ കാണുമ്പോൾ കുട്ടികളുടെ മനസ്സിലുണ്ടാകുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പിന്തുണ നൽകുക, അവരെയും ചേർത്തു പിടിക്കുക എന്ന വലിയ സന്ദേശമാണ് ജൊവാവോയുടെ ഈ കുഞ്ഞു പാവകൾ കൈമാറുന്നത്. ഒരിക്കൽ വിരസത മാറ്റാൻ ആരംഭിച്ച ഈ പ്രവർത്തി തനിക്ക് നൽകുന്ന സംതൃപ്തി മനസിലാക്കിയ അദ്ദേഹം വീണ്ടും വീണ്ടും പാവകളെ നിർമ്മിക്കുന്നത് തുടരുകയാണ്.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.