

ഗണിതശാസ്ത്രം, ജ്യാമിതി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനും അധ്യാപകനുമായിരുന്നു പിയർ വരിഞ്ഞോൺ. ബലങ്ങളുടെ സന്തുലിതാവസ്ഥയും വസ്തുക്കളുടെ ചലനവും ഗണിതരീതികളിലൂടെ വിശദീകരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. ഈ മേഖലയിൽ തന്റെ മുൻഗാമികളുടെ പഠനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയുടെ പ്രചാരണത്തിനും പ്രയോഗത്തിനും പിന്തുണ നൽകിയ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം. ചതുർഭുജങ്ങളുടെ വശങ്ങളുടെ മധ്യബിന്ദുക്കളെ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ‘വരിഞ്ഞോൺ സിദ്ധാന്തം’ ഇന്നും ജ്യാമിതിപഠനത്തിൽ സുപരിചിതമാണ്. ഗവേഷണത്തോടൊപ്പം പുതിയ ശാസ്ത്രീയ ആശയങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
1654 ൽ ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തുള്ള കാൻ നഗരത്തിലാണ് പിയർ വരിഞ്ഞോൺ ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം അദ്ദേഹം പിതാവിനെയും സഹോദരനെയും ചെറുപ്പത്തിൽ ജോലിയിൽ സഹായിക്കാൻ നിർബന്ധിതനായി. എന്നാൽ, ഈ ജോലികളിൽ നിന്നും ലഭിച്ച സാങ്കേതിക പരിചയം പിൽക്കാലത്തെ ശാസ്ത്രപഠനത്തിന് പ്രയോജനപ്പെട്ടു. വീടിനടുത്തുള്ള ജെസ്യൂട്ട് ആശ്രമത്തിൽ ചേർന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും ഈശോസഭാ വൈദികനായിത്തീരുകയും ചെയ്തു. 1683 ൽ കാനിലെ സാന്ത് ഉവാൻ ഇടവകയിൽ സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ വൈദികവൃത്തി ആരംഭിച്ചത്.
പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന യൂക്ലിഡിന്റെ ഗ്രന്ഥങ്ങൾ വായിച്ചത് പിയർ വരിഞ്ഞോണിനെ ഗണിതശാസ്ത്രത്തിലേക്ക് ആകർഷിച്ചു. തുടർന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ റെനെ ദെക്കാർഡിന്റെ ജ്യോമെട്രി പഠിക്കുകയും ഗണിത ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 1686 ൽ പാരീസിലെത്തിയ അദ്ദേഹം അവിടത്തെ ശാസ്ത്രജ്ഞരുമായി ബന്ധം സ്ഥാപിച്ചു. 1687 ൽ ‘പ്രൊജെ ദ്യൂൻ നുവെൽ മെക്കാനിക്’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ബലങ്ങളുടെ സംയോജനത്തെക്കുറിച്ചുള്ള ഈ കൃതി അദ്ദേഹത്തിന് ശാസ്ത്രലോകത്തിൽ അംഗീകാരം നേടിക്കൊടുത്തു. 1688 ൽ ഫ്രഞ്ച് ശാസ്ത്ര അക്കാദമിയിൽ അംഗമായും ഗണിതശാസ്ത്ര പ്രൊഫസറായും അദ്ദേഹം നിയമിതനായി.
പിയർ വരിഞ്ഞോണിന്റെ പ്രധാന ഗവേഷണ മേഖലകളിലൊന്ന് ബലതന്ത്രമായിരുന്നു. ഒരു വസ്തുവിനെ പല ദിശകളിലേക്ക് തള്ളുകയോ, വലിക്കുകയോ ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്നും അദ്ദേഹം പഠിച്ചു. യന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കാൻ ജ്യാമിതീയ രീതികൾ പ്രയോജനപ്പെടുത്തി. ദ്രവങ്ങളുടെ ഒഴുക്ക്, ജലഘടികാരങ്ങൾ, സ്പ്രിങ്ങുകൾ ഉപയോഗിക്കുന്ന ഘടികാരങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ പഠനവിഷയങ്ങളായിരുന്നു. വസ്തുക്കളുടെ ചലനത്തെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഇക്കാലയളവിൽ അദ്ദേഹം അവതരിപ്പിച്ചു.
ഒരു അധ്യാപകൻ എന്ന നിലയിൽ തന്റെ അധ്യാപനത്തിൽ സമകാലിക ഗവേഷണങ്ങൾ ഉൾപ്പെടുത്താനും വിദ്യാർഥികൾക്ക് പുതിയ ഗണിതരീതികൾ പരിചയപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചു. 1713 ൽ ബെർലിൻ ശാസ്ത്ര അക്കാദമിയിലും 1718 ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയിലും അദ്ദേഹത്തിന് അംഗത്വം ലഭിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള ‘വരിഞ്ഞോൺ സിദ്ധാന്തം’ ലളിതമായ ഒരു ജ്യാമിതീയ നിർമ്മാണത്തിലൂടെ ഗണിതത്തിലെ ഒരു പൊതുതത്ത്വം തെളിയിക്കുന്നു. ഒരു ഗണിതബന്ധം എങ്ങനെ യുക്തിപൂർവം തെളിയിക്കാമെന്ന് വിദ്യാർഥികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ സിദ്ധാന്തം സഹായിച്ചു.
1722 ഡിസംബർ 23 ന് പാരീസിൽ വച്ചാണ് പിയർ വരിഞ്ഞോൺ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഗവേഷണങ്ങളും കുറിപ്പുകളും ഉൾപ്പെടുത്തിയ ‘നുവെൽ മെക്കാനിക്’ ഉൾപ്പെടെയുള്ള കൃതികൾ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വലിയ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ എന്നതിലുപരി, പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യം. ഗണിതവും ഭൗതികപ്രതിഭാസങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ നടത്തിയ ശ്രമങ്ങൾ ബലതന്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായകമായി. ഒരു പുരോഹിതന്റെ ജീവിതത്തോടൊപ്പം നിരന്തരമായ ശാസ്ത്രപഠനവും അധ്യാപനവും മുന്നോട്ടു കൊണ്ടുപോയ വരിഞ്ഞോൺ, അറിവിന്റെ അന്വേഷണത്തിനും അതിന്റെ പങ്കുവയ്ക്കലിനും ജീവിതം സമർപ്പിച്ച വ്യക്തിയായി ഓർമ്മിക്കപ്പെടുന്നു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




