

“ബ്രസീലിൽ 2019 ൽ തന്നെ മുരിങ്ങ നിരോധിച്ചിരുന്നു; പിന്നാലെ 2025 നവംബറിൽ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും സമാന നടപടിയുണ്ടായി. അതിനാൽ ജീവനിൽ കൊതിയുള്ള ആരും ഇനി മുരിങ്ങ കഴിക്കരുത്!” സോഷ്യല്‍ മീഡിയയിലെ ഈ പ്രചാരണം ശരിയോ തെറ്റോ? ഡോ. ജോജോ ജോസഫ് എഴുതുന്നു.
മലയാളിയുടെ തീൻമേശയിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത വിഭവമാണ് നമ്മുടെ സ്വന്തം മുരിങ്ങ. മുരിങ്ങക്കോൽ ചേരാത്ത സാമ്പാറിനെയോ, അവിയലിനെയോ കുറിച്ച് ചിന്തിക്കാൻപോലും നമുക്ക് കഴിയില്ല. എന്നാൽ, അടുത്തിടെയായി കൂൺപോലെ മുളച്ചുപൊന്തിയ സപ്ലിമെന്റ് വിപണനക്കാർ, മുരിങ്ങയെ ഏതാണ്ട് ഒരു ‘അമൃതിന്’ തുല്യമായാണ് മാർക്കറ്റ് ചെയ്യുന്നത്. മുരിങ്ങ ക്യാപ്‌സൂൾ, പൊടി, എണ്ണ, വേരിന്റെ സത്ത് എന്നിവയിലൊന്ന് കഴിച്ചില്ലെങ്കിൽ ആരോഗ്യം തകരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലെ ‘സ്വയംപ്രഖ്യാപിത ഡോക്ടർമാർ’ പ്രചാരണം നടത്തിയതോടെ, സാധാരണ പച്ചക്കറിക്കടയിലെ മുരിങ്ങ സൂപ്പർമാർക്കറ്റുകളിലെ വിലയേറിയ ഒരു താരമായി മാറി.
മുരിങ്ങ ഇത്രയേറെ താരമായി വാഴുന്നതിനിടയിലാണ് ഇടിത്തീ പോലെ ഒരു വാർത്ത പുറത്തുവരുന്നത്: “ബ്രസീലിൽ 2019 ൽ തന്നെ മുരിങ്ങ നിരോധിച്ചിരുന്നു; പിന്നാലെ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും സമാന നടപടിയുണ്ടായി. അതിനാൽ ജീവനിൽ കൊതിയുള്ള ആരും ഇനി മുരിങ്ങ കഴിക്കരുത്!” സോഷ്യൽ മീഡിയയിൽ പടരുന്ന ഈ വാർത്ത ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ, ഈ വാർത്തയ്ക്കു പിന്നിലെ വസ്തുതയെന്താണ്? മുരിങ്ങ സത്യത്തിൽ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണോ? നമുക്ക് പരിശോധിക്കാം.
ആദ്യം, ഈ വിഷയത്തിൽ കഴിഞ്ഞ നവംബറിൽ ഓസ്‌ട്രേലിയയിൽ നിന്നും വന്ന വാർത്ത പരിശോധിക്കാം. നമ്മുടെ നാട്ടിലെ FSSAI പോലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന സർക്കാർ ഏജൻസിയാണ് ഓസ്‌ട്രേലിയയിലെയും ന്യൂസിലാൻഡിലെയും FSANZ (Food Standards Australia New Zealand). മുരിങ്ങയെ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് കാരണമായത് അവരുടെ ഒരു തീരുമാനമാണ്. അതായത്, മുരിങ്ങയില, കായ, പൊടി, എണ്ണ, വേര് എന്നിവ ഇറക്കുമതി ചെയ്ത് സൂപ്പർമാർക്കറ്റുകളിൽ ഭക്ഷണമായി വിൽക്കാൻ അനുമതി തേടിയുള്ള ‘A1294’ എന്ന ആപ്ലിക്കേഷൻ അവർ നിരസിച്ചു.
ഇത് കേൾക്കുമ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നാം. കാലങ്ങളായി നാം ഉപയോഗിക്കുന്ന മുരിങ്ങ വിൽക്കാൻ എന്തിനാണ് ഇത്രയേറെ നിയമനടപടികളും കർശനമായ അനുമതികളും? എന്തുകൊണ്ടാണ് സർക്കാർ ഏജൻസികൾ ഇത്ര കടുപിടുത്തം കാണിക്കുന്നത്?
ഓസ്ട്രേലിയയിലെയും ന്യൂസിലാൻഡിലെയും ഭക്ഷണ സുരക്ഷാനയം
ഇവിടെയാണ് ഓസ്ട്രേലിയയും ന്യൂസിലാൻഡും പിന്തുടരുന്ന ഭക്ഷണസുരക്ഷാനയം ശ്രദ്ധേയമാകുന്നത്. തദ്ദേശീയമായ ഭക്ഷണശീലങ്ങളിൽ ഇല്ലാത്ത ഏത് ഉൽപന്നത്തെയും അവർ ‘നോവൽ ഫുഡ്’ (Novel Food) അഥവാ ‘പുതിയ ഭക്ഷ്യവസ്തു’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇത്തരത്തിലൊരു പുതിയ ഭക്ഷണം വിപണിയിലെത്തുമ്പോൾ, അത് ജനങ്ങളുടെ ആരോഗ്യത്തിൽ ചെലുത്തിയേക്കാവുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിലുള്ള ശാസ്ത്രീയപഠനങ്ങൾ നടത്താതെ അവർ അതിന് അനുമതി നൽകാറില്ല.
അവരുടെ ഔദ്യോഗികരേഖകൾ പരിശോധിച്ചാൽ, ഇത്തരം ഭക്ഷണങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് അവർ തരംതിരിക്കുന്നത് എന്ന് കാണാന്‍ സാധിക്കും:
- സുരക്ഷിതമെന്ന് തെളിവുള്ളവ: ഇവ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നു.
- അപകടകരമെന്ന് തെളിവുള്ളവ: ഇവ നിരോധിക്കുന്നു.
- വ്യക്തതയില്ലാത്തവ: സുരക്ഷിതമാണോ അതോ അപകടകരമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തവ. ഇത്തരത്തിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുവരെ ഇവയുടെ വിപണനം തടയുകയോ (Restrain), കർശനമായി നിയന്ത്രിക്കുകയോ ചെയ്യുന്നു.
നമ്മുടെ മുരിങ്ങ സപ്ലിമെന്റുകൾ ഉൾപ്പെട്ടിരിക്കുന്നത് ഈ മൂന്നാമത്തെ ഗണത്തിലാണ്. അതായത്, അവയുടെ സുരക്ഷിതത്വം പൂർണ്ണമായി തെളിയിക്കപ്പെടുന്നതുവരെ വിപണിയിൽ നിന്നും അവയെ അകറ്റിനിർത്താനാണ് ഈ വിദേശരാജ്യങ്ങൾ ശ്രമിക്കുന്നത്.
മുരിങ്ങക്കായ അല്ല പ്രശ്നം, ചില സപ്ലിമെന്റുകളാണ്
മുരിങ്ങ കഴിക്കുന്നതുകൊണ്ടല്ല, മറിച്ച് മുരിങ്ങയുടെ പേരിൽ വിപണനം ചെയ്യപ്പെടുന്ന ചില സപ്ലിമെന്റുകൾ കൂടി ഭക്ഷണം എന്ന ലേബലിൽ വിൽക്കാൻ നടത്തിയ ശ്രമമാണ് ഇവിടെ പ്രശ്നം സൃഷ്ടിച്ചത്. നാം പതിവായി കഴിക്കുന്ന മുരിങ്ങയിലത്തോരനോ, മുരിങ്ങപ്പൂത്തോരനോ, മുരിങ്ങക്കോലിട്ട സാമ്പാറോ, അവിയലോ, മുരിങ്ങയിട്ട മീൻകറിയോ ഒരിക്കലും പ്രശ്നക്കാരല്ല. മറിച്ച്, മുരിങ്ങയുടെ റൂട്ട് എക്സ്ട്രാക്റ്റ് (വേര്), ഗുളികകൾ, പൊടികൾ തുടങ്ങിയ കേന്ദ്രീകൃത രൂപങ്ങളാണ് (Concentrated forms) അപകടകരമാകുന്നത്.
മുരിങ്ങയിലപ്പൊടി, മുരിങ്ങ എണ്ണ, മുരിങ്ങവേര് എക്‌സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ച് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ, അവയുടെ അമിത ഉപയോഗം കരളിനെയും വൃക്കകളെയും ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ഓട്ടിസം, ഗര്‍ഭസ്ഥശിശുവിന് തകരാറ് എന്നിവയ്ക്കും കാരണമാകാമെന്നുമുള്ള റിപ്പോര്‍ട്ട് വന്നു. ഇത്തരത്തിലുള്ള ആരോഗ്യപരമായ അപകടസാധ്യതകൾ കൊണ്ടാണ് സപ്ലിമെന്റുകൾ നിരോധിക്കപ്പെടുന്നത്.
ഇതൊരു ലളിതമായ ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. നാം ഒരു ദിവസം മൂന്ന് നേരം കാപ്പി കുടിച്ചാൽ അത് ഉന്മേഷം നൽകുകയേയുള്ളൂ, ദോഷകരമല്ല. എന്നാൽ, 25 കപ്പ് കാപ്പിയിൽ അടങ്ങിയിരിക്കുന്ന അത്രയും കഫീൻ ഒന്നിച്ച് ഗുളികരൂപത്തിൽ കഴിച്ചാൽ എന്ത് സംഭവിക്കും? നമ്മുടെ ശരീരം തളർന്നുവീഴും. അതായത്, കഴിക്കുന്ന അളവ് (Dosage) വളരെ പ്രധാനമാണ്. ‘പ്രകൃതിദത്തം, അതിനാൽ സുരക്ഷിതം’ എന്ന ലേബലിൽ, ഇത്തരം അടിസ്ഥാനപരമായ വിഷാംശപഠനങ്ങൾ (Basic Toxicology) മറച്ചുവച്ചാണ് സപ്ലിമെന്റ് വിപണനക്കാർ നമ്മെ തെറ്റിധരിപ്പിക്കുന്നത്. കേരളത്തിലെ ആള്‍ക്കാരെ പറ്റിക്കുന്നതുപോലെ ഭക്ഷണം എന്നുപറഞ്ഞ് അവിടെ തട്ടിപ്പ് നടക്കില്ല. പക്ഷെ, ആ കൂട്ടത്തില്‍ പാവം മുരിങ്ങക്കോലിനും പണികിട്ടി എന്നുമാത്രം.
ന്യൂസിലാൻഡിൽ മറ്റൊരു പ്രശ്നം കൂടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുരിങ്ങച്ചെടിയുടെ വേരിൽ നിന്ന് പുറത്തുവരുന്ന രാസവസ്തുക്കൾ, അവിടത്തെ പ്രാദേശിക പുൽവർഗമായ വൈറ്റ് ക്ലോവറിന്റെ (White Clover) വളർച്ചയെ മുരടിപ്പിക്കുന്നതായി കണ്ടെത്തി. ന്യൂസിലാൻഡിലെ ഡയറി വ്യവസായത്തിന്റെ നട്ടെല്ലായ പശുക്കൾക്ക് പ്രധാന ഭക്ഷണമായി നൽകുന്നത് ഈ വൈറ്റ് ക്ലോവറാണ്.
ചുറ്റുമുള്ള മറ്റു സസ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന സസ്യങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്. യൂക്കാലിപ്റ്റസ് തോട്ടങ്ങൾ ഇതിനൊരു പ്രധാന ഉദാഹരണമാണ്. യൂക്കാലി മരങ്ങൾ നിൽക്കുന്ന സ്ഥലങ്ങളിൽ മറ്റു ചെടികൾ വളരാത്തത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? അതുപോലെ അധിനിവേശ കളകളായ ധൃതരാഷ്ട്രപ്പച്ച, തൊട്ടാവാടി എന്നിവയും ഇത്തരം രാസവസ്തുക്കൾ പുറത്തുവിട്ട് മണ്ണിലെ മറ്റു ചെടികളുടെ വളർച്ചയെ തടസ്സപ്പെടുത്താറുണ്ട്. ശാസ്ത്രീയമായി ഇതിനെ അലെലോപ്പതി (Allelopathy) എന്ന് വിളിക്കുന്നു.
ബ്രസീലില്‍ നിരോധിച്ചതിന്റെ പിന്നില്‍
ബ്രസീലിന്റെ കാര്യം എടുത്താൽ, 2019 ൽ തന്നെ അവിടത്തെ ആരോഗ്യ ഏജൻസിയായ ANVISA, മുരിങ്ങയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള സപ്ലിമെന്റുകൾ നിരോധിച്ചിട്ടുണ്ട്. ക്യാൻസർ, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നെന്ന വ്യാജേന, മുരിങ്ങയില ക്യാപ്‌സൂളുകളും പൊടിയും എണ്ണയും വലിയ തോതിൽ വിപണനം ചെയ്യപ്പെട്ടിരുന്നു. ഇവയുടെ അമിത ഉപയോഗം ഗുണത്തേക്കാളുപരി ആരോഗ്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞാണ് ബ്രസീൽ സർക്കാർ ഇത്തരം ഉൽപന്നങ്ങൾ നിരോധിച്ചത്. മുരിങ്ങ ഭക്ഷണമായി ഉപയോഗിക്കുന്നതിലല്ല, മറിച്ച് ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ വിപണനം നടത്തുന്നതിലാണ് അപകടമുള്ളതെന്ന് അവർ മനസ്സിലാക്കി. സമാനമായ വിഷയങ്ങളിൽ നമ്മുടെ ആരോഗ്യവകുപ്പും കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇത്രയും കാര്യങ്ങൾ വിശദീകരിച്ചത് ഒരു പ്രധാന കാര്യം ഓർമ്മിപ്പിക്കാനാണ്. മുരിങ്ങക്കായോ, ഇലയോ, പൂവോ നാം ഭക്ഷണമായി ഉൾപ്പെടുത്തുന്നതിൽ യാതൊരു അപകടവുമില്ല. എന്നാൽ, ഇവയെല്ലാം കോൺസെൻട്രേറ്റഡ് (Concentrated) രൂപത്തിൽ ഗുളികകളായോ പൗഡറായോ കഴിക്കുമ്പോഴാണ് യഥാർഥ അപകടം പതിയിരിക്കുന്നത്. ‘പ്രകൃതിദത്തമായതുകൊണ്ട് എന്തും എത്രയും കഴിക്കാം’ എന്ന വ്യാജപ്രചാരണം നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തട്ടിപ്പുകാരുടെ കള്ളി വെളിച്ചത്തുകൊണ്ടുവരാൻ ഈ വാർത്ത നമുക്കൊരു അവസരം നൽകുന്നു. ഭക്ഷണം എന്നത് വേറെ, ഔഷധം എന്നത് വേറെ എന്ന അടിസ്ഥാനപരമായ സത്യം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
‘ഔഷധഗുണമുള്ള ഭക്ഷണം’ എന്ന പ്രയോഗം ഉപയോഗിച്ചാണ് പലപ്പോഴും ആളുകളെ കബളിപ്പിക്കുന്നത്. മുരിങ്ങയിലയോ, കായോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തീർച്ചയായും ഗുണകരമാണ്; എന്നാൽ, അത് ഔഷധമായി കാണേണ്ടതില്ല. ഔഷധം ആവശ്യമുള്ളത് രോഗികൾക്കാണ്, അല്ലാതെ ആരോഗ്യമുള്ളവർക്കല്ല. ഒരു കാര്യം നാം തിരിച്ചറിയണം. സസ്യങ്ങൾ തങ്ങളെ നശിപ്പിക്കാൻ വരുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ഉൽപാദിപ്പിക്കുന്ന വിഷാംശങ്ങളാണ് പലപ്പോഴും അവയിലെ ‘ഔഷധഗുണം’ എന്ന് നമ്മൾ തെറ്റിധരിക്കുന്നത്. ഈ ശാസ്ത്രീയവശം മനസ്സിലാക്കിയാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നമുക്ക് ഒഴിഞ്ഞുനിൽക്കാം. അനാവശ്യമായ ഭയമില്ലാതെ, നമ്മുടെ നാടൻഭക്ഷണങ്ങളായ മുരിങ്ങക്കോൽ ചേർത്ത മീൻകറിയും സാമ്പാറും ആസ്വദിച്ചുതന്നെ കഴിക്കാം.
അതോടൊപ്പം, ഈ സാഹചര്യത്തിൽ നാം ഗൗരവകരമായ ചില ചോദ്യങ്ങൾ കൂടി ഉന്നയിക്കേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷണവും സപ്ലിമെന്റുകളും കർശനമായ മാനദണ്ഡങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കാറുണ്ട്. എന്നാൽ, വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെയും സപ്ലിമെന്റുകളുടെയും കാര്യത്തിൽ നമ്മുടെ രാജ്യത്ത് എത്രമാത്രം കർശനമായ നിബന്ധനകളാണ് നിലവിലുള്ളത്?
മറ്റു രാജ്യങ്ങൾ പിന്തുടരുന്നതുപോലെ നമ്മുടെ രാജ്യത്തും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സമാനമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മുടെ ഗവൺമെന്റ് ഏജൻസികൾ കൂടുതൽ ക്രിയാത്മകമായും കർശനമായും ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുരക്ഷിതമല്ലാത്ത ഉൽപന്നങ്ങൾ വിപണിയിലെത്തുന്നില്ലെന്ന് ഉറപ്പാക്കാനും, ജനങ്ങളെ ബോധവൽക്കരിക്കാനും അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.




