“എന്റെ കൺമുൻപിൽ വച്ച് ഭർത്താവിനെ കൊലപ്പെടുത്തി; അഞ്ചു മാസം ഗർഭിണിയായ എന്നെ പീഡിപ്പിച്ചു” – ആഫ്രിക്കയിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ യുവതിയുടെ വെളിപ്പെടുത്തൽ

“അവർ എന്റെ ഭർത്താവിനെ കൊലപ്പെടുത്തുമ്പോൾ, അദ്ദേഹത്തിന്റെ പ്രാണനു വേണ്ടിയുള്ള നിലവിളി തൊട്ടടുത്തു നിന്ന് കേൾക്കേണ്ടി വന്ന നിസ്സഹായ ആയ ഭാര്യയാണ് ഞാൻ. അദ്ദേഹത്തെ കൊല്ലരുതെന്ന് ആ ഭീകരരോട് ഞാൻ അപേക്ഷിച്ചു. പക്ഷേ, അവർ അതൊന്നും ചെവിക്കൊണ്ടില്ല” – കവിര എന്ന ക്രിസ്ത്യൻ യുവതിയുടെ വാക്കുകളാണിത്. ഭീകരർ അവളുടെ ഭർത്താവിനെ കൊലപ്പെടുത്തി എന്നു മാത്രമല്ല, അഞ്ചു മാസം ഗർഭിണിയായിരുന്ന അവളെ അവർ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യാനിയാണ് എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് ഈ ക്രൂരതകൾ. തുടർന്നു വായിക്കുക…

2021 സെപ്റ്റംബർ 23 -ന്, അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) വിമതസംഘം കവിര കിറ്റാകി എൽസി എന്ന യുവതിയെയും അവളുടെ ഭർത്താവിനെയും തട്ടിക്കൊണ്ടു പോയി. ഭീകരർ അവരുടെ ഗ്രാമം ഉപരോധിക്കുകയും അഞ്ച് പൗരന്മാരെ കൊല്ലുകയും ചെയ്തു. തട്ടിക്കൊണ്ടു പോകുമ്പോൾ കവിര അഞ്ചു മാസം ഗർഭിണിയായിരുന്നു. കലാപകാരികൾ ആ കുടുംബത്തെ ഒരു വനത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് ഭീകരർ കവിരയുടെ കണ്മുമ്പിലിട്ട് അവളുടെ ഭർത്താവിനെ അവർ കൊലപ്പെടുത്തി.

“അവർ എന്റെ ഭർത്താവിനെ കൊലപ്പെടുത്തുമ്പോൾ അദ്ദേഹം നിലവിളിക്കുന്നത് തൊട്ടടുത്തു നിന്ന് കേൾക്കേണ്ടി വന്ന നിസഹായ ആയ ഭാര്യയാണ് ഞാൻ. അദ്ദേഹത്തെ കൊല്ലരുതെന്ന് ആ ഭീകരരോട് ഞാൻ അപേക്ഷിച്ചു. പക്ഷേ, അവർ അതൊന്നും ചെവിക്കൊണ്ടില്ല. എന്റെ ഭർത്താവിനെ അവർ കൊലപ്പെടുത്തി. എന്നെയും കൊന്നുകളയുക എന്നു ഞാൻ നിലവിളിച്ചു. എന്നാൽ, അവർ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തത്. ഒടുവിൽ അവർ എന്നെ കൊല്ലുമെന്ന് എനിക്കറിയാമായിരുന്നു” – കവിര വേദനയോടെ വെളിപ്പെടുത്തുന്നു.

രണ്ടു ദിവസങ്ങൾക്കു ശേഷം, ഭീകരർ ഉറങ്ങുന്ന സമയം ക്യാമ്പിൽ നിന്ന് രക്ഷപെടാൻ കവിര ഒരു ശ്രമം നടത്തി. രക്ഷപെടാനുള്ള തന്റെ ശ്രമം വിജയിക്കുമോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ ദൈവം അവളുടെ പക്ഷത്തായിരുന്നു. “എന്നെ സഹായിക്കാൻ കർത്താവ് അവരെ ഗാഢനിദ്രയിലാഴ്ത്തി. അവിടെ നിന്നും രക്ഷപെട്ട് വനത്തിലൂടെ രാത്രി മുഴുവൻ ഞാൻ നടന്നു. അടുത്ത ദിവസം കിഹോമ-ലുബിരിഹ റോഡിൽ വച്ച് വഴിതെറ്റിപ്പോയ എന്നെ കണ്ടെത്തിയ ചില നല്ല ആളുകളുടെ സഹായത്തോടെ ഞാൻ കാസിന്ദിയിലെത്തി. കാസിന്ദിയിൽ, അനാഥരെ സഹായിക്കുന്ന ഒരു ക്രിസ്ത്യൻ സ്ത്രീയുടെ അടുത്ത് ഞാനെത്തി” – അവൾ പറയുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കവിര ആകെ ക്ഷീണിതയായി തകർന്ന അവസ്ഥയിലായിരുന്നു അവിടെ എത്തുമ്പോൾ. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞ അവൾ നിരാശയിലേക്ക് വഴുതിവീണു.

ചെറുപ്പത്തിൽ തന്നെ വിവാഹിതയായ കവിര, തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുട്ടികളെ നല്ല രീതിയിൽ വളർത്തണമെന്നും അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നും സ്വപ്നം കണ്ടിരുന്നു. ക്രിസ്തുവിശ്വാസം ഭയം കൂടാതെ ജീവിക്കാൻ കഴിയുന്ന ഒരു നല്ല ഭാവിയായിരുന്നു അവരുടെ മനസ്സിൽ. കുറച്ചുകൂടി സുരക്ഷിതമായ ഒരു പട്ടണത്തിലേക്ക് മാറുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി കൃഷി കൂടുതൽ മെച്ചപ്പെടുത്തി വരികയായിരുന്നു ഈ കുടുംബം. എന്നാൽ ഈ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം ഒറ്റദിവസം കൊണ്ടാണ് അവസാനിച്ചത്.

“എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ജീവിതം തന്നെ മടുപ്പായ അവസ്ഥയിലെത്തി. മരിച്ച അവസ്ഥയിൽ ജീവിക്കുകയായിരുന്നു ഞാൻ. ഡോക്ടർമാർ എന്തിനാണ് എന്നെ ചികിത്സിക്കുന്നതെന്നോ, എന്ത് മരുന്നുകളാണ് എനിക്ക് നൽകിയതെന്നോ എനിക്ക് ഓർമ്മയില്ല. ഞാൻ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു. ആരോടും സംസാരിക്കാറില്ലായിരുന്നു” – ആ സംഭവങ്ങൾക്കു ശേഷമുള്ള തന്റെ അവസ്ഥയെക്കുറിച്ച് അവൾ വെളിപ്പെടുത്തി.

എഡിഎഫ് ഭീകരസംഘം 1990 -കളിൽ പശ്ചിമ ഉഗാണ്ടയിലാണ് തുടങ്ങിയത്. അതിനു ശേഷം അവരുടെ ഭൂരിഭാഗം പ്രവർത്തനങ്ങളും അതിർത്തി കടന്ന് ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ നോർത്ത് കിവു, ഇറ്റൂരി പ്രവിശ്യകളിലേക്കു മാറ്റി. ഈ സംഘം ക്രിസ്ത്യൻ സമൂഹങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ പതിവായി ആക്രമണങ്ങൾ നടത്തുന്നു. അവർ ക്രിസ്ത്യാനികളെ കൊല്ലുകയും തട്ടിക്കൊണ്ടു പോവുകയും വീടുകൾ ആക്രമിക്കുകയും ചെയ്യുന്നതു പതിവാണ്.

ഇന്ന്, കിഴക്കൻ കോംഗോയിലെ ലുബിരിയയിലാണ് ഒരു ക്രിസ്ത്യൻ അഭയാർത്ഥിയായി കവിര ജീവിക്കുന്നത്. വിമതരുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആയിരക്കണക്കിനാളുകൾ ഒന്നിച്ചാണ്‌ ഇവിടെ കഴിയുന്നത്. അവളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച ദിവസത്തിന് ആറ് മാസങ്ങൾക്കു ശേഷം, അവൾ തന്റെ മകൻ പലുകുവിനെ ചേർത്തുപിടിച്ചു. അവനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

വളരെ ചെറിയ കുഞ്ഞാണെങ്കിലും അവൾ തന്റെ മകനോട് പറയാറുണ്ട്: “ഞാൻ നിന്നെ ഉദരത്തിൽ വഹിച്ചതിന്റെ അഞ്ചാം മാസത്തിൽ, നിന്റെ പിതാവിനെ കലാപകാരികൾ കൊന്നു. എന്നെയും നിന്നെയും നശിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു, പക്ഷേ, എനിക്ക് രക്ഷപെടാൻ കർത്താവ് വഴിയൊരുക്കി. നിന്നെ കാണാൻ ജീവനോടെ ഈ ഭൂമിയിൽ ഇല്ലാത്ത പിതാവിനെയാണ് നിന്നെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്. ദൈവത്തിന് നമ്മെക്കുറിച്ച് എന്തെല്ലാം പദ്ധതികളുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ അവൻ വിശ്വസ്തനായ ദൈവമാണ്. അനാഥരുടെയും വിധവകളുടെയും സഹായമാണ് അവിടുന്ന്.”

ഈയൊരു വിശ്വാസത്തിൽ കവിര തന്റെ മകനോടൊത്ത് വീണ്ടും സ്വപ്നങ്ങൾ കാണാനും പ്രതീക്ഷയോടെ ജീവിക്കാനും തുടങ്ങുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.