ഒൻപതു വർഷത്തെ തടവിനു ശേഷം ഭീകരരുടെ കയ്യിൽ നിന്നും രക്ഷപെട്ട ക്രിസ്ത്യൻ പെൺകുട്ടി

“ഒമ്പതു വർഷം അടിമത്വത്തിൽ! പീഡനത്തിന്റെ, കൊടിയ വേദനയുടെ നാളുകൾ. ഈ വർഷങ്ങളിൽ നിരപരാധികളായ എന്റെ നിരവധി ക്രൈസ്തവ സഹോദരങ്ങളെ കൊലപ്പെടുത്തുന്നത് കൺമുന്നിൽ കാണേണ്ടിവന്നു” – നീണ്ട വർഷങ്ങളുടെ അടിമത്വത്തിനു ശേഷം ബോക്കോ ഹറാമിൽ നിന്ന് രക്ഷപെട്ട 16 വയസുള്ള ക്രൈസ്തവ പെൺകുട്ടിയായ മറിയമു ജോസഫിന്റെ വാക്കുകളാണിത്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിൽ നിന്നും രണ്ടു മാസം മുൻപാണ് മറിയമു രക്ഷപെട്ടത്. നീണ്ട ഒൻപതു വർഷങ്ങൾ അവൾ നേരിട്ടത് കൊടിയ പീഡനങ്ങളും മർദ്ദനങ്ങളുമാണ്. ആ കഴിഞ്ഞ കാലങ്ങളിൽ താൻ അനുഭവിച്ച ദുരനുഭവം മറിയമു വിവരിക്കുന്നു.

“വളരെ സാധാരണമായ ഒരു കാര്യം പോലെയാണ് അവർ ആളുകളെ കൊലപ്പെടുത്തുന്നത്. സാംബിസ വനത്തിൽ ഉണ്ടായിരുന്ന ആ ഒമ്പതു വർഷം ഈ ജന്മത്തിൽ എനിക്ക് മറക്കാനാവില്ല. ഞാൻ അനുഭവിച്ച കാര്യങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്” – മറിയമു വെളിപ്പെടുത്തുന്നു.

2013 ഫെബ്രുവരിയിൽ, ബോക്കോ ഹറാം അംഗങ്ങൾ മറിയമുവിന്റെ ഗ്രാമമായ ബസയെ ആക്രമിക്കുകയും അവളെ ബലമായി പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു. അന്ന് മറിയമുവിനു ഏഴ് വയസ് മാത്രമാണ് പ്രായം. അവളുടെ രണ്ട് സഹോദരന്മാരെയും തീവ്രവാദികൾ പിടികൂടിയിരുന്നു. അവരിൽ ഒരാൾ ഇപ്പോഴും ബോക്കോ ഹറാം തീവ്രവാദികളുടെ പിടിയിലാണ്. മറ്റൊരു സഹോദരനെ അവർ കഴുത്തറത്ത് കൊലപ്പെടുത്തി.

“അവർ അവന്റെ തലയും പിന്നെ കൈകളും കാലുകളും വെട്ടിക്കളഞ്ഞു” – കണ്ണീരോടെ മറിയമു പറയുന്നു.

മുസ്ലീം ഭീകരരുടെ അടിമയായി തടവിലായിരുന്ന സമയത്ത് അവർ ക്രിസ്ത്യാനികളെ മൃഗങ്ങളെപ്പോലെ കൂട്ടിൽ അടച്ചിരിക്കുകയാണ്. “അവർ ആദ്യം ചെയ്തത്, ഞങ്ങളെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയായിരുന്നു. അവർ എന്റെ പേര് മാറ്റി. ക്രൈസ്തവർ ചൊല്ലുന്ന പ്രാർത്ഥനകൾ ചൊല്ലിയാൽ കൊല്ലപ്പെടും എന്ന് അവർ മുന്നറിയിപ്പ് നൽകി” – മറിയമു പറയുന്നു.

മറിയമുവിന്റെ പത്താം ജന്മദിനത്തിൽ, തീവ്രവാദികൾ അവരുടെ മുതലാളിമാരിൽ ഒരാളുമായി വിവാഹം കഴിക്കാൻ അവളോട് നിർദ്ദേശിച്ചെങ്കിലും മറിയമു വിസമ്മതിച്ചു. അതിന്റെ ശിക്ഷയെന്ന നിലയിൽ, അവർ മറിയമുവിനെ ഒരു വർഷം മുഴുവൻ ഒരു കൂട്ടിൽ അടച്ചു. ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കൊടുത്തു. ആ കൂട് അവർ ഒരിക്കലും തുറന്നില്ല.

ഭയാനകമായ ആ തടങ്കലിൽ നിന്നും തനിക്ക് രക്ഷപെടാൻ കഴിഞ്ഞത് എങ്ങനെയെന്ന് മറിയമു വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “എല്ലാം ശാന്തമായിരുന്ന ഒരു ദിവസം ബന്ദികളാക്കിയവർ ഉറങ്ങുകയായിരുന്നു. അതിരാവിലെ ഞാനും കൂടെയുണ്ടായിരുന്ന 12 പേരും ഒരു വനത്തിലൂടെ പ്രാണരക്ഷാർത്ഥം ഓടിരക്ഷപെടുകയായിരുന്നു” – മറിയമു കൂട്ടിച്ചേർത്തു. 2022 ജൂലൈ എട്ടിനാണ് അവർ രക്ഷപെട്ടത്.

2022 ജൂലൈ പത്തിന് മൈദുഗുരിയിലെത്തുന്നതു വരെ രണ്ട് ദിവസത്തേക്ക് അവർ വിശ്രമില്ലാതെ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു. അവിടെ എത്തിയതും ബോധരഹിതയായി നിലത്തുവീണു. “ഉണർന്നപ്പോൾ ഞങ്ങൾ ഉണ്ടായിരുന്നത് ദൈവം അയച്ച ഒരു നല്ല സമരിയാക്കാരന്റെ കൈകളിലായിരുന്നു. ശക്തി വീണ്ടെടുക്കാനാവശ്യമായ വെള്ളവും ഭക്ഷണവും അയാൾ ഞങ്ങൾക്കു നൽകി. പിന്നീട് ഞാൻ പള്ളി നടത്തുന്ന ഒരു ക്യാമ്പിൽ എത്തി” – രക്ഷപെട്ട അനുഭവം വിവരിക്കുകയാണ് മറിയമു.

“എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും വിശ്വാസത്തിലേക്ക് മടങ്ങാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് അവർ ആദ്യം ചെയ്തത്. മൈദുഗുരിയിൽ തിരിച്ചെത്തിയതിനാൽ എന്റെ വിഷമങ്ങൾ കുറഞ്ഞു. ക്രിസ്തുവിശ്വാസത്തിലേക്ക് മടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. കാലക്രമേണ, ഞാൻ അനുഭവിച്ച വേദനകളെ തരണം ചെയ്യാനും സമാധാനം ആശ്ലേഷിക്കാനും ദൈവം എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – മറിയമു കൂട്ടിച്ചേർത്തു.

ക്യാമ്പിൽ എത്തിയ മറിയമുവിനെ മൈദുഗുരി രൂപതയിലെ ട്രോമാ സെന്ററിൽ ചികിത്സിച്ചു. ബൊക്കോ ഹറാമിന്റെ കൈകളിൽ വിവിധ തരത്തിലുള്ള അക്രമങ്ങൾ നേരിട്ട ആളുകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ സ്ഥലം. ഇതിനകം 20- ലധികം ആളുകളെ ഇപ്രകാരം രക്ഷപെടുത്താൻ ഈ സെന്ററിന് സാധിച്ചിട്ടുണ്ട്.

“ഇപ്പോൾ, ഞാൻ പഴയ ഞാനാകാൻ ആഗ്രഹിക്കുന്നു. ഞാൻ അനുഭവിക്കുന്ന വേദനകളിൽ നിന്നും എന്നെത്തന്നെ സ്വതന്ത്രയാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. എന്നാൽ എനിക്ക് വിദ്യാഭ്യാസം നേടാനും സ്കൂളിൽ പോകാനും സുഹൃത്തുക്കളെ ഉണ്ടാക്കാനും ഇംഗ്ലീഷ് സംസാരിക്കാനും ആഗ്രഹമുണ്ട്” – മറിയമു പറഞ്ഞുനിർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.