രാജസ്ഥാനിൽ വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന 10 ക്രൈസ്തവരുടെ ജാമ്യാപേക്ഷ ജില്ലാകോടതി വീണ്ടും തള്ളി

രാജസ്ഥാനിൽ ദിവ്യബലി തടസ്സപ്പെടുത്തുകയും പ്രാർഥനയ്‌ക്കെത്തിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ചോദ്യം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ കത്തോലിക്കാ വിശ്വാസികളുടെ ജാമ്യാപേക്ഷ ജില്ലാകോടതി വീണ്ടും തള്ളി. രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലെ കലിഞ്ചര ഗ്രാമത്തിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പത്ത് വിശ്വാസികൾ കഴിഞ്ഞ മൂന്ന് മാസമായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുകയാണ്.

ഉദയ്പൂർ രൂപതയിലെ ബന്ദാരിയ ഇടവകയ്ക്ക് കീഴിലുള്ള കലിഞ്ചര ഗ്രാമത്തിൽ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാതാവിന്റെ കപ്പേളയിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഒൻപതു നാൾ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും എഴുപതോളം വിശ്വാസികൾ പങ്കെടുക്കുകയായിരുന്നു. ദിവ്യബലി മധ്യേ ഒരു കൂട്ടം തീവ്രഹിന്ദുത്വ പ്രവർത്തകർ പ്രാർഥനാ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയും മൊബൈൽ ഫോണുകളിൽ ചിത്രീകരണം നടത്തുകയും ചെയ്തു. പ്രാർഥനയ്ക്ക് നേതൃത്വം നൽകിയവർ അനധികൃത മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച ഇവർ, വിശ്വാസികളെ ഭീഷണിപ്പെടുത്തിയതായും ഇടവക വികാരി ഫാ. അരവിന്ദ് അംലിയാർ വ്യക്തമാക്കി.

അക്രമികളിൽ ഒരാൾ മാരകായുധവുമായെത്തി ഭീഷണിപ്പെടുത്തിയതോടെ പ്രാർഥനയിലുണ്ടായിരുന്നവർ അക്രമികളെ തടയുകയായിരുന്നു. എന്നാൽ സംഭവത്തിൽ കത്തോലിക്കാ വിശ്വാസികൾ നൽകിയ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. പകരം, അതിക്രമിച്ചുകയറിയവരുടെ പരാതിയിൽ വിശ്വാസികൾക്കെതിരെ വധശ്രമം, കലാപശ്രമം, രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമലംഘനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

കേസിൽ അറസ്റ്റിലായ 10 വിശ്വാസികളാണ് കഴിഞ്ഞ മെയ് മുതൽ ജയിലിൽ കഴിയുന്നത്. താഴ്ന്ന കോടതികളും സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സഭാ നേതൃത്വം. സംഭവത്തിൽ ഉദയ്പൂർ രൂപതാ മെത്രാൻ ബിഷപ്പ് ദേവ്പ്രസാദ് ജോൺ ഗണാവ കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രാർഥനയ്ക്കായി ഒത്തുകൂടുന്ന വിശ്വാസികൾക്കെതിരെ മതപരിവർത്തന നിയമങ്ങളും കള്ളക്കേസുകളും ചുമത്തുന്നത് ക്രൈസ്തവ സമൂഹത്തിൽ വലിയ ഭീതി പരത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ജോധ്പൂർ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.