അർജന്റീനയിൽ യുവജനങ്ങൾക്ക് ആവേശം പകർന്ന ലെയോ പാപ്പയുടെ സന്ദേശത്തിലെ 12 വാക്കുകൾ

നവംബർ പത്തിന് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ‘മൊനുമെന്റോ ഡി ലോസ് എസ്പാനിയോൾസ്’ (Monumento a los Españoles) മൈതാനത്ത് നടന്ന യുവജന ജാഗരണ പ്രാർഥനാ സംഗമത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ദശലക്ഷക്കണക്കിന് യുവാക്കളുടെ ഹൃദയങ്ങളിൽ പ്രത്യാശ നിറച്ച പരിശുദ്ധ പിതാവിന്റെ ആ സന്ദേശത്തിൽ നിന്നുള്ള പ്രധാനപ്പെട്ട 12 വാക്കുകൾ ഇതാ…

1. വ്യാജ വിഗ്രഹങ്ങൾക്ക് പിന്നാലെ പോകരുത്. ഇന്ന് നമ്മോട് ആരാധന ആവശ്യപ്പെടുന്ന നിരവധി വ്യാജ വിഗ്രഹങ്ങൾ ഉയർന്നുവരുന്നുണ്ട്: എന്തു വിലകൊടുത്തും നേടുന്ന വിജയം, പണം, ബാഹ്യസൗന്ദര്യത്തോടുള്ള അമിതാവേശം, ജനപ്രീതി, അതുമല്ലെങ്കിൽ സുഖഭോഗങ്ങൾക്കു പിന്നാലെയുള്ള അനിയന്ത്രിതമായ ഓട്ടം.

2. പാപത്തിന് അടിമപ്പെടരുത്. മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാൻ നമ്മൾ വ്യാജം പറയുകയോ, ചതിക്കുകയോ, സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ ചെയ്തേക്കാം. അസൂയ കാരണം മറ്റുള്ളവരുടെ നന്മയിൽ സന്തോഷിക്കാൻ നമുക്ക് കഴിയാതെ പോകുന്നു. സ്വാർഥത മൂലം മനുഷ്യരെ വസ്തുക്കളായി കാണാൻ നാം മുതിരുന്നു. പോണോഗ്രാഫി, ലഹരിമരുന്നുകൾ തുടങ്ങിയ സുഖഭോഗങ്ങളുടെ ബിസിനസ്സ് നടത്തുന്നവർ ആത്യന്തികമായി നമ്മെ അടിമകളാക്കുകയാണ് ചെയ്യുന്നത്.

3. ദൈവീക സ്വാതന്ത്ര്യം സംരക്ഷിക്കുക. നിങ്ങൾക്ക് ജീവൻ നൽകാൻ കഴിയാത്ത ഒന്നിന്റെ മുന്നിലും നിങ്ങൾ മുട്ടുകുത്തരുത്! നിങ്ങൾ വീണുപോയിട്ടുണ്ടെങ്കിൽപ്പോലും, എഴുന്നേറ്റു നിൽക്കൂ! ദൈവം നിങ്ങൾക്ക് നൽകിയ ആ സ്വാതന്ത്ര്യം തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുത്.

4. സഭ നിങ്ങളുടെ വീടാണ്. സഭയിൽ നിങ്ങൾക്കായി ഒരിടമുണ്ട്! നിങ്ങളുടെ സംശയങ്ങളും മുറിവുകളും ജീവിതകഥകളുമായി വരാൻ നിങ്ങൾക്കിവിടെ ഇടമുണ്ട്. ഇതും നിങ്ങളുടെ വീടാണ്. ഇവിടെ വരാൻ വേണ്ടി നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം ശരിയാകുന്നതുവരെയോ സ്വയം നല്ലവനായി നടിക്കുന്നതുവരെയോ കാത്തിരിക്കേണ്ടതില്ല.

5. യേശു നിങ്ങളെ സ്നേഹിക്കുന്നു. വീണ്ടും ആരംഭിക്കാൻ വൈകിപ്പോയി എന്ന് കരുതുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്, സ്വാഗതം! നിങ്ങൾ ആരായിരുന്നാലും എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, യേശുക്രിസ്തുവിന് നിങ്ങളെ അറിയാം. അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ അവിടുത്തോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നു.

6. ക്രിസ്തുവിന് കരകയറ്റാൻ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല

7. പാപത്തിൽ നിന്നു മോചനം. നാം ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ ക്രിസ്തു നമ്മെ സ്നേഹിക്കുന്നു. എന്നാൽ നമ്മെ നശിപ്പിക്കുന്ന പാപത്തിന്റെ തടവുകാരായി നമ്മെ ഉപേക്ഷിക്കാൻ ആ സ്നേഹം അനുവദിക്കില്ല.

8. കുമ്പസാരം എന്ന വലിയ കൃപ. ക്രിസ്തുവിനാൽ രൂപാന്തരപ്പെടാൻ നിങ്ങളെത്തന്നെ വിട്ടുകൊടുക്കുക! അനുരഞ്ജനകൂദാശയെ (കുമ്പസാരം) സമീപിക്കാൻ ഭയപ്പെടരുത്. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എന്നറിയുന്നത് എത്രയോ വലിയ ആശ്വാസവും നന്മയുമാണ്!

9. പ്രാർഥനയിലൂടെ ദൈവത്തോട് അടുക്കുക. പ്രാർഥിക്കുക, സുവിശേഷം വായിക്കുക, ദിവ്യകാരുണ്യത്തോട് അടുത്തുനിൽക്കുക. നമുക്കായി ജീവൻ നൽകിയവൻ അവിടെ നമ്മെയും കാത്തിരിക്കുന്നുണ്ട്.

10. സൃഷ്ട പ്രപഞ്ചം ദൈവത്തെ വാഴ്ത്തട്ടെ. കലയും സംസ്‌കാരവും കർത്താവിനെ വാഴ്ത്തട്ടെ. കളികളും കായികവിനോദങ്ങളും കർത്താവിനെ വാഴ്ത്തട്ടെ. ശാസ്ത്രവും സാങ്കേതികവിദ്യയും കർത്താവിനെ വാഴ്ത്തട്ടെ. ഡിജിറ്റൽ നെറ്റ്‌വർക്കുകളും സ്ക്രീനുകളും കർത്താവിനെ വാഴ്ത്തട്ടെ. സംഗീതവും ഫുട്ബോളും കർത്താവിനെ വാഴ്ത്തട്ടെ. നിലനിൽക്കുന്ന സകലതും കർത്താവിനെ സ്തുതിച്ച് എന്നേക്കും മഹത്വപ്പെടുത്തട്ടെ!

11. ‘പോയി പ്രഘോഷിക്കുവിൻ!’ ആരംഭത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞു: ‘എല്ലാവർക്കും സ്വാഗതം!’ ഇപ്പോൾ, പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ നമ്മുടെ ആപ്തവാക്യത്തിന്റെ രണ്ടാം ഭാഗം ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു: ‘പോയി പ്രഘോഷിക്കുവിൻ!’

12. ‘ക്രിസ്തുവിലേക്ക്, ക്രിസ്തുവിനോടൊപ്പം’ എല്ലാവരും ക്രിസ്തുവിലേക്ക്, എല്ലാവരും ക്രിസ്തുവിനോടൊപ്പം, എല്ലാവരും ക്രിസ്തുവിനെപ്പോലെ! പോയി സുവിശേഷം പ്രഘോഷിക്കുവിൻ!

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.