
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച്, കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ നഗരത്തിൽ അപൂർവ തിരുശേഷിപ്പുകളുടെയും കലാസൃഷ്ടികളുടെയും പ്രദർശനം തുടരുന്നു. 800 വർഷത്തിനിടെ ആദ്യമായി ഇറ്റലിക്ക് പുറത്തേക്ക് കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പുകളും പ്രശസ്തമായ ചിത്രകലകളും അടങ്ങുന്ന ‘റെലിക്സ് ആൻഡ് മാസ്റ്റർപീസസ് ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസീസി’ എന്ന പ്രദർശനം ഒക്ടോബർ 16-നാണ് സാൻ ഫ്രാൻസിസ്കോയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ആരംഭിച്ചത്. നവംബർ 28 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി ഈ പ്രദർശനം കാണാവുന്നതാണ്.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ശരീരത്തിലുണ്ടായിരുന്ന പഞ്ചക്ഷതങ്ങളിൽ (Stigmata) പാർശ്വത്തിലെ മുറിവിൽ നിന്നും രക്തം പടർന്ന ബാൻഡേജ് വിശ്വാസികൾക്ക് വണങ്ങാനായി ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇറ്റലിയിലെ ലാ വേർണയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ഭാഗമായ ഈ രക്തം ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പായാണ് കണക്കാക്കുന്നത്. ഇതോടൊപ്പം 1290-ൽ പ്രശസ്ത ചിത്രകാരൻ ചിമാബുവെ (Cimabue) വരച്ചതെന്ന് കരുതപ്പെടുന്ന വിശുദ്ധന്റെ അപൂർവ ചിത്രവും പ്രദർശനത്തിലുണ്ട്. വിശുദ്ധന്റെ ശവപ്പെട്ടി മൂടാനായി ഉപയോഗിച്ച മരപ്പലകയിൽ വരച്ച ഈ ചിത്രം സെക്കൻഡ് ക്ലാസ് തിരുശേഷിപ്പായാണ് (Second-class relic) പരിഗണിക്കുന്നത്.
വിശുദ്ധ ക്ലാരയുടെ ചിത്രവും അവരുടെ ശിരോവസ്ത്രത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്ന വസ്തുവും, ഡോണോ ഡോറിയുടെ രണ്ട് നവോത്ഥാന കാലഘട്ട ചിത്രങ്ങൾ, 17-ാം നൂറ്റാണ്ടിലെ അപൂർവ പെയിന്റിംഗുകൾ തുടങ്ങി നിരവധി വിശിഷ്ട കലാസൃഷ്ടികളും ഈ പ്രദർശനത്തിലുണ്ട്. സാൻ ഫ്രാൻസിസ്കോ ആർച്ച്ഡയോസിസിലെ ‘നൈറ്റ്സ് ഓഫ് സെന്റ് ഫ്രാൻസിസ്’ കൂട്ടായ്മയാണ് ഈ ചരിത്രപരമായ പ്രദർശനത്തിന് നേതൃത്വം നൽകുന്നത്.




