ഉപേക്ഷിക്കപ്പെട്ട ബാല്യം, തളരാത്ത ആത്മവീര്യം; വയോധികയുടെ ആത്മവീര്യത്തിനു മുന്നിൽ വിതുമ്പി ലെയോ പാപ്പ

ശാരീരിക പരിമിതികൾ മൂലം വീൽചെയറിലിരുന്ന്, എപ്പോഴും മുകളിലേക്കു മാത്രം നോക്കാൻ കഴിയുന്ന 78-കാരി മാർത്താ ടോറസിന്റെ (Marta Torres) തിളങ്ങുന്ന നീലക്കണ്ണുകൾക്കു മുന്നിൽ സംസാരിക്കുന്നവരുടെ ഹൃദയം അലിയും. എന്നാൽ, നവംബർ ഒൻപതിന് ബ്യൂണസ് അയേഴ്‌സിലെ ക്ലേപോളിലെ ലിറ്റിൽ കൊട്ടൊലെംഗോ (Little Cottolengo Don Orione of Claypole) സന്ദർശനവേളയിൽ മാർത്തായുടെ വാക്കുകൾ കേട്ട് വികാരാധീനനായത് മറ്റാരുമല്ല, പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പ തന്നെയാണ്!

അന്ധതയോടും സെറിബ്രൽ പാൾസിയോടും (Cerebral palsy) കൂടി ജനിച്ച മാർത്തായെ, അവളുടെ ജന്മദിനത്തിനു തൊട്ടുമുൻപുള്ള ദിവസം സ്വന്തം അമ്മ ഉപേക്ഷിച്ചുപോവുകയായിരുന്നു. “അന്ന് എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അമ്മ പിന്നീട് ഒരിക്കലും തിരികെവന്നില്ല,” ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്നെ  ചേർത്തുപിടിച്ച ലെയോ പതിനാലാമൻ മാർപാപ്പയുടെ മുന്നിൽ മാർത്താ തന്റെ ജീവിതം പറഞ്ഞുതുടങ്ങി.

ദുരന്തങ്ങൾ നിറഞ്ഞ ബാല്യവും യൗവനവും അവൾക്ക് ഒട്ടും എളുപ്പമായിരുന്നില്ല. പതിറ്റാണ്ടുകളോളം ആശുപത്രിക്കിടക്കയിൽ കഴിയേണ്ടിവന്ന മാർത്താ, സ്ഥിരമായി താമസിക്കാനും പരിചരണം ലഭിക്കാനുമായി ഒരിടം തേടി അലഞ്ഞു. “എനിക്ക് അനുയോജ്യമായ ഒരു അഭയകേന്ദ്രം തേടി ഞാൻ ഒരുപാട് അലഞ്ഞു. പക്ഷേ, ലഭിച്ചതെല്ലാം താൽകാലിക ആശ്വാസങ്ങൾ മാത്രമായിരുന്നു,” മാർത്താ ഓർത്തെടുത്തു.

എന്നാൽ, ഭിന്നശേഷിക്കാർക്കും നിർധനർക്കുമായി വി. ലൂയിസ് ഒറിയോൺ ആരംഭിച്ച ക്ലേപോളിലെ ലിറ്റിൽ കൊട്ടൊലെംഗോ എന്ന ആശ്രമത്തിൽ എത്തിയതോടെ ആ നീണ്ട തിരച്ചിലിന് അവസാനമായി. “എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ ഒരിടമായിരുന്നു അത്. താമസിക്കാൻ ഒരിടം എന്നതിലുപരി, എന്നെ സ്നേഹിക്കാൻ ധാരാളം ആളുകളുള്ള സ്വന്തം വീടായിരുന്നു അത്,” മാർത്താ പറഞ്ഞു. 410 ത്തോളം ഭിന്നശേഷിക്കാർക്കൊപ്പം കഴിയുന്ന ആ കൂട്ടായ്മ ഒരു നിബന്ധനകളും ഇല്ലാതെയാണ് മാർത്തായെ അവിടെ സ്വീകരിച്ചത്.

തനിക്ക് നേരിടേണ്ടിവന്ന അവഗണനകൾക്കു മുകളിൽ യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് തനിക്ക് വഴികാട്ടിയായി മാറിയതെന്ന് മാർത്താ സാക്ഷ്യപ്പെടുത്തുന്നു. “പ്രാർഥനയിൽ എന്നെ വഴിനടത്തിയവരിലൂടെയാണ് ഞാൻ ദൈവത്തെ ആഴത്തിൽ അറിഞ്ഞത്.”

തന്റേതിനു സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് പ്രത്യാശ നൽകാനായി മാർത്താ തന്റെ ആത്മകഥ പുസ്തകരൂപത്തിലാക്കിയിരുന്നു. സാക്ഷ്യപ്പെടുത്തലിനു ശേഷം, ആ പുസ്തകത്തിന്റെ ഒരു പ്രതി അവൾ മാർപാപ്പയ്ക്ക് സമ്മാനമായി നൽകി.

“എന്റെ കഥ ലോകമറിയണം. അത് മറ്റുള്ളവർക്ക് നന്മ ചെയ്യണം. സമാന അവസ്ഥയിൽ കഴിയുന്നവർ, തങ്ങൾ ഒറ്റയ്ക്കല്ലെന്നും സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും തങ്ങൾക്കും അവകാശമുണ്ടെന്നും തിരിച്ചറിയണം. എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണിത്. ദൈവം എനിക്ക് നൽകിയ എല്ലാ നന്മകൾക്കും നന്ദിയായി ഞാൻ ഇത് ഇവിടെ സമർപ്പിക്കുന്നു. അതെ, ഒരുപാട് കുരിശുകൾ അവിടുന്ന് എനിക്ക് തന്നു; ഒപ്പം വലിയ കൃപകളും!” പരിശുദ്ധ പിതാവിന്റെ കൈകളിൽ പുസ്തകം ഏൽപിക്കുമ്പോൾ മാർത്താ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.