“ക്രിസ്തു ഇപ്പോഴും നിങ്ങളെ വിളിക്കുന്നു; മറുപടി നൽകാൻ ഭയപ്പെടേണ്ട”: അർജന്റീനയിൽ യുവജനങ്ങളോട് ലെയോ പാപ്പ

അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ ‘മൊനുമെന്റോ ഡി ലോസ് എസ്പാനിയോൾസ്’ (Monumento de los Españoles) മൈതാനത്ത് നടന്ന യുവജനങ്ങളുടെ ജാഗരണ പ്രാർഥനയിൽ ആവേശം വിതറി ലെയോ പതിനാലാമൻ മാർപാപ്പ. വേദിയിൽ വച്ച് 25-കാരനായ അഗസ്റ്റിൻ ക്രിസ്റ്റ്യൻ ഷിങ്കയെ (Agustín Cristian Schinca) മാർപാപ്പ ചേർത്തുപിടിച്ചു. ഏകദേശം പത്തു ലക്ഷത്തോളം യുവാക്കളാണ് ഈ സംഗമത്തിൽ പങ്കെടുത്തത്.

15-ാം വയസ്സിൽ കൊക്കെയ്ൻ ലഹരിക്ക് അടിമപ്പെടുകയും മാസങ്ങളോളം തെരുവിൽ കഴിയേണ്ടിവരികയും ചെയ്ത തന്റെ ജീവിതകഥ അഗസ്റ്റിൻ മാർപാപ്പയ്ക്കു മുന്നിൽ പങ്കുവച്ചു. സഭയുടെ ലഹരിവിമുക്തകേന്ദ്ര ശൃംഖലയായ ‘ഹോ ഗാർ ഡി ക്രിസ്റ്റോ’യുടെ (Hogar de Cristo) സഹായത്തോടെയാണ് അവൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ ലഹരിയോടു പോരാടുന്ന മറ്റു യുവാക്കളെ സഹായിക്കുകയാണ് അഗസ്റ്റിൻ.

“ഞാൻ ആരാണെന്നു പോലും ചോദിക്കാതെ എന്നെ ചേർത്തുപിടിക്കുകയും കഴിക്കാൻ ചൂടുള്ള ഭക്ഷണവും ഉറങ്ങാൻ കിടക്കയും നൽകുകയും ചെയ്ത ‘ഹോ ഗാർ ഡി ക്രിസ്റ്റോ’ എന്ന വലിയ കുടുംബത്തിന് നന്ദി. ഇന്ന് ഞാൻ ഇവിടെ നിവർന്നുനിൽക്കുന്നത് അവർ കാരണമാണ്. ജീവനും ഉത്ഥാനവുമായ യേശുവിനെ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാനാണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നത്,” അഗസ്റ്റിൻ പറഞ്ഞു.

നാല് യുവാക്കളുടെ ആത്മീയസാക്ഷ്യങ്ങൾക്കു ശേഷം, പ്രത്യാശ കൈവിടരുതെന്നും ക്രിസ്തുവിന്റെ വിളി കേട്ട് ഭയപ്പെടരുതെന്നും മാർപാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. “സന്ന്യസ്തജീവിതത്തിലേക്കും പൗരോഹിത്യത്തിലേക്കും കുടുംബജീവിതത്തിലേക്കും ക്രിസ്തുവിനായി സ്വന്തം ജീവിതം സമർപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി യുവാക്കൾ നിങ്ങൾക്കിടയിലുണ്ടെന്ന് എനിക്കറിയാം. ക്രിസ്തു ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുകയാണ്; ആ വിളിക്ക് മറുപടി നൽകാൻ നിങ്ങൾ ഭയപ്പെടരുത്!” ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.