അഭയാർഥികളായ കുട്ടികളെ സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര കത്തോലിക്കാ മൈഗ്രേഷൻ കമ്മീഷനോട് ലെയോ പാപ്പ

യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും നേരിടുന്ന ഇന്നത്തെ ലോകത്തിൽ കുടിയേറ്റക്കാരെയും അഭയാർഥികളെയും, പ്രത്യേകിച്ച് കുട്ടികളെയും സ്വീകരിക്കാനും സംരക്ഷിക്കാനും സംയോജിപ്പിക്കാനും ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. നവംബർ 10 മുതൽ 12 വരെ റോമിൽ നടക്കുന്ന സമിതിയുടെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മാർപാപ്പ ഈ സന്ദേശം നൽകിയത്.

1951-ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ, കർദിനാൾ മോന്തിനി (പിന്നീട് പോൾ ആറാമൻ മാർപാപ്പ), അമേരിക്കൻ അല്മായനായ ജെയിംസ് നോറിസ് എന്നിവർ ചേർന്ന് രൂപീകരിച്ച ഐ.സി.എം.സി (ICMC) യുടെ 75-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്. “കുടിയേറ്റക്കാരെയും അഭയാർഥികളെയും തിരിച്ചെത്തുന്നവരെയും സ്വീകരിക്കാനും സംരക്ഷിക്കാനും അവരുടെ ഉന്നമനത്തിനായും സഭയുടെ സേവനങ്ങൾ ശക്തമാക്കുക എന്ന നിങ്ങളുടെ മഹത്തായ ദൗത്യത്തിൽ ഉറച്ചുനിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു,” പാപ്പ പറഞ്ഞു. കൂടാതെ, ആവാസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ പുതിയ വഴികൾ കണ്ടെത്താൻ ഈ ശ്രമങ്ങൾ സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

അഭയാർഥികളാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അവർ നാടുവിടാൻ ഇടയാക്കുന്ന കാരണങ്ങൾ ഇല്ലാതാക്കാൻ അവരുടെ മാതൃരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും, യാത്രയിലുടനീളവും, എത്തുന്ന രാജ്യങ്ങളിലും അവർക്ക് സംരക്ഷണവും സ്വീകരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ കൗൺസിലുകളും പ്രാദേശിക സഭകളും പ്രതിനിധീകരിക്കുന്ന സമ്മേളനത്തിൽ, മാനവ കുടിയേറ്റത്തിന്റെ ആഗോള സാഹചര്യങ്ങളും സഭ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യപ്പെടുന്നു. മറ്റ് വിശ്വാസധിഷ്ഠിത സംഘടനകളുമായും സിവിൽ സമൂഹവുമായും ചേർന്ന് പ്രവർത്തിച്ചുകൊണ്ട് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദൈവദത്തമായ അന്തസ്സിനായി നിലകൊള്ളാൻ മാർപാപ്പ സംഘത്തിന് പ്രചോദനം നൽകി.

യുദ്ധങ്ങളും അക്രമങ്ങളും അസമത്വങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദശലക്ഷക്കണക്കിന് ആളുകൾ സ്വന്തം വീടുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ് ഈ യോഗം നടക്കുന്നതെന്നും മാർപാപ്പ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.