
വി. ലൂക്കായുടെ സുവിശേഷം ആറാം അധ്യായം 27 മുതൽ 38 വരെയുള്ള വചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വി. മത്തായിയുടെ സുവിശേഷമനുസരിച്ച്, ക്രിസ്തു മലമുകളിലെ പ്രസംഗത്തിലാണ് സുവിശേഷഭാഗ്യങ്ങളെക്കുറിച്ചും ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുമെല്ലാം പഠിപ്പിക്കുന്നത്. എന്നാൽ, വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്, ക്രിസ്തു മലമുകളിൽനിന്നും സമതലത്തിൽ വന്നാണ് ഇവയെല്ലാം പഠിപ്പിക്കുന്നത്. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു അവർക്കുവേണ്ടി പ്രാർഥിക്കാനും നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.
മാനുഷികഭാവനയിൽ ക്രിസ്തുവിന്റെ ഈ പാഠങ്ങൾ പറയാനും പഠിപ്പിക്കാനും എളുപ്പമാണെങ്കിലും പ്രായോഗികതലത്തിൽ ഇത് ഏറെ ബുദ്ധിമുട്ടുള്ളവയാണ്. കാൽവരിയിലെ കുരിശിൽ കിടന്നുകൊണ്ട് ക്രിസ്തുസ്വജീവിതത്തിലൂടെ ഇതിന് വലിയൊരു ഉദാഹരണമാകുകയായിരുന്നു. ‘ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോടു പൊറുക്കേണമേ’ എന്ന ക്രിസ്തുവിന്റെ പ്രാർഥന, എപ്രകാരം ഈ വചനത്തെ ജീവിക്കണമെന്ന് ജീവിച്ചുപഠിപ്പിക്കുകയായിരുന്നു ക്രിസ്തു.
ക്രൈസ്തവരായ നാമും അനുദിന ജീവിതത്തിൽ സന്തോഷവും മനഃസമാധാനവും ആഗ്രഹിക്കുന്നവരാണ്. ക്രിസ്തുവിന്റെ ഈ വചനം ജീവിതത്തിൽ സ്വായത്തമാക്കാൻ സാധിച്ചാൽ നമുക്കും ഈ മനഃശാന്തിയും സന്തോഷവും തീർച്ചയായും ഉണ്ടാകുമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അതാണല്ലോ കാൽവരി കുരിശിനെ സന്തോഷത്തോടെ വഹിക്കാൻ അവനു സാധിച്ചത്. ജീവിതത്തിൽ ക്രിസ്തുവിന്റെ ഈ പാഠങ്ങളെ മുറുകെപ്പിടിച്ച് ഉത്തമ ക്രൈസ്തവരായി ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS




