
പാക്കിസ്ഥാനിൽ വ്യാജ മതനിന്ദാ കുറ്റമാരോപിച്ച് ക്രൈസ്തവ കുടുംബത്തിന് നേരെ നടക്കാനിരുന്ന വലിയൊരു ആൾക്കൂട്ട അക്രമം പ്രാദേശിക മുസ്ലിം സമൂഹത്തിന്റെയും മതനേതാക്കളുടെയും അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായതായി റിപ്പോർട്ട്. കറാച്ചിയിലെ ബാൽദിയ ടൗണിൽ ജൂലൈ 9-നാണ് വലിയൊരു അക്രമസംഭവം ഇല്ലാതായത്. അന്തർമത സംവാദങ്ങളും സൗഹാർദ്ദ ചർച്ചകളും സമൂഹത്തിൽ എത്രത്തോളം വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക മുസ്ലിം കടയുടമയ്ക്ക് തപാലിൽ ലഭിച്ച ഒരു കവറാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വിശുദ്ധ ഖുർആന്റെ കീറിയ പേജുകളും അതിനൊപ്പം അസീം ജാവേദ് എന്ന ക്രൈസ്തവ യുവാവിന്റെയും അമ്മയുടെയും ചിത്രങ്ങളുമാണ് കവറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് പ്രകോപിതരായ നൂറുകണക്കിന് ആളുകൾ അസീമിന്റെ വീടിന് മുന്നിൽ തടിച്ചുകൂടുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. ആൾക്കൂട്ടം അക്രമാസക്തമാകാൻ തുടങ്ങിയതോടെ ക്രൈസ്തവ കുടുംബങ്ങൾ ഭീതിയിലായി.
ഈ നിർണ്ണായക ഘട്ടത്തിലാണ് കാത്തലിക് കമ്മീഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസ് (CCPJ) ഇടപെടുന്നത്. കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നയീം യൂസഫ് ഗിൽ പ്രാദേശിക ഭരണകൂടവുമായും മുസ്ലിം മതനേതാക്കളുമായും അടിയന്തിരമായി ബന്ധപ്പെട്ടു. മുൻപ് നടത്തിയ അന്തർ മതസൗഹാർദ്ദ ചർച്ചകൾ വഴിയുള്ള നല്ല സൗഹൃദം ഇവിടെ തുണയായി. കമ്മീഷന്റെ അഭ്യർഥന പ്രകാരം പ്രാദേശിക മുസ്ലിം പണ്ഡിതന്മാരും വിദ്യാർഥികളും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തുകയും അക്രമാസക്തരായ ജനങ്ങളെ അനുനയിപ്പിക്കുകയും ചെയ്തു. സ്വന്തം വിലാസവും ചിത്രവും വച്ച് ഒരാൾ ഒരിക്കലും ഇത്തരമൊരു കുറ്റം ചെയ്യില്ലെന്നും, ഇത് ക്രൈസ്തവ കുടുംബത്തെ മനഃപൂർവം കുടുക്കാൻ ആരോ ചെയ്ത ചതിയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. തുടർന്ന് പൊലീസ് എത്തി ആൾക്കൂട്ടത്തെ പൂർണ്ണമായും പിരിച്ചുവിട്ടു.
വ്യക്തിപരമായ തർക്കങ്ങൾ തീർക്കാനും ഭൂമി കൈയേറാനും പാക്കിസ്ഥാനിലെ കർശനമായ മതനിന്ദാ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അടുത്തിടെ പാർലമെന്ററി സമിതിക്ക് മുന്നിൽ ഔദ്യോഗിക റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കറാച്ചിയിൽ ഉണ്ടായ ഈ സൗഹാർദ്ദ ഇടപെടൽ വലിയ ആശ്വാസമാണ് ഇവിടുത്തെ ക്രൈസ്തവർക്ക് നൽകുന്നത്.




