
നാസി തടവറയിലെ അനുഭവങ്ങൾ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തോടു പറഞ്ഞ് ശ്രദ്ധേയയായ ആൻ ഫ്രാങ്ക്, നാസി പൊലീസിന്റെ പിടിയിലാകുന്നത് 1944 ഓഗസ്റ്റ് നാലിനായിരുന്നു. നാസി ഭരണകൂടത്തിന്റെ നരവേട്ടയെ ഭയന്ന് ഒളിവിൽ കഴിയുകയായിരുന്ന മറ്റ് ഏഴുപേരോടൊപ്പമാണ് ആൻ ഫ്രാങ്ക് അറസ്റ്റിലായത്. ആനിന്റെ കുടുംബത്തിൽ ഓട്ടോ ഫ്രാങ്ക് മാത്രമാണ് നാസി ക്രൂരതയെ അതിജീവിച്ചത്. അറസ്റ്റ് ചെയ്ത ദിവസത്തെ സംബന്ധിച്ച ഔദ്യോഗിക രേഖകൾ ലഭ്യമല്ലെങ്കിലും ഓട്ടോ ഫ്രാങ്കിന്റെ സാക്ഷ്യമാണ് ഈ ദിവസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്.
ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിസേർച്ച് റിയാക്ടറായ ‘അപ്സര’ പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനുള്ള സുപ്രധാന ഘട്ടങ്ങളിലൊന്നായ ക്രിട്ടിക്കാലിറ്റി കൈവരിച്ചത് 1956 ഓഗസ്റ്റ് നാലിനായിരുന്നു. ബാബ അറ്റോമിക് റിസേർച്ച് സെന്ററിന്റെ കീഴിലാണ് ഈ റിയാക്ടർ പ്രവർത്തിക്കുന്നത്. ‘ഇന്ത്യൻ ന്യൂക്ലിയാർ പ്രവർത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. ഹോമി ബാബയുടെ ആശയമാണ് ഈ റിയാക്ടറിന്റെ നിർമാണത്തിനു കാരണമായത്. തൊട്ടടുത്ത വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു റിയാക്ടർ രാജ്യത്തിനു സമർപ്പിച്ചു. അപ്സര പ്രവർത്തനം ആരംഭിച്ചതു മുതലാണ് ഇന്ത്യ, റേഡിയോ എസോടോപ്പുകൾ നിർമിച്ചുതുടങ്ങിയത്.
1967 ഓഗസ്റ്റ് നാലിനാണ് ലോകത്തെ ഏറ്റവും വലിയ മേസണറി ഡാമുകളിലൊന്നായ നാഗാർജുന സാഗർ അണക്കെട്ട് രാജ്യത്തിനു സമർപ്പിച്ചത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 408.24 ടിഎംസി സംഭരണശേഷിയുള്ള ഈ അണക്കെട്ട് തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി കൃഷ്ണാ നദിക്കു കുറുകെയാണ് നിർമിച്ചിരിക്കുന്നത്. 1956 ലായിരുന്നു നിർമാണപ്രവർത്തികളുടെ ആരംഭം. വൈദ്യുതിനിർമാണത്തിനു പുറമെ പത്തിലധികം ജില്ലകളിലെ കൃഷിയാവശ്യത്തിനുള്ള ജലസേചനത്തിനും ഈ ഡാമിലെ ജലം ഉപയോഗിക്കുന്നു.
സുനീഷ വി എഫ്




