ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 03

ഇറ്റാലിയൻ പര്യവേഷകനായിരുന്ന ക്രിസ്റ്റഫർ കൊളംബസ് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെയുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത് 1492 ഓഗസ്റ്റ് മൂന്നിനായിരുന്നു. 90 ആളുകൾ ഉൾപ്പെട്ട സംഘം സ്പെയിനിലെ പാലോസ് തുറമുഖത്തുനിന്ന് സാന്റ മരിയ, പിന്റ, നിന എന്നീ മൂന്നു കപ്പലുകളിലായാണ് യാത്ര പുറപ്പെട്ടത്. സ്പെയിനു തെക്കുള്ള കാനറി ദ്വീപുകളിലാണ് ആദ്യം അവർ എത്തിച്ചേർന്നത്. അവിടെനിന്ന് പടിഞ്ഞാറുവശത്തേക്ക് യാത്ര തുടർന്ന സംഘത്തിന് കടലിൽ ഒട്ടേറെ സാഹസികമുഹൂർത്തങ്ങൾ നേരിടേണ്ടിവന്നെങ്കിലും ഒക്ടോബർ 12 ന് ബഹാമസിലെ വാട്ലിങ് ദ്വീപിൽ എത്തിച്ചേർന്നു. പിൽക്കാലത്ത് നവലോകം എന്നറിയപ്പെട്ട അമേരിക്കൻ വൻകരകളിലേക്കുള്ള ഒരു യൂറോപ്പുകാരന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്.

അമേരിക്കൻ കായിക ഇതിഹാസമായിരുന്ന ജെസി ഓവൻസ് 1936 ലെ ബെർലിൻ ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണം സ്വന്തമാക്കിയത് ആഗസ്റ്റ് മൂന്നിനായിരുന്നു. 100 മീറ്ററിൽ 10.3 സെക്കന്റിൽ അമേരിക്കക്കാരൻ തന്നെയായ റാൽഫ് മെറ്റ്കാഫിനെ തോൽപിച്ചായിരുന്നു ഓവൻസിന്റെ ആദ്യ സ്വർണ്ണം. തുടർന്ന് അതേ ഒളിമ്പിക്സിൽ ലോങ്ജംപിലും 200 മീറ്ററിലും 4×100 മീറ്റർ റിലേയിലും സ്വർണ്ണം സ്വന്തമാക്കി. 1984 ലെ ലോസ് ആഞ്ചൽസ് ഒളിമ്പിക്സിൽ കാൾ ലൂയീസ് ഇതേ ഇനങ്ങളിൽ സ്വർണ്ണം നേടുന്നതുവരെ ഈ റെക്കോർഡ് ഓവൻസിന്റെ പേരിലായിരുന്നു.

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷാകാരണങ്ങളാൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നത് 2004 ആഗസ്റ്റ് മൂന്നിനായിരുന്നു. 2001 ഡിസംബറിൽ തന്നെ ലിബർട്ടി ഐലന്റ് തുറന്നിരുന്നെങ്കിലും സ്റ്റാച്യു ഓഫ് ലിബർട്ടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അമേരിക്കയിലെ സുപ്രധാന ലാന്റ്മാർക്കുകളിലൊന്നായ ഈ പ്രതിമ ഫ്രാൻസിലെ ജനങ്ങൾ അമേരിക്കയ്ക്കു സമ്മാനമായി നൽകിയതായിരുന്നു. പിന്നീട് ഇത് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആഗോള അടയാളമായി മാറി. 1886 ഒക്ടോബർ 28 നാണ് സ്റ്റാച്യു ഓഫ് ലിബർട്ടി രാജ്യത്തിനു സമർപ്പിച്ചത്.

സുനീഷ വി എഫ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.