ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 24

1456 ഓഗസ്റ്റ് 24 നാണ് ജോഹന്നാസ് ഗുട്ടൻബർഗ് ആദ്യ ബൈബിളിന്റെ അച്ചടി പൂർത്തിയാക്കിയത്. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികൾ വീതം ലാറ്റിനിൽ അച്ചടിച്ച ഈ ബൈബിൾ ‘ഗുട്ടൻബെർഗ് ബൈബിൾ’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ മാറ്റിമറിച്ച അച്ചടിയുടെ കണ്ടുപിടുത്തത്തിലൂടെ ചരിത്രത്തിൽ ഇടംനേടിയ വ്യക്തിയാണ് ഗുട്ടൻബെർഗ്. മാറ്റി ഉപയോഗിക്കാവുന്ന അച്ച് ഉപയോഗിച്ച് അച്ചടി നടത്തിയ ആദ്യ യൂറോപ്യനും ഗുട്ടൻബർഗ് തന്നെയാണ്. ഈ രീതിയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകമാണ് ഗുട്ടൻബർഗ് ബൈബിൾ. ഈ സാങ്കേതികവിദ്യ യൂറോപ്പിലാകമാനം അതിവേഗം പടർന്നു. പിന്നീട് ലോകവ്യാപകമായി.

2006 ആഗസ്റ്റ് 24 നാണ് പ്ലൂട്ടോയ്ക്ക് ഗ്രഹം എന്ന പദവി നഷ്ടമായത്. ഗ്രഹങ്ങളുടെ നിർവചന പരിധിയിൽ വരുന്നില്ല എന്ന കാരണത്താലായിരുന്നു അത്. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ ജനറൽ അസംബ്ലിയുടെ തീരുമാനപ്രകാരമാണ് പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയത്. ഈ മീറ്റിംഗിലാണ് സൗരയൂഥത്തിലെ വസ്തുക്കളെ മൂന്നു ഗണമായി തിരിച്ചത്. ഗ്രഹങ്ങൾ, കുള്ളൻ ഗ്രഹങ്ങൾ, ചെറിയ സൗരയൂഥവസ്തുക്കൾ എന്നിവയായിരുന്നു അവ. ഗ്രഹങ്ങളുടെ നിർവചന പരിധിക്കു പുറത്തായതോടെ പ്ലൂട്ടോ കുള്ളൻ ഗ്രഹമായി മാറി. അതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.