
ലോകപ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സിന്റെ ആദ്യ റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചത് 1955 ഏപ്രിൽ 15 നാണ്. ചിക്കാഗോയ്ക്കടുത്ത് ഇല്ലിനോയ്സിലായിരുന്നു അത്. റിച്ചാർഡ്, മൗരിസ് എന്നീ മക്ഡൊണാൾഡ് സഹോദരന്മാരാണ് ഈ ശൃംഖല ആരംഭിച്ചത്. 1940 ൽ അവർ ഒരു ബാർബിക്യൂ റെസ്റ്റോറന്റും പിന്നീട് മറ്റു ചില റസ്റ്ററന്റുകളും ആരംഭിച്ചെങ്കിലും 1955 ഏപ്രിൽ 15 ന് ആരംഭിച്ച റസ്റ്ററന്റാണ് ആദ്യ റസ്റ്ററന്റായി മക്ഡൊണാൾഡ്സ് ഔദ്യോഗികമായി കണക്കാക്കുന്നത്. അവിടെനിന്നാണ് തങ്ങളുടെ കമ്പനിക്ക് അഭൂതപൂർവമായ വളർച്ചയുണ്ടായത് എന്ന തിരിച്ചറിവിൽ നിന്നാണത്.
പ്രശസ്തമായ ബോസ്റ്റൺ മാരത്തോണിൽ ബോംബ് സ്ഫോടനം നടന്നത് 2013 ഏപ്രിൽ 15 നാണ്. മാരത്തോൺ സമാപിക്കുന്നയിടത്ത് സ്ഥാപിച്ച രണ്ട് പ്രഷർ കുക്കർ ബോംബുകൾ പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെടുകയും 260 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 12 മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് ബോംബുകളും പൊട്ടിയത്. 26 മൈൽ ദൂരമുള്ള ബോസ്റ്റൺ മാരത്തോണിൽ ആ വർഷം ഇരുപത്താറായിരത്തിലധികം ഓട്ടക്കാരാണുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മാരത്തോണിന്റെ 117-ാം വർഷമായിരുന്നു അത്.
2019 ഏപ്രിൽ പതിനഞ്ചിനാണ് പ്രശസ്തമായ നോട്ടർദാം കത്തീഡ്രലിൽ അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിൽ ദൈവാലയത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 400 ലേറെ അഗ്നിശമന സൈനികർ തീവ്രശ്രമം നടത്തിയാണ് തീയണച്ചത്. ഫ്രഞ്ച് ഗോത്തിക് വാസ്തുശിൽപ രീതിയിൽ 1345 ൽ നിർമ്മിച്ച ഈ ദൈവാലയത്തിന് 5500 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് കത്തീഡ്രലിനുള്ളത്. ഫ്രാൻസിലെ രാജാക്കന്മാരുടെ വിവാഹം നടന്നിരുന്നത് ഈ ദൈവാലയത്തിൽ വച്ചാണ്. 1804 ൽ നെപ്പോളിയന്റെ കിരീടധാരണം നടന്നതും ഇവിടെയാണ്. പാരീസിന്റെ സ്വാതന്ത്ര്യത്തിനുശേഷം നടന്ന പ്രശസ്തമായ കൃതഞ്ജതാ പ്രകാശന ചടങ്ങും ഈ ദൈവാലയത്തിൽ വച്ചു തന്നെയായിരുന്നു. മനോഹരമായ അൾത്താരയും 387 ഇടുങ്ങിയ പടികൾ കയറി മുകളിലേക്കെത്തിയാൽ അവിടെനിന്നുള്ള പാരീസ് നഗരത്തിന്റെ കാഴ്ചയുമാണ് സഞ്ചാരികളെ കത്തീഡ്രലിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.




