പരിശുദ്ധാത്മാവിന്റെ ഏഴ് വരങ്ങൾ നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്നത് എങ്ങനെ?

ജൂൺ അഞ്ചിന് പരിശുദ്ധ കത്തോലിക്കാ സഭ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. ശ്ലീഹന്മാരുടെ മേൽ അഗ്നിനാവുകളായി പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നതിന്റെ ഓർമ്മയാണ് പന്തക്കുസ്താ. ഈശോയുടെ പുനരുത്ഥാനം കഴിഞ്ഞു വരുന്ന അമ്പതാം ദിവസമാണ് പന്തക്കുസ്താ തിരുനാൾ ആചരിക്കുന്നത്.

പരിശുദ്ധാത്മാവാണ് ഒരുവനെ വിശുദ്ധിയിലേക്ക് നയിക്കുന്നത്. ആത്മാവിന്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളുമാണ് വിശുദ്ധിയിലേക്കുള്ള യാത്രയിൽ നമുക്ക് വഴികാട്ടികളാകുന്നത്. പരിശുദ്ധാത്മാവിന്റെ ഏഴ് വരങ്ങളെക്കുറിച്ചും അവ എങ്ങനെ ഒരുവനെ ക്രിസ്തുവിലേക്ക് നയിക്കുന്നു എന്നതിനെക്കുറിച്ചുമാണ് ചുവടെ ചേർക്കുന്നത്.

1. ദൈവവചനം ഗ്രഹിക്കാനുള്ള വരം

ദൈവവചനം ഗ്രഹിക്കാൻ സാധിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക വരമാണ്. ദൈവവചനം ധ്യാനിക്കാനും അതിന്റെ ആന്തരികാർത്ഥത്തിലേക്ക് പ്രവേശിക്കാനും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കൂടിയേ തീരൂ. അങ്ങനെ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാനും ആത്മീയമായി വളരാനും നമുക്ക് സാധിക്കും. ദൈവവചനം ആഴത്തിൽ ഗ്രഹിക്കുന്നതിലൂടെ ക്രിസ്തുവുമായുള്ള ബന്ധത്തിലാണ് നാം വളരുന്നത്.

2. ജ്ഞാനത്തിന്റെ വരം

പുണ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദാനധർമ്മമാണ്. അതുപോലെ വരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജ്ഞാനത്തിന്റെ വരം. പരസ്പരം സഹകരിക്കാനും സ്നേഹിക്കാനും കാര്യങ്ങളെ പൂർണ്ണമായി മനസിലാക്കാനും അതായത് ദൈവഹിതം മനസിലാക്കി പ്രവർത്തിക്കാനും നമ്മെ സഹായിക്കുന്നത് ജ്ഞാനത്തിന്റെ വരമാണ്.

3. ശാസ്ത്രത്തെ മനസിലാക്കാനുള്ള വരം

എല്ലാ സൃഷ്ടിയിലും ഒരു ശാസ്ത്രമുണ്ട്. മനുഷ്യമനസിനെയും മനുഷ്യചരിത്രത്തെയും ആഴത്തിൽ മനസിലാക്കാൻ ഈ വരമാണ് ഒരുവനെ സഹായിക്കുന്നത്. മാത്രമല്ല, എല്ലാ സൃഷ്ടിയും ദൈവസ്പർശമേറ്റതാണെന്ന ബോധ്യം മനുഷ്യരിൽ പാകുന്നതും പരിശുദ്ധാത്മാവാണ്. എല്ലാ വ്യക്തികളിലും വസ്തുക്കളിലും ദൈവികചൈതന്യം കുടികൊള്ളുന്നുണ്ട്.

4. ഉപദേശത്തിന്റെ വരം

‘വിവേചനത്തിന്റെ വരം’ എന്നും ഉപദേശത്തിന്റെ വരം അറിയപ്പെടുന്നു. ദൈവികയുക്തിക്കനുസരിച്ച് ചിന്തിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തിന്റെ ഇഷ്ടവും അത് നടപ്പിലാക്കുന്നതിനുള്ള ഉചിതമായ വഴികളും വേഗത്തിൽ മനസിലാക്കാൻ ഈ വരം നമ്മെ സഹായിക്കും.

5. കരുണയുടെ വരം 

കരുണയുടെ വരമാണ് എല്ലാ മനുഷ്യരെയും സഹോദരതുല്യം സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നത്. അതു മാത്രമല്ല, ക്രിസ്തുവിനോട് അടുക്കാനും ഈ വരം ആവശ്യമാണ്. യഥാർത്ഥ ഭക്തിയിൽ നിന്നു മാത്രമേ നല്ലൊരു പ്രാർത്ഥനാജീവിതം വളർത്തിയെടുക്കാൻ സാധിക്കൂ.

6. ദൈവഭയം എന്ന വരം

ദൈവഭയമാണ് എളിമ എന്ന പുണ്യത്തെ പരിപൂർണ്ണമാക്കുന്നത്. കൂടാതെ ഈ വരം ദൈവത്തോടുള്ള ആഴമായ ബഹുമാനത്തിലേക്കും നമ്മെ നയിക്കുന്നു. നമ്മുടെ നിസ്സാരതയെയും അതിനെ മറികടക്കാൻ വേണ്ട ദൈവകൃപയെയും കുറിച്ചുള്ള അവബോധം നമ്മിൽ ഉണർത്തുന്നത് പരിശുദ്ധാത്മാവാണ്. അതുപോലെ പാപം ഒഴിവാക്കാനുള്ള ദൃഢനിശ്ചയത്തിലേക്കും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് പരിശുദ്ധാത്മാവാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.