
ഗുരുതര രോഗബാധിതരുടെയും വയോധികരുടെയും ജീവനെടുക്കുന്ന ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും വ്യാജ അനുകമ്പയാണെന്നും അത് ഒരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്നും ലെയോ പതിനാലാമൻ പാപ്പ. പ്രശസ്തമായ ലൂർദ് മാതാവിന്റെ തീർഥാടനകേന്ദ്രത്തിൽ രോഗികളെയും പരിചാരകരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കിയ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഈ നിർണ്ണായക പ്രതികരണം.
നിയമം വഴി ഒരു കാര്യം അംഗീകരിക്കപ്പെട്ടതുകൊണ്ടു മാത്രം അത് ധാർമ്മികമായി ശരിയാകണമെന്നില്ലെന്ന് മാർപാപ്പ ഓർമിപ്പിച്ചു. മനുഷ്യജീവിതത്തിന് ദൈവം നൽകിയിട്ടുള്ള വിലമതിക്കാനാകാത്ത മാന്യതയും അന്തസ്സും ഏതൊരു നിയമത്തിനും മീതെയാണെന്ന് പാപ്പ വ്യക്തമാക്കി. കഠിനമായ വേദനയും അസുഖങ്ങളും മൂലം ജീവിതം ഇരുളടഞ്ഞതായി തോന്നുന്ന ഘട്ടങ്ങളിലും പ്രത്യാശ കൈവിടരുതെന്ന് മാർപാപ്പ രോഗികളോട് അഭ്യർഥിച്ചു.
രോഗികളെ സംരക്ഷിക്കുകയാണ് ആരോഗ്യമേഖലയുടെ പ്രാഥമിക കടമയെന്നും, അല്ലാതെ അവരുടെ ജീവൻ അവസാനിപ്പിക്കുകയല്ല വേണ്ടതെന്നും പാപ്പ ഡോക്ടർമാരെയും പരിചാരകരെയും ഓർമ്മിപ്പിച്ചു. പാലിയേറ്റീവ് കെയർ (വേദനസംഹാരി പരിചരണങ്ങൾ) കൂടുതൽ ശക്തിപ്പെടുത്തണമെന്നും രോഗബാധിതരായ മനുഷ്യർക്ക് അവസാന നിമിഷം വരെ സ്നേഹവും കരുതലുമാണ് നൽകേണ്ടതെന്നും മാർപാപ്പ കൂട്ടിചേർത്തു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ മാർപാപ്പയുടെ നിലപാടിന് വൻ കൈയടിയാണ് ലഭിച്ചത്.




