
ലോകത്തിലെ ദരിദ്രരാജ്യങ്ങളിൽ ഒന്നായ ഹെയ്തിയിലെ അക്രമവും കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘങ്ങളുമുള്ള അന്തരീക്ഷത്തിൽ തങ്ങളുടെ മിഷൻപ്രവർത്തനം തുടരാൻ കഷ്ടപ്പെടുകയാണ് കത്തോലിക്കാ മിഷനറിമാർ.
“ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കുന്നതിൽനിന്ന് ഈ രാജ്യത്തെ അവസ്ഥ ഞങ്ങളെ തടയുന്നില്ല. മറിച്ച് ഞങ്ങളെ ആവശ്യമുള്ള ഇവിടെ പ്രവർത്തനം തുടരാൻ അത് പ്രേരിപ്പിക്കുന്നു”- മിഷനറീസ് ഓഫ് ദ സേക്രട്ട് ഹാർട്ട് സമൂഹാംഗമായ ഫാ. ആമോസ് ജീൻ പറയുന്നു.
“ഈ ജനത്തോടൊപ്പം നിൽക്കാൻ ഇവിടുത്തെ സാഹചര്യങ്ങൾ കാരണമാകുന്നുണ്ട്. അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന്, അവരോടൊപ്പം സഞ്ചരിച്ച്, അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, പ്രത്യാശയോടെ ഭാവിയിലേക്ക് ഉറ്റുനോക്കാൻ അവരെ സഹായിക്കുന്നു” – വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ക്രിമിനൽ സംഘങ്ങളെ ഭയന്ന്, ഏറ്റവും അത്യാവശ്യമുള്ള സമയങ്ങളിൽ മാത്രമേ ജനങ്ങൾ അവരുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാറുള്ളു. തലസ്ഥാന നഗരത്തിന്റെ (Port au Prince), ഭൂരിഭാഗവും ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
വൈദ്യുതിയും വെള്ളവും ഭക്ഷണവും മരുന്നും ഒക്കെ പരിമിതമാണ്. ആശുപത്രികളും ഫാർമസികളുമൊക്കെ കൊള്ളചെയ്യപ്പെടുന്നു. മിക്ക റോഡുകളും ബ്ലോക്ക് ചെയ്തിരിക്കുന്നതിനാൽ മറ്റിടങ്ങളിൽ നിന്നും വരുന്ന ഭക്ഷണം ഇവിടേക്ക് സുഗമമായി എത്തുന്നില്ല.ഇവിടുത്തെ ആളുകൾ ഓരോ ദിവസത്തെയും ഭക്ഷണത്തിനുവേണ്ടി പൊരുതുകയും മിക്കപ്പോഴും പരാജയപ്പെട്ട് മടങ്ങിയെത്തുകയും ചെയ്യുന്ന ദുരവസ്ഥയാണുള്ളത് ഫാ. ആമോസ് പങ്കുവയ്ക്കുന്നു.
ഗ്യാങ്ങുകൾ പരസ്പരവും പൊലീസുമായും സ്ഥിരമായി ഏറ്റുമുട്ടൽ നടക്കുന്ന ഇടങ്ങളിലെ സ്കൂളുകളുടെ പ്രവർത്തനം പരിതാപകരമാണ്. മിക്കപ്പോഴും ക്ലാസ്സുകൾ നടത്താൻ കഴിയാറില്ല. മാസങ്ങളോളം കുട്ടികൾ സ്കൂളിൽ പോകാതെ കഴിയുന്നു.
2023 -2024 കാലയളവിൽ ഹെയ്തിയിലെ കുട്ടികളുടെയും കൗമാരക്കാരുടെയും നേർക്കുള്ള ലൈംഗികഅതിക്രമം 100% വർധിച്ചിരിക്കുകയാണെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.
സായുധരായ അക്രമികൾ തങ്ങളുടെ സംഘങ്ങളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിൽ കഴിഞ്ഞവർഷം 70% വർധനവാണ് ഉണ്ടായിരിക്കുന്നത്. മിക്ക ഗ്യാങ്ങുകളിലെയും പകുതിയോളം വരുന്ന അംഗങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ പുനരധിവാസത്തിന് യുനിസെഫ് വിവിധ പ്രൊജക്ടുകൾ ചെയ്തു വരുന്നുണ്ട്.




