മക്കൾക്കായി പണം കൊടുത്തു വാങ്ങാനാവാത്ത പത്ത് കാര്യങ്ങൾ

ഇന്നത്തെ കാലത്ത് കുട്ടികളുടെ സന്തോഷത്തിനായി വിലകൂടിയ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ഫോണുകളും ടാബുകളുമൊക്കെ വാങ്ങി നൽകാനാണ് പല മാതാപിതാക്കളും ശ്രമിക്കുന്നത്. എന്നാൽ, പണം കൊണ്ട് വാങ്ങാൻ കഴിയുന്ന വസ്തുക്കളേക്കാൾ കുട്ടികളുടെ മനസ്സിനെയും ഭാവിയെയും മനോഹരമാക്കുന്നത് പണം കൊടുത്തു വാങ്ങാനാവാത്ത ചില ആത്മബന്ധങ്ങളാണ്. ഒരു കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കൾ നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട പത്ത് കാര്യങ്ങൾ ഇതാ:

1. അളവറ്റ സ്നേഹം

കുട്ടികളുടെ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടിത്തറ മാതാപിതാക്കളുടെ സ്നേഹമാണ്. സ്നേഹവും കരുതലുകളും അനുഭവിച്ചു വളരുന്ന കുട്ടികൾക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും എളുപ്പത്തിൽ സാധിക്കും.

2. വിലയേറിയ സമയവും ശ്രദ്ധയും

നിങ്ങളുടെ കൈവശമുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നിങ്ങളുടെ സമയമാണ്. ദിവസവും കുറച്ചുസമയമെങ്കിലും ഫോണോ മറ്റ് ചിന്തകളോ ഇല്ലാതെ കുട്ടികൾക്കായി മാറ്റിവയ്‌ക്കുക. അവരുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുക.

3. ഹൃദയം നിറഞ്ഞ പ്രോത്സാഹനം

മാതാപിതാക്കളുടെ നല്ലൊരു വാക്കിന് കുട്ടികളുടെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. അവരുടെ ശ്രമങ്ങളെയും കഴിവുകളെയും എപ്പോഴും അഭിനന്ദിക്കുക. പരാജയപ്പെടുമ്പോൾ താങ്ങായി നിന്ന് പ്രോത്സാഹിപ്പിക്കുക.

4. സുരക്ഷിതമായ അന്തരീക്ഷം

സമാധാനവും വിശ്വസ്തതയുമുള്ള ഒരു കുടുംബാന്തരീക്ഷമാണ് കുട്ടികളുടെ മനസ്സിന് ഏറ്റവും വലിയ സുരക്ഷിതത്വം നൽകുന്നത്. എന്തുവന്നാലും തങ്ങൾക്ക് താങ്ങായി കുടുംബമുണ്ടെന്ന ബോധം അവരെ മാനസികമായി ശക്തരാക്കും.

5. പുതിയ അനുഭവങ്ങൾക്കുള്ള അവസരം

പുതിയ കാര്യങ്ങൾ പഠിക്കാനും ലോകത്തെ തൊട്ടറിയാനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുക. സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാൻ ഇത് അവരെ സഹായിക്കും. ഇതിനായി വലിയ പണച്ചിലവിന്റെ ആവശ്യമില്ല.

6. സ്നേഹത്തോടെയുള്ള അച്ചടക്കം

ജീവിതത്തിൽ അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം. ഇത് ഭയപ്പെടുത്തിയോ ശിക്ഷിച്ചോ അല്ല, മറിച്ച് സ്നേഹത്തോടെയും കാര്യകാരണങ്ങൾ വ്യക്തമാക്കിയും വേണം ശീലിപ്പിക്കാൻ.

7. സന്തോഷവും ചിരിയും

കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ചിരിയും സന്തോഷവും വളരെ അത്യാവശ്യമാണ്. വീട്ടിൽ എപ്പോഴും തമാശകളും കൊച്ചുവർത്തമാനങ്ങളും നിറഞ്ഞ നല്ലൊരു അന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിക്കുക.

8. സുരക്ഷിതമായ മടിത്തട്ട്

കഥകൾ പറഞ്ഞു കൊടുക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മാതാപിതാക്കളുടെ മടിത്തട്ടിനോളം സുരക്ഷിതമായ മറ്റൊരു ഇടം ലോകത്തിലില്ല. ആ സമ്പർക്കം അവർക്ക് നൽകുന്ന ആശ്വാസവും സ്നേഹവും ചെറുതല്ല.

9. തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യം

കുട്ടികൾ പരീക്ഷണങ്ങൾ നടത്തട്ടെ, ചെറിയ തെറ്റുകൾ വരുത്തട്ടെ. തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യവും ക്ഷമയും അവർക്ക് നൽകുക. അബദ്ധങ്ങൾ പറ്റുമ്പോൾ തിരുത്തി കൂടെനിൽക്കുക.

10. ചേർത്തുപിടിക്കലുകളും ഉമ്മകളും (Hugs & Kisses)

നിങ്ങളുടെ സ്നേഹം പ്രവൃത്തിയിലൂടെ കാണിക്കുക. കുട്ടികളെ കൂടെക്കൂടെ ചേർത്തുപിടിക്കുന്നതും ഉമ്മകൾ നൽകുന്നതും അവരുടെ മനസ്സിന് വലിയ സന്തോഷവും സുരക്ഷിതത്വവും നൽകും.

മാതാപിതാക്കളെന്ന നിലയിൽ നമ്മൾ മക്കൾക്കായി കരുതിവയ്‌ക്കേണ്ടത് ബാങ്ക് ബാലൻസുകളോ വിലകൂടിയ വസ്തുക്കളോ അല്ല; മറിച്ച് ഇത്തരത്തിലുള്ള ലളിതമായ കരുതലുകളാണ്. പണം കൊടുത്തു വാങ്ങാൻ കഴിയാത്ത ഈ വിലയേറിയ സമ്മാനങ്ങൾ നൽകി നമുക്ക് നമ്മുടെ മക്കളുടെ ബാല്യം അർഥപൂർണ്ണവും അവിസ്മരണീയവുമാക്കാം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.