
വെസ്റ്റ് ബാങ്കിലെ ജെറുസലേമിന് സമീപമുള്ള ചരിത്രപ്രധാനമായ ക്രിസ്ത്യൻ ഗ്രാമമായ തായ്ബെയിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം വർധിക്കുന്നതായി റിപ്പോർട്ട്. ഒലീവ് വിളവെടുപ്പ് കാലമായതോടെ ഗ്രാമത്തിലെ ഒലീവ് തോട്ടങ്ങളും മരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പ്രദേശത്തെ കത്തോലിക്കാ ഇടവക വികാരി ഫാ. ബഷാർ ഫവാദ്ലെ വെളിപ്പെടുത്തി. അക്രമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫാ. ബഷാർ ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ സഹായം അഭ്യർഥിച്ചുകൊണ്ട് കത്തയച്ചിരിക്കുകയാണ്.
“തലമുറകളായി, ഒലീവ് മരങ്ങൾ വരുമാനം മാത്രമല്ല നൽകിയിരുന്നത്; മറിച്ച് ഞങ്ങളുടെ ചരിത്രവുമായും പൈതൃകവുമായും, നൂറ്റാണ്ടുകളായി ഞങ്ങളുടെ കുടുംബങ്ങൾ ജീവിച്ചുപോരുന്ന ഭൂമിയുമായുള്ള ആഴത്തിലുള്ള ബന്ധം കൂടിയാണ് അത്. ഒലീവ് വിളവെടുപ്പ് ഒരു സാമ്പത്തിക ആവശ്യവും, അതോടൊപ്പം ഞങ്ങളുടെ വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും പ്രധാനപ്പെട്ട ഒരു ആവിഷ്കാരവുമാണ്. ഈ വർഷത്തെ നഷ്ടങ്ങൾ ഏറെ വേദനാജനകമാണ്”- ഫാ. ബഷാർ ഫവാദ്ലെ കത്തിൽ പറയുന്നു.
നഷ്ടപ്പെടുന്ന ഓരോ വിളവെടുപ്പും, സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനും തങ്ങളുടെ ജീവിതരീതി സംരക്ഷിക്കാനും പാടുപെടുന്ന ജനങ്ങളുടെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് പറഞ്ഞ ഫാ. ബഷാർ ഐക്യദാർഢ്യവും പ്രാർഥനയും ഞങ്ങൾ അഭ്യർഥിക്കുന്നു എന്ന് കത്തിലൂടെ വെളിപ്പെടുത്തി.
“ഗ്രാമത്തിലെ കുടുംബങ്ങൾ ഓരോ വർഷവും ഈ വിളവെടുപ്പിൽ നിന്നുള്ള വരുമാനത്തെയാണ് ആശ്രയിക്കുന്നത്. എന്നിട്ടും അവർ സ്വന്തം ഭൂമിയിൽ നിന്ന് ഒറ്റപ്പെടുകയോ, കുടിയേറ്റക്കാർ മരങ്ങൾ പിഴുതെറിയുന്നതിനും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനും സാക്ഷികളാകേണ്ടി വരികയോ ചെയ്യുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പാലസ്തീനികൾക്കും അവരുടെ ഭൂമിക്കും പൈതൃകത്തിനുമെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ ഭാഗമാണിത്”- കാഫോഡ് (CAFOD) മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഓഫീസറായ മായ സ്ട്രീറ്റ് വെളിപ്പെടുത്തുന്നു.




