ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പതിനെട്ടാം ദിവസം

ജിൻസി സന്തോഷ്

‘അമ്മ’ ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃതകൂട്ടുകളുടെ കൂടാരമാണ്. “നിന്റെ അമ്മയും സഹോദരരും നിന്നെ കാണാനാഗ്രഹിച്ച് പുറത്തുനിൽക്കുന്നു” എന്നറിയിച്ച ശിഷ്യരോട്, ‘ദൈവത്തിന്റെ വചനംകേട്ട് പ്രമാണിക്കുന്നവരത്രെ എന്റെ അമ്മയും സഹോദരരും’ എന്ന മകന്റെ മറുപടി. അമ്മമനസ്സ് നിമിഷനേരത്തേക്ക് പിടഞ്ഞിട്ടുണ്ടാകും. എങ്കിലും കൃപനിറഞ്ഞ മറിയം, തന്റെ ദൈവവചനത്തോടുള്ള അനുസരണയെ ലോകത്തിനുമുമ്പിൽ മകൻ വാഴ്ത്തുകയായിരുന്നുവെന്ന്  തിരിച്ചറിഞ്ഞു.

സ്വർഗപിതാവിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുന്നവരൊക്കെ തന്റെ അമ്മയോളം ഉയർത്തപ്പെടുമെന്ന ക്രിസ്തുവിന്റെ ആഹ്വാനം, ശബ്ദമില്ലാതെ തന്റെ ജനത്തോടും സ്വർഗം പറഞ്ഞതെല്ലാം അനുസരിച്ച്, ഏല്പിച്ച കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ ഫലമണിയിച്ച്, മറ്റാരേക്കാളും ദൈവസാന്നിധ്യത്തിന്റെ ആനന്ദം ആസ്വദിച്ച പരിശുദ്ധ അമ്മ. സകല തിന്മകളുടെ ശക്തിയെയും ജയിക്കാൻകഴിവുള്ള നന്മയുടെ മൂർത്തീഭാവം. സ്വർഗത്തിന്റെയും നമ്മുടെയും മഹാഭാഗ്യം.

ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി അമ്മമാരോളം വേറാരുമില്ല പാരിൽ. മുറിവേല്പിക്കപ്പെടുമ്പോഴും സൗഖ്യസ്നാനത്താൽ ചേർത്തണക്കുന്ന സാന്നിധ്യം. ഉണ്ണാൻമറന്നാലും ഊട്ടാൻ മറക്കാത്തവൾ. ഊഷ്മളമായ ബന്ധങ്ങളുടെ കരുതൽ കാത്തുസൂക്ഷിക്കാൻ, ബന്ധങ്ങൾ ശുഷ്കിക്കുമ്പോൾ കാലഘട്ടത്തിന്റെ വീണ്ടെടുപ്പിനായി കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ കരുതൽവേണമെന്ന് അമ്മമറിയം നമ്മെ ഓർമ്മപ്പെടുത്തുന്നു.

“മറിയത്തെപ്പറ്റി നിങ്ങളറിയാൻ ആഗ്രഹിക്കുന്നതെല്ലാം സുവിശേഷത്തിലെ ഒറ്റ വാക്യത്തിലടങ്ങിയിരിക്കുന്നു. അവളിൽനിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (വി. തോമസ് വില്ലനോവ).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.