ഉറക്കത്തിലെ പല്ലുകടി: കാരണങ്ങളും പരിഹാരങ്ങളും

സി. ഡോ. സംഗീത SVM

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദന, കവിളുകളിൽ സഹിക്കാൻ പറ്റാത്ത വേദന, ഭക്ഷണം ചവയ്ക്കാൻ ബുദ്ധിമുട്ട്… ഐ.ടി. പ്രൊഫഷണലായ ടോമിനെ കുറച്ചു മാസങ്ങളായി അലട്ടിയിരുന്ന പ്രശ്നങ്ങളാണിത്. തലവേദന മാറ്റാൻ ന്യൂറോളജിസ്റ്റിനെയും ഫിസിഷ്യനെയും ഇ.എൻ.ടിയെയുമൊക്കെ കാണിച്ച് മരുന്നുകൾ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പല്ലിന്റെ കടുത്ത പുളിപ്പ് കാരണം ഒരു ദന്തഡോക്ടറെ കാണിച്ചപ്പോഴാണ് യഥാർഥ വില്ലനെ തിരിച്ചറിഞ്ഞത്. പല്ലിലെ കേടുകളല്ല, മറിച്ച് ഉറക്കത്തിലും ജോലിസമയത്തും താനറിയാതെ ചെയ്തിരുന്ന പല്ലുകടിയും (Bruxism) പല്ലുകൾ ശക്തമായി കടിച്ചുപിടിക്കലുമായിരുന്നു (Clenching) അത്!

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിലും മാനസിക സമ്മർദങ്ങൾക്കിടയിലും ആയിരക്കണക്കിന് ആളുകൾ നേരിടുന്ന, എന്നാൽ പലപ്പോഴും വൈകി മാത്രം തിരിച്ചറിയപ്പെടുന്ന ഒരു പ്രശ്നമാണിത്.

എന്താണ് ബ്രക്സിസവും ക്ലെഞ്ചിംഗും?

ബ്രക്സിസം (Bruxism): പല്ലുകൾ ആവശ്യമായ സമയത്തല്ലാതെ ആവർത്തിച്ച് ഉരസുകയോ (grinding), അമർത്തുകയോ (clenching) ചെയ്യുന്നതിനെയാണ് പൊതുവെ ബ്രാക്സിസം എന്ന് പറയുന്നത്. ഇത് പ്രധാനമായും ക്ലെഞ്ചിങ്, സ്ലീപ്‌ ബ്രക്സിസം എന്നീ രണ്ട് രീതികളില്‍ കാണാം.

1. ക്ലെഞ്ചിങ് (Awake Bruxism/Clenching): ഉണർന്നിരിക്കുമ്പോൾ അറിയാതെ പല്ലുകൾ കടിച്ചുപിടിക്കുന്നതോ, താടിയിലെ പേശികൾ മുറുകുന്നതോ ആണ് ഇതിന് കാരണം. പല്ലുകൾ കൂട്ടിയുരയ്ക്കുന്നതിനു പകരം താടിയെല്ലിലെ പേശികൾ ഉപയോഗിച്ച് ശക്തിയായി കടിച്ചുപിടിക്കുന്ന അവസ്ഥയാണിത്. ഇത് പകൽസമയത്ത് (Awake Bruxism) ജോലി ചെയ്യുമ്പോഴോ, ഡ്രൈവ് ചെയ്യുമ്പോഴോ, സ്ട്രെസ്സ് വരുമ്പോഴോ ആണ് കൂടുതൽ കാണപ്പെടുന്നത്. ഇതിന് ശബ്ദമൊന്നും ഉണ്ടാകാറില്ല.

2. സ്ലീപ്‌ ബ്രക്സിസം /പല്ലുകടി (Sleep Bruxism): ഉറക്കത്തിനിടെ അറിയാതെ പല്ലുകൾ ഉരസുകയോ, ശക്തമായി അമർത്തുകയോ ചെയ്യുന്നത്. ഇതിൽ പലർക്കും തങ്ങൾ ഇത് ചെയ്യുന്നുണ്ടെന്ന് തന്നെ അറിയില്ല. കുടുംബാംഗങ്ങളോ, പങ്കാളിയോ രാത്രി പല്ല് ഉരസുന്ന ശബ്ദം കേട്ടാണ് പലപ്പോഴും ശ്രദ്ധിക്കുന്നത്. നമ്മുടെ നിയന്ത്രണമില്ലാതെ, അബോധാവസ്ഥയിൽ പല്ലുകൾ തമ്മിൽ അമർത്തുകയോ, കൂട്ടിയുരയ്ക്കുകയോ ചെയ്യുന്ന ഒരു നാഡീ-പേശി (Neuro-muscular) അസ്വസ്ഥതയാണിത്.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

ഇത് പല്ലുകളെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് നമ്മുടെ നാഡീവ്യൂഹവുമായി (Central Nervous System) ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രശ്നമാണ്. ഇതിന് പല കാരണങ്ങളുണ്ട്.

ഒന്നാമതായി, മാനസിക സമ്മർദവും ഉത്കണ്ഠയും: ജോലിയിലെ സ്ട്രെസ്സ്, ദേഷ്യം, മനസ്സിന്റെ അസ്വസ്ഥതകൾ എന്നിവ പ്രധാന കാരണങ്ങളാണ്.

രണ്ടാമത്, ഉറക്കത്തിലെ അസ്വസ്ഥതകൾ: ഉറക്കത്തിൽ ശ്വാസതടസ്സം (Sleep Apnea) ഉള്ളവരിൽ ശ്വാസനാളം തുറന്നുപിടിക്കാൻ ശരീരം ശ്രമിക്കുന്നതിന്റെ ഭാഗമായി പല്ലുകടി ഉണ്ടാകാം.

മൂന്നാമത്തേത് ജീവിതശൈലിയാണ്: അമിതമായ ചായ/ കാപ്പി കുടി, പുകവലി, മദ്യപാനം, വൈകിയുള്ള ഉറക്കം ഇവയൊക്കെ ഇതിന് കാരണമാകാം.

നാലാമത്തേത് പല്ലുകളുടെ നിരയിലെ വ്യത്യാസങ്ങളാണ് (Malocclusion): പല്ലുകൾ കൃത്യമായ നിരയിലല്ലാതെ ഇരിക്കുന്നത് കൂട്ടിക്കടിക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കാം.

ഇവ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍

1. പല്ലുകളുടെ തേയ്മാനവും വിള്ളലുകളും: പല്ലിന്റെ സംരക്ഷണപാളിയായ ഇനാമൽ തേഞ്ഞ് ഉള്ളിലെ മഞ്ഞനിറമുള്ള ഡെന്റിൻ പുറത്തുവരുന്നു. ഇത് കടുത്ത പുളിപ്പിനും പല്ലുകൾ ഒടിഞ്ഞുപോകുന്നതിനും കാരണമാകുന്നു.

2. കവിളിലെ പേശികളുടെ തടിപ്പ്: നിരന്തരം പല്ല് കടിച്ചുപിടിക്കുന്നത് കവിളിലെ മാസ്സെറ്റർ (Masseter) പേശികൾക്ക് അമിതഭാരം നൽകുകയും മുഖത്തിന്റെ ആകൃതി ചതുരശ്രമായി (Square Jaw) മാറാൻ കാരണമാകുകയും ചെയ്യുന്നു.

3. താടിയെല്ലിന്റെ സന്ധിയിലെ വേദന (TMJ Disorders): ചെവിക്കു മുൻപിലുള്ള താടിയെല്ല് സന്ധിയിൽ കടുത്ത വേദനയും വായ തുറക്കുമ്പോൾ ക്ലിക്ക് (Click) ശബ്ദവും ഉണ്ടാകുന്നു.

4. രാവിലെയുള്ള തലവേദന: രാത്രി മുഴുവൻ താടിയെല്ലിലെ പേശികൾ വലിഞ്ഞുനിൽക്കുന്നതിനാൽ രാവിലെ എഴുന്നേൽക്കുമ്പോൾ നെറ്റിയുടെ വശങ്ങളിൽ കടുത്ത തലവേദന അനുഭവപ്പെടുന്നു.

ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

എപ്പോൾ ദന്തഡോക്ടറെ കാണണം?

താഴെപ്പറയുന്നവ ശ്രദ്ധയിൽപെട്ടാൽ ദന്തഡോക്ടറെ കാണേണ്ടതാണ്.

  • പല്ലുകൾ വേഗത്തിൽ തേഞ്ഞുപോകുന്ന അവസ്ഥ.
  • പല്ലിൽ വിള്ളലുകൾ (Crack) അല്ലെങ്കിൽ പൊട്ടൽ (Fracture) ഉണ്ടാകുക.
  • സ്ഥിരമായി പല്ല് പുളിപ്പ് (Tooth Sensitivity) അനുഭവപ്പെടുക.
  • രാവിലെ പതിവായി താടിയെല്ലിന്റെ പേശികളിൽ വേദന /തലവേദന (Jaw Pain/ Headache) ഉണ്ടാകുക.
  • ചവയ്ക്കുന്ന മസിലുകള്‍ക്ക് (Chewing Muscles) സ്ഥിരമായ വേദന.
  • ഉറക്കത്തിൽ പല്ല് ഉരസുന്ന ശബ്ദം ഉണ്ടാകുക.
  • വായ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • പഴയ ക്യാപ് /ഫില്ലിങ് (Fillings/ Crowns) ആവർത്തിച്ച് പൊട്ടിപ്പോവുക.
  • പല്ലുകൾ കടിച്ചുപിടിക്കുന്ന ശീലം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം.

എന്നാൽ, ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണം മാത്രം ഉണ്ടായതുകൊണ്ട് ബ്രക്സിസം ഉണ്ടെന്ന് ഉറപ്പിക്കാനാവില്ല. ദന്തഡോക്ടറുടെ പരിശോധന (Clinical Examination) ആണ് പ്രധാനപ്പെട്ടത്.

പരിഹാരമാർഗങ്ങളും ചികിത്സകളും

ബ്രക്സിസം പൂർണ്ണമായി ഒറ്റദിവസം കൊണ്ട് നിർത്തിക്കാൻ കഴിയില്ലെങ്കിലും, കൃത്യമായ മുൻകരുതലുകളിലൂടെ പല്ലുകളെയും താടിയെല്ലിനെയും സംരക്ഷിക്കാൻ സാധിക്കും.

1. നൈറ്റ് ഗാർഡുകൾ (Custom Night Guards): രോഗിയുടെ പല്ലുകളുടെ അളവെടുത്ത് പ്രത്യേകമായി നിർമ്മിക്കുന്ന കട്ടിയുള്ള അക്രിലിക് ഗാർഡുകൾ രാത്രി ധരിക്കുക. ലേസർ ചികിത്സ (Laser treatment) ചെവിക്കു ചുറ്റും നെറ്റിയിലും ഒക്കെ വരുന്ന വേദനകൾ ഒരു പരിധി വരെ ഇതുവഴി കുറയ്ക്കാം.

2. ചുണ്ടുകള്‍ ചേര്‍ന്നിരിക്കുമ്പോഴും പല്ലുകള്‍ അകന്നിരിക്കണം (Lips Together, Teeth Apart): പകൽസമയത്ത് വായ അടച്ചിരിക്കുമ്പോഴും ചുണ്ടുകൾ കൂട്ടിപ്പിടിച്ചാലും മുകളിലെയും താഴത്തെയും പല്ലുകൾ തമ്മിൽ മുട്ടാൻ പാടില്ല. നാവിൻതുമ്പ് മുകളിലെ അണ്ണാക്കിൽ മുട്ടിച്ചുനിർത്താൻ പരിശീലിക്കുക (N-position).

3. ബോട്ടോക്സ് തെറാപ്പി (Botox for Masseter Muscle): അമിതമായ ക്ലെഞ്ചിങ് ഉള്ളവരിൽ, കവിളിലെ പേശികളിലേക്ക് ചെറിയ അളവിൽ ബോട്ടോക്സ് ഇൻജക്ട് ചെയ്ത് പേശികളുടെ അമിതബലം കുറയ്ക്കുന്ന രീതിയാണിത്.

4. സ്ട്രെസ്സ് മാനേജ്‌മെന്റ്: ധ്യാനം (Meditation), യോഗ, വ്യായാമം എന്നിവ ശീലിക്കുക. ഉറങ്ങുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ കുളിക്കുകയോ, താടിയെല്ലിൽ ഇളംചൂട് പിടിക്കുകയോ ചെയ്യുന്നത് പേശികൾക്ക് അയവ് നൽകും.

ബ്രക്സിസം ഒരു ചെറിയ ശീലം മാത്രമായി കാണേണ്ടതില്ല. പല്ലുകൾ ഉരസുന്നതും കടിച്ചുപിടിക്കുന്നതും നമ്മുടെ ശരീരം നൽകുന്ന ഒരു സൂചനയാണ്. എന്നാല്‍ ബ്രക്സിസമുള്ള എല്ലാവർക്കും ഒരേ ചികിത്സ ആവശ്യമില്ല. കാരണം കണ്ടെത്തുക, പല്ലുകളുടെയും താടിയുടെയും അവസ്ഥ വിലയിരുത്തുക, ആവശ്യമായപ്പോൾ മാത്രം ശരിയായ ചികിത്സ നേടുക – ഇതാണ് ഏറ്റവും നല്ല സമീപനം. തുടർച്ചയായി ചെവിക്ക്‌ അസ്വസ്ഥതയോ, താടിയെല്ല് വേദനയോ, പല്ലിന് അമിതമായ പുളിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിസ്സാരമായി തള്ളിക്കളയരുത്. ഒരു ദന്തഡോക്ടറെ കണ്ട് കൃത്യസമയത്ത് നൈറ്റ് ഗാർഡ് പോലെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ നിങ്ങളുടെ ചിരിയെയും പല്ലുകളുടെ ആരോഗ്യത്തെയും ദീർഘകാലം സംരക്ഷിക്കാൻ സാധിക്കും. പല്ലുകൾ 24 മണിക്കൂറും കടിച്ചുപിടിച്ചിരിക്കാനുള്ളതല്ല, മറിച്ച് ഭക്ഷണം നന്നായി ചവച്ചരയ്ക്കാനും മുഖത്തിന്റെ സ്വാഭാവിക ഘടനാഭംഗി നിലനിർത്താനും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനുമുള്ളതാണ്.

സി. ഡോ. സംഗീത SVM 
ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റല്‍, കിടങ്ങൂര്‍, കോട്ടയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.