മർദനവും വധഭീഷണിയും: തട്ടിക്കൊണ്ടുപോകപ്പെട്ട മെക്സിക്കൻ വൈദികൻ നേരിട്ടത് ക്രൂരപീഡനങ്ങൾ

മെക്സിക്കോയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വൈദികൻ നേരിട്ട ക്രൂരമായ അനുഭവങ്ങളെ വെളിപ്പെടുത്തി കുലിയാകാൻ രൂപത. ഒക്ടോബർ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു വൈദ്യപരിശോധനക്ക് ശേഷം കാണാതായ ഫാദർ ക്ലെമൻറെ മൊറാലസ് ടൊപ്പേറ്റയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് വളരെ വേദനയോടെയാണ് രൂപത ബിഷപ്പ് ജോസ് ഡി ജീസസ് ഹെറേറ ക്വിനോണസ് വെളിപ്പെടുത്തിയത്.

തട്ടിക്കൊണ്ടുപോയ അജ്ഞാതസംഘത്തിന്റെ തടങ്കലിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ക്രൂരമായ മർദനവും പൊള്ളലുകളും വധഭീഷണിയുമാണ് ഫാദർ മൊറാലസ് ടൊപ്പേറ്റയ്ക്ക് നേരിടേണ്ടി വന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഫാദർ മൊറാലസ് ടൊപ്പേറ്റ ഒക്ടോബർ 27 ചൊവ്വാഴ്ച തന്റെ ഇടവകയായ ക്രിസ്റ്റോ റെസുസിറ്റാഡോയിൽ തിരിച്ചെത്തി. ഏറ്റവും മോശമായ അവസ്ഥയിലാണ് അദ്ദേഹം തന്റെ ഇടവകയിൽ എത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായ പൊള്ളലുകളും ചതവുകളും ഉണ്ടായിരുന്ന വൈദികനെ ഇടവകാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

“അജ്ഞാതരായ ഒരു സംഘം ആളുകൾ വൈദികനെ പിടിച്ചുകൊണ്ടുപോവുകയും അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തനിക്കറിയാത്ത വിവരങ്ങൾ ആവശ്യപ്പെട്ട് അവർ അദ്ദേഹത്തെ മർദിക്കുകയും ശരീരത്തിൽ ഗുരുതരമായ പൊള്ളലേൽപ്പിക്കുകയും ചെയ്തു,” സംഭവത്തെക്കുറിച്ച് ബിഷപ്പ് വ്യക്തമാക്കി. ഒക്ടോബർ 27 ചൊവ്വാഴ്ച മോചിപ്പിക്കപ്പെടുന്നത് വരെ വൈദികനെ അവർ മൂന്ന് ദിവസം തടങ്കലിൽ വച്ചതായും നിരന്തരം വധഭീഷണി മുഴക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

പരിക്കുകൾ ജീവഹാനി ഉണ്ടാക്കുന്നതല്ലെങ്കിലും തുടർചികിത്സകൾ വൈദികന് ആവശ്യമാണെന്ന് ബിഷപ്പ് ജോസ് വ്യക്തമാക്കി. പരിക്കുകളേക്കാൾ ഏറെ ആക്രമണവും ഭീഷണിയും മൂലമുള്ള വലിയ മാനസിക ആഘാതത്തിലാണ് വൈദികൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികൃതർ ഈ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ മോൺസിഞ്ഞോർ ഹെറേറ ക്വിനോണസ്, യഥാർഥ വസ്തുതകളില്ലാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനോ ആർക്കെതിരെയും വിരൽ ചൂണ്ടാനോ തെറ്റായ വിവരങ്ങൾ പരത്താനോ നിൽക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.