തിരുഹൃദയഭക്തി തിരുസഭയിൽ: ചരിത്രവഴികളിലൂടെ

തിരുസഭയുടെ വിശ്വാസധാരയിൽ ചിരപ്രതിഷ്ഠ നേടിയ ഒരു ഭക്തിയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള സവിശേഷമായ ഭക്തി. നമ്മുടെ ദേവാലയങ്ങളിൽ, അടുത്ത വെള്ളിയാഴ്ച ആദ്യ വെള്ളിയാഴ്ചയാണെന്ന അറിയിപ്പ് നമ്മളിന്നും കേൾക്കാറുണ്ട്. വെള്ളിയാഴ്ചയുടെ പ്രസക്തി ഈശോയുടെ തിരുഹൃദയവണക്കവുമായി ബന്ധപ്പെട്ടാണ്. എങ്ങനെയാണ് ഈ വണക്കം നമ്മുടെ വിശ്വാസജീവിതത്തിൽ ഇത്ര ശക്തമായി വേരു പിടിച്ചത്? ഇതിനു പുറകിലുള്ള ദൈവികമായ ഇടപെടലുകളും ചരിത്രപരമായ വസ്തുതകളും നമുക്ക് മനസിലാക്കാൻ ശ്രമിക്കാം.

സഭയുടെ സ്ഥാപനം മുതൽ തന്നെ തിരുഹൃദയത്തോടുള്ള ഭക്തി സഭയിൽ നിലനിന്നിരുന്നു. കാൽവരിയിലെ കുരിശിൽ ഈശോയുടെ ഹൃദയം പിളർക്കപ്പെട്ടപ്പോൾ മുതൽ ആരംഭിച്ചതാണ് ഇത്. ഹൃദയഭേദകമായ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായ പരിശുദ്ധ കന്യകാമറിയവും വി. യോഹന്നാനും ജീവിതം മുഴുവൻ ഈശോയുടെ ഹൃദയത്തെക്കുറിച്ച് ധ്യാനിച്ചിട്ടുണ്ടാകും. തന്റെ തിരുതനയന്റെ കുരിശുമരണത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന ഒരു അമ്മക്ക് താങ്ങാവുന്നതിലും വലിയ ഒരു കാഴ്ചയായിരുന്നു ഇത്. ഇതു കണ്ട പരിശുദ്ധ അമ്മയുടെ ഹൃദയവും വേദനിച്ചു. ഈശോയുടെ തിരുഹൃദയവണക്കത്തോടൊപ്പം മാതാവിന്റെ വിമലഹൃദയഭക്തിയും സഭയിൽ വേറൊരു ധാരയിലൂടെ കടന്നുവന്നത് മറ്റൊരു ചരിത്രവസ്തുത.

വിശുദ്ധരും തിരുഹൃദയവും

തിരുസഭയിലെ മഹാരഥന്മാരായ പല വിശുദ്ധരെയും ഈശോയുടെ തിരുഹൃദയത്തിന്റെ ദൃശ്യം വലിയ തോതിൽ സ്വാധീനിച്ചിരുന്നു. പുണ്യവാനും വേദപാരംഗതനുമായ ബർണാഡ് (1090-1153) ഭക്തിപാരവശ്യത്തിൽ ഇങ്ങനെ പറഞ്ഞു: “ഒരുവൻ സ്വഭവനം ഉപേക്ഷിച്ച് ഈശോയുടെ തിരുഹൃദയത്തിൽ വാസസ്ഥാനം കണ്ടെത്തുന്നത് എത്ര ആനന്ദദായകം. വലിയൊരു നിധിശേഖരവും അതിലെ വിലമതിക്കാനാവാത്ത മുത്തുമാണ് ഈശോയുടെ തിരുഹൃദയം. അതിനെ സ്വന്തമാക്കാനായി എനിക്കുള്ളതെല്ലാം ഞാൻ ത്യജിക്കും. പൂർവ്വപ്രവാചകന്മാരോട് ചേർന്ന് നിലവിളിച്ചു കൊണ്ട് ഞാൻ അവിടുത്തെ നാമത്തിന് സ്തുതികളർപ്പിക്കും. ഈശോയുടെ ഹൃദയത്തിനുള്ളിൽ ഞാനെന്റെ രാജാവിനെയും സഹോദരനെയും സ്നേഹിതനെയും കണ്ടെത്തിയിരിക്കുന്നു.”

വേദപാരംഗതനും ദൈവശാസ്ത്രജ്ഞനും തത്വചിന്തകനും മാലാഖക്ക് അടുത്ത വിശുദ്ധിയുടെ ഉടമയുമായ വി. ബൊനവഞ്ചർ (1221-74) കർത്താവിന്റെ തിരുമുറിവുകളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു: “എത്രയും സ്നേഹമുള്ള തിരുമുറിവുകളേ, നിങ്ങൾ വഴിയായി എന്റെ ഈശോയുടെ സ്നേഹത്തിന്റെ ഏറ്റവും ഉള്ളറയിലേക്ക് ഞാൻ പ്രവേശിക്കുകയും എന്റെ ഗേഹം അവിടെ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഈ മുറിവുകളിലൂടെ അങ്ങയുടെ തിരുഹൃദയവുമായുള്ള ഐക്യം സാധിക്കുന്ന ആത്മാവ് അനുഭവിക്കുന്ന മാധുര്യം എത്രയോ ഉന്നതമാണ്. നോക്കൂ, പറുദീസായുടെ വാതിൽ തകർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്ന വാളുകൾ (ഉൽ. 3:24) പടയാളിയുടെ കുന്തം മൂലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാ നിത്യജ്ഞാനത്തിന്റെയും നിത്യസ്നേഹത്തിന്റെയും നിധിശേഖരം എല്ലാവർക്കുമായി തുറന്നിരിക്കുന്നു. ഈ മുറിവുകളിലൂടെ നമുക്ക് കർത്താവിന്റെ ഹൃദയത്തിലേക്ക് കടക്കാം.”

അഗസ്റ്റീനിയൻ സന്യാസിയും മെത്രാനും വിശുദ്ധനുമായ സ്പെയിനിലെ വി. തോമസ് വില്ലനോവ പറഞ്ഞത് ഇപ്രകാരമാണ്: “തന്റെ ഇണയെ നഷ്ടപ്പെട്ട മാടപ്രാവിനെപ്പോലെ സഭ കരയുകയാണ്. തന്റെ പ്രിയന്റെ ഹൃദയമാണ് ദുഃഖാർത്തയായ ഈ മാടപ്രാവിന്റെ കൂട്. മുറിവുകളിലൂടെ അവള്‍ അതിലേക്ക് കടക്കുകയും ആ തിരുഹൃദയത്തിൽ വിശ്രമവും സുരക്ഷിതത്വവും കണ്ടെത്തുകയും ചെയ്യും.”

മിസ്റ്റിക്കുകളും തിരുഹൃദയവും

ജർമ്മൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്ന വി. ജർത്രൂദും (1256-1302) മറ്റൊരു ജർമ്മൻ സന്യാസിനി ആയിരുന്ന വി. മെറ്റിൽഡയും (1241-98), വേദപാരംഗതയും മിസ്റ്റിക്കുമായിരുന്ന സിയന്നയിലെ വി. കാതറിനും (1347-80) ഈശോയുടെ തിരുഹൃദയത്തെ ധ്യാനിച്ചപ്പോൾ അളവറ്റ ആന്തരികാനന്ദം അനുഭവിച്ചവരാണ്. തന്റെ ദിവ്യനാഥനുമായുള്ള ഒരു ദർശനത്തിൽ, എന്തുകൊണ്ടാണ് തന്റെ ഹൃദയം പിളർക്കപ്പെടാൻ അവിടുന്ന് അനുവദിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഈശോ ഇപ്രകാരം പറഞ്ഞു: “ബാഹ്യമായി കാണിക്കാൻ പറ്റാത്തത്ര തീവ്രമായ സ്നേഹം വെളിപ്പെടുത്തണമെന്ന് ഞാൻ തീരുമാനിച്ചു. എന്റെ സഹനങ്ങൾക്ക് ഒരു പരിധി ഉണ്ടായിരുന്നുവെങ്കിലും എന്റെ സ്നേഹത്തിന് ആ പരിധി ഉണ്ടായിരുന്നില്ല.”

ഈശോയുടെ തിരുഹൃദയത്തിന് വി. ജർത്രൂദിനോട് പ്രത്യേക ഒരു മമത ഉണ്ടായിരുന്നു. തന്റെ ആരാധ്യഹൃദയത്തോടുള്ള ഒരു ജ്വലിക്കുന്ന സ്നേഹം അവിടുന്ന് അവളിൽ ആളിക്കത്തിച്ചു. ഈശോയുടെ ഹൃദയത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് വിശുദ്ധ പറഞ്ഞ വാക്കുകൾ ഇവയാണ്: “ലോഭമില്ലാതെ അവിടുന്ന് എന്നിലേക്ക് ചൊരിഞ്ഞ എണ്ണമില്ലാത്ത കൃപകളേക്കാൾ വിലയേറിയ ഒരു സമ്മാനം, തന്റെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ഉപഹാരം, അവിടുത്തെ ആരാധ്യമായ ഹൃദയം എനിക്ക് ലഭിച്ചിരിക്കുന്നു. അവിടുത്തെ ദൈവത്വത്തിന്റെ പേടകവും കവിഞ്ഞൊഴുകുന്ന എല്ലാ ആനന്ദങ്ങളുടെയും നീരുറവയും ആണത്. അവിടുത്തെ ഏറ്റവും സൂക്ഷിച്ചു വയ്ക്കപ്പെട്ട നിഗൂഢതകൾ ഞാൻ അറിഞ്ഞതും ഏറ്റവും ശുദ്ധമായ ആനന്ദം ഞാനനുഭവിച്ചതും ഏറ്റവും മഹത്തരമായ തന്റെ സ്പർശനത്താൽ ഞാൻ ബഹുമാനിതയായതും ആ തിരുഹൃദയം വഴിയായിരുന്നു. എന്റെ കർത്താവേ, എന്റെ ദൈവമേ, നിന്റേതായതെല്ലാം ഞാൻ നിനക്കു തരുന്നു. ഈ ദിവ്യഹൃദയത്തിലൂടെ എന്റെ എല്ലാ ആരാധനകളും കീർത്തനങ്ങളും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു” – ഒരു മിസ്റ്റിക്കിന്റെ വാക്കുകളാണിവ.

വി. ജോൺ യൂഡ്സ്

ഫ്രഞ്ച് വൈദികനും രണ്ട് മിഷനറി സമൂഹങ്ങളുടെ സ്ഥാപകനും ഈശോയുടെ തിരുഹൃദയത്തോടും മാതാവിന്റെ വിമലഹൃദയത്തോടുമുള്ള ഭക്തി പ്രചരിപ്പിക്കാൻ ശ്രമിച്ച ഒരു വിശുദ്ധനുമായിരുന്നു വി. ജോൺ യൂഡ്സ്. ഒരിക്കലും വേർപിരിക്കാൻ സാധിക്കാത്തവിധം അത്രമേൽ ഒന്നായിരിക്കുന്ന ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചും മാതാവിന്റെ വിമലഹൃദയത്തെക്കുറിച്ചും സംസാരിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. വി യൂഡ്സും അദ്ദേഹത്തിന്റെ സഹോദരന്മാരും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്താൻ പരിശ്രമിച്ചിരുന്നു. സ്വാഭാവികമായും അത് ഈശോയുടെ തിരുഹൃദയ ഭക്തിയിൽ തന്നെ ചെന്നെത്തി.

1659-ൽ അദ്ദേഹം തിരുഹൃദയ വണക്കത്തിനായുള്ള ഒരു കുർബാനക്രമം രൂപപ്പെടുത്തുകയും അത് ഉപയോഗിക്കാനുള്ള അനുവാദം നേടുകയും ചെയ്തു. 1672 ഒക്ടോബർ ഇരുപതാം തീയതി യൂഡിസ്റ്റുകളുടെ എല്ലാ ദേവാലയങ്ങളിലും ആശ്രമങ്ങളിലും സെമിനാരികളിലും ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിച്ചു. അവരുടെ സന്യാസ സമൂഹത്തിന്റെ ഏറ്റവും പ്രധാന തിരുനാളുകളിൽ ഒന്നായി അത് മാറി. അന്നേ വരെയും തിരുഹൃദയത്തിന്റെ തിരുനാൾ സഭയിൽ എവിടെയും ആചരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നിരുന്നാലും വാഴ്ത്തപ്പെട്ട മാർഗരറ്റ് മേരി അലക്കോക്കിനെയാണ് തിരുഹൃദയ ഭക്തിയുടെ അപ്പസ്തോലയായി ഈശോ തെരഞ്ഞെടുത്തത്.

വാഴ്ത്ത. മാർഗർറ്റ് മേരി

ഫ്രാൻസിലെ വിസിറ്റേഷൻ മഠങ്ങളിലൊന്നിൽ ആരാലും അറിയപ്പെടാതെയും പ്രസ്താവയോഗ്യമായ യാതൊന്നും പ്രവർത്തിക്കാതെയും സന്യാസജീവിതം നയിച്ചിരുന്ന മാർഗരറ്റ് മേരി അലക്കോക്ക് (1647-90) എന്ന സാധു സന്യാസിനിയെയായിരുന്നു ഈശോ തന്റെ തിരുഹൃദയ ഭക്തി ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കാൻ നിയോഗിച്ചത്. ഈശോയുടെ തിരുഹൃദയത്തോട് സദാ ജ്വലിക്കുന്ന സ്നേഹം പുലർത്തിയിരുന്ന അവൾ ഒരിക്കൽ പരിശുദ്ധ കുർബാനയുടെ മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോയുടെ പ്രത്യേകമായ ഒരു സാന്നിധ്യം തന്റെ സമീപത്ത് അവൾക്ക് അനുഭവപ്പെട്ടു. നമ്മുടെ കർത്താവ് അവൾക്ക് പ്രത്യക്ഷനാവുകയും വർണ്ണനാതീതമായ തന്റെ ഹൃദയരഹസ്യങ്ങൾ അവൾക്ക് വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് അവളോട് അരുളിച്ചെയ്തു: മനുഷ്യകുലത്തിനു വേണ്ടിയും നിനക്കുവേണ്ടി വിശേഷിച്ചും, അതീവസ്നേഹത്താൽ എരിയുന്ന എന്റെ ഹൃദയം കാണുക.” തുടർന്നുള്ള വാക്കുകളിൽ എപ്രകാരമുള്ള സ്നേഹാഗ്നിയാണ് താൻ തന്റെ ഹൃദയത്തിൽ അടക്കിനിർത്തുന്നതെന്നും അത് മനുഷ്യർ യഥോചിതം തിരിച്ചറിയണമെന്നുള്ള അവിടുത്തെ ആഗ്രഹത്തെയും മനുഷ്യർ പാപത്തിൽ നിന്ന് പിന്തിരഞ്ഞ് നിത്യനരകത്തിൽ നിന്നും രക്ഷപെടണമെന്നുള്ള അവിടുത്തെ അഭിലാഷത്തെക്കുറിച്ചും അവിടുന്ന് അവളെ അറിയിച്ചു. അവളുടെ യോഗ്യതയും അജ്ഞതയും കണക്കിലെടുക്കാതെ തന്നെയാണ് ഇത്രയും വലിയൊരു ദൗത്യത്തിനായി ഈശോ മാർഗരറ്റ് മേരിയെ നിയോഗിച്ചത്.

തുടർന്ന് മാർഗരറ്റിന്റെ ഹൃദയം കർത്താവ് കൈകളിൽ എടുക്കുന്നതായും അത് അവിടുത്തെ തിരുഹൃദയത്തോട് ചേർത്തുപിടിക്കുന്നതായും അവൾക്ക് അനുഭവപ്പെട്ടു. അതൊരു ആത്മീയാനുഭൂതി ആയിരുന്നെങ്കിൽക്കൂടി അവളുടെ ശരീരത്തിന്റെ ഇടതുഭാഗത്ത് മൂർച്ചയേറിയതും തീവ്രവുമായ ഒരു വേദന ശിഷ്ടകാലം അവൾ അനുഭവിച്ചിരുന്നു.

മറ്റൊരിക്കൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നപ്പോൾ ദിവ്യനാഥന്റെ മറ്റൊരു ദർശനം അവർക്കുണ്ടായി. അവിടുത്തെ തിരുമുറിവുകൾ സൂര്യനേക്കാൾ പ്രഭയോടെ തിളങ്ങുന്നതായും അവിടുത്തെ മാറിടം അഗ്നിയിൽ ജ്വലിക്കുന്നതായും അവൾ കണ്ടു. കർത്താവ് വീണ്ടും മനുഷ്യകുലത്തോടുള്ള അവിടുത്തെ അതീവസ്നേഹത്തെക്കുറിച്ചും മനുഷ്യരുടെ നന്ദിയില്ലായ്മ അവിടുത്തെ എത്രമാത്രം വേദനിപ്പിക്കുന്നതിനെ സംബന്ധിച്ചും അവളോട് സംസാരിച്ചു. താൻ മനുഷ്യകുലത്തിനുവേണ്ടി ചെയ്തതിനെല്ലാം അല്പം മാത്രമാണെങ്കിലും അവർ തിരിച്ചുനൽകിയിരുന്നെങ്കിൽ ഇനിയും അവർക്കുവേണ്ടി ഒത്തിരി കാര്യങ്ങൾ താൻ ചെയ്തേനെ. പക്ഷേ, മനുഷ്യർ അവിടുത്തെ സ്നേഹത്തിനും ഊഷ്മളതയ്ക്കും നൽകുന്ന തണുത്ത പ്രതികരണവും നിരാസവും അവിടുത്തെ വീണ്ടും വേദനിപ്പിക്കുകയാണ്. തന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാൻ അവളെ തെരഞ്ഞെടുക്കുന്നതായും കർത്താവ് അവളെ അറിയിച്ചു.

ഈശോയുടെ ഈ അപാരവേദനയിൽ അവിടുത്തെ ആശ്വസിപ്പിക്കാൻ ആഗ്രഹിച്ച മാർഗരറ്റ് മേരി, തനിക്കതിനാന് ആവുകയില്ലല്ലോ എന്ന് പരിതപിച്ചപ്പോൾ അവിടുന്ന് തന്റെ ഹൃദയം തുറക്കുകയും അതിൽ നിന്നും പുറപ്പെട്ട തീവ്രരശ്മികൾ അവളുടെ ഹൃദയത്തെ പൊതിയുകയും ചെയ്തു.

ഈശോ താഴെപറയുന്ന നിർദ്ദേശങ്ങൾ മാർഗരറ്റിനു നൽകി.

1. എല്ലാ മാസത്തെയും ആദ്യത്തെ വെള്ളിയാഴ്ച അവൾ ദിവ്യകാരുണ്യം സ്വീകരിക്കണം.
2. വ്യാഴാഴ്ച രാത്രികളിൽ അവൾക്ക് കർത്താവിന്റെ ഗദ്സമേൻ തോട്ടത്തിലെ ദുഃഖവും ആകുലതയും ഉണ്ടാകും.
3. അന്ന് 11-നും 12-നുമിടയിലുള്ള സമയം അവൾ സാഷ്ടാംഗം വീണുകിടന്ന് അവിടുത്തോടൊപ്പം സാധുക്കളായ പാപികളുടെ പാപങ്ങളെപ്രതി കരുണ യാചിക്കുകയും ഈശോയുടെ ഭൂമിയിലെ പ്രതിപുരുഷന്മാരുടെ വിശ്വസ്തതക്കുറവിന്റെമേൽ ദൈവനീതി നടപ്പാക്കരുതെന്ന് പ്രാർത്ഥിക്കുകയും വേണം.

കോർപ്പസ് ക്രിസ്റ്റി തിരുനാളിനൊരുക്കമായ പ്രാർത്ഥനാദിവസങ്ങളിലൊന്നിലാണ് ദിവ്യനാഥനുമായുള്ള അവളുടെ ഏറ്റവും വിശേഷപ്പെട്ട സമാഗമം നടക്കുന്നത്. മുട്ടിന്മേൽ നിന്ന് തീക്ഷ്ണമായി പ്രാർത്ഥിക്കുമ്പോൾ, ദിവ്യനാഥനായി തന്നെ ഏതുവിധം അർപ്പിക്കണം എന്ന് ധ്യാനിച്ചപ്പോൾ അതിനുള്ള മറുപടിയുമായി എന്നവണ്ണം അവിടുന്നവൾക്ക് പത്യക്ഷനായി. എന്നിട്ടു പറഞ്ഞു: “ഞാൻ നിന്നോട് വീണ്ടും വീണ്ടും ആവശ്യപ്പെടുന്ന കാര്യം ചെയ്യുന്നതിൽ കൂടുതലായി എനിക്ക് നൽകാൻ നിനക്കൊന്നുമുണ്ടാവില്ല.” വീണ്ടും തന്റെ സ്നേഹത്തെയും മനുഷ്യരുടെ തിരസ്കരണത്തെയും കുറിച്ച് വ്യാകുലപ്പെട്ട ഈശോ അവളോട് ആവശ്യപ്പെട്ടത് പരിശുദ്ധ കുർബാനയുടെ തിരുനാളിനു ശേഷമുള്ള വെള്ളിയാഴ്ച അവിടുത്തെ തിരുഹൃദയത്തിന്റെ തിരുനാളായി പ്രതിഷ്ഠിക്കാനായിരുന്നു.

വി. ക്ലൗദ് ദെ ലാ കൊളംബിയർ

അസാധാരണത്വം ഒന്നുമില്ലാത്ത ആ സാധുകന്യാസ്ത്രീയെ സഹായിക്കാനും തിരുഹൃദയ ഭക്തി പ്രചരിപ്പിക്കാനും ഈശോ ഉപകരണമാക്കിയത് ക്ലൗദ് ദെ ലാ കൊളംബിയർ (1641-82) എന്ന ഈശോസഭാ വൈദികനെയായിരുന്നു. കുറച്ചുകാലം മാർഗരറ്റ് മേരിയുടെ കുമ്പസാരക്കാരനായിരുന്ന ഫാദർ കൊളംബിയർ അത്യപൂർവ്വമായ ആത്മീയജീവിതത്തിനുടമയായിരുന്നു. ഈ വിശുദ്ധയായ സന്യാസിനിയിലൂടെ ദൈവമാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. 1675 ജൂൺ 21ാം തീയതി, അതായത് പരിശുദ്ധ കുർബാനയുടെ തിരുനാളിനുശേഷമുള്ള വെള്ളിയാഴ്ച, തിരുഹൃദയ തിരുനാളായി പ്രഖ്യാപിക്കാൻ അദ്ദേഹവും അതികഠിനമായി പരിശ്രമിച്ചു.

ഇതേസമയം മാർഗരറ്റിനെ അധികാരികൾ നോവിസ് മിസ്ട്രസ്സായി നിയോഗിച്ചു കഴിഞ്ഞിരുന്നു. നവ സന്യാസിനിമാരിൽ അടിയുറച്ച ആത്മീയസ്വഭാവം രൂപപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു നോവിസ് മിസ്ട്രസിന്റേത്. 1685 ജൂലൈ 20-ന് മാർഗരറ്റിന്റെ നാമഹേതുക തിരുനാൾ ആയതിനാൽ നോവിസുമാർ അതീവരഹസ്യമായി ചാപ്പലിലെ അൾത്താരകളിലൊന്ന് അതിമനോഹരമായി അലങ്കരിച്ച് ഈശോയുടെ തിരുഹൃദയത്തിൽ ഒരു ഛായാചിത്രം അവിടെ പ്രതിഷ്ഠിച്ചു. ഇത് കണ്ടമാത്രയിൽ മാർഗരറ്റ് അതീവസന്തോഷത്തോടെ മുട്ടിന്മേൽ വീണ് തന്നെത്തന്നെ ഈശോയുടെ തിരുഹൃദയത്തിന് ഒരു ദഹനബലിയായി അർപ്പിക്കുകയും തന്നെയും നവ സന്യാസിമാരെയും ഈശോയുടെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നിരുന്നാലും പുതിയ രീതിയിലുള്ള ഈ ഭക്തകൃത്യങ്ങൾ നോവിഷ്യേറ്റിൽ നടക്കുന്നുവെന്നു മനസ്സിലാക്കിയ ആശ്രമത്തിലെ മറ്റ് സന്യാസിനികൾ ഈ നവഭക്തിയെ എതിർക്കുകയും മാർഗരറ്റിനെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു. എത്രയോ ശ്രേഷ്ഠമായ ഒരു ദൗത്യമാണ് അവൾ നിറവേറ്റാൻ ഉദ്യമിച്ചതെങ്കിലും എതിർപ്പുകൾ അവൾ പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു. എന്നിരുന്നലും മാർഗരറ്റ് ഈശോയുടെ തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നി. അനേകം വൈദികരോടും അത്മായരോടും ഈ ഭക്തിയുടെ പ്രചാരകരാവാൻ അഭ്യർത്ഥിച്ചുകൊണ്ട് അവൾ കത്തുകളെഴുതി.

തന്റെ മരണം അടുത്തെന്ന് മാർഗരറ്റിന് മനസ്സിലായി. തിരുഹൃദയ വണക്കം പതിയെ എല്ലായിടത്തേക്കും വ്യാപിക്കാൻ തുടങ്ങിയതിനാൽ തന്റെ ദൗത്യം അവസാനിച്ചു എന്നും ഇനി തിരുഹൃദയം തന്നെ വേണ്ടവിധം ഇടപെട്ടു കൊള്ളുമെന്നും അവൾക്ക് മനസ്സിലായി. ആ വർഷം തന്നെ ഒരു ദിവസം പ്രാർത്ഥിച്ചിരുന്നപ്പോൾ നമ്മുടെ കർത്താവ് അവൾക്ക് വീണ്ടും പ്രത്യക്ഷപ്പെടുകയും തന്റെ തിരുഹൃദയത്തിന്റെ യഥാർത്ഥരൂപം അവളെ കാണിക്കുകയും ചെയ്തു. സൂര്യനെപ്പോലെ തിളങ്ങുന്ന ഹൃദയം. അഗ്നിജ്വാലകളാൽ അത് വലയം ചെയ്യപ്പെട്ടിരിക്കുന്നു. മുള്ളുകൊണ്ടുള്ള ഒരു കിരീടം ഹൃദയത്തിൻമേൽ ചാർത്തപ്പെട്ടിരുന്നു. ആഴമുള്ള ഒരു മുറിവ് ഹൃദയത്തിൽ കാണപ്പെട്ടു. അതിൽ നിന്നും മുളച്ചുവരുന്നതുപോലെ ഒരു കുരിശും. നമ്മൾ ഇന്ന് കാണുന്ന ഈശോയുടെ ഹൃദയത്തിന്റെ ചിത്രം മാർഗരറ്റിനുള്ള ഈ ദർശനത്തിലാണ് ഈശോ വെളിപ്പെടുത്തിക്കൊടുത്തത്.

അവളുടെ സന്യാസഭവനത്തിൽ മാത്രം ഒതുങ്ങിനിന്ന ഈ ഭക്തി വിസിറ്റേഷൻ സഭയുടെ എല്ലാ ആശ്രമങ്ങളിലും പതിയെ വ്യാപിച്ചു. ഫാദർ കൊളംബിയർ തയ്യാറാക്കിയ ഒരു ലഘുലേഖ ഈ ഭക്തി പടർന്നുപിടിക്കുന്നതിനിടയാക്കി. ലഘുലേഖ വെളിച്ചം കാണുന്നതിനു മുമ്പുതന്നെ കൊളംബിയർ നിത്യതയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞിരുന്നു (1992 മെയ് 31-ന് ജോൺപോൾ രണ്ടാമൻ പാപ്പ ക്ലൗദ് ദെ ലാ കൊളംബിയറിനെ വിശുദ്ധ പദവിയിലേക്കുയർത്തി).

മാർഗരറ്റിന്റെ അവസാനം ആഗതമായി. അവൾ തന്റെ സഹോദരിമാരോട് പറഞ്ഞു: “ഞാൻ ഈ വർഷം മരിക്കും. കാരണം എനിക്കിപ്പോൾ യാതൊരു വേദനയും സഹനവും ഉണ്ടാവുന്നില്ലായെന്ന് ഞാൻ തിരിച്ചറിയുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ മണവാട്ടിക്ക് സഹനങ്ങളില്ലാതെ ജീവിതത്തിൽ തുടരുക അസാധ്യം.” തന്റെ മരണത്തിനൊരുക്കമായി അവൾ 40 ദിവസത്തെ ധ്യാനത്തിലേക്ക് പ്രവേശിച്ചു. രണ്ടു മാസത്തിനുശേഷം ചെറിയൊരു പനി അവളെ ബാധിച്ചു. അവളുടെ നിർബന്ധം മൂലം വിശുദ്ധ കുർബാനയും അന്ത്യകൂദാശയും അവൾക്ക് ലഭിച്ചു. അടുത്തദിവസം സന്തോഷത്തോടെ അവൾ തന്റെ ദിവ്യമണവാളന്റെ പക്കലേക്ക് യാത്രയായി. 1690 ഒക്ടോബർ 12-ന് അവൾ മരിക്കുമ്പോൾ നാല്പതു വയസ്സായിരുന്നു അവളുടെ പ്രായം.

തിരുഹൃദയ ഭക്തി വ്യാപിക്കുന്നു

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട ദേവാലയങ്ങളും ചാപ്പലുകളും ഉയർന്നുവന്നു. കാട്ടുതീ പടർന്നുപിടിക്കുന്നതു പോലെ തിരുഹൃദയ വണക്കം യൂറോപ്പിലെമ്പാടും വ്യാപിച്ചു. 1693 ഇന്നസെൻറ് പതിമൂന്നാം പാപ്പാ ഈ തിരുനാളിന് ഔദ്യോഗിക സ്ഥിരീകരണം നൽകി. ഏതാണ്ട് മൂന്നു ദശകങ്ങൾക്കുള്ളിൽ 117 ഭക്തസഖ്യങ്ങൾ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ പലയിടങ്ങളിലായി സ്ഥാപിക്കപ്പെട്ടു. ഇടവകകളും രൂപതകളും രാജ്യങ്ങൾ തന്നെയും ഈശോയുടെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടു.

എന്നിരുന്നാലും 1765-ലാണ് തിരുഹൃദയ തിരുനാൾ ഫ്രാൻസിന് മുഴുവനുമായുള്ള തിരുനാളായി പ്രഖ്യാപിക്കപ്പെട്ടത്. 1873 മെയ് 8-ന് പീയൂസ് ഒമ്പതാമൻ പാപ്പ തിരുഹൃദയ ഭക്തിയെ സഭയുടെ ഔദ്യോഗിക ഭക്തികളിൽ ഒന്നായി പ്രഖ്യാപിക്കുകയും 26 വർഷങ്ങൾക്കുശേഷം ലിയോ പതിമൂന്നാം പാപ്പ 1899 ജൂൺ 11-ന് മാനവകുലത്തെയൊന്നാകെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തു. അടിയന്തരമായി ഈ ഭക്തിയെ തങ്ങളുടെ രൂപതകളിൽ പ്രചരിപ്പിക്കണമെന്ന് സാർവത്രിക സഭയിലെ എല്ലാ മെത്രാന്മാർക്കും മാർപാപ്പ എഴുതുകയുമുണ്ടായി.

തിരുഹൃദയ ഭക്തിയോടു തന്നെ ചേർത്ത് മനസ്സിലാക്കേണ്ടവയാണ് തിരുഹൃദയ വണക്കമാസവും തിരുഹൃദയ ജപമാലയും തിരുഹൃദയ ലുത്തിനിയയും നൊവേനകളും തിരുഹൃദയ പ്രതിഷ്ഠയും തിരുഹൃദയ വാഗ്ദാനങ്ങളുമെല്ലാം. ഈശോയുടെ തിരുഹൃദയം ഇന്നും അനേകരെ ജീവിതസമർപ്പണത്തിനായി ആകർഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട അനേക സന്യാസ സമൂഹങ്ങൾ. മനുഷ്യകുലമെന്നാകെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണെന്ന സത്യം ഈ ജൂൺ മാസം മുഴുവനും ഈശോയുടെ തിരുഹൃദയത്തെപ്പറ്റി ധ്യാനിക്കുവാൻ നമുക്ക് മതിയായ കാരണമാണ്.

ഫാ. സേവ്യര്‍ തേക്കനാൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.