യുവജനങ്ങൾ മടിയന്മാരാകരുത്: ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ

​യുവജനങ്ങൾ ‘കൗച്ച് പൊട്ടറ്റോ’കളെപ്പോലെ മടിയന്മാരായി ജീവിതം പാഴാക്കരുതെന്നും സഭയ്ക്ക് അവരുടെ മിഷനറി ഊർജവും പരിശുദ്ധമായ പ്രതിരോധവും ആവശ്യമുണ്ടെന്നും ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ യുവജന സംഗമങ്ങളെ അഭിസംബോധന ചെയ്തു നൽകിയ വീഡിയോ സന്ദേശങ്ങളിലാണ് മാർപാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്.

2016 ൽ ക്രാക്കോവിൽ നടന്ന ലോക യുവജനദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ അതേകാര്യം തന്നെ ലെയോ പാപ്പയും ആവർത്തിച്ചു – ‘പഴയപടി തന്നെ കാര്യങ്ങൾ തുടരട്ടെ’ എന്ന മനോഭാവം വെടിഞ്ഞ് സജീവമായി രംഗത്തിറങ്ങാൻ ലെയോ പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു.

സ്കൂളുകളിലും സർവകലാശാലകളിലും തെരുവുകളിലും മിഷനറിമാരാകാൻ പെറുവിലെ യുവജനങ്ങളോട് മാർപാപ്പ ആഹ്വാനം ചെയ്തു. ദുരിതപൂർണ്ണമായ സാഹചര്യങ്ങളെ പ്രതീക്ഷയുടെ ഇടങ്ങളാക്കി മാറ്റാൻ ചെറുപ്പക്കാരുടെ ഊർജ്ജത്തിന് സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

​ബ്രസീൽ, ഫോർട്ടലെസയിലെ ഹാല്ലെലൂയാ ഫെസ്റ്റിവലിലേക്ക് അയച്ച സന്ദേശത്തിൽ, വിശുദ്ധ കാർലോ അക്കുത്തിസിന്റെ മാതൃക ചൂണ്ടിക്കാട്ടി, സുവിശേഷ പ്രചാരണത്തിനായുള്ള താല്പര്യം കൈവിടാതിരിക്കാൻ പാപ്പ ഓർമ്മിപ്പിച്ചു. കൂടാതെ, മനസ്സിലെ ചോദ്യങ്ങളെയും അസ്വസ്ഥതകളെയും ദൈവവുമായുള്ള സംഭാഷണത്തിലൂടെ സ്വന്തം ദൈവവിളി തിരിച്ചറിയാനായി വിനിയോഗിക്കാൻ പോർച്ചുഗലിലെ യുവതലമുറയോടും പാപ്പ ആഹ്വാനം ചെയ്തു.

​മറ്റുള്ളവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സന്തോഷത്തോടെ സേവിക്കുന്നതിലൂടെയാണ് യേശുവിന്റെ യഥാർഥ മുഖം ദർശിക്കാൻ സാധിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.