
സിനഡ് നടപ്പിലാക്കൽ പ്രക്രിയയുടെ പ്രാദേശിക ഘട്ടത്തിന് മുന്നോടിയായി രൂപതകളെയും പൗരസ്ത്യ കത്തോലിക്കാ സഭയുടെ എപ്പാർക്കികളെയും, വിലയിരുത്തൽ അസംബ്ലികൾക്കായി തയ്യാറെടുക്കാൻ സഹായിക്കുന്ന പുതിയ മാർഗരേഖ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ‘ഓർത്തെടുക്കൽ: പ്രാദേശിക സഭയുടെ വിലയിരുത്തൽ അസംബ്ലിക്കുള്ള വഴികാട്ടി’ (“Recollecting: Accompanying the preparation of the local Church’s evaluation Assembly”) എന്ന പേരിലുള്ള ഈ രേഖ ജൂലൈ 27-നാണ് പ്രസിദ്ധീകരിച്ചത്. ബിഷപ്പുമാർക്കും സിനഡൽ ടീമുകൾക്കുമായി തയ്യാറാക്കിയിട്ടുള്ള ഈ മാർഗരേഖയുടെ ലക്ഷ്യം, മുൻപോട്ടുള്ള യാത്രയ്ക്കായി ദൈവത്തിന്റെ ഇടപെടലുകളെ കൃതജ്ഞതയോടെ തിരിച്ചറിയാനും വിലയിരുത്താനും സഹായിക്കുക എന്നതാണ്.
ഈ പ്രക്രിയയുടെ ഉത്തരവാദിത്തമുള്ള മെത്രാന്മാർക്കും എപ്പാർക്കികൾക്കും അതിന് നേതൃത്വം നൽകുന്ന സിനഡൽ ടീമുകൾക്കുമായാണ് ഈ മാർഗരേഖ പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. ഇത്, ഒരൊറ്റ മാതൃക അടിച്ചേൽപ്പിക്കാതെ ഓരോ പ്രാദേശിക സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ മാറ്റാൻ സാധിക്കുന്ന ചോദ്യങ്ങളും മാനദണ്ഡങ്ങളും പ്രായോഗിക നിർദേശങ്ങളുമാണ് മുന്നോട്ടുവയ്ക്കുന്നത്.
രണ്ടു ഭാഗങ്ങളായാണ് ഈ മാർഗരേഖ വിഭജിച്ചിരിക്കുന്നത്. പ്രാദേശിക സഭകളിൽ സംഭവിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി ഒരു വിവരണ റിപ്പോർട്ട് തയ്യാറാക്കാൻ ആദ്യഭാഗം സഹായിക്കുന്നു. മെത്രാൻ വിളിച്ചുചേർക്കുന്ന ഈ അസംബ്ലിയുടെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് രണ്ടാം ഭാഗം വിശദീകരിക്കുന്നത്. പ്രാർഥന, മൗനം, പങ്കുവച്ചുള്ള ചിന്തകൾ, ആത്മാവിലുള്ള സംഭാഷണം എന്നിവയാൽ സമ്പന്നമായ ഒരു ആത്മീയ അനുഭവമായിരിക്കും ഇത്.
ഈ സമ്മേളനത്തിന്റെ അവസാനം ഒരു അന്തിമ റിപ്പോർട്ടും മറ്റ് സഭകൾക്കായുള്ള സന്ദേശം അടങ്ങിയ ആശയവിനിമയ കത്തും തയ്യാറാക്കി 2027 ജൂൺ മുപ്പതിനകം ജനറൽ സെക്രട്ടറിയേറ്റിന് കൈമാറണം. തുടർന്ന് 2027 ന്റെ രണ്ടാം പകുതിയിൽ ബിഷപ്പുമാരുടെ കോൺഫറൻസുകളും, 2028 ന്റെ തുടക്കത്തിൽ ഉയർന്നതല സമ്മേളനങ്ങളും നടക്കും. 2028 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന ആഗോള സഭാ സമ്മേളനത്തോടെ ഈ സിനഡൽ പ്രക്രിയ പൂർത്തിയാകും.




