ജൂലൈ 29: വിശുദ്ധ മാര്‍ത്താ

മര്‍ത്താ, മറിയം, ലാസര്‍ എന്നീ സഹോദരങ്ങളെ ഈശോ സ്‌നേഹിച്ചിരുന്നുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇവരെ സംബന്ധിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഈ മൂന്നു പേരില്‍ മൂത്തവള്‍ മാര്‍ത്തയാണെന്നാണ് കരുതുന്നത്.

ജറുസലേമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ബഥാനിയായിലാണ് അവര്‍ താമസിച്ചിരുന്നത്. ഈശോ മാര്‍ത്തായെ സന്ദര്‍ശിച്ച ഒരു സംഭവം ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അവര്‍ പോകുന്ന വഴി അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മാര്‍ത്താ എന്നു പേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്ക് മറിയം എന്നുപേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കല്‍ ഇരുന്നു. മാര്‍ത്തയാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിന്തയായിരുന്നു. അവള്‍ കര്‍ത്താവിനടുത്തു ചെന്നുപറഞ്ഞു: “കര്‍ത്താവേ, ശുശ്രൂഷക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നത് നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക.” കര്‍ത്താവ് അവളോട് പറഞ്ഞു: “മാര്‍ത്താ, മാര്‍ത്താ, നീ പലതിനേക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല” (ലൂക്കാ 10:38-42). വീണ്ടും സുവിശേഷം മാര്‍ത്തായെ പരാമര്‍ശിക്കുന്നത് ഈശോ ലാസറിനെ ഉയിര്‍പ്പിച്ച അവസരത്തിലാണ്. ‘കര്‍ത്താവേ, ഇതാ അങ്ങ് സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു’ എന്നു പറയാന്‍ അവള്‍ കര്‍ത്താവിന്റെ അടുത്തേക്ക് ആളെ അയച്ചു (യോഹ. 11:3). ലാസറിന്റെ മരണശേഷം അവിടെയെത്തിയ കര്‍ത്താവിനെ മാര്‍ത്തയാണ് സ്വീകരിക്കുന്നത്.

ലാസറിനെ സംസ്‌കരിച്ച കല്ലറക്കടുത്തെത്തിയ ഈശോ കല്ലെടുത്തു മാറ്റാന്‍ കല്പിച്ചപ്പോള്‍ മാര്‍ത്താ പറഞ്ഞു: “കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്.” യേശു അവളോട് ചോദിച്ചു, “വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്ന് ഞാന്‍ നിന്നോടു പറഞ്ഞില്ല?” (യോഹ. 11:39-40).

അവസാനമായി സുവിശേഷം മാര്‍ത്തായെ പരാമര്‍ശിക്കുന്നത് പെസഹായ്ക്ക് ആറു ദിവസം മുമ്പ് അവരുടെ ഭവനത്തിലെത്തിയ ഈശോയെ അത്താഴമൊരുക്കി ശുശ്രൂഷിക്കുന്ന സന്ദര്‍ഭമാണ്. പിന്നീട് ഇവരെക്കുറിച്ച് കൃത്യമായ അറിവൊന്നും ലഭ്യമല്ല. മതപീഡനകാലത്ത് ഈ കുടുംബത്തെ, പായോ തണ്ടോ ഇല്ലാത്ത ഒരു നൗകയിലാക്കി കടലിലൊഴുക്കി. ദൈവസംരക്ഷണത്താല്‍ ഇവര്‍ ഫ്രാന്‍സിന്റെ തീരങ്ങളിലെത്തി എന്ന് വിശ്വസിക്കുന്നു. അവിഞ്ഞോണിലാണ് വി. മാര്‍ത്തായുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്.

വിശുദ്ധ ഒലാഫ്

നോര്‍വേയിലെ ഹാരോള്‍ഡ് രാജാവിന്റെ പുത്രനാണ് ഒലാഫ്. കേവലം ഇരുപതു വയസ് മാത്രം പ്രായമായിരിക്കെ, അതിസാഹസികമായ പോരാട്ടത്തിലൂടെ ഡന്മാര്‍ക്കിന്റെയും സ്വീഡന്റെയും പിടിയില്‍ നിന്നും തന്റെ രാജ്യത്തെ വീണ്ടെടുത്തു. പതിനൊന്നാം ശതകത്തിന്റെ ആദ്യകാലത്ത് റൂവെന്നിലെ മെത്രാപ്പോലീത്താ ആയിരുന്ന റോബര്‍ട്ടില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച ഒലാഫ്, പിന്നീട് നാടിന്റെ സുവിശേഷവല്‍ക്കരണത്തിനു വേണ്ടി കഠിനയത്‌നം ചെയ്തു. ഇംഗ്ലണ്ടില്‍ നിന്നും ധാരാളം വൈദികരെയും സന്ന്യാസികളെയും വരുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷപ്രഘോഷകരായി നിയമിച്ചു. 1030 ജൂലൈ 29-ാം തീയതി അദ്ദേഹം മരണമടഞ്ഞു.

ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പ

1042-ല്‍ ഫ്രാന്‍സിലെ ചാറ്റിലോണ്‍ സര്‍മാണില്‍ ജനിച്ച ഓഡോ റെയിംസില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ക്ലൂണിയില്‍ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. താമസമെന്യേ ആശ്രമാധിപനായി. 1078-ല്‍ ഓസ്റ്റിയായിലെ കര്‍ദ്ദിനാള്‍ അദ്ദേഹത്തെ മെത്രാനായും വി. ഗ്രിഗോരിയോസ് ഏഴാമന്‍ മാര്‍പാപ്പയുടെ ഉപദേഷ്ടാവായും നിയമിച്ചു. ഗ്രിഗോരിയോസ് ഏഴാമന്റെ ചരമത്തെ തുടര്‍ന്ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഉര്‍ബന്‍ രണ്ടാമന്‍ എന്ന പേര് സ്വീകരിച്ചു.

വിചിന്തനം: ”ദൈവമേ അങ്ങില്‍ വിശ്രമിക്കുന്നതു വരെ എന്റെ ഹൃദയം പൂര്‍ണ്ണമായ വിശ്രമം പ്രാപിക്കുകയോ തൃപ്തിപ്പെടുകയോ ചെയ്യുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.