

‘പരിഭാഷകളില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിതയുടെ ആത്മാവ്’ എന്ന ചൊല്ല് പരിഭാഷകളുടെ ന്യൂനതകള്‍ വെളിപ്പെടുത്തുന്നുണ്ടല്ലോ. ‘ഓരോ പരിഭാഷയും ഒരു ചതിയാണ്’ എന്ന നാടന്‍ചൊല്ലും അര്‍ത്ഥഗര്‍ഭമാണ്. മൂലഗ്രന്ഥത്തിലെ ആശയങ്ങള്‍ അതേപടി പരിഭാഷപ്പെടുത്താന്‍ സാധിക്കുമെങ്കിലും മൂലഗ്രന്ഥത്തിലെ ചില പ്രയോഗങ്ങളുടെ സൂക്ഷ്മഭാവങ്ങളും അര്‍ത്ഥവ്യാപ്തിയും പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ സാധിച്ചില്ലെന്നു വരാം. പരിഭാഷകന്റെ മൂലഭാഷാ പരിജ്ഞാനവും ബൈബിളിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവും വിശുദ്ധഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ച അര്‍ത്ഥം ഗ്രഹിക്കാനുള്ള പ്രാവീണ്യക്കുറവും സ്വന്തം ഭാഷയുടെ പരിമിതികളുമെല്ലാം പരിഭാഷയിലും നിഴലിക്കും. അതിനാല്‍ത്തന്നെ ഓരോ പരിഭാഷയ്ക്കും പരിഷ്‌കരണസാധ്യതകള്‍ ഏറെയുണ്ട്.
ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള പരിഭാഷകള്‍ കാലാകാലങ്ങളില്‍ നവീകരിക്കപ്പെടാറുണ്ട്. ഇംഗ്ലീഷില്‍ ഏതാനും ഉദാഹരണങ്ങള്‍: 1611-ൽ പുറത്തിറങ്ങിയ ‘King James Version’ 1769-ലും 1881-ലും 1982-ലും പരിഷ്കരിക്കപ്പെട്ടു. 1952-ൽ പ്രസിദ്ധീകൃതമായ ‘Revised Standard Version’ (RSV) 1989-ൽ ‘New Revised Standard Version’ (NRSV) ആയി പരിഷ്കൃതമായി. ജറുസലേം ബൈബിളിന്റെ (1966; 1985; 2019) കഥയും ഇതുതന്നെ. മൂലഗ്രന്ഥത്തോട് ചേർന്നു നില്ക്കാനുള്ള വിശ്വാസീ സമൂഹങ്ങളുടെ ആഗ്രഹമാണ് അതു പ്രകടമാക്കുന്നത്.
“വിശുദ്ധ ഗ്രന്ഥത്തിന്റെ മൂലരൂപത്തോടു വിശ്വസ്തത പുലർത്തുന്നതും പ്രമാദരഹിതവുമായ വിവർത്തനങ്ങൾ ദൈവജനത്തിനു സംലഭ്യമാക്കാൻ ശ്രദ്ധിക്കണം” എന്ന വത്തിക്കാൻ കൗൺസിലിന്റെ നിർദ്ദേശം (ദൈവവചനത്തെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യൂഷൻ, 22) ശിരസ്സാവഹിക്കാൻ കേരളസഭ തയ്യാറായതിന്റെ തെളിവാണ് ഈ പരിഷ്കരണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവവചനത്തിലെ വള്ളിയോ പുള്ളിയോ മാറാതിരിക്കാൻ സഭ പുലർത്തുന്ന നിഷ്കർഷയുടെ പ്രതിഫലനമാണ് ബൈബിൾ പരിഷ്കരണ ശ്രമങ്ങൾ.
പരിഷ്കരണത്തിന് ഉപയുക്തമാക്കിയ മൂലഭാഷാഗ്രന്ഥങ്ങൾ
അന്തർദ്ദേശീയമായി ഏവരും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഹീബ്രു-ഗ്രീക്ക്-അരമായ ബൈബിളുകളാണ് പരിഷ്കരണത്തിന് അടിസ്ഥാനമാക്കിയത്. ഹീബ്രുബൈബിള്‍ കാള്‍ എല്ലിഗറും വില്‍ഹെം റുഡോള്‍ഫും എഡിറ്റുചെയ്ത ‘ബിബ്ലിയ ഹെബ്രായിക്ക സ്റ്റുട്ട്ഗര്‍ട്ടെന്‍സിയ’ (BHS) ആണ്. ലെനിന്‍ഗ്രാഡ് കോഡെക്‌സ് ഉള്‍ക്കൊള്ളുന്ന മാസൊരെറ്റിക് ടെക്സ്റ്റിന്റെ വിശ്വസ്തപതിപ്പാണിത് (ഹീബ്രുബൈബിളിന്റെ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണരൂപമാണ് ലെനിന്‍ഗ്രാഡ് കോഡെക്‌സ്. ഇതിന്റെ കാലം A.D. 1008 ആണ്). ഏറ്റവും പഴക്കം കൂടിയ ഹീബ്രുബൈബിള്‍ ഭാഗങ്ങള്‍ ഖുമ്‌റാന്‍ ചുരുളുകളാണ്. ക്രിസ്തുവിനുമുന്‍പ് രണ്ടാം നൂറ്റാണ്ടിലെ പകര്‍പ്പെഴുത്തുകളായിരിക്കണം അവ. ഇതെക്കുറിച്ചും പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. വത്തിക്കാന്‍ കോഡെക്‌സ് (4th c.), സീനായ് കോഡെക്‌സ് (4th c.), അലക്‌സാണ്ട്രിയന്‍ കോഡെക്‌സ് (5th c.) എന്നിവയില്‍ അധിഷ്ഠിതമാണ് ഗ്രീക്കുഭാഷ്യം. റാല്‍ഫ്‌സിന്റെ സപ്തതിയാണ് (LXX) അക്കാദമിക വൃത്തങ്ങളില്‍ പൊതുസമ്മതി നേടിയ പഴയനിയമത്തിന്റെ ഗ്രീക്കുടെക്സ്റ്റ്. പുതിയനിയമത്തിന്റെ സുസമ്മതമായ ടെക്സ്റ്റ് നെസ്ലേ – ആനന്ദിൻ്റെ ദ ഗ്രീക്ക് ന്യൂ ടെസ്റ്റമെൻ്റ് (GNT) 27-ാമത് എഡിഷന്‍ ആണ്.
പരിഷ്കരണ സവിശേഷതകൾ
പരിഷ്കരിച്ച സമ്പൂർണ ബൈബിളിന്റെ പ്രത്യേകതകളെ ഒമ്പത് ഇനങ്ങളായി തിരിക്കാം:
1. ശീർഷകത്തിൻ്റെ സ്ഥാനഭേദത്തിലൂടെയുള്ള പരിഷ്കരണം. ഉദാഹരണത്തിന് എഫേ 5,22-നു ശേഷമായിരുന്നു പഴയ പിഒസി ബൈബിളിലെ ശീര്‍ഷകം. എന്നാല്‍ പരിഷ്‌കരിച്ച പതിപ്പിലാകട്ടെ, 5,21-നു ശേഷമാണ് ശീര്‍ഷകം കൊടുത്തിരിക്കുന്നത്. ‘ക്രിസ്തുവിനോടുള്ള ആദരത്താല്‍ നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍’ എന്ന ഉപദേശത്തിന്റെ തുടര്‍ച്ചയാണ് “ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍” എന്ന തുടര്‍ന്നുവരുന്ന ഭാഗവും. ഈ വ്യക്തത വരുത്തല്‍ ഭാര്യാ-ഭര്‍തൃബന്ധത്തെക്കുറിച്ചുള്ള പുരുഷമേധാവിത്വപരമായ ധാരണകൾ പൊളിച്ചെഴുതാന്‍ തീർച്ചയായും ഇടയാക്കും.
2. പഴയനിയമത്തിൽ ഹീബ്രു ടെക്സ്റ്റിലും ഗ്രീക്ക് ടെക്സ്റ്റിലും വാക്യനമ്പരുകളിൽ വ്യത്യാസമുള്ളിടത്ത് ഹീബ്രു വാക്യനമ്പരുകളാണ് പരിഷ്കരിച്ച പതിപ്പിൽ പിന്തുടർന്നിരിക്കുന്നത്. പഴയ പിഒസിയിലാകട്ടെ, ഗ്രീക്കു വാക്യനമ്പരുകളാണ് ഉള്ളത്. അതിനാൽ, സംഖ്യ 30,1- 17; നിയമാ 22, 30; ജോഷ്വ 10,20; 1രാജാ 4, 21; 1ദിന 5,26 തുടങ്ങിയ വാക്യങ്ങളുടെ നമ്പരിൽ ചെറിയ വ്യത്യാസം ഉണ്ടാകും. ഉദാഹരണത്തിന്, പിഒസി ബൈബിളിലെ “ശത്രുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുക. പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. ശത്രുക്കളെ ഉന്‍മൂലനം ചെയ്യുന്നതുവരെ ജോഷ്വയും ഇസ്രായേല്‍ജനവും സംഹാരം തുടര്‍ന്നു. ഏതാനുംപേര്‍ രക്ഷപെട്ടു കോട്ടയില്‍ അഭയം പ്രാപിച്ചു” എന്ന ജോഷ്വ 10,20 പരിഷ്കരിച്ച ബൈബിളിൽ 10,19.20 എന്നീ നമ്പരുകളിലായിരിക്കും കാണപ്പെടുക.
3. ചില ഭാഷ്യങ്ങളെ പിന്തുടർന്ന്, പിഒസി ബൈബിളിൽ ചില വാക്യങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. അത്തരം വാക്യങ്ങൾ പരിഷ്കരിച്ച പതിപ്പിൽ തിരികെ എത്തിയിട്ടുണ്ട്. ഉദാ: ലേവ്യ 13,28.43; 15,10b; സംഖ്യ 27,14b; നിയമാ 12,10b; ജോഷ്വ 1,5; 5,1b; 2സാമു 4,6; 8,10; 13,39b; നെഹ 9,12b; 2 രാജാ 15,25b. a) ലേവ്യ 15,10b (POC) പരിശോധിക്കാം: “അവന്‍റെ കിടക്കയ്ക്കു കീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും”. അതു തന്നെ പരിഷ്കരിച്ച പതിപ്പിൽ ഇങ്ങനെയാണ്: “അവന്റെ കീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്ന ആരും വൈകുന്നേരംവരെ മലിനനായിരിക്കും. അവ എടുക്കുന്നവന്‍ വെള്ളത്തില്‍ തന്റെ വസ്ത്രങ്ങള്‍ അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ മലിനനായിരിക്കും.” ഈ വാക്യത്തിലെ രണ്ടാം ഭാഗം പിഒസി ബൈബിളിൽ വിട്ടുപോയിരിക്കുന്നു. കിടക്ക എന്ന പദം ഇവിടെയില്ല. ‘അവൻ്റെ കീഴേയുള്ള’ എന്നാൽ ‘അവൻ ഇരിക്കുന്ന എന്തും’ എന്നും അർത്ഥമാകാം. ഇതിനു മുമ്പുള്ള വാക്യത്തിൽ, അവൻ ഇരിക്കുന്ന ജീനിയെക്കുറിച്ചാണല്ലോ പരാമർശം.
4. പരിഷ്കരിച്ച ബൈബിളിൽ മൂലപദങ്ങളുടെ അർത്ഥധ്വനികളിലും ഹീബ്രു-ഗ്രീക്ക് വ്യാകരണത്തിലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
a) “നന്മയും തിന്മയും തമ്മില്‍ വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ന്യായംവിധിക്കുന്നതിന് ശ്രവിക്കുന്ന ഒരു ഹൃദയം അങ്ങയുടെ ദാസനു നല്കണം” എന്ന ദൈവത്തോടുള്ള സോളമന്റെ അഭ്യർത്ഥന (1രാജാ 3,9) “നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും” എന്ന പരിഭാഷയെക്കാൾ മൂലഭാഷയോട് ചേർന്നുനില്ക്കുന്നതും ആശയസാന്ദ്രതയുള്ളതുമാണ്.
b) നെഹ 9,19-ൽ ദൈവമാണ്, മേഘസ്തംഭവും അഗ്നിസ്തംഭവും അല്ല, അവരിൽ നിന്ന് വിട്ടകലാതിരുന്നത്. നിലവിലെ പരിഭാഷയിൽ വാക്യത്തിൻ്റെ കർത്താവ് മാറിപ്പോയിരിക്കുന്നു.
c) വിപരീതാർത്ഥം ധ്വനിപ്പിക്കുന്ന സങ്കീ 16,3 പൂർണമായും തിരുത്താൻ പരിഷ്കർത്താക്കൾ ശ്രദ്ധിച്ചിട്ടുണ്ട്: “ഭൂമിയിലെ വിശുദ്ധരോ, അവരാണ് മഹാന്മാർ; എൻ്റെ പ്രീതി മുഴുവൻ അവരിലാണ്”. “ലോകം വിശുദ്ധരെന്നു കരുതുന്ന ദേവന്മാർ നിസ്സാരരാണ്; അവരില്‍ ആനന്ദംകൊള്ളുന്നവര്‍ അഭിശപ്തരാണ്” എന്ന പഴയ പരിഭാഷയ്ക്ക് മൂലപാഠത്തോടോ മറ്റേതെങ്കിലും പരിഭാഷയോടോ പുലബന്ധമില്ല എന്നതാണ് സത്യം!
d) നല്ല സമരിയാക്കാരന്റെ ഉപമയിൽ പുരോഹിതന്റെ വരവ് ഏതു ദിശയിലേക്കായിരുന്നു? ലൂക്കാ 10,3ലെ “ഒരു പുരോഹിതൻ ആ വഴിയേ വന്നു” എന്ന കൃത്യതയില്ലാത്ത പരിഭാഷ പുരോഹിതൻ ദേവാലയത്തിലേക്ക് ബലിയർപ്പണത്തിനായി പോവുകയായിരുന്നു എന്ന തെറ്റായ വ്യാഖ്യാനത്തിന് നിമിത്തമായി. മുറിവേറ്റവനെ അവഗണിച്ച് കടന്നുപോകാൻ ഒരു ന്യായം കണ്ടെത്താൻ അതിടയാക്കി എന്നതാണ് വാസ്തവം. ‘കത്തബൈനോ’ എന്ന ക്രിയാപദത്തിന്റെ ‘ഇറങ്ങിവരുക’ എന്ന അർത്ഥം (അപ്പ 25,7) കൃത്യമായി വ്യക്തമാക്കിക്കൊണ്ട്, പരിഷ്കരിച്ച പതിപ്പിൽ, “ഒരു പുരോഹിതൻ ആ വഴിയേ ഇറങ്ങിവരാൻ ഇടയായി” എന്നാണുള്ളത്. ജറുസലേമിലേക്ക് ആരും ഇറങ്ങിപ്പോകാറില്ല, മറിച്ച് കയറിപ്പോവുകയാണ് (‘അനബൈനോ’, മത്താ 20,17; യോഹ 7,14) ചെയ്യുന്നത്.
5. ദൈവശാസ്ത്രപരമായ അർത്ഥതലങ്ങൾ പരിരക്ഷിക്കുന്ന അക്ഷരാർത്ഥ പരിഭാഷകൾ പരിഷ്കരിച്ച പതിപ്പിൽ സമൃദ്ധമായി കാണാം:
a) ഏവർക്കും ഹൃദിസ്ഥമായ മത്താ 11,28 പുതിയ ബൈബിളിൽ വ്യത്യസ്തമാണ്: “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങൾക്ക് വിശ്രമം നല്കാം”. ‘അനപൗഓ’ എന്ന ക്രിയാപദത്തിന്റെ അക്ഷരാർത്ഥം ‘വിശ്രമം നല്കുക’ എന്നു തന്നെയാണ്. കൂടാതെ, തുടർന്നു വരുന്ന അധ്യായത്തിന്റെ ആദ്യഭാഗം പ്രതിപാദിക്കുന്നത് സാബത്താചരണത്തെക്കുറിച്ചും സാബത്തിലെ രോഗശാന്തിക്കുറിച്ചുമുള്ള വിവാദമാണല്ലോ.
b) “കർത്താവിന്റെ അരുളപ്പാടുണ്ടായി” എന്ന വാക്യം പിഒസി ബൈബിളിൽ ഉടനീളം, പ്രത്യേകിച്ച് പ്രവാചകഗ്രന്ഥങ്ങളിൽ, കാണാനാകും. എന്നാൽ, വചനത്തിന്റെ വ്യക്തിഗത മാനത്തെ ഉയർത്തിപ്പിടിക്കുന്ന പരിഭാഷയാണ് പരിഷ്കരിച്ച പതിപ്പിലുള്ളത്: “കർത്താവിന്റെ വചനം ഇപ്രകാരം ഭവിച്ചു”. ഇംഗ്ലീഷിൽ, “The Word of the Lord came to … എന്നാണല്ലോ കാണാനാകുന്നത്.
c) സങ്കീ 2,11.12a-ൽ കാണുന്ന, “ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍; വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിൻ” എന്ന പരിഭാഷയ്ക്കു പകരം പുതിയതിലുള്ളത്, “ഭയത്തോടെ കർത്താവിനെ ശുശ്രൂഷിക്കുവിൻ; വിറയലോടെ ആനന്ദിച്ചാർക്കുവിൻ; പുത്രനെ നിങ്ങൾ ചുംബിക്കുവിൻ” എന്നാണ്. ഇസ്രായേൽരാജാവിന്റെ ആധികാരികത അംഗീകരിക്കാനുള്ള ക്ഷണമാണത്. ക്രിസ്തുവിൽ വിശ്വസിക്കാനുള്ള പുതിയനിയമ ക്ഷണത്തിന്റെ മുന്നോടിയായും ഈ തിരുവചനത്തെ മനസ്സിലാക്കാവുന്നതാണ്.
6. ഹീബ്രു ടെക്സ്റ്റിനെ അപേക്ഷിച്ച് സപ്തതിയിൽ കൂടുതലായി കാണുന്ന ഭാഗങ്ങൾ പരിഷ്കരിച്ച ബൈബിളിൽ അടിക്കുറിപ്പായി മാത്രം ചേർത്തിരിക്കുന്നു:
a) ഉത്പ 3,14c-യിൽ “നീ ഉരസ്സുകൊണ്ട് ഇഴഞ്ഞുനടക്കും;” എന്നത് പാഠഭാഗത്ത് നല്കിയിട്ട് സപ്തതിയിൽ കാണുന്ന, “ഉരസ്സുകൊണ്ടും ഉദരംകൊണ്ടും സഞ്ചരിക്കും” എന്ന പരിഭാഷ അടിക്കുറിപ്പായി നല്കിയിരിക്കുന്നു.
b) പരിഷ്കരിച്ച പിഒസി പതിപ്പിൽ 1സാമു 10,1 ഇങ്ങനെയാണ്: “സാമുവല്‍ എണ്ണപ്പാത്രമെടുത്ത് അവന്റെ ശിരസ്സില്‍ ഒഴിക്കുകയും അവനെ ചുംബിക്കുകയും ചെയ്തിട്ടു പറഞ്ഞു: കര്‍ത്താവ് തന്റെ അവകാശത്തിന്മേല്‍ അധിപനായി നിന്നെ തീര്‍ച്ചയായും അഭിഷേചിച്ചിരിക്കയല്ലേ?” സപ്തതിയിലുള്ള താഴെക്കാണുന്ന ഭാഗം അതിൽ അടിക്കുറിപ്പായി നല്കിയിരിക്കുന്നു. “നീ അവിടത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന് അവരെ സംരക്ഷിക്കുകയുംചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ് നിന്നെ വാഴിച്ചിരിക്കുന്നു എന്നതിന്റെ അടയാളം ഇതായിരിക്കും:” നിലവിലുള്ള പിഒസി ബൈബിളിൽ ടെക്സ്റ്റിന്റെ ഭാഗമായിട്ടാണ് ഇതു ചേർത്തിരിക്കുന്നത്.
7. കൂടുതൽ അടിക്കുറിപ്പുകളിലൂടെ പാഠഭാഗത്തിനു വ്യക്തത കൈവരുത്താൻ പുതിയ പതിപ്പിൽ ശ്രമിച്ചിട്ടുണ്ട്:
a) “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ, അത് ഏറെ ഫലം പുറപ്പെടുവിക്കും” (യോഹ 12,24) എന്ന വാക്യത്തിലെ ‘അപ്പോത്‌നെസ്‌കോ’ എന്ന ഗ്രീക്കുപദത്തിന് മരിക്കുക, നശിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. ‘അഴിയുക’ എന്നത് ക്രിസ്തുവിന്റെ കാര്യത്തില്‍ അനുചിതമാകയാല്‍ ഇവിടെ ‘മരിക്കുക’ എന്നാണ് വിവക്ഷ എന്ന അടിക്കുറിപ്പ് ഈ വാക്യത്തിന്റെ അര്‍ത്ഥം കൂടുതല്‍ വെളിവാക്കിയിരിക്കുന്നു; ‘ഗോതമ്പുമണി മരിക്കുക’ എന്ന സുന്ദരമല്ലാത്ത പ്രയോഗം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
b) “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാലില്‍ ദംശിക്കുകയും ചെയ്യും” എന്ന ഉത്പ 3,15-ാം വാക്യത്തിലെ അവൻ എന്ന പദത്തിന് അടിക്കുറിപ്പായി, “വരാനിരിക്കുന്ന രക്ഷകനെ ഉദ്ദേശിച്ച് ഗ്രീക്കുപരിഭാഷയില്‍ ‘അവന്‍’ എന്നും രക്ഷകന്റെ മാതാവിനെ സൂചിപ്പിക്കാനായി ലത്തീന്‍ വിവര്‍ത്തനത്തില്‍ ‘അവള്‍’ എന്നും ഉപയോഗിച്ചിരിക്കുന്നു” എന്ന വിശദീകരണം നല്കിയിരിക്കുന്നു. അതേ വാക്യത്തിൽ, ‘ദംശിക്കുക’ എന്ന ക്രിയാപദത്തിന് “തകര്‍ക്കും എന്നു മുകളില്‍ പരിഭാഷപ്പെടുത്തിയ ഷുഫ് എന്ന ക്രിയയാണ് ഇവിടെയുമുള്ളത്” എന്ന വിശദീകരണവും കാണാം.
c) “ഏഴാംമാസം, മാസത്തിന്റെ പതിനേഴാംദിവസം, പെട്ടകം അറാറാത്തു പര്‍വതനിരയില്‍ ഉറച്ചു” എന്ന ഉത്പ 8,4-ന് അടിക്കുറിപ്പായി “ഉറച്ചു, വിശ്രമിച്ചു എന്നര്‍ഥമുള്ള മൂലക്രിയയില്‍നിന്നു തന്നെയാണ് നോഹ എന്ന പേരിന്റെ നിഷ്പത്തിയും. കാ. 5,29” എന്ന വിശദീകരണം നല്കിയിരിക്കുന്നു.
8. ബൈബിളിൽ എവിടെയെല്ലാം പദ്യരൂപങ്ങളുണ്ടോ, അവയെല്ലാം പദ്യത്തിന്റെ ഫോർമാറ്റിലാക്കാൻ പരിഷ്കരണ സമിതി ശ്രദ്ധിച്ചിട്ടുണ്ട്. ഉദാ. ഉത്പ 2,23; 3,14-19; 4,23.24; 8,22; 9,6.7. 25-27; ജോഷ്വ 10,12b.13; ജറെ 15,2b etc.
9. ഓരോ പുസ്തകത്തിനും വിപുലമായ ആമുഖവും ഓരോ താളിലും സമൃദ്ധമായ ക്രോസ് റഫറൻസുകളും പ്രത്യേക ഗ്രന്ഥങ്ങളിൽ മറ്റു വിശദീകരണക്കുറിപ്പുകളും (ഉദാ. സങ്കീർത്തനഗ്രന്ഥത്തിന്റെ പഞ്ചഗ്രന്ഥാധിഷ്ഠിത ക്രമീകരണം വായനക്കാർക്ക് മനസ്സിലാകും വിധം അഞ്ചു പുസ്തകങ്ങളുടെ ശീർഷകം നല്കി വ്യക്തമാക്കിയിരിക്കുന്നു) നല്കിയിരിക്കുന്നത് വായനക്കാരന് വലിയ സഹായമാണ്. പൊതുവായ ആമുഖങ്ങളും ഈ പതിപ്പില്‍ പലതുണ്ട്. വായനക്കാരനെ സഹായിക്കുക എന്ന ഏക ഉദ്ദേശ്യമാണ് ഇവയ്ക്കു പിന്നില്‍. വായനക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്; പാഠഭാഗത്തിനിടയിലെ വാക്യനമ്പറുകള്‍ കണ്ണില്‍പ്പെടാതെ പോകുന്നതൊഴിവാക്കാന്‍ അവ കൂടുതല്‍ കറുപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടും തികച്ചും അനുവാചക സൗഹൃദം പുലർത്തുന്ന ഒരു പതിപ്പാണിത്.
“പഴയതാണ് മെച്ചം!”
ഒരു കാര്യം ഞങ്ങൾക്ക് വ്യക്തമായി അറിയാം – സ്വതന്ത്രമായ ആശയസംവേദനവും ഒഴുക്കുള്ള ഭാഷയും കരുത്തായുള്ള, പഴയ പിഒസി ബൈബിളിന്റെ ജനകീയ അടിത്തറ പരിഷ്കരിച്ച ഈ പതിപ്പിന് ലഭിക്കുകയില്ല. ഞങ്ങൾ അതു പ്രതീക്ഷിക്കുന്നുമില്ല. നാല്പത്തിനാലു വർഷമായി ശീലിച്ച വായനയുടെ സൗന്ദര്യം പുത്തൻ വായനയിൽ അനുഭവപ്പെടുക എന്നത് തികച്ചും അസംഭവ്യമത്രേ. മാത്രമല്ല, മൂലഭാഷയോട് കഴിയുന്നത്ര ചേർന്നുനില്ക്കാനും ഹീബ്രു നമ്പരുകൾ നിർബന്ധമായും പാലിക്കാനുമുള്ള ഞങ്ങളുടെ നിഷ്കർഷ സങ്കീർണമായ വാക്യഘടനകൾക്കും ക്ലിഷ്ടമായ പ്രയോഗങ്ങൾക്കും ആയാസകരമായ വായനയ്ക്കും ഇടയാക്കിയിട്ടുണ്ട്.
പക്ഷേ, ഒരു കാര്യം ഉറപ്പാണ്. വിശുദ്ധ ഗ്രന്ഥം ഗൗരവമായി പഠിക്കാനും വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും ആഗ്രഹിക്കുന്നവർക്ക് പരിഷ്കരിച്ച പിഒസി ബൈബിൾ വലിയൊരു മുതൽക്കൂട്ടായിരിക്കും. ആവശ്യമുള്ളവർക്ക് വാങ്ങാനായി പഴയ പിഒസി ബൈബിൾ തുടർന്നും വിപണിയിൽ ഉണ്ടാകും. പക്ഷേ, അതുമായി ഒരു ബൈബിൾ പഠന ക്ലാസ്സിലേക്കോ ബൈബിൾ വ്യാഖ്യാന വേദിയിലേക്കോ പോകുന്നത് അത്ര ഗുണകരമായിരിക്കില്ല. പഠനാർത്ഥം ഉപയോഗിക്കാൻ പരിഷ്കരിച്ച ബൈബിൾ തന്നെ അവലംബമാക്കുക.
റവ. ഡോ. ജോഷി മയ്യാറ്റില്‍




