

ഇറ്റലിയിൽ ജനിച്ച് മെക്സിക്കോയിൽ സേവനം ചെയ്ത ഒരു ഭൂമിശാസ്ത്ര ഭൂപടവിദഗ്ദനും ഗണിത-വാനശാസ്ത്രജ്ഞനുമായിരുന്നു ഈശോസഭാ വൈദികനായിരുന്ന എവുസേബിയോ ഫ്രാൻസിസ്‌കോ കീനോ. ശാസ്ത്രീയസംഭാവനകൾ കൂടാതെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന ധാരാളം പദ്ധതികൾ അദ്ദേഹം മിഷൻ മേഖലകളിൽ നടപ്പാക്കി. അദ്ദേഹം ജീവിച്ച മെക്സിക്കോയിലെ മഗ്ദലേന നഗരത്തോട് കീനോ എന്ന നാമം കൂടി ചേർക്കുകയും സഭ ദൈവദാസനായി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇറ്റലിയിലെ റ്റിറോൾ ഭാഗത്തുള്ള സേഗ്നോ ഗ്രാമത്തിൽ 1645 ഓഗസ്റ്റ് 10 നാണ് അദ്ദേഹം ജനിച്ചത്. ഇവിടം ക്രിസ്തീയജീവിതത്തിന്റെ ഉത്തമ മാതൃകകൾ ആയിരുന്നു. ത്രെന്തോസ് സൂനഹദോസിനു ശേഷമുള്ള സഭാജീവിതത്തിന്റെ സ്വാധീനം ഈ പ്രദേശങ്ങളിൽ വളരെ പ്രകടമായിരുന്നു. ഓസ്ട്രിയൻ റ്റിറോളിലുള്ള ജെസ്വിട്ട് കോളേജിൽ അദ്ദേഹം വിദ്യാഭ്യാസം നടത്തി. അതിനു ശേഷം 1665 ൽ അദ്ദേഹം ഈശോസഭയിൽ സന്യാസ-വൈദികപരിശീലനത്തിനായി ചേർന്നു. ഫ്രായ്ബുർഗ്, ഇങ്കൊൾസ്റ്റാറ്റ്, ലാൻസ്ബർഗ് എന്നിവിടങ്ങളിലെ ഈശോസഭാകേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കി 1677 ൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
പൗരസ്ത്യദേശങ്ങളിൽ സുവിശേഷപ്രഘോഷണത്തിനു പോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ‘പുതിയ സ്പെയിനി’ലേക്കാണ് അധികാരികൾ അദ്ദേഹത്തെ അയച്ചത്. സ്പെയിനിലെ കാഡിസ് എന്ന സ്ഥലത്ത് മെക്സിക്കോയിലേക്കുള്ള കപ്പൽ വരുന്നതും കാത്തുകഴിയുന്ന സമയത്ത് നക്ഷത്രങ്ങളെക്കുറിച്ച് ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1681 ൽ അദ്ദേഹം മെക്സിക്കോയിൽ എത്തുകയും ഇന്നത്തെ മെക്സിക്കോ-അമേരിക്കൻ പ്രദേശങ്ങളിൽ തന്റെ ദൗത്യം ആരംഭിക്കുകയും ചെയ്തു.
1687 ൽ പ്രിമേറിയ ആൾട്ട എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആദ്യ മിഷൻ സ്ഥാപിച്ചു. അടുത്ത 24 വർഷങ്ങൾ ഇവിടം കേന്ദ്രീകരിച്ച് അദ്ദേഹം അസാധാരണമായ മിഷൻപ്രവർത്തനങ്ങൾ നടത്തി. പ്രാദേശികഭാഷകൾ അദ്ദേഹം പെട്ടെന്ന് പഠിച്ചെടുക്കുകയും അത് മിഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു. ഓരോ പ്രദേശത്തെയും സംസ്കാരത്തെ മാനിച്ചുകൊണ്ടായിരുന്നു അദ്ദേഹം സുവിശേഷം പ്രഘോഷിച്ചത്. ലളിതജീവിതം നയിച്ചുകൊണ്ട് അവിടുത്തുകാരിൽ ഒരുവനെപ്പോലെ ജീവിച്ചു.
ഒരു പര്യവേഷകനായും ചാർട്ടുകളും ഭൂഗോളപടങ്ങളും രൂപകൽപന ചെയ്ത ശാസ്ത്രജ്ഞനായും അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. യൂറോപ്പിലെ പലരും കാലിഫോർണിയ പ്രദേശങ്ങൾ ഒരു ദ്വീപാണ് എന്നാണ് വിശ്വസിച്ചിരുന്നത്. 1698 മുതൽ 1706 വരെയുള്ള കാലഘട്ടത്തിൽ നിരവധി യാത്രകൾ നടത്തുകയും ഇത് ഒരു ഉപദ്വീപാണെന്ന് സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ ഏറ്റം കൃത്യതയുള്ള കീനോയുടെ ഭൂപടങ്ങളാണ് പല ശാസ്ത്രജ്ഞരും ഉപയോഗിച്ചത്. ശാസ്ത്രപരീക്ഷണങ്ങളോടൊപ്പം മിഷൻപ്രദേശങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും അതുവഴിയായി അദ്ദേഹത്തിനു സാധിച്ചു.
യൂറോപ്പിലെ കൃഷിരീതികളും കന്നുകാലിവളർത്തലും അദ്ദേഹം ഈ പ്രദേശങ്ങളിൽ നടപ്പിലാക്കി. ഇത് ഭക്ഷ്യക്ഷാമം പരിഹരിക്കുകയും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. അവിടുത്തുകാർക്ക് അന്യമായിരുന്ന ജലസേചനരീതികൾ, മൃഗസംരക്ഷണം എന്നിവ അദ്ദേഹം പഠിപ്പിച്ചു. വടക്കൻ മെക്സിക്കോയിലെയും തെക്കുപടിഞ്ഞാറൻ അമേരിക്കയിലെയും പല കൃഷിപാരമ്പര്യങ്ങളും ഇദ്ദേഹത്തിന്റെ ആശയങ്ങളിൽ നിന്നും ഉദ്ഭവിച്ചതാണ്. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ അംശങ്ങളെയും സ്വാധീനിക്കാൻ സുവിശേഷത്തിനു കഴിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് കീനോ. അദ്ദേഹത്തിന്റെ യാത്രകൾ, അജപാലന ജോലികൾ, പര്യവേഷണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി രൂപപ്പെടുത്തിയ ഗ്രന്ഥം (Favores Celestiales) തദ്ദേശീയ സംസ്കാരത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചുള്ള വിലയേറിയ അറിവാണ് പ്രദാനം ചെയ്യുന്നത്. കൂടാതെ, ജെസ്വിട്ട് അധികാരികൾക്ക് അദ്ദേഹം എഴുതിയ നീണ്ട കത്തുകളും റിപ്പോർട്ടുകളും ശാസ്ത്രീയനിരീക്ഷണങ്ങളും അമേരിക്കയെക്കുറിച്ച് യൂറോപ്പിന് വലിയ വിവരങ്ങൾ നൽകി.
എവുസേബിയോ കീനോ 1711 മാർച്ച് 15 ന് മെക്സിക്കോയിലെ മഗ്ദലേന നഗരത്തിൽ വച്ചാണ് മരിച്ചത്. അമേരിക്കയിലെയും മെക്സിക്കോയിലെയും പല നഗരങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അദ്ദേഹത്തിന്റെ നാമം നൽകിയിരിക്കുന്നു. എവുസേബിയോ കീനോയുടെ ജീവിതത്തെക്കുറിച്ച് നിരവധി സിനിമകളും പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




