പുരോഹിത ശാസ്ത്രജ്ഞർ 117: തൊമ്മാസോ ചേവ (1648–1737)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, തത്വചിന്ത, ദൈവശാസ്ത്രം, കവിത തുടങ്ങിയ മേഖലകളിൽ പ്രാഗദ്ഭ്യം തെളിയിച്ച  ഇറ്റാലിയൻ ജെസ്വിട്ട് വൈദികനായിരുന്നു തൊമ്മാസോ ചേവ. ശാസ്ത്രീയപഠനവും ദൈവവിശ്വാസവും സമന്വയിപ്പിച്ച് അനേകം ശിഷ്യർക്ക് ഗണിതശാസ്ത്ര-തത്വശാസ്ത്ര അറിവുകൾ അദ്ദേഹം പകർന്നുനൽകി. നിരവധി ശാസ്ത്രജ്ഞരെ രൂപപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ നീണ്ടകാലത്തെ അധ്യാപനജീവിതം ഇടയാക്കുകയും ചെയ്തു.

1648 ഡിസംബർ 20 ന് ഇറ്റലിയിലെ മിലാനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് തൊമ്മാസോ ചേവ ജനിച്ചത്. ‘ചേവയുടെ സിദ്ധാന്തം’ എന്ന പ്രസിദ്ധ ഗണിതശാസ്ത്ര തത്വത്തിന്റെ ഉപജ്ഞാതാവായ ജൊവാന്നി ചേവ അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായിരുന്നു. മിലാനിലെ ജെസ്വിട്ട് കോളേജിലെ വിദ്യാഭ്യാസ കാലയളവിൽ തന്നെ അദ്ദേഹത്തിന് ഗണിതത്തിലും സാഹിത്യത്തിലും വലിയ അഭിരുചിയുണ്ടെന്ന് അധികാരികൾ തിരിച്ചറിഞ്ഞു. 1663 ൽ അദ്ദേഹം ഈശോസഭയിൽ പ്രവേശിക്കുകയും തത്വശാസ്ത്രം, ദൈവശാസ്ത്രം, ഗണിതം, സാഹിത്യം, പ്രഭാഷണകല തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. പിന്നീട് മിലാനിലെ ജെസ്വിട്ട് കോളേജിൽ 40 വർഷത്തിലധികം ഗണിതശാസ്ത്രവും പ്രസംഗകലയും പഠിപ്പിച്ചു.

പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ശാസ്ത്രലോകത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചു. ഗലീലിയോ, ന്യൂട്ടൻ തുടങ്ങിയ ശാസ്ത്രജ്ഞരുടെ വലിയ നിര നവീന കണ്ടുപിടിത്തങ്ങൾ നടത്തി. ഇവരുടെ ആശയങ്ങളെ ആഴത്തിൽ മനസ്സിലാക്കി തന്റേതായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് തൊമ്മാസോ ചേവ. ഗണിതശാസ്ത്ര മേഖലയിൽ ഒരു കോണിനെ ആവശ്യമായത്ര തുല്യഭാഗങ്ങളായി വിഭജിക്കാൻ സഹായിക്കുന്ന ഒരു യാന്ത്രിക ഉപകരണം 1695 ൽ അദ്ദേഹം രൂപകൽപന ചെയ്തു. ഇത് പിന്നീട് ‘ചേവയുടെ സൈക്ലോയ്ഡ്’ എന്ന പേരിൽ അറിയപ്പെട്ടു.

1699 ൽ അദ്ദേഹം തന്റെ ഗണിതശാസ്ത്ര പഠനങ്ങൾ സമാഹരിച്ച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ജ്യാമിതി, സംഖ്യാശാസ്ത്രം, ഗുരുത്വാകർഷണം എന്നീ വിഷയങ്ങളാണ് പ്രധാനമായും ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയിൽ, ഭാരമുള്ള വസ്തുക്കളുടെ സ്വഭാവം, ചലനം, ഭൂമിയിലേക്കുള്ള പതനം, ഗുരുത്വാകർഷണം എന്നീ വിഷയങ്ങളും ചർച്ച ചെയ്യുന്നു. ഇറ്റാലിയൻ ബൗദ്ധികലോകത്തിൽ ന്യൂട്ടന്റെ ആശയങ്ങൾ പരിചയപ്പെടുത്താൻ സഹായിച്ച ശാസ്ത്രജ്ഞനായിട്ടാണ് അദ്ദേഹത്തെ പലരും കാണുന്നത്.

ശാസ്ത്രഗ്രന്ഥങ്ങൾ കൂടാതെ ലത്തീൻ ഭാഷയിൽ നിരവധി കവിതകളും തൊമ്മാസോ രചിച്ചിട്ടുണ്ട്. 1690 ൽ പ്രസിദ്ധീകരിച്ച ‘യേസുസ് പുയേർ’ എന്ന കവിതയിൽ യേശുവിന്റെ ബാല്യകാല്യം അദ്ദേഹം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. 1699 ൽ ‘സിൽവായെ’ എന്ന പേരിൽ ലത്തീൻ ഭാഷയിൽ കവിതകളുടെ മറ്റൊരു സമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു. കൂടാതെ, സഭയുമായും ചൈനയിലെ ജെസ്വിട്ട് മിഷനുമായും ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, തൊമ്മാസോ ചേവയുടെ ഏറ്റം വലിയ സേവനമായി കണക്കാക്കപ്പെടുന്നത് അദ്ദേഹത്തിന്റെ അധ്യാപനമായിരുന്നു. യൂക്ലിഡിന്റെ സമാന്തരരേഖാ സിദ്ധാന്തത്തെക്കുറിച്ച് വലിയ പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞനായ ജിറോളാമോ സക്കേരി ഉൾപ്പെടെയുള്ള അനേക ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ഉൾപ്പെടുന്നു. അങ്ങനെ പുതിയ തലമുറയിലെ ശാസ്ത്രജ്ഞരെ വളർത്തിയ അധ്യാപകൻ എന്ന നിലയിലും തൊമ്മാസോയുടെ പൈതൃകം വിലപ്പെട്ടതാണ്.

1737 ഫെബ്രുവരി മൂന്നിന് തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ തൊമ്മാസോ ചേവ മിലാനിൽ അന്തരിച്ചു. താൻ ജനിച്ച നഗരത്തിൽ തന്നെ ജീവിച്ചുമരിച്ച അദ്ദേഹത്തിന്റെ ജീവിതം ബാഹ്യമായി നോക്കുമ്പോൾ സാഹസികമായിരുന്നില്ലെങ്കിലും ചിന്തയുടെ ലോകത്തിൽ അദ്ദേഹം നടത്തിയ യാത്ര വളരെ വിശാലമായിരുന്നു. ഒരു ശാസ്ത്രജ്ഞന്റെ മഹത്വം പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിൽ മാത്രമല്ലെന്നും വിജ്ഞാനത്തെ സ്നേഹിക്കുന്ന പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിലും വിശ്വാസവും യുക്തിയും തമ്മിൽ സത്യസന്ധമായ സംവാദം വളർത്തുന്നതിലുമാണെന്നും തൊമ്മാസോ ചേവയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രചിന്തകൻ, കവി, ദൈവശാസ്ത്രജ്ഞൻ, അധ്യാപകൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ദൈവം മനുഷ്യനു നൽകിയ ബുദ്ധി, സത്യത്തെ അന്വേഷിക്കാനും പ്രബോധനത്തിനും ഉപയോഗിക്കണമെന്ന ജെസ്വിട്ട് വിദ്യാഭ്യാസദർശത്തിന്റെ ശ്രദ്ധേയമായ പ്രതീകമാണ് തൊമ്മാസോ ചേവ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.