
റോമിലെ ആവെന്റൈൻ കുന്നിൽ സ്ഥിതിചെയ്യുന്ന സാന്താ സബീന ബസിലിക്കയുടെ തിരുമുറ്റത്ത് കാലത്തെപോലും അമ്പരപ്പിച്ചുകൊണ്ട് ഒരു ഓറഞ്ച് മരം തലയുയർത്തി നിൽക്കുന്നുണ്ട്. എണ്ണൂറിലധികം വർഷങ്ങളായി ഫലങ്ങൾ തരുന്ന ഈ വൃക്ഷം ക്രിസ്തീയ പാരമ്പര്യത്തിലും ചരിത്രത്തിലും അദ്ഭുതത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പ്രത്യാശയുടെയും സജീവ പ്രതീകമാണ്.
ചരിത്രവും ഐതിഹ്യവും
ക്രിസ്തുവർഷം 1220 -ൽ ഡൊമിനിക്കൻ സന്ന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക് തന്നെയാണ് ഈ മരം നട്ടതെന്നാണ് പാരമ്പര്യം. റോമിൽ നട്ടുപിടിപ്പിക്കപ്പെട്ട ആദ്യത്തെയും ഏറ്റവും പഴക്കമേറിയതുമായ ഓറഞ്ച് മരമായി ഇത് കണക്കാക്കപ്പെടുന്നു. സാധാരണയായി ഒരു ഓറഞ്ച് മരത്തിന്റെ ആയുസ്സ് നൂറു വർഷത്തിൽ താഴെയാണെന്നിരിക്കെ എട്ട് നൂറ്റാണ്ടുകളായി ഇത് തഴച്ചുവളരുകയും കായ്ക്കുകയും ചെയ്യുന്നത് ഒരു അദ്ഭുതമായി ജനങ്ങൾ കാണുന്നു.
പുനരുജ്ജീവനത്തിന്റെ പ്രതീകം
പത്തൊൻപതാം നൂറ്റാണ്ടിൽ ഈ വൃക്ഷത്തിന്റെ പഴയ തടി ക്ഷയിച്ചപ്പോൾ അതിൽ നിന്ന് ശക്തമായ ഒരു പുതിയ തൈ മുളച്ചുവന്നു. ഡൊമിനിക്കൻ സഭയുടെയും അതിന്റെ ആത്മീയതയുടെയും പുതിയ ഉണർവായാണ് വിശ്വാസികൾ ഈ സംഭവത്തെ കാണുന്നത് . ഇന്ന് സാന്താ സബീനയിൽ കാണപ്പെടുന്നത് ആ തൈയിൽ നിന്നും വളർന്നുവന്ന വൃക്ഷമാണ്.
ചരിത്രത്തിലെ പ്രാധാന്യം
പണ്ടുകാലത്ത് ഈ മരത്തിൽ നിന്ന് ലഭിക്കുന്ന ഓറഞ്ചുകൾ മാർപാപ്പമാർക്കും കർദിനാൾമാർക്കും പ്രത്യേക ഉപഹാരമായി നൽകാറുണ്ടായിരുന്നു. ഫ്രാൻസിസ് ഡി സെയിൽസ് തുടങ്ങിയ നിരവധി വിശുദ്ധർ ഈ മരത്തിന്റെ അതിജീവനത്തെ ആത്മീയ വളർച്ചയ്ക്കും വിശ്വാസ ദാർഢ്യത്തിനും മാതൃകയായി ഉപമിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ തീർഥാടകർ ഇതിന്റെ ഇലകളും ശാഖകളും അദ്ഭുതകരമായ രോഗശാന്തി നൽകുന്ന ഔഷധമായി ശേഖരിച്ചിരുന്നു.
മറ്റുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള സന്ന്യാസ ആശ്രമ മുറ്റത്തെ ഈ മരം മതിൽക്കെട്ടിലെ ചെറിയൊരു ദ്വാരത്തിലൂടെ മാത്രമേ പുറത്തുനിന്നുള്ള തീർഥാടകർക്കും സഞ്ചാരികൾക്കും ദർശിക്കാൻ സാധിക്കൂ. ഇന്നും കയ്പ്പുള്ള ഓറഞ്ചുകൾ കായ്ക്കുന്ന ഈ മരം ഡൊമിനിക്കൻ സഭയുടെ നിലനിൽപ്പിന്റെയും പ്രത്യാശയുടെയും അമരസ്മരണയായി നിലകൊള്ളുന്നു.




