ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: നവംബർ 10

ഒരു ജർമൻ പുരോഹിതനും ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനും സ്തുതിഗീതകർത്താവും പ്രൊഫസറും അഗസ്തീനിയൻ സന്യാസിയുമായിരുന്ന മാർട്ടിൻ ലൂഥർ ജനിച്ചത് 1483 നവംബർ പത്തിനായിരുന്നു. പ്രൊട്ടസ്റ്റന്റ്  നവീകരണത്തിന്റെ പ്രധാന വ്യക്തിത്വമായിരുന്നു ലൂഥർ. പാശ്ചാത്യ ക്രിസ്ത്യൻചരിത്രത്തിലെഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി അദ്ദേഹത്തെ പരക്കെ കണക്കാക്കപ്പെടുന്നു.

1871 നവംബർ പത്തിനായിരുന്നു പത്രപ്രവർത്തകനായ ഹെൻറി സ്റ്റാൻലി, സാഹസികയാത്രികനായിരുന്ന ഡേവിഡ് ലിവിങ്സ്റ്റണെ കണ്ടുമുട്ടിയത്. ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡോ. ഡേവിഡ് ലിവിങ്സ്റ്റൺ. 1841 ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ, അന്നേവരെ ആരും കടന്നുചെല്ലാത്ത മാർഗങ്ങളിലൂടെ സഞ്ചരിച്ച് ആഫ്രിക്കയുടെ ഉൾഭാഗങ്ങളിൽ എത്തിച്ചേർന്നു. പിന്നീട് വളരെക്കാലം ലിവിങ്സ്റ്റണെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതായപ്പോൾ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങാൻ പത്രപ്രവർത്തകനായ ഹെൻറി സ്റ്റാൻലി തീരുമാനിക്കുകയായിരുന്നു. ന്യൂയോർക്ക് ഹെറാൾഡ് പത്രത്തിലെ ലേഖകനായിരുന്നു സ്റ്റാൻലി. ഏതാണ്ട് രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ 1871 നവംബർ പത്തിന് ടാൻസാനിയയിലെ ടാങ്കനിക്ക തടാകക്കരയിൽനിന്നും രോഗിയായ ലിവിങ്സ്റ്റണെ അദ്ദേഹം കണ്ടെത്തി. ‘താങ്കൾത്തന്നെയാണ് ഡോ. ലിവിങ്സ്റ്റൺ എന്ന് കരുതട്ടെ’ എന്ന സ്റ്റാൻലിയുടെ ആദ്യ ചോദ്യം പ്രശസ്തവും ചരിത്രത്തിന്റെ ഭാഗവുമാണ്.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന വൈപ്പറിന് പേറ്റന്റ് ലഭിച്ചത് 1903 നവംബർ പത്തിനായിരുന്നു. മേരി ആൻഡേഴ്സനാണ് പേറ്റന്റ് അനുവദിച്ചത്. അമേരിക്ക സന്ദർശിച്ച ആൻഡേഴ്സന്റെ ഡ്രൈവർ യാത്രയ്ക്കിടെ കാറിന്റെ ചില്ലിൽ മഞ്ഞുവീഴുന്നത് ഇടയ്ക്കിടെ ഇറങ്ങി തുടയ്ക്കുന്നതു കണ്ടതാണ് വൈപ്പറിന്റെ കണ്ടുപിടുത്തത്തിന് പ്രചോദനമായത്. ബെർമിംഗാഹാമിൽ തിരിച്ചെത്തിയ അവർ വൈപ്പറിന്റെ രൂപരേഖ വരച്ച് പേറ്റന്റിന് അപേക്ഷിക്കുകയായിരുന്നു. 1903 ജൂൺ 18 നായിരുന്നു അപേക്ഷ സമർപ്പിച്ചത്. അതുപ്രകാരം നവംബർ പത്തിന് പേറ്റന്റ് അനുവദിച്ച് ഉത്തരവിറങ്ങി.

ഏറ്റവും വലിപ്പമേറിയ ബ്ലൂ ഡയമണ്ടായ ഹോപ് ഡയമണ്ട് വാഷിംഗ്ടണിലെ സ്മിത്ത്സോണിയൻ മ്യൂസിയത്തിനു സംഭാവനയായി ലഭിച്ചത് 1958 നവംബർ പത്തിനായിരുന്നു. പ്രശസ്ത രത്നവ്യാപാരിയായിരുന്ന ഹാരി വിൻസ്റ്റണാണ് ലോകത്ത് ഇന്ന് അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ വജ്രം മ്യൂസിയത്തിനു നൽകിയത്. 45.52 കാരറ്റ് തൂക്കമുള്ള ഈ രത്നത്തിന്റെ മതിപ്പുവില ഏതാണ്ട് 35 കോടി ഡോളറാണ്. ഇന്ത്യയിലെ ഗോൽകൊണ്ട ഖനികളിൽനിന്നുള്ളതാണ് ഈ രത്നം എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയും വ്യാപാരിയുമായ ഴാങ് ബാപ്റ്റിസ്റ്റെ ടവെർനിയെയാണ് ആദ്യമായി ഈ രത്നം വാങ്ങുന്നത്. പിന്നീട് ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് ഇത് സ്വന്തമാക്കി. എന്നാൽ, ഫ്രഞ്ച് വിപ്ലവകാലത്ത് അദ്ദേഹം കൊല്ലപ്പെട്ടപ്പോൾ ഇത് സർക്കാർ ഖജനാവിലേക്ക് മാറ്റിയെങ്കിലും പിന്നീട് 1813 ൽ ഹെന്റി ഫിലിപ്പ് ഹോപ്പ് എന്ന വ്യാപാരിയുടെ കൈവശമെത്തിയതോടെയാണ് ഇതിന് ഹോപ് ഡയമണ്ട് എന്ന് പേര് ലഭിച്ചത്. വീണ്ടും പല സമ്പന്നരുടെയും രത്നശേഖരത്തിന്റെ ഭാഗമായിരുന്ന ഹോപ് ഒടുവിൽ ഹാരി വിൻസ്റ്റണിന്റെ കൈയിലെത്തുകയായിരുന്നു. അദ്ദേഹമാണ് അത് മ്യൂസിയത്തിന് സംഭാവന ചെയതത്. ഇന്ന് മ്യൂസിയത്തിലെ ജെം ഹാളിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.