“കുരിശുരൂപം കാണുമ്പോൾ ഞാൻ കരയാൻ തുടങ്ങും”: ‘ദി ചോസൻ’ നൽകിയ തിരിച്ചറിവുകളെക്കുറിച്ച് ജോനാഥൻ റൂമി

‘ദി ചോസൻ’ (The Chosen) പരമ്പരയിൽ യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ട് ആയെങ്കിലും, പരമ്പരയുടെ ആറാം സീസണിനായി കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കുന്നത് തന്റെ മുൻകാല അനുഭവങ്ങളേക്കാളെല്ലാം ഏറെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്ന് വെളിപ്പെടുത്തി ജോനാഥൻ റൂമി. സിസിഎം മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ആണ് ഈശോയുടെ കുരിശുമരണം ചിത്രീകരിച്ചപ്പോഴുള്ള തന്റെ അവസ്ഥകളും അനുഭവങ്ങളും അദ്ദേഹം വിവരിച്ചത്.

“ഞാൻ പള്ളിയിൽ പോകുമ്പോൾ ഒരു കുരിശുരൂപത്തിലേക്ക് നോക്കിയാൽ പെട്ടെന്ന് കരയാൻ തുടങ്ങും; കാരണം, അതേ കാഴ്ചപ്പാടിൽ നിന്ന് ആ യാതനകൾ തനിക്ക് സംഭവിക്കുന്നതായി തലച്ചോറിനെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു,” അദ്ദേഹം വിശദീകരിച്ചു. യേശുവായി വേഷമിടുന്നത് വെറുമൊരു അഭിനയം മാത്രമല്ലെന്നും, അത് തന്റെ വ്യക്തിജീവിതത്തെയും വിശ്വാസത്തെയും അടിമുടി മാറ്റിമറിച്ചുവെന്നും റൂമി പറയുന്നു. ഒരു നടൻ എന്ന നിലയിൽ ഈ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ഭാരവും ഉത്തരവാദിത്തവും വളരെ വലുതാണ്. യേശുവിന്റെ സ്നേഹവും കാരുണ്യവും പ്രകാശവും മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ, സ്വന്തം ജീവിതത്തിലും ആ മൂല്യങ്ങൾ പുലർത്താൻ താൻ നിരന്തരം പരിശ്രമിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കു ചുറ്റും ക്രൂ ഉണ്ടായിരുന്നു. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ കട്ട് വിളിക്കാൻ സംവിധായകനും. എങ്കിൽ പോലും ആ രംഗങ്ങൾ തന്നിൽ ചെലുത്തിയ മനസികാഘാതം വളരെ വലുതായിരുന്നു എന്ന് ജോനാഥൻ പറയുന്നു. “തീർച്ചയായും, യേശുവിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ആശ്വാസങ്ങളോ ഇടവേളകളോ ഉണ്ടായിരുന്നില്ല. വേദനയും അപമാനവും കുരിശിലെ യാതനയുമെല്ലാം ഭീകരമായ യാഥാർഥ്യമായിരുന്നു. ആ അന്തിമ മണിക്കൂറുകൾ വെറുതെ അഭിനയിച്ചു കാട്ടിയത് പോലും ചിത്രീകരണം കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞും തന്നെ കണ്ണീരിലാഴ്ത്തിയിട്ടുണ്ടെങ്കിൽ, മനുഷ്യർക്കുവേണ്ടി ക്രിസ്തു സഹിച്ച സങ്കൽപ്പിക്കാൻ പോലും കഴിയാത്ത യാതനകളുടെ ആഴം എത്രത്തോളമുണ്ടെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു”- ജോനാഥൻ കൂട്ടിച്ചേർത്തു.

പരമ്പരയിലെ ഏറ്റവും പ്രയാസമേറിയ രംഗങ്ങളായി റൂമി വിശേഷിപ്പിച്ച കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കാൻ അദ്ദേഹം ഇറ്റലിയിലെ മറ്റേരയിൽ (Matera) മൂന്ന് ആഴ്ചകളാണ് ചെലവഴിച്ചത്. ഈ ഷൂട്ടിങ് തുടങ്ങിയതിനു ശേഷം ദൈവവുമായും വിശുദ്ധരുമായും തന്റെ കാവൽമാലാഖയുമായും കൂടുതൽ ആത്മബന്ധം അനുഭവപ്പെടുന്നുണ്ടെന്നും സ്വന്തം വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ആഗ്രഹം വർധിച്ചതായും അദ്ദേഹം വിവരിച്ചു.

“വർഷങ്ങൾ കഴിയുമ്പോൾ ആളുകളുടെ മനസ്സിൽ നിന്ന് എന്റെ മുഖം മാഞ്ഞുപോയേക്കാം, അത് വളരെ നല്ല കാര്യമാണ്. എന്നാൽ എന്റെ മുഖം മായുമ്പോഴും, അവരുടെ ഹൃദയങ്ങളിൽ യേശുവിനോടുള്ള സ്നേഹം കൂടുതൽ ആഴത്തിൽ വളരുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്.”- ജോനാഥൻ പറഞ്ഞു നിർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.