മഹാനായ വി. ലെയോ പാപ്പ – ജീവചരിത്രം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

← Back

Thank you for your response. ✨

സഭാചരിത്രത്തിൽ ആദ്യമായി ‘മഹാൻ’ എന്ന സംജ്ഞ തന്റെ പേരിനോട് കൂട്ടിച്ചേർക്കത്തക്ക വിധം സഭയ്ക്കും റോമൻ ജനതയ്ക്കും അനശ്വര സംഭാവന നൽകിയ മാർപാപ്പയാണ് മഹാനായ വി. ലെയോ. ചക്രവർത്തിമാർ ഉപേക്ഷിച്ചുപോയ റോമിൽ നേതൃശൂന്യത അനുഭവപ്പെട്ടപ്പോൾ സാധാരണക്കാരുടെ പ്രതീക്ഷയും അഭയവുമായി വി. ലെയോ അവതരിച്ചു. ‘നിത്യനഗരം’ നിരന്തരം അക്രമങ്ങൾക്ക് വിധേയമായി ക്ഷയിച്ചപ്പോൾ ക്രിസ്തീയ വിശ്വാസത്തിന്റെ തലയിൽ കെട്ടിവച്ച പാപഭാരത്തിനെതിരെയുള്ള ആത്‌മീയ-ബൗദ്ധിക പ്രതിരോധമായിരുന്നു വി. അഗസ്തീനോസിന്റെ ‘ദൈവത്തിന്റെ നഗരം’ എന്ന വിഖ്യാത കൃതി. ഒരു വിശ്വാസിയുടെ നിത്യനഗരം ഭൂമിയിലല്ല, പിന്നെയോ സ്വർഗത്തിലാണ് എന്നതായിരുന്നു ഈ ഗ്രന്ഥത്തിന്റെ പ്രമേയം.

ചരിത്രത്താളുകളിൽ മാത്രം കാണപ്പെടുന്ന പുരാതന മഹാനഗരങ്ങളുടെ ഗണത്തിൽ ഉൾപ്പെടാതെ ഇന്നും റോം സജീവമായി നിലനിൽക്കുന്നതിനു ലെയോ മാർപാപ്പയോട് നാം കടപ്പെട്ടിരിക്കുന്നു. ക്രൂരതയുടെ പര്യായമായിരുന്ന ആറ്റില എന്ന ഹുൺ രാജാവിനെയും ‘നശീകരണപ്രവണത’ (vandalism) എന്ന വാക്ക് പേരിനോട് ചേർക്കപ്പെട്ടിരിക്കുന്ന വാന്തൽ രാജാവായ ജൈസെറിക്കിനെയും അനുനയിപ്പിച്ചു റോമിനെ രക്ഷിക്കുന്നതിനും മാർപാപ്പയ്ക്ക് സാധിച്ചു. എല്ലാറ്റിലുമുപരി കൽസിഡോണിയ കൗൺസിലിൽ രൂപപ്പെട്ട ക്രിസ്തുവിജ്ഞാനീയം (Christology) ലിയോ മാർപാപ്പ പകർന്നു നല്കിയ അറിവിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.

ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ സഭയ്ക്ക് ശക്തമായ നേതൃത്വം നല്കി, പ്രതിസന്ധികളെ ധീരതയോടെ നേരിട്ടു, റോമൻ ജനതയിൽ ആത്മവിശ്വാസം പകർന്ന നേതാവാണ് അദ്ദേഹം. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ തന്റെ ജനത്തെ നയിക്കാനും സഹോദരങ്ങളെ ചേർത്തു നിർത്താനും അദ്ദേഹം ശ്രമിച്ചതുവഴി മാർപാപ്പ സ്ഥാനത്തിനു തന്നെ പുതിയ ഭാവം കൈവന്നു. ലിയോ മാർപാപ്പയുടെ ജീവിതവും ചിന്തകളും അടുത്തറിയുന്നത് നമ്മുടെ ക്രിസ്തീയ ജീവിതത്തെയും പ്രചോദിപ്പിക്കും.

ജനനം ബാല്യം വിദ്യാഭ്യാസം

ലെയോ മാർപാപ്പയുടെ ബാല്യകാലത്തെക്കുറിച്ചു സമകാലീന ചരിത്രകാരന്മാർ തങ്ങളുടെ രചനകളിൽ ഒന്നും പറയുന്നില്ലെങ്കിലും മാർപാപ്പയുടെ നേതൃത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ചും വാചാലമായി സംസാരിക്കുന്നുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ട മാർപാപ്പമാരുടെ ജീവചരിത്രം വിവരിക്കുന്ന ‘ലീബർ പൊന്തിഫിക്കാലിസ്’ പറയുന്നത് ലെയോ മാർപാപ്പയുടെ ജന്മദേശം ഇറ്റലിയിലെ ടസ്കണി പ്രദേശമാണെന്നാണ്. എ.ഡി. 400 അദ്ദേഹത്തിന്റെ ജന്മവർഷമായി പൊതുവെ അംഗീകരിച്ചിരിക്കുന്നു. ലെയോയുടെ പിതാവ് ക്വീന്തിയൻ ഇറ്റലിയിലെ എത്രൂറിയ പ്രദേശത്തെ വൊളതേറയിൽ നിന്നുള്ള ആളായിരുന്നു. ടസ്‌ക്കണിയിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം റോമിൽ വന്നിരിക്കാനാണ് സാധ്യത. കാരണം തന്റെ ‘പിതൃഭൂമി’ (patria) എന്ന് ലിയോ വിശേഷിപ്പിച്ചിരിക്കുന്നത് റോമിനെയാണ്. ഒരു പക്ഷെ ചെറുപ്പം മുതലുള്ള തന്റെ പ്രവർത്തന മണ്ഡലമെന്ന നിലയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നതുമാകാം.

ലത്തീൻ-ക്രിസ്ത്യൻ സംസ്കാരത്തിൽ വളർന്നു വന്ന ലെയോയ്ക്ക് ചെറുപ്പകാലത്ത് പേഗൻ സാഹിത്യമോ ഗ്രീക്ക് ഭാഷയോ പഠിക്കുന്നതിന് അവസരം ലഭിച്ചിരുന്നില്ല. ലത്തീൻ ഭാഷയിലും സാഹിത്യത്തിലും ആഴമായ അറിവ് ഉണ്ടായിരുന്ന മാർപാപ്പ പൂർണ്ണമായും ഈ ഭാഷയിലാണ് പ്രസംഗിക്കുകയും എഴുതുകയും ചെയ്തത്. കൂടാതെ രാഷ്ട്രീയ ബൗദ്ധീക ദൈവശാസ്ത്ര മേഖലകളിൽ റോമൻ പ്രദേശങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരുന്ന ഒരു കാലഘട്ടവുമായിരുന്നു ഇത്. ലത്തീൻ സഭാപിതാക്കന്മാരുടെ കൃതികളിൽ അവഗാഹം നേടിയിരുന്ന ലെയോയ്ക്ക് അഗസ്റ്റിനെപ്പോലെയോ, കപ്പഡോഷ്യൻ പിതാക്കന്മാരെപ്പോലെയോ വിജാതീയ സാഹിത്യകൃതികളിലും പ്രാവീണ്യം ഉണ്ടായിരുന്നില്ല. ഇനിയും ഈ മേഖലയിൽ എന്തെങ്കിലും അറിവ് ഉണ്ടായിരുന്നെങ്കിൽ തന്നെ അത് തന്റെ രചനകളെ സ്വാധീനിക്കത്തക്ക വിധത്തിലും ആയിരുന്നില്ല.

റോമൻ സഭയിലെ ഒരു ദൈവാലയ സഹായി (acolyte) എന്ന നിലയിലാണ് ലെയോ സഭയുടെ സേവന മേഖലയിലേക്ക് കടന്നുവരുന്നത്. വി. അഗസ്തീനോസിനെ ഇക്കാലയളവിൽ അദ്ദേഹം പരിചയപ്പെട്ടിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. സോസിമസ് മാർപാപ്പയുടെ ഭരണകാലയളവിൽ എ.ഡി. 418-ൽ കാത്തേജിലെ ബിഷപ്പായിരുന്ന വി. ഔറേലിയോസിനു നല്കാനുള്ള ഒരു കത്തുമായി വടക്കൻ ആഫ്രിക്കയിലേക്ക് ലെയോ യാത്ര ചെയ്തു. പെലാജിയൂസിന്റെ പ്രബോധനങ്ങളെ അപലപിച്ചുകൊണ്ട് സിക്റ്റസ് മൂന്നാമൻ (പിന്നീട് മാർപാപ്പ) എഴുതിയ ഒരു കത്തായിരുന്നു ഇത്. യൗവ്വന പ്രായത്തിൽ തന്നെ സഭാ പ്രബോധനങ്ങളിലും ഭരണ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു എന്ന് മാത്രമല്ല സഭാധികാരികൾ വലിയ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തെ ഏല്പിച്ചിരുന്നു എന്നു കൂടി വെളിവാക്കുന്നതാണ് ഇത്തരം ദൗത്യങ്ങൾ. കൂടാതെ വലിയ ഭരണ പരിചയം നേടുന്നതിനും മാർപാപ്പ ആയതിന് ശേഷം കാര്യക്ഷമതയോടെ തന്റെ കടമകൾ നിറവേറ്റുന്നതിനും ഇക്കാര്യങ്ങൾ അദ്ദേഹത്തെ സഹായിച്ചു.

റോമൻ സഭയിലെ ആർച്ചുഡീക്കൻ

സെലസ്റ്റിൻ മാർപാപ്പയുടെ ഭരണകാലയളവിലാണ് ലെയോ റോമിലെ ആർച്ചുഡീക്കൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. റോമൻ രൂപതയുടെ ഭരണത്തിൽ സഹായിച്ചിരുന്ന ഏഴ് ഡീക്കന്മാരിൽ ഒന്നാമനായിരുന്നു അദ്ദേഹം. സഭയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക, പാവങ്ങൾക്കുള്ള സഹായം വിതരണം ചെയ്യുക, ചക്രവർത്തിയും മാർപാപ്പയും തമ്മിലുള്ള ആശയവിനിമയം സുഗമമായി നടത്തുക, പൗരോഹിത്യ ശുശ്രൂഷയിൽ മാർപാപ്പയെ സഹായിക്കുക എന്നിവയായിയിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ. ഈ ദൗത്യങ്ങൾ കാര്യക്ഷമതയോടെ ചെയ്തതു വഴി വലിയ അനുഭവ പരിചയവും സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ അടുത്തറിയുന്നതിനുള്ള അവസരവും അദ്ദേഹത്തിനു ലഭിച്ചു.

ആർച്ചുഡീക്കൻ ലെയോയുടെ ദൈവഭക്തിയും ബുദ്ധിശക്തിയും കർമ്മശേഷിയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള പാടവവും എല്ലാവരിലും വലിയ മതിപ്പുളവാക്കിയിരുന്നു. മാർപാപ്പമാരും റോമൻ ചക്രവർത്തിമാരും സഭയിലെയും രാജ്യത്തെയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അദ്ദേഹത്തെ നിയോഗിച്ചിരുന്നു ലെയോ റോമൻ സഭയിൽ നേടിയെടുത്ത പ്രത്യേക വിശ്വാസ്യതയുടെ അടയാളമായിരുന്നു അദ്ദേഹത്തെ എ.ഡി. 440-ൽ ഒരു നയതന്ത്ര ദൗത്യവുമായി ഗൗൾ (ഇന്നത്തെ ഫ്രാൻസ്) പ്രദേശത്തേക്ക് അയച്ചത്. ലിയോ രണ്ടുപേരെയും രമ്യതയിലാക്കി വലിയൊരു പ്രശ്നം പരിഹരിച്ചു. ഈ ദൗത്യം ഇക്കാലയളവിൽ ഉടലെടുത്ത വലിയൊരു പ്രശ്‍നം പരിഹരിക്കുന്നതിനു സഭ ഇടപെടുകയും അതിൽ വിജയിക്കുകയും ചെയ്തു എന്നതിന്റെ തെളിവുകൂടിയാണ്. അക്കാലത്തെ പണ്ഡിതന്മാരുമായും ഭരണാധികാരികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ലിയോ എന്നും സാധാരണ ജനങ്ങളുടെ സുഹൃത്തുമായിരുന്നു.

മാർപാപ്പ ആകുന്നതിന് മുൻപുതന്നെ അദ്ദേഹത്തിന്റെ പ്രശസ്തി എല്ലായിടത്തും വ്യാപിച്ചിരുന്നു. അലക്‌സാൻഡ്രിയായിലെ വി. സിറിൽ ജറുസലേമിലെ ബിഷപ്പായിരുന്ന ജുവനാൽ അമിതമായ അധികാരപ്രയോഗം നടത്തിയപ്പോൾ ഇക്കാര്യം മാർപാപ്പയെ ധരിപ്പിക്കാൻ ചുമതലപ്പെടുത്തിയത് ഡീക്കനായിരുന്ന ലിയോയെയാണ്. വി. ജോൺ കാസ്സിയൻ പൂർണ്ണമായ സന്യാസത്തിലേക്ക് തിരിയുകയും തന്റെ ബൗദ്ധിക പ്രവർത്തനങ്ങൾ മാറ്റി വയ്ക്കുകയും ചെയ്തു. എന്നാൽ ലിയോയുടെ പ്രേരണയ്ക്ക് വഴങ്ങി തുടർന്നും താൻ ക്രിസ്തീയ വിശ്വാസ സംഹിതകളെക്കുറിച്ചു എഴുതാമെന്ന് സമ്മതിക്കുന്നു. തദനന്തരം ‘മനുഷ്യാവതാരത്തെക്കുറിച്ചു’ എന്ന കൃതി അദ്ദേഹം എഴുതുകയും അതിന്റെ രചനയിൽ ലെയോ സഹായിച്ചതിനു നന്ദി പറയുകയും ചെയ്യുന്നു.

പത്രോസിന്റെ പിൻഗാമി

ഗൗൾ പ്രദേശത്തെ സൈന്യാധിപനും പ്രധാന ന്യായാധിപനും തമ്മിലുള്ള തർക്കം പരിഹരിക്കാനായി വാലന്റീനിയൻ ചക്രവർത്തി ആർച്ചുഡീക്കൻ ലിയോയെ ചുമതലപ്പെടുത്തി. ചക്രവർത്തിയുടെ സൈന്യാധിപന്മാരായിരുന്ന എയെത്തിയൂസും അൽബിനൂസും തമ്മിലുള്ള തർക്കം ഇല്ലാതാക്കുക എന്നതായിരുന്നു ഈ ദൗത്യം. ഈ സമയത്ത് സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പ കാലം ചെയ്തു. റോമിലെ പൗരപ്രമുഖരും വിശ്വാസിഗണവും പുരോഹിതരും ലെയോയുടെ അസാന്നിധ്യത്തിൽ ഐകകണ്‌ഠ്യേന അദ്ദേഹത്തെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. അവർ ഗൗളിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുകയും അദ്ദേഹത്തെ മാർപാപ്പയായി തിരഞ്ഞെടുത്ത വാർത്ത അറിയിക്കുകയും ചെയ്തു.

സിക്റ്റസ് മൂന്നാമൻ മാർപാപ്പ കാലം ചെയ്തതിന്റെ നാല്പതാം ദിവസം ലെയോ റോമിലെത്തി. അദ്ദേഹം പൗരോഹിത്യ, മെത്രാഭിഷേക പട്ടങ്ങൾ സ്വീകരിച്ചതിനു ശേഷം സഭയുടെ നാല്പത്തിയേഴാമത്തെ മാർപാപ്പയായി സ്ഥാനമേറ്റു. (ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ തിരഞ്ഞെടുക്കപ്പെടുമ്പോൾ പുതിയ പേര് സ്വീകരിക്കുന്ന പാരമ്പര്യം എ.ഡി. 533 മുതൽ 535 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ജോൺ രണ്ടാമൻ ആരംഭിച്ചതാണ്. മാർപാപ്പയാകുന്നതിന് മുൻപുള്ള മെർക്കൂറിയസ് എന്ന നാമം പുറജാതികളുടെ ദൈവത്തിന്റേതായിരുന്നതിനാലാണ് അദ്ദേഹം പുതിയ പേര് സ്വീകരിച്ചത്). അങ്ങനെ എ.ഡി. 440 സെപ്റ്റംബർ 29-ന് ചരിത്രത്തിലെ ഏറ്റം ദീർഘമേറിയ ഒരു പേപ്പൽ ഭരണത്തിന് ആരംഭം കുറിച്ചു.

സത്യവിശ്വാസ സംരക്ഷകൻ

ലെയോ മാർപാപ്പ തന്റെ സ്ഥാനാരോഹണം കഴിഞ്ഞയുടൻ ചെയ്ത ആദ്യ പ്രവൃത്തി സിക്റ്റസ് മാർപാപ്പയുടെ കാലത്ത് സഭാ നവീകരണത്തിനു വേണ്ടി താൻതന്നെ നിർദേശിച്ച കാര്യങ്ങൾ പൂർണ്ണമായും നടപ്പിൽ വരുത്തുക എന്നതായിരുന്നു. പെലാജിയനിസവും മനിക്കേയനിസവും വലിയ വെല്ലുവിളികൾ ഉയർത്തിയ കാലഘട്ടം കൂടി ആയിരുന്നു ഇത്. ആദിപാപം മനുഷ്യസ്വഭാവത്തിന് കളങ്കം വരുത്തിയില്ലെന്നും മനുഷ്യകുലത്തിന് സ്വതന്ത്ര ഇച്ഛയാൽ പരിപൂർണ്ണത പ്രാപിക്കാൻ കഴിയുമെന്നും ഈ സിദ്ധാന്തം പറയുന്നു. പാപപങ്കില ജീവിതത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ക്രിസ്ത്യാനി പൂർണ്ണമായും അകന്ന് എപ്പോഴും കുറ്റമറ്റ ജീവിതം നയിക്കണമെന്നും ഇവർ പഠിപ്പിച്ചു.

മനിക്കേയൻ വിശ്വാസം ദ്വൈതവാദത്തിൽ അധിഷ്ഠിതമായ പ്രപഞ്ചശാസ്ത്രത്തിൽ (dualistic cosmology) വിശ്വസിച്ചിരുന്നവരുടെ സമൂഹമായിരുന്നു. ഇവരുടെ വിശ്വാസമനുസരിച്ച് രണ്ടു തരത്തിലുള്ള ലോകം നിലനിൽക്കുന്നു. ഒന്ന് എല്ലാ നന്മകളുടെയും ഉറവിടമായ ഒരു നല്ല ദൈവത്തിൽ നിന്നും വരുന്നതാണ്. രണ്ടാമത്തേത് എല്ലാ തിന്മകൾക്കും കാരണമായ ദുഷ്ടദൈവത്തിൽ നിന്നും ഉത്ഭവിക്കുന്നതും. ഇത് രണ്ടും നിരന്തരമായ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നു. അനേകം സാധാരണ വിശ്വാസികൾ തെറ്റായ ഈ രണ്ടു സിദ്ധാന്തങ്ങളിലൂടെ പാഷാണ്ഡതയിൽ അകപ്പെട്ടു. സന്യാസത്തിനും പരിത്യാഗ പ്രവർത്തനങ്ങൾക്കും ഈ രണ്ടു സംഹിതകളും വലിയ പ്രാധാന്യം നൽകിയതിനാൽ സാധാരക്കാരും വൈദികരും ഇതിലേക്ക് ധാരാളമായി ആകർഷിക്കപ്പെട്ടു.

വി. അഗസ്തീനോസിന്റെയും മറ്റു പല സത്യവിശ്വാസ സംരക്ഷകരുടെയും പരിശ്രമഫലമായി അനേകം വിശ്വാസികൾ സഭയിലേക്ക് തിരികെ വന്നു. എന്നാൽ ഇതേതുടർന്ന് പ്രദേശങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇവരെ സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കാൻ പാടില്ലെന്നും, നിബന്ധനകളോടെ ആകാമെന്നും, നിരുപാധികം വേണമെന്നും, വാദിക്കുന്ന വിവിധ വിഭാഗങ്ങൾ സഭയിലുണ്ടായി. ലിയോ മാർപാപ്പ ഈ പ്രശ്നങ്ങളെ അവധാനതയോടെയും ദൈവീകതയോടെയും കൈകാര്യം ചെയ്തു. പാഷണ്ഡതയിൽ നിന്നും സത്യവിശ്വാസത്തിലേക്ക് വന്നവരെ യാതൊരു പ്രായശ്ചിത്തവും ചെയ്യാതെ തിരികെ പ്രവേശിപ്പിക്കുന്ന രീതി മാർപാപ്പ നിർത്തലാക്കി. അവർ പാഷണ്ഡത ത്യജിക്കുകയും സഭയുടെ വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് സത്യപ്രതിഞ്ജ ചെയ്യണം എന്ന നിർദ്ദേശം നല്കി. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം കാരണം റോമൻ നഗരത്തിലേക്ക് പലായനം ചെയ്തു വന്ന മനിക്കേയൻ, പ്രിസില്ലിയൻ വിശ്വാസികളോടും കൂദാശ സ്വീകരണത്തിനു സത്യവിശ്വാസം ഏറ്റുപറയണം എന്ന നിർദ്ദേശം മാർപാപ്പ നല്കി.

നിത്യനഗരത്തിന്റെ സംരക്ഷകൻ

ചരിത്രത്തിന്റെ ഒരു നിർണ്ണായ ഘട്ടത്തിൽ സഭയുടെ നേതൃസ്ഥാനം ഏറ്റെടുത്തു റോമാ സാമ്രാജ്യത്തിന്റെ രക്ഷകനായി ലിയോ മാർപാപ്പ മാറി. പൗരസ്ത്യ ദേശത്തെ ബൈസാന്റിയം സാമ്രാജ്യ തലസ്ഥാനമാക്കാനുള്ള കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ തീരുമാനം റോമാ നഗരത്തെ ചരിത്രപുസ്തകങ്ങളുടെ താളുകൾ അലങ്കരിക്കുന്ന കഥയാക്കി മാറ്റേണ്ടതായിരുന്നു. പുരാതന പ്രൗഡ നഗരങ്ങളായ ബാബിലോണിന്റെയും കാർത്തേജിന്റെയും പാതയിൽ സഞ്ചരിച്ചു വിസ്മൃതിയിൽ ആണ്ടുപോകുന്നതിൽ നിന്നും ഈ ‘നിത്യനഗര’ത്തെ രക്ഷിച്ചത് ലിയോ മാർപാപ്പയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും നേതൃത്വമാണ്. ലെയോ മാർപാപ്പയുടെ വിശുദ്ധിയുടെയും ധീരതയുടെയും വിജയമായി കണക്കാക്കുന്ന പ്രവൃത്തിയാണ് റോമിലുണ്ടായിരുന്ന രാഷ്ട്രീയ നേതൃശൂന്യത മുതലെടുത്തുകൊണ്ട് രണ്ടു പ്രാവശ്യം റോമിനെ അക്രമിച്ച ശക്തരായ എതിരാളികളെ തന്റെ ആത്മീയ-ധാർമ്മിക ശക്തിയാൽ അദ്ദേഹം കീഴ്‌പ്പെടുത്തിയത്.

ഹുൺസ് രാജാവായിരുന്ന ആറ്റില എ.ഡി. 452-ൽ റോമിനെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇറ്റലിയുടെ വടക്കുഭാഗത്ത് എത്തി. വാലന്റീനിയൻ ചക്രവർത്തിയുടെയും റോമൻ സെനറ്റിന്റെയും ആവശ്യപ്രകാരം ലെയോ മാർപാപ്പ ആറ്റിലയെ നേരിൽ കണ്ടു. സെനറ്റർമാരായ അവിയേനൂസ്, ത്രിജെത്തിയൂസ് എന്നിവരോടൊപ്പം അദ്ദേഹം മാന്തുവാ നഗരത്തിൽ വച്ച് ആറ്റിലയോട് സംസാരിച്ചു. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ സൈന്യ ശക്തിയിലുള്ള ഭയത്തേക്കാൾ ലിയോ മാർപാപ്പയുടെ ധൈര്യവും വ്യക്തിത്വവും റോം അക്രമിക്കുന്നതിൽ നിന്നും ആറ്റിലയെ പിന്തിരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടു ധാരാളം ഐതീഹങ്ങളും പിന്നീട് നിലവിൽ വന്നു. വി. ലെയോ സംസാരിച്ചപ്പോൾ വൈദിക വസ്ത്രം ധരിച്ച ആയുധധാരിയും ശക്തനുമായ ഒരുവന്റെ രൂപം മാർപാപ്പയോടൊപ്പം കാണപ്പെട്ടുവെന്നും അതിനാൽ ലെയോയുടെ ആവശ്യങ്ങൾ അംഗീകരിച്ചു ആറ്റില പിൻവാങ്ങിയെന്നതുമാണ് ഐതീഹം. മാർപാപ്പയുടെയും ആറ്റിലയുടെയും സമാഗമം വിഷയമാക്കി പ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരൻ റഫായേൽ വരച്ച ഒരു ചിത്രം വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതിൽ വി. ലെയോ മാർപാപ്പയോട് ആറ്റില സംസാരിക്കുന്ന സമയത്ത് വി. പത്രോസിനെയും പൗലോസിനെയും അദ്ദേഹത്തിന്റെ ഇരുവശങ്ങളിലും നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഇതു കൂടാതെ ഗോത്തിക്ക് രാജാവായ അലാറിക്ക് റോമിനെ കീഴടക്കിയ ഉടനെ മരിച്ചതും ആറ്റിലയെ ഭയപ്പെടുത്തിയിട്ടുണ്ടാവാം.

വാന്തൽ രാജാവായിരുന്ന ജെൻസെറിക്ക് എ.ഡി. 455-ൽ റോമിനെ അക്രമിക്കാൻ എത്തുന്ന സമയത്ത് പൗരസ്ത്യ റോമൻ ചക്രവർത്തി വാലന്റീൻ മരിച്ചതിനാൽ അവിടെനിന്നുള്ള സൈന്യ സഹായം അസാധ്യമായിരുന്നു. ലെയോ മാർപാപ്പയുടെ മാത്രം പരിശ്രമം കൊണ്ടാണ് അദ്ദേഹത്തെ റോമൻ നിവാസികൾക്ക് വലിയ നാശം സംഭവിക്കുന്നതിൽ നിന്നും രക്ഷിച്ചത്. റോമിലെ വിലപ്പെട്ട പലതും കൊള്ളയടിച്ചെങ്കിലും ആരെയും കൊല്ലാതെയും നഗരത്തിന് തീയിടാതെയും പ്രധാനപ്പെട്ട ദൈവാലയങ്ങൾ അക്രമിക്കാതെയും അവർ പിൻവാങ്ങി. ഇത് മാർപാപ്പയുടെ അസാധാരണ ഇടപെടലുകൾ കൊണ്ട് മാത്രം സംഭവിച്ചതാണ്.

കൽസിഡോണിയൻ സുന്നഹദോസും മാർപാപ്പയുടെ കത്തും

ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും ഇന്ന് നാം മനസ്സിലാക്കുന്ന രീതിയിൽ വിശദീകരിക്കപ്പെട്ടത് എ.ഡി. 451-ലെ കൽസിഡോണിയ സുന്നഹദോസിൽ വച്ചാണ്. അതിന് അടിസ്ഥാനമായി നിലകൊണ്ടത് ലെയോ മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ഫ്‌ളാവിയന് എഴുതിയ ‘റ്റോം’ (Tome) എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ കത്താണ്. ക്രിസ്തുവിജ്ഞാനീയത്തിൽ സഭയുടെ നിലപാട് മാർപാപ്പ ഇതിൽ വിശദീകരിച്ചിരിക്കുന്നു. കൽസിഡോണിയ സുന്നഹദോസിൽ ഈ കത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചയാണ് നടന്നത്. എഫേസൂസ്‌ സൂന്നഹദോസിന്റെ പ്രബോധനങ്ങൾ സ്ഥിരീകരിച്ച ഈ സുന്നഹദോസ് നെസ്തോറിയനിസവും ഏകസ്വഭാവവാദവും ഒരുപോലെ തള്ളിക്കളഞ്ഞു. കോൺസ്റ്റാന്റിനോപ്പിളിലെ ഫ്‌ളാവിയൻ പാത്രിയർക്കീസ് പുറത്താക്കിയ ഏകസ്വഭാവവാദിയായ എവുത്തിക്കസ് എന്ന സന്യാസി അതിനെതിരെ ലെയോ മാർപാപ്പയ്ക്ക് നിവേദനം സമർപ്പിച്ച സാഹചര്യത്തിൽ മാർപാപ്പയുടെ ഈ കത്തിന് വളരെ പ്രാധാന്യം ഉണ്ട്.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്തോറിയൂസ് (386-450) ക്രിസ്തുവിൽ രണ്ടു സ്വഭാവവും രണ്ടു വ്യക്തിത്വങ്ങളും ഉണ്ടെന്ന് പഠിപ്പിച്ചു. ഇത് ക്രിസ്തുവിൽ രണ്ടു സ്വാഭാവവും (two natures) ഒരു വ്യക്തിത്വവും (one person) എന്ന സഭയുടെ ആധികാരിക പ്രബോധനത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. തുടർന്ന് പരിശുദ്ധ മാതാവ് ക്രിസ്തുവിലുള്ള മനുഷ്യസ്വഭാവത്തിന്റെ മാത്രം അമ്മയാണെന്നും അതിനാൽ ‘തെയോതോക്കോസ്’ (ദൈവവാഹക) എന്നതിന് പകരം ‘ക്രിസ്തോതോക്കോസ്’ (ക്രിസ്‌തുവാഹക) എന്നാണ് മാതാവിനെ അഭിസംബോധന ചെയ്യേണ്ടതെന്നും പഠിപ്പിച്ചു. തെയോഡോഷ്യസ് രണ്ടാമൻ ചക്രവർത്തി 431-ൽ എഫേസൂസിൽ വിളിച്ചു കൂട്ടിയ സാർവത്രിക സുന്നഹദോസിൽ വച്ച് നെസ്തോറിയൂസിനെ ഈ തെറ്റായ പ്രബോധനത്തിന്റെ പേരിൽ സഭയിൽ നിന്നും പുറത്താക്കി.

നെസ്തോറിയനിസത്തെ ശക്തമായി എതിർത്ത സന്യാസപ്രമുഖനായിരുന്നു എവുത്തിക്കസ്. എന്നാൽ എവുത്തിക്കസിന്റെ തീവ്രനിലപാടുകൾ ‘ഏകസ്വഭാവവാദം’ (monophysitism) എന്ന പാഷണ്ഡതയിലാണ് അദ്ദേഹത്തെ എത്തിച്ചത്. ക്രിസ്തുവിലുള്ള മനുഷ്യസ്വഭാവവും, ദൈവസ്വഭാവവും ലയിച്ചു ഒന്നായിരിക്കുന്നു എന്ന എവുത്തിക്കസിന്റെ വാദം ചർച്ചചെയ്യുന്നതിന് കൂടിയ കൗൺസിലാണ് കൽസിഡോണിയ സൂന്നഹദോസ് എന്ന് സഭാചരിത്രത്തിൽ അറിയപ്പെടുന്നത്. കൗൺസിലിൽ സംബന്ധിച്ച അഞ്ഞൂറ്റി ഇരുപത് ബിഷപ്പുമാർ ഈ വിഷയം ചർച്ച ചെയ്തു. ലിയോ മാർപാപ്പ തന്റെ കത്തിൽ എവുത്തിക്കസിന്റെ നിലപാടുകളെ അപലപിച്ചു. അങ്ങനെ ക്രിസ്തുവിന്റെ മനുഷത്വവും ദൈവത്വവും മാർപാപ്പയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ പിതാക്കന്മാർ നിർവചിച്ചിരിക്കുന്നു. ലിയോ മാർപാപ്പ ഇപ്രകാരം എഴുതി:

“അവൻ ദൈവത്തിൽ നിന്നുള്ള ദൈവവും, സർവ്വശക്തനിൽ നിന്നുള്ള സർവ്വശക്തനും, അനാദ്യന്ത്യതയിൽ നിന്നുള്ള അനാദ്യന്ത്യനുമായി ജനിച്ചു. (അവൻ) പിന്നീട് വന്നവനോ ശക്തിയിലോ മഹത്വത്തിലോ താഴ്ന്നവനോ, സത്തയിൽ വ്യത്യസ്തനോ അല്ല. നിത്യപിതാവിന്റെ ഏകജാതനായ ഈ പുത്രൻ പരിശുദ്ധാത്മാവിന്റെയും കന്യാമറിയത്തിന്റെയും മകനായി യഥാർത്ഥത്തിൽ ജനിച്ചു. കാലത്തികവിലുള്ള ഈ ജന്മം അവന്റെ ദൈവത്വത്തിനോ, നിത്യതയ്ക്കോ കുറവുവരുത്തുകയോ, കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ല. (വഞ്ചിക്കപ്പെട്ട) മനുഷ്യനെ വീണ്ടെടുക്കുന്നതിനും മരണത്തെ ജയിക്കുന്നതിനും തന്റെ ശക്തിയാൽ മരണത്തിന്മേൽ അധികാരം പുലർത്തിയ പിശാചിനെ നശിപ്പിക്കുന്നതിനുമായി അവൻ തന്നെത്തന്നെ ബലിയായി അർപ്പിച്ചു.”

എവുത്തിക്കസിന്റെ നിലപാടുകളെ നിരസിച്ച കൗൺസിൽപിതാക്കന്മാർ ലെയോ മാർപാപ്പയുടെ എഴുത്തു വായിച്ചപ്പോൾ ഇപ്രകാരം പ്രഘോഷിച്ചു: “ലെയോയിലൂടെ അപ്പസ്തോല തലവനായ പത്രോസ് നമ്മോട് സംസാരിച്ചിരുന്നു”.

ലെയോ മാർപാപ്പയുടെ വീക്ഷണത്തിൽ എവുത്തിക്കസിനു തെറ്റ് പറ്റിയിരിക്കുന്നത് ക്രിസ്തുവിനു നമുക്കെല്ലാവർക്കും ഉള്ള രീതിയിലുള്ള മനുഷ്യ സ്വഭാവം ഇല്ലെന്നു വാദിക്കുന്നിടത്താണ്. മാർപാപ്പയുടെ വിശകലനത്തിൽ ക്രിസ്തുവെന്ന ഒരു വ്യക്തിയിൽ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും സമുന്യയിക്കപെട്ടിരിക്കുന്നു. മനുഷ്യനെന്ന നിലയിൽ അവിടുത്തെ ശരീരത്തിന് മരണമുണ്ടെങ്കിലും ദൈവമെന്ന നിലയിൽ അതില്ല. ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവം നിഷേധിക്കുന്നവർ രക്ഷാകര രഹസ്യങ്ങളുടെ അടിസ്ഥാനമായ അവിടുത്തെ കുരിശുമരണവും ഉത്ഥാനവും നിഷേധിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു മനുഷ്യനെന്ന രീതിയൽ മാത്രമാണ് ശരീരത്തിൽ സഹിച്ചത്.

പത്രോസിന്റെ പിൻഗാമി – സഭയുടെ ഐക്യത്തിന്റെ പ്രതീകം

ക്രിസ്തു പത്രോസിനെ അപ്പസ്തോല തലവനായി നിയമിച്ചുകൊണ്ട് സഭയെ നയിക്കാനുള്ള അധികാരം നൽകിയത് അദ്ദേഹത്തിന്റെ പിൻഗാമികളായ മാർപാപ്പമാർ നല്കുന്ന നേതൃത്വശുശ്രൂഷയിലൂടെയാണ് ഇന്ന് തുടരുന്നതെന്ന് വി. ലിയോ മാർപാപ്പ പഠിപ്പിച്ചു. മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കുന്ന (16:16-19) വി. പത്രോസിന്റെ വിശ്വാസ പ്രഖ്യാപനവും അതിന്റെ തുടർച്ചയായി യേശു പത്രോസാകുന്ന പാറയിന്മേൽ സഭയെ പടുത്തുയർത്തുമെന്ന വാഗ്ദാനവുമാണ് തന്റെ വാദത്തിന് അടിസ്ഥാനമായി ലിയോ മാർപാപ്പ ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനെന്ന വലിയ വെളിപാട് ലോകത്തിന് മനസ്സിലാക്കികൊടുക്കുവാൻ പത്രോസിനെ ദൈവം തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അപ്പസ്തോല തലവൻ എന്ന വിളിയുടെ ഭാഗമാണ്. മാർപാപ്പ എഴുതുന്നു: “പത്രോസിന് അനുഗ്രഹത്തിന്റെ പൂർണ്ണത ലഭിച്ചിരിക്കുന്നു. ദൈവീകശക്തിയാൽ അവികലമായ ‘പാറ’യിൽ പണിയപ്പെട്ടിരിക്കുന്ന സഭ നരകകവാടങ്ങളെയും മരണത്തിന്റെ നിയമങ്ങളെയും തോൽപ്പിക്കുകയും തുടർന്ന് ബന്ധിക്കാനും മോചിക്കാനുമുള്ള അധികാരം പത്രോസിലൂടെ നടപ്പാക്കപ്പെടുന്നത് സ്വർഗ്ഗം സ്ഥിരീകരിച്ചിരിക്കുന്നു.” അങ്ങനെ സാർവത്രിക സഭ പത്രോസാകുന്ന അപ്പസ്തോലിക അടിസ്ഥാനത്തിന്മേൽ പണിതുയർത്തപ്പെട്ടിരിക്കുന്നു.

ക്രിസ്തു ഭരമേല്പിച്ച ഈ ദൗത്യം പത്രോസ് തന്റെ പിൻഗാമികളിലൂടെ ഇന്നും തുടരുന്നു. അതിനാൽ റോമൻ സഭയുടെ മാത്രമല്ല, എല്ലാ ബിഷപ്പുമാരുടെയും തലവനാണ് പത്രോസിന്റെ പിൻഗാമി. മാർപാപ്പ തന്റെ ദൗത്യം നിർവഹിക്കുമ്പോൾ പത്രോസ് തന്നെ അവിടെ സന്നിഹിതനായിരിക്കുന്നു എന്നും ലിയോ മാർപാപ്പ പഠിപ്പിച്ചു. മാർപാപ്പയോട് ദൈവജനം പ്രകടമാക്കുന്ന സ്നേഹവും വിധേയത്വവും പത്രോസിനുള്ളതാണ്. ഒരു വ്യക്തി എന്ന നിലയിൽ താൻ പത്രോസിന്റെ പിൻഗാമിയാകാൻ യോഗ്യനല്ലെങ്കിലും പത്രോസിന്റെ അധികാരവകാശങ്ങൾ നടപ്പിലാക്കാൻ കടപ്പെട്ടവനാണ്. ക്രിസ്തു തന്റെ ദൈവീക അധികാരം പത്രോസാകുന്ന പാറമേൽ മാത്രമാണ് അടിസ്ഥാനപ്പെടുത്തി സഭയെ നിർമ്മിച്ചിരിക്കുന്നത്. ഈ ശുശ്രൂഷ തുടരുകയെന്നതാണ് ഓരോ മാർപാപ്പമാരുടെയും ദൗത്യവും വിളിയും. സഭാത്മകമായ എല്ലാ അധികാരത്തിന്റെയും ചുമതലക്കാരനായ പത്രോസിന്റെ ഉത്തരവാദിത്വമാണ് സഭയുടെ സുഗമമായ നടത്തിപ്പിനായി മറ്റുള്ളവരെ ചേർത്തുനിർത്തുക എന്നത്.

പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന് വേദിയായി അവരുടെ ഭൗതീക ശരീരം അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമെന്ന നിലയിലും സാമ്രാജ്യ തലസ്ഥാനം റോമിൽ ആയിരുന്നതിനാലും, പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ മാർപാപ്പാമാരുടെ നേതൃത്വത്തിന് സഭയുടെ ആരംഭ കാലം മുതൽ വലിയ പ്രാധാന്യം കൈവന്നു. കോൺസ്റ്റാന്റിനോപ്പിളിനു കൈവന്ന രാഷ്ട്രീയ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ‘രണ്ടാം റോമെന്ന്’ വിളിക്കപ്പെടുകയും അവിടുത്തെ പാത്രിയർക്കീസുമാർ പ്രാമുഖ്യം അവകാശപ്പെടുകയും ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലാണ് ലിയോ മാർപാപ്പ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. മാർപാപ്പ റോമിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഇപ്രകാരം എഴുതുന്നു: “… പത്രോസിന്റെ ആസ്ഥാനം ഇവിടെ ആയിക്കുന്നതിനാൽ നമ്മൾ വിശുദ്ധ ജനം, തിരഞ്ഞെടുക്കപ്പെട്ട ജനത, പുരോഹിത രാജകീയ നഗരം ആയിരിക്കുന്നു. ഭൗതീക പ്രതാപത്തിൽ നിന്നെന്നതിനേക്കാൾ ദൈവീകമായ വിശ്വാസസംഹിതയാൽ ലോകം മുഴുവൻ ഇത് വ്യാപിച്ചിരിക്കുന്നു. വലിയ വിജയങ്ങളാൽ കടലിലും കരയിലും നിന്റെ പ്രതാപം വ്യാപിച്ചു. നിന്റെ പോരാളികൾ യുദ്ധം ചെയ്തു നേടിയതിനേക്കാൾ വലിയ വിജയമാണ് ക്രിസ്തീയ സമാധാനം നിനക്ക് നലകിയത്” (Epistel 82.1).

പാവങ്ങളുടെ പരിരക്ഷകന്‍

റോമിലെ അനാഥരുടെയും ദരിദ്രരുടെയും ചുതമതല ഉണ്ടായിരുന്ന ആർച്ചുഡീക്കൻ ലിയോ മാർപാപ്പ ആയതിനു ശേഷം അവരെ കൂടുതൽ കരുതേണ്ട ഉത്തരവാദിത്വത്തിലേക്ക് വരുന്നു. പാവങ്ങൾക്ക് കിട്ടിയ ഒരു അനുഗ്രമായി ലിയോയുടെ സ്ഥാനലബ്ദിയെ അവർ കണ്ടു. പുതിയ മാർപാപ്പയുടെ പാവങ്ങളോടുള്ള കരുതൽ റോമൻ സഭയെ വലിയ അജപാലനപരമായ നവീകരണങ്ങളിലേക്ക് നയിച്ചു. റോമിൽ ഇക്കാലത്തുണ്ടായ കൊടിയ ദാരിദ്ര്യത്തെ നേരിടുന്നതിന് മാർപാപ്പ ധാരാളം കാരുണ്യപ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ വാന്തൽ വിഭാഗക്കാരുടെ ആക്രമണങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് വലിയ നഗരമായ റോമിലേക്ക് വന്ന എല്ലാ അഭയാർത്ഥികളെയും പരിപാലിക്കുന്നതിനും അദ്ദേഹം സഭയെ സഞ്ജമാക്കി. ഈ നിയോഗത്തിലേക്ക് വിശ്വാസികൾ ഉപവസിക്കണമെന്നും അങ്ങനെ പ്രാർത്ഥിച്ചു മിച്ചം വയ്ക്കുന്ന വരുമാനം കൊണ്ട് പാവങ്ങളെ സഹായിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം അനുഷ്ഠാനങ്ങൾ നോമ്പുകാലങ്ങളിൽ സഭ മുഴുവൻ നടപ്പാക്കുകയും അങ്ങനെ വലിയ ഒരു ആത്മീയ ഉണർവ്വ് ലിയോ മാർപാപ്പയുടെ ഭരണകാലത്ത് സഭയിൽ ഉണ്ടാവുകയും ചെയ്തു.

പാവങ്ങളെ സ്ഥിരമായി സംരക്ഷിക്കുന്നതിന് സഭയുടെ എല്ലാവിധ സമ്പത്തും ഉപയോഗിക്കണമെന്ന നിർദേശം മാർപാപ്പ നൽകി. ഇതുകൂടാതെ സമ്പന്നരായ വിശ്വാസികളോട് ദരിദ്രരുടെ സംരക്ഷണത്തിനായി ഉദാരമായി സംഭാവന ചെയ്യാൻ മാർപാപ്പ ആവശ്യപ്പെട്ടു. തന്റെ പ്രസംഗങ്ങളിലൂടെ ഈ ആവശ്യങ്ങൾ അദ്ദേഹം നിരന്തരം വിശ്വാസികളിലേക്ക് എത്തിച്ചു. നമ്മുടെ ഭൗതീക സൗകര്യങ്ങൾ സ്വന്തം സുഖസൗകര്യങ്ങൾക്കായി മാത്രം നല്കപ്പെട്ടിരിക്കുന്നതല്ല, പിന്നെയോ ദൈവത്തെ സേവിക്കുന്നതിനായി നല്കപ്പെട്ടിരിക്കുന്നതാണ് എന്ന് അദ്ദേഹം പ്രസംഗിച്ചു. നമുക്കിഷ്ടമുള്ളതുപോലെ സമ്പത്ത് ധൂർത്തടിക്കുന്നത് ദുർവ്യയവും ദൈവത്തോടുള്ള വെല്ലുവിളിയുമാണ്. അതിനാൽ കരുണ മറ്റുള്ള എല്ലാ പുണ്യങ്ങളെക്കാളും നമ്മുടെ ജീവിതത്തെ അലങ്കരിക്കണം. വി. ഗ്രന്ഥം നമ്മോട് പറയുന്നത് പാവങ്ങളെ സഹായിക്കുന്നതിന്റെ ഫലദായകത്വം വലുതാണ് എന്നാണ്. റോമിലെ സമ്പന്നർ മനസ്സുവച്ചാൽ അവിടെയുള്ള എല്ലാ പാവങ്ങളെയും സംരക്ഷിക്കാൻ കഴിയുമെന്ന് മാർപാപ്പ വിശ്വസിച്ചിരുന്നു.

മാർപാപ്പയുടെ ഈ പ്രത്യേക കരുതലിന്റെ ഫലമായി റോമിലെ ആയിരക്കണക്കിനുള്ള പാവങ്ങളും വിധവകളും രോഗികളും അംഗവൈകല്യം സംഭവിച്ചവരും അനാഥരും ക്രിസ്തീയ സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളായി മാറി. ക്രിസ്തീയ ദൈവശാസ്ത്രം ശരിയായി നിർവചിച്ചതിന്റെ ഫലമായി പ്രസംഗത്തേക്കാൾ കൂടുതൽ പ്രവൃത്തിയിലൂടെ സഭയുടെ സുവിശേഷവത്ക്കരണം സാധ്യമായി. ഗ്രീക്ക്-റോമൻ സംസ്കാരങ്ങളിൽ ‘അദൃശ്യ’രായിരുന്ന പാവങ്ങൾ സമൂഹത്തിലെ വിശേഷ അവകാശങ്ങൾ ഉള്ളവരായി മാറി. ഇത് മാർപാപ്പ ഉൾപ്പെടെയുള്ള അജപാലകർ തങ്ങളുടെ പ്രസംഗവിഷയമായി തിരഞ്ഞെടുത്തപ്പോൾ പാവങ്ങളെ സമൂഹം മുഴുവൻ ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് വന്നു. വിശ്വാസ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അംശമായി അനുകമ്പയും ദാനശീലവും മാറുകയും അങ്ങനെ റോമൻ ജനതയിൽ ഗണ്യമായ വിഭാഗം ലിയോ മാർപാപ്പയുടെ ഭരണകാലയവിൽ പുണ്യത്തിൽ വളരുകയും ചെയ്തു.

ദൈവശാസ്ത്രസംഭാവനകൾ

മാർപാപ്പയുടെ നൂറു പ്രസംഗങ്ങളും നൂറ്റൻപതോളം എഴുത്തുകളും പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്. സുവിശേഷ കേന്ദ്രീകൃത പ്രസംഗങ്ങൾ ആരാധനാക്രമ കലണ്ടറുമായി ബന്ധപ്പെട്ട വായനകളെ ആധാരമാക്കി നല്കിയവയാണ്. ക്രിസ്തീയ സത്യങ്ങളുടെയും ദൈവീക രഹസ്യങ്ങളുടെയും വക്താവായി ലിയോ ഇവിടെ മാറുന്നു. ക്രിസ്തുവിജ്ഞാനീയം ചർച്ച ചെയ്യുന്ന പ്രസംഗങ്ങളും എഴുത്തുകളുമാണ് വി. ലിയോ പിൽക്കാല തലമുറയ്ക്കായി നൽകിയിരിക്കുന്നത്. ഈ ഗണത്തിൽ ഏറ്റം പ്രധാനപ്പെട്ടതും പ്രശസ്തവുമായത് ലിയോ മാർപാപ്പ ഫ്ലാവിയൻ പാത്രിയർക്കീസിനു എഴുതിയ കാൽസിഡോൺ കൗൺസിൽ ചർച്ച ചെയ്ത “റ്റോം’ എന്ന പേരിൽ അറിയപ്പെടുന്ന എഴുത്താണ്. പൗരസ്ത്യ പാശ്ചാത്യ സഭകൾ തമ്മിലുള്ള അകൽച്ച കുറക്കുന്നതിനും ഇത് മൂലം സാധിച്ചു. ഈ എഴുത്തു കൗൺസിലിൽ വായിച്ചപ്പോൾ കൗൺസിൽ പിതാക്കന്മാരുടെ പ്രതികരണം ഇപ്രകാരം ആയിരുന്നുവെന്ന് കൗൺസിൽ രേഖകൾ സാക്ഷിക്കുന്നു: “ഇതാണ് നമ്മുടെ പിതാക്കന്മാരുടെ വിശ്വാസം, ഇതാണ് അപ്പോസ്തോലന്മാരുടെ വിശ്വാസം. അതിനാൽ നാമെല്ലാം ഇത് വിശ്വസിക്കുന്നു, സത്യവിശ്വാസികൾ ഇത് വിശ്വസിക്കുന്നു. ഇത് വിശ്വസിക്കാത്തവർ ശപിക്കപ്പെട്ടവനാകട്ടെ. ലിയോയിലൂടെ പത്രോസ് സംസാരിച്ചിരിക്കുന്നു. അപ്പസ്തോലന്മാർ ഇതാണ് പഠിപ്പിച്ചത്. ഭക്തിയോടും വിശ്വസ്തയോടെയും ലിയോ പഠിപ്പിക്കുന്നു, അതുതന്നെ സിറിളും പഠിപ്പിക്കുന്നു… ലിയോയും, സിറിളും ഒരേ യാഥാർത്ഥ്യം പഠിപ്പിക്കുന്നു…”

ബിഷപ്പുമാർക്കും രാജാക്കന്മാർക്കും കാൽസിഡോണിയ കൗൺസിലിൽ നിർവചിച്ച ക്രിസ്തുവിജ്ഞാനീയം പഠിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മാർപാപ്പ നിരവധി കത്തുകൾ എഴുതി. തന്റെ പ്രസംഗങ്ങളിൽ യേശുവിന്റ ദൈവത്വവും മനുഷ്യത്വവും സംബന്ധിച്ച വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. കൂടാതെ ഇന്ന് ക്രിസ്തു സഭയിൽ എങ്ങനെ സന്നിഹിതനായി സഭയെ നയിക്കുന്നു എന്നും ലിയോ മാർപാപ്പ വിശദീകരിച്ചു. വിശുദ്ധ ഗ്രന്ഥം, പാരമ്പര്യം, അവയുടെ വ്യാഖ്യാനം, കൂദാശകളും മറ്റു ആരാധന രീതികളുടെയും പരികർമ്മങ്ങൾ, ക്രിസ്തീയ ജീവിതം നയിക്കുന്ന വ്യക്തികൾ, സഭ എന്നിവയിലൂടെയെല്ലാം ക്രിസ്തു ഇന്നും ജീവിക്കുന്നുവെന്നും മാർപാപ്പ പ്രസംഗിച്ചു.

സഭയുടെ ഐക്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്രോസിന്റെ പിൻഗാമിയായ മാർപാപ്പ സഭയുടെയെല്ലാം തലവനാണ് എന്ന ആശയം ലിയോ മാർപാപ്പ അവതരിപ്പിക്കുന്നത്. താൻ അയോഗ്യനാണെന്നും പത്രോസിന്റെ പ്രതിപുരുഷൻ എന്ന നിലയിലാണ് തന്റെ സഹോദരന്മാരെ ചേർത്തു നിർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം എഴുതി. തന്റെ ഉത്തരവാദിത്വങ്ങൾ എപ്രകാരം നിർവഹിക്കണമെന്ന് പത്രോസിന്റെ മാതൃകയിൽ നിന്ന് പഠിക്കുകയും അപ്പസ്തോല പ്രതിനിധികളായ ബിഷപ്പുമാരോട് ചേർന്ന് അത് നടപ്പാക്കുകയും ചെയ്യുന്നു. പത്രോസിനോടെന്നതുപോലെ, ക്രിസ്തു അദ്ദേഹത്തിന്റെ പിൻഗാമികൾക്കും. കൃപയുടെയും അധികാരത്തിന്റെയും ഉറവിടമായി നിലകൊള്ളുന്നു.

ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിന്റെ ശ്രേഷ്‌ഠതയെക്കുറിച്ചു ലിയോ മാർപാപ്പ ധാരാളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. സത്യവിശ്വാസത്തിലേക്ക് വിളി ലഭിച്ചിരിക്കുന്ന എല്ലാ വിശ്വാസികൾക്കും ഈ ശ്രേഷ്‌ഠത അവകാശപ്പെട്ടതാണ്. അതിനാൽ തന്നെ ഈ ദൈവവിളിയോട് പ്രത്യുത്തരിച്ചുകൊണ്ട് ക്രിസ്തീയ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ നാം കടപ്പെട്ടവരാണ്. ‘രക്ഷകന്റെ ജനനം’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന മാർപാപ്പയുടെ ഒരു ക്രിസ്തുമസ് പ്രസംഗത്തിൽ അദ്ദേഹം പറയുന്നു: “പ്രിയപ്പെട്ടവരേ, നമ്മുടെ രക്ഷകൻ ഇന്ന് ജനിച്ചിരിക്കുന്നു: നമുക്ക് സന്തോഷിക്കാം. ജീവന്റെ ജനനം നാം ആഘോഷിക്കുമ്പോൾ ദുഖത്തിന് സ്ഥാനമില്ല. കാരണം ഇതുവഴി മരണത്തിന്റെ ഭീതി നശിപ്പിച്ചു നിത്യതയുടെ സന്തോഷം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ആർക്കും ഈ സന്തോഷം അവിടുന്നു അന്യമാക്കുന്നില്ല…പാപി വിമോചനത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കട്ടെ. അവിശ്വാസി ജീവനിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്നതിൽ മനശ്ശക്തിയുള്ളവനാകട്ടെ… ക്രിസ്തുവിന്റെ ജനനത്തിൽ പങ്കാളികളാകുന്ന നമുക്ക് ശരീരത്തിന്റെ തിമകളെ ഉപേക്ഷിക്കാം. ക്രിസ്തീയ വിശ്വാസീ, നിന്റെ മഹത്വം തിരിച്ചറിയുക, ദൈവസ്വഭാവത്തിൽ പങ്കുചേരുക…അന്ധകാരത്തിന്റെ ശക്തിയിൽ നിന്നും വിമോചിക്കപ്പെട്ട് ദൈവത്തിന്റെ പ്രകാശത്തിലേക്കും രാജ്യത്തിലേക്കും വന്നവനാണ് നീ… ക്രിസ്തുവിന്റെ രക്തത്താൽ വിലക്കുവാങ്ങപ്പെട്ട നീ അവിടുത്തെ സത്യത്തിന്റെ കൃപയാൽ വിധിക്കപ്പെടും…” (Cf. Philip Schaff (1819–1893), ed., Nicene and Post-Nicene Fathers. Series 2. Vol. 12. Leo the Great, Gregory the Great, Charles Lett Feltoe, trans. (Edinburgh: T and T Clark.).

ഉപസംഹാരം

വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ലെയോ മാർപാപ്പയെ ‘സഭയുടെ ഐക്യത്തിന്റെ വേദപാരംഗതൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലിയോ മാർപാപ്പ കാലം ചെയ്തു ആയിരത്തിഅഞ്ഞൂറ് വർഷം പൂർത്തിയായ അവസരത്തിൽ 1961 നവംബർ 11-ന് വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ‘ദൈവത്തിന്റെ അനന്ത ജ്ഞാനം’ (Aeterna Dei sapientia) എന്ന പേരിൽ ഒരു ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. ആധുനിക നാസ്‌തിക രീതികളായ ദൈവനിഷേധം, മതനിഷേധം, കമ്മ്യൂണിസം തുടങ്ങിയ പ്രവണതകൾക്കെതിരെ ലിയോ മാർപാപ്പയുടെ കാലത്തെന്നതുപോലെ ക്രിസ്തീയ വിശാസികൾ എല്ലാം ഒരുമിച്ചു പോരാടണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. എന്താണ് ലിയോ മാർപാപ്പയുടെ ഏറ്റം വലിയ സംഭാവന എന്ന ചോദ്യത്തിന് ഉത്തരമായി ജോൺ ഇരുപത്തിമൂന്നാമൻ എഴുതുന്നു: “ഈ ചോദ്യത്തിന് ഉത്തരം സഭയുടെ നീണ്ട ചരിത്രത്തിൽ മഹാനായ ലിയോയുടെ മഹാചാര്യപദവിയിൽ ശത്രുക്കളുടെമേൽ ക്രിസ്തുവിന്റെ സഭ നേടിയ വിജയമാണ്. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കിസ്ത്യൻ നഭോമണ്ഡലത്തിലെ ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു ലിയോ” (ADS 8). പുരാതന സഭയിലെ ഏറ്റം പ്രാഗത്ഭ്യമുള്ള ഭരണാധികാരിയായി ലിയോ അറിയപ്പെടുന്നതിന്റെ പ്രധാന കാരണം തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ അറിവിനാൽ തന്റെ അധികാരം സഭയ്ക്കും സമൂഹത്തിനും വേണ്ടി ഉപയോഗിച്ചുവെന്നതാണ്. സഭയുടെ ഐക്യത്തിനും സത്യവിശ്വാസസംരക്ഷണത്തിനുമായി വി. ലിയോ അഹോരാത്രം അദ്ധ്വാനിച്ചു. ഈ വിശുദ്ധന്റെ മാതൃക പിന്തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങൾ സ്വർഗ്ഗരാജ്യ മഹത്വത്തിനും മറ്റുള്ളവരുടെ ഉന്നമനത്തിനുമായി നമുക്കും ഉപയോഗിക്കാം.

വി. ലെയോയോടുള്ള മധ്യസ്ഥ പ്രാർത്ഥന

എന്റെ പ്രിയ ദൈവമേ, വിശുദ്ധിയുടെ മാതൃകയായി മഹാനായ വി. ലെയോ മാർപാപ്പയെ ഞങ്ങൾക്ക് തന്നതിന് അങ്ങേക്ക് നന്ദി പറയുന്നു. സേവനത്തിനുള്ള അവിടുത്തെ വിളിയോട് ലിയോ സ്നേഹത്തോടെ പ്രതികരിച്ചതിനെ അനുകരിക്കാൻ ഞങ്ങളെയും സഹായിക്കുക.

മഹാനായ ലെയോ, ഒരു ഡീക്കൻ എന്ന നിലയിൽ അങ്ങ് സഭയെ വിശ്വസ്തതയോടെ സേവിക്കുകയും അങ്ങയുടെ പുണ്യങ്ങളാൽ അറിയപ്പെടുകയും ചെയ്തു. മാർപ്പാപ്പയായി സഭയെ നയിക്കാനുള്ള ദൈവത്തിന്റെ ആഹ്വാനത്തിന് അങ്ങ് ഉത്തരം നൽകി.

ദൈവം എന്നോട് ആവശ്യപ്പെടുന്നതെന്തും തുറവിയോടെ ചെയ്തു ദൈവേഷ്ടം നിറവേറ്റാൻ എനിക്കുവേണ്ടി അങ്ങ് അപേക്ഷിക്കേണമേ. അങ്ങയെപ്പോലെ ഞാനും അർപ്പണബോധമുള്ള ദൈവദാസനാകാൻ എനിക്കുവേണ്ടിയും പ്രാർത്ഥിക്കുക.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.