പ്രതീക്ഷയുടെ യാത്ര 190: അപ്രതീക്ഷിത വിയോഗങ്ങൾ

നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം? ജീവിതം എത്രമാത്രം ക്ഷണികമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് അപ്രതീക്ഷിതമായി എത്തുന്ന വിയോഗങ്ങളാണ്. ഇന്നലെ വരെ നമ്മോടൊപ്പം സന്തോഷത്തോടെ സംസാരിച്ചവർ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഓർമ്മ മാത്രമായി മാറുന്ന ആഘാതം ഹൃദയത്തെ തകർത്തുകളയും. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ജീവിതത്തിന്റെ പാതിവഴിയിൽ വച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആ നടുക്കം നമ്മളെ പൂർണ്ണമായി നിശ്ചലമാക്കുന്നു എന്നതാണ് യാഥാർഥ്യം.

റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാതമായ ‘ദി ഡെത്ത് ഓഫ് ഇവാൻ ഇലിച്ച്’ (The Death of Ivan Ilyich) എന്ന നോവൽ, സുഖലോലുപതയിലും ലൗകിക തിരക്കുകളിലും അഭിരമിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് മരണം അപ്രതീക്ഷിതമായി കടന്നുവരുന്നതിന്റെയും, തുടർന്നുണ്ടാകുന്ന ഭയത്തിന്റെയും നേർക്കാഴ്ചയാണ്. സമൂഹത്തിൽ ഉന്നതമായ പദവിയും ഭൗതികനേട്ടങ്ങളും സ്വന്തമാക്കി, തികഞ്ഞ മാതൃകാജീവിതം നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവാൻ ഇലിച്ച് വിശ്വസിച്ചിരുന്നു. എന്നാൽ, വീട്ടുജോലികൾക്കിടയിൽ സംഭവിച്ച ഒരു ചെറിയ പരിക്കിൽ നിന്നും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ക്രമേണ മാരകമായ ഒരു രോഗമായി മാറുന്നു. തന്നെ പിടികൂടിയത് മരണമാണെന്നുള്ള ആ ഭീകരസത്യം തിരിച്ചറിയുമ്പോൾ അയാളുടെ ലോകം തകിടം മറിയുന്നു. മരണം തനിക്കരികിലേക്ക് ഇത്ര പെട്ടെന്ന് എത്തുമെന്ന് അയാൾ ഒരിക്കലും കരുതിയിരുന്നില്ല.

“സീസർ മനുഷ്യനാണ്, മനുഷ്യരെല്ലാം മരിക്കും, അതിനാൽ സീസറും മരിക്കും” എന്ന ലോജിക്, ഇവാൻ ഇല്ലിച്ച് കേട്ടിരുന്നെങ്കിലും അത് സീസറിനെയും മറ്റു മനുഷ്യരെയും മാത്രം ബാധിക്കുന്ന നിയമമാണെന്നാണ് കരുതിയിരുന്നത്. താൻ ഇതുവരെ ജീവിച്ച ജീവിതം എത്രമാത്രം അർഥശൂന്യമായിരുന്നു എന്ന നടുക്കവും, യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തിയ മരണത്തോടുള്ള ഭയവും അയാളുടെ അവസാന നിമിഷങ്ങളെ നരകതുല്യമാക്കുന്നു. നാളെ എന്നൊരു ദിവസം ഉറപ്പില്ലാത്ത ഈ മനുഷ്യജീവിതത്തിന്റെ പൊള്ളത്തരത്തെയും, മരണത്തിന്റെ മുന്നിൽ സമ്പത്തും പദവികളും നിസ്സാരമാണെന്നുമുള്ള വലിയ സത്യത്തെയുമാണ് ടോൾസ്റ്റോയി ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നത്.

അമേരിക്കൻ കവിയായ എമിലി ഡിക്കിൻസന്റെ കവിതകളിലും മരണത്തിന്റെ അപ്രതീക്ഷിത വരവിനെക്കുറിച്ചുള്ള ദാർശനികവും ആഴമേറിയതുമായ ചിന്തകൾ കാണാം. ‘മരണത്തിനായി എനിക്ക് നിൽക്കാൻ സമയമില്ലായിരുന്നു; അതിനാൽ അവൻ ദയയോടെ എന്റെ അരികിൽ വന്നുനിന്നു’ (Because I could not stop for Death; He kindly stopped for me) എന്നു തുടങ്ങുന്ന അവളുടെ പ്രശസ്തമായ കവിതയിൽ, മരണത്തെ ഭയാനകമായ ഒന്നായല്ല, മറിച്ച് തിരക്കു പിടിച്ച മനുഷ്യന്റെ ജീവിതയാത്രയിലേക്ക് ഒരു സുഹൃത്തിനെപ്പോലെ ശാന്തമായി കടന്നുവരുന്ന ഒന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യൻ തന്റെ സ്വന്തം കാര്യങ്ങളിലും വ്യാമോഹങ്ങളിലും മുഴുകി സദാസമയവും ഓടിക്കൊണ്ടിരിക്കുമ്പോൾ, മരണം യാതൊരു മുന്നറിയിപ്പുമില്ലാതെ അവനു മുന്നിൽ അതിഥിയായി എത്തുന്നു. ജീവിതത്തിന്റെ അന്ത്യത്തിലേക്ക് ഒരു കാറിൽ കയറി യാത്ര തിരിക്കുന്നതു പോലെയാണ് കവി മരണത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഈ കവിത, മരണമെന്നത് ജീവിതത്തിന്റെ സ്വാഭാവികമായ യാഥാർഥ്യമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ യാഥാർഥ്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വിശുദ്ധ യാക്കോബിന്റെ ലേഖനം നമ്മോടു പറയുന്നു: “നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനു ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണ് നിങ്ങള്‍” (യാക്കോ. 4:14).

ജീവിതത്തിന്റെ ഈ  ക്ഷണികതയെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു.

പ്രായോഗികം

നാളേക്കും ഒന്നും മാറ്റിവയ്ക്കാതെ, ഇന്നു തന്നെ പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കാനും പിണക്കങ്ങൾ അവസാനിപ്പിക്കാനും അവരോടൊപ്പം ചിലവഴിക്കാൻ അൽപസമയം കണ്ടെത്താനും നമുക്കു കഴിയട്ടെ.

ചിന്ത

ഓരോ ദിവസവും നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം സ്നേഹത്തോടെയും കരുതലോടും കൂടി ജീവിക്കുക. കാരണം, അടുത്ത നിമിഷം എന്താണെന്ന് നമുക്കറിയില്ല.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.