അമിത വളർത്തുമൃഗ സ്നേഹം കുടുംബബന്ധങ്ങളെ തകർക്കും

ടോണി ചിറ്റിലപ്പിള്ളി

മനുഷ്യരുടെ ഓമനകളായ വളർത്തുമൃഗങ്ങളെ ഒഴിവാക്കാൻ ഫ്രാൻസിസ് മാർപാപ്പ ഒരിക്കലും നിർബന്ധിക്കുന്നില്ല. മറിച്ച്, അദ്ദേഹം വളരെ ലളിതമായി ഒരു കാര്യം ലോകത്തിനു മുൻപിൽ വയ്ക്കുന്നു – മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളെക്കുറിച്ച് ജനങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

വളർത്തുമൃഗങ്ങളെ മനുഷ്യരുടെ തുല്യതയിലേക്ക് ഉയർത്തുക വഴി, തനിച്ചു താമസിക്കുന്ന മനുഷ്യർ മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങൾ കുറയ്ക്കാനും അതുവഴി തങ്ങളുടെ വാത്സല്യം മുഴുവൻ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് മാറ്റപ്പെടുന്നതിനും ഇടയാക്കുന്നു. ഇത് യഥാർത്ഥത്തിൽ അവർക്ക് കടുത്ത ഏകാന്തത ഉണ്ടാക്കിയേക്കാം. മാത്രമല്ല മനുഷ്യരിൽ നിന്നുള്ള അവരുടെ ഒറ്റപ്പെടലിനെയും അത് ആഴത്തിലാക്കുന്നു.

ഒരിക്കൽ നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: “വളർത്തുമൃഗങ്ങളെ പരിപാലിക്കുക എന്നത്‌ പ്രോഗ്രാം ചെയ്തു വച്ച സ്നേഹം പോലെയാണ്. ഒരു നായയുടെയോ, പൂച്ചയുടെയോ സ്നേഹപൂർവ്വമായ പ്രതികരണം നമുക്ക്  പ്രോഗ്രാം ചെയ്യാം. ഇവിടെ മാനുഷികമായ, പരസ്പരസ്നേഹത്തിന്റെ അനുഭവം ഇല്ല. എന്നാൽ തീർച്ചയായും അപകടം ഉണ്ട്. വളർത്തുമൃഗത്തോടുള്ള ‘സ്നേഹം’ അമിതമായാൽ അത് ചൂഷണത്തിന്റെ തലത്തിലേക്ക് വരുന്നു. ചിലപ്പോൾ അത് ക്രൂരമായ വിധത്തിൽ വളർത്തുമൃഗങ്ങളെ തടവിലിടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നു.”

ജന്തുജാലങ്ങളെ സ്നേഹിച്ചു പരിപാലിച്ച വി. ഫ്രാൻസിസിനെ അനുകരിക്കാത്തതിന് ചിലർ ഫ്രാൻസിസ് മാർപാപ്പയെ വിമർശിക്കുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വി. ഫ്രാൻസിസിന്റെ പേര് ഏറ്റെടുത്തത് വലിയ വാർത്തയായിരുന്നു. എന്നിരുന്നാലും, ഫ്രാൻസിസ് മാർപാപ്പയുടെ വീക്ഷണങ്ങളും വി. ഫ്രാൻസിസിന്റെ വീക്ഷണങ്ങളും തമ്മിൽ നല്ല രീതിയിലുള്ള യോജിപ്പുണ്ട്.

വളർത്തുമൃഗങ്ങളുടെ നേരെയുള്ള വി. ഫ്രാൻസിസിന്റെ സമീപനം എന്തുകൊണ്ട്
ശ്രേഷ്ഠമായിരുന്നു? ഫ്രാൻസിസ്കൻ ദൈവശാസ്ത്രജ്ഞൻ വി. ബൊനവെഞ്ചർ എഴുതുന്നു: “വി. ഫ്രാൻസിസ് പ്രധാനമായും മൃഗങ്ങളെ സ്നേഹിച്ചിരുന്നതിനു കാരണം, അവ ദൈവത്തെ എപ്പോഴും ഓർമ്മിപ്പിക്കുന്നുവെന്നാണ്. ‘അവയുടെ സൃഷ്ടിയുടെ യഥാർത്ഥ ഉത്ഭവം ദൈവമാണ്. അല്ലാതെ അവയുടെ ഓമനത്തം കൊണ്ടോ, ഭംഗി കൊണ്ടോ അല്ല.”

വി. ഫ്രാൻസിസ് ജാലങ്ങളെ വീക്ഷിച്ചത് ദൈവികമായ സൃഷ്ടികളായിട്ടാണ്. അവ കേവലം നിഷ്കളങ്കമായി നിലനിൽക്കുകയും അറിയാതെ തന്നെ ദൈവത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. എല്ലാറ്റിന്റെയും ആദിമ ഉറവിടം ദൈവമാണ്. ആ ജീവികളെ അവ എങ്ങനെ ചെറുതായാലും സഹോദരൻ, സഹോദരി എന്നു വിളിച്ചു. വി. ഫ്രാൻസിസിന് കുഞ്ഞാടുകളിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നു. ചെറിയ കുഞ്ഞാടുകളെ കാണുമ്പോഴെല്ലാം വി. ഫ്രാൻസിസ് ഉടനെ ക്രിസ്തുവിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ദൈവത്തിന്റെ കുഞ്ഞാട് എല്ലാ മനുഷ്യരാശിയുടെയും രക്ഷക്കായി ബലിയർപ്പിച്ചു. കുഞ്ഞാട് അനിവാര്യമായും ഫ്രാൻസിസിന്‌ ഒരു പ്രചോദനമായി മാറി. അവ പ്രാർത്ഥനക്കും ധ്യാനത്തിനും ഫ്രാൻസിസിനെ പ്രേരിപ്പിച്ചു. വിശുദ്ധന്റെ
ആട്ടിൻകുട്ടികളോടുള്ള ആകുലത വളരെ തീവ്രമായിരുന്നു.

വി. ഫ്രാൻസിസ് ഒരിക്കൽ, ഒരു നവജാത ആട്ടിൻകുട്ടിയെ കൊന്ന പന്നിയെ ശപിക്കുന്നതായി ചരിത്രമുണ്ട്. ചത്ത ആട്ടിൻകുട്ടിയെ ഓർത്ത് ദുഃഖിച്ച ശേഷം വി. ഫ്രാൻസിസ് പറഞ്ഞു: “അയ്യോ കുഞ്ഞാട് സഹോദരാ, നിരപരാധിയായ മൃഗമേ, നീ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. ആ ദുഷ്ടമൃഗം ശപിക്കപ്പെട്ടതാകട്ടെ.” പിന്നീട് മൂന്നു ദിവസങ്ങൾക്കു ശേഷം പന്നി ചത്തതായി വി. ബൊനവഞ്ചർ റിപ്പോർട്ട് ചെയ്തു.

വി. ഫ്രാൻസിസിനു പോലും വ്യക്തമായ പ്രിയങ്ങൾ ഉണ്ടായിരുന്നു. വളർത്തുമൃഗങ്ങളുടെ പരിപാലകനും ഇഷ്ടക്കാരനും വി. ഫ്രാൻസിസ് ആണെങ്കിലും അദ്ദേഹം ഒരിക്കലും മൃഗങ്ങളെ വ്യക്തിപരമായ സ്വത്തായി സൂക്ഷിച്ചിരുന്നില്ല. ഫ്രാൻസിസിന്റെ കർശനമായ ദാരിദ്ര്യത്തിന്റെ പ്രതിജ്ഞ എന്തിന്റെയും ഉടമസ്ഥതയെ തടഞ്ഞു. വളർത്തുമൃഗങ്ങൾ ഉൾപ്പെടെ.

അദ്ദേഹം തന്റെ നിയമാവലിയിൽ വളരെ കർശനമായ ഒരു പ്രമാണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രെയേർസ് മൈനറിനായുള്ള ആദ്യ നിയമം: “എല്ലാവരോടും ഞാൻ കൽപിക്കുന്നു. സഹോദരന്മാരേ, നിങ്ങളുടെ കൂടെ ഒരിക്കലും മൃഗങ്ങളെ പാർപ്പിക്കരുത്. അല്ലെങ്കിൽ ഒരു മൃഗത്തെ മറ്റുള്ളവരുടെ അല്ലെങ്കിൽ മറ്റേതെങ്കിലും സംരക്ഷണത്തിന് ഏൽപ്പിക്കുകയുമരുത്.”

ആളുകൾ പലപ്പോഴും വി. ഫ്രാൻസിസിന് മൃഗങ്ങളെ സമ്മാനമായി നൽകി. ഫ്രാൻസിസാകട്ടെ അവരോടൊപ്പം കുറച്ചു സമയം ചിലവഴിച്ച്‌ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങാൻ  പ്രോത്സാഹിപ്പിച്ചു.

വി. ബൊനെവെഞ്ചർ ഹൃദയസ്പർശിയായ കഥ വിവരിക്കുന്നുണ്ട്.

ഒരു കൃഷിക്കാരൻ താൻ പിടികൂടിയ ഒരു കാട്ടുമുയലിനെ വി. ഫ്രാൻസിസിന് സമ്മാനിച്ചു. സമ്മാനദാതാവ് പോയതിനു ശേഷം വി. ഫ്രാൻസിസ് മുയലിനോട് വിവേകത്തോടെ സംസാരിച്ചു; മുന്നറിയിപ്പ് നൽകി. വീണ്ടും വേട്ടക്കാരുടെ കെണിയിൽ അകപ്പെടരുത്. പിന്നെ മുയലിനെ കാട്ടിലേക്ക് കൊണ്ടുവിട്ടു. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ, മുയൽ തിരികെ വന്നുകൊണ്ടിരുന്നു. വി. ഫ്രാൻസിസ് ചില സന്യാസിമാരെ വിളിച്ച് മുയലിനെ ദൂരേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

വി. ഫ്രാൻസിസ് മൃഗങ്ങളെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്തു. എന്നാൽ അവയെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രതിഫലനങ്ങൾ മാത്രമായി കണ്ടു. ദൈവസ്നേഹവും സൃഷ്ടിപരമായ ശക്തിയും നാം തിരിച്ചറിയണം. മനുഷ്യരോടുള്ള നമ്മുടെ ഉത്തരവാദിത്വം ഏറ്റവും പ്രധാനമാണ്. കാരണം മനുഷ്യനാണ് ദൈവത്തിന്റെ യഥാർത്ഥ പ്രതിച്ഛായയും സാദൃശ്യവും.

ഇതു തന്നെയാണ് ഫ്രാൻസിസ് മാർപാപ്പയും നമ്മോടു പറയുന്നത്. കുട്ടികൾക്കു പകരം വളർത്തുജീവികളെ വയ്ക്കുന്നത് സംസ്കാരത്തിന്റെ പതനമാണെന്ന് 2014 -ലും മാർപാപ്പ പറഞ്ഞിരുന്നു. സമൂഹത്തിൽ കുട്ടികളുടെ സ്ഥാനം വളർത്തുജീവികൾ ഏറ്റെടുക്കുന്ന സ്ഥിതി രൂക്ഷമാകുന്ന സാഹചര്യമുണ്ട്. കുട്ടികളേക്കാള്‍ ഇഷ്ടപ്പെട്ടു വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പേ പിടിച്ചാലോ? സ്നേഹിക്കാന്‍ പഠിക്കുമ്പോള്‍ മാത്രമേ ഒരാള്‍ മനുഷ്യനാകൂ. ഒരു കുഞ്ഞിനെപ്പോലും സ്നേഹിക്കാന്‍ കഴിയാത്ത വ്യക്തിക്ക് എങ്ങനെ മനുഷ്യനാകാന്‍ കഴിയും?

ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഉപേക്ഷിക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. എന്നാൽ കുട്ടികൾക്ക് ഒരിക്കലും നൽകാത്ത എല്ലാ സ്നേഹവും അവരുടെ നായ്ക്കൾക്ക് നൽകുന്നത് തികച്ചും കുറ്റകരമാണ്. മക്കൾ ഉണ്ടാകുമ്പോഴാണ് നിങ്ങൾ മാതാപിതാക്കളാകുന്നത്. നിങ്ങൾ കുട്ടികളെ ഉപേക്ഷിച്ച് പകരം ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കുകയാണെങ്കിൽ, നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം എന്താണ്? വളർത്തുമൃഗങ്ങൾ  നമ്മെ മാതാപിതാക്കളാക്കുന്നില്ല എന്ന് ഓർക്കുക. അങ്ങനെ സ്വയം വിളിക്കാൻ നമുക്ക് സാധിക്കണമെങ്കിൽ നമുക്ക് കുട്ടികളുണ്ടാകണം. കുട്ടികൾക്കു പകരം വളര്‍ത്തുമൃഗങ്ങള്‍ മതിയെന്നു തീരുമാനിക്കുന്ന ദമ്പതികള്‍ സ്വാര്‍ത്ഥരാണെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല.

ടോണി ചിറ്റിലപ്പിള്ളി  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.